ആസ്മ: കൊള്ളേണ്ടതും തള്ളേണ്ടതും

ജീവിച്ചിരിക്കുന്ന മനുഷ്യന്‍റെ ലക്ഷണങ്ങളിൽ ഒന്നാണ് ശ്വാസോച്ഛ്വാസം. ആ അടിസ്ഥാന ധർമ്മത്തിനു കോട്ടം തട്ടി അതു നേരാംവണ്ണം നിവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ആസ്ത്മ എന്നറിയപ്പെടുന്ന "ശ്വാസംമുട്ടൽ". ശ്വാസകോശം ശരിക്കും വികസിക്കാത്തതുകൊണ്ടാണ് ഇതു ഉണ്ടാകുന്നത്. ശ്വസകോശത്തിലും അതിന്‍റെ പുറത്തും  ശ്വാസ നാളിയിലും ഉണ്ടാകുന്ന "കഫം" എന്ന പേരോട് കൂടിയ നീർക്കെട്ടാണ് അതിനു തടസ്സം ഉണ്ടാക്കുന്നത്. ഈ അവസ്‌ഥ ശ്വാസത്തിന്‍റെ പോക്കുവരവിന് വിഘാതം ഉണ്ടാക്കുന്നു. ഇതു വാത ദോഷത്തെ കോപിപ്പിക്കുന്നു. അപ്പോൾ ശ്വാസംമുട്ടലിന് കാരണം വാത, കഫ ദോഷങ്ങളാണ് എന്നു മനസ്സിലാക്കണം. ചില രോഗങ്ങൾക്ക് അനുബന്ധമായും ശ്വാസകോശത്തിൽ വാത കഫദോഷങ്ങളെ കോപിപ്പിച്ചു കൊണ്ടു ശ്വാസമുട്ടു ഉണ്ടാക്കുന്നു. ക്ഷുദ്രം, തമകം, ഛിന്നം, മഹത്, ഊർധ്വകം എന്നിങ്ങനെ അഞ്ചു തരത്തിൽ ആയുർവേദ ശാസ്ത്രം "ശ്വാസംമുട്ടലി"നെ  വിശദമായി വിവരിക്കുന്നു.

രോഗം ഉണ്ടാക്കുന്നതിനുള്ള കാരണങ്ങൾ 'നിദാനം', 'ഹേതു' എന്നൊക്കെ അറിയപ്പെടുന്നു. അതു അപഥ്യ മെന്നതിനു കീഴിൽ വിശദമാക്കാം. ചികിത്സ എന്നത് നിദാനപരിവർജ്ജനവും, സംപ്രാപ്തി വിഘട്ടനവുമാണ്. രോഗത്തിന് കാരണമായി എന്തൊക്കെ ഉണ്ടോ അതൊക്കെ 'നിദാനവും' അതിന്‍റെ സമ്പൂർണ്ണമായ ഉപേക്ഷിക്കൽ 'നിദാന പരിവർജ്ജനവും' ആകുന്നു. രോഗകാരകങ്ങളായ ഘടകങ്ങള്‍ എപ്രകാരം പ്രവര്‍ത്തിച്ച് രോഗത്തിലേക്ക് സഞ്ചരിക്കുന്നു എന്ന അറിവാണ് "സംപ്രാപ്തി" എന്ന പേരുകൊണ്ടു മനസ്സിലാക്കേണ്ടത്. ഈ സഞ്ചാരത്തിനു വിഘാതം സൃഷ്ടിച്ചു രോഗകാരകങ്ങളെ നശിപ്പിക്കുകയോ നേരെയാക്കലോ ആണ് ചികിത്സ.

പഥ്യം വഴികളെ തടസ്സപ്പെടുത്താതെ മരുന്നിന്‍റെ പാതയെ സുഗമമാക്കുന്നതാണ്. അപഥ്യം ഇതിനു നേർവിപരീതവും. പത്ഥ്യാപത്ഥ്യങ്ങൾ യോജിക്കും പോലെ ശീലിച്ചാൽ അതിൽ ചികിത്സയെ വളരെ എളുപ്പമുള്ളതാക്കും. കാലങ്ങളോളം മരുന്നു കഴിച്ചാലും അപഥ്യം ചെയ്താൽ ചികിത്സക്ക് ഫലം ലഭിക്കുന്നില്ല. പത്ഥ്യാപത്ഥ്യങ്ങളെ ആഹാരമെന്നും വിഹാരമെന്നും രണ്ടായി വേർത്തിരിക്കണം. നാം ജീവിക്കുന്ന ചുറ്റുപാട്, ചെയ്യുന്ന കർമ്മങ്ങൾ, ധരിക്കുന്ന വസ്ത്രങ്ങൾ ഇവയെല്ലാം ഇതിൽ പെടുന്നു.

സ്വീകരിക്കേണ്ട ആഹാരങ്ങള്‍?

ധാന്യങ്ങള്‍

ചെന്നലരി, ബാർലി, കൂവ, ഗോതമ്പ്

പച്ചക്കറികള്‍

ചെറുപയർ, ചിറ്റമൃതു, പാടോലം, ചീര, വഴുതനങ്ങ, മുരിങ്ങ, മുള്ളങ്കി, വെളുത്തുള്ളി

പഴങ്ങള്‍

ചെറുനാരങ്ങ, മുന്തിരി, നെല്ലിക്ക 

കഞ്ഞിയിൽ ഏതെങ്കിലും പരിപ്പ് വർഗ്ഗം ഇട്ടു കൂടുതൽ വെള്ളം ഒഴിച്ചു പാകപ്പെടുത്തി എടുക്കന്ന ആഹാരം (സൂപ്പ് പോലെ) വെള്ളം കൂടുതൽ വെച്ച കഞ്ഞി, പരിപ്പിന്‍റെ രസം (പരിപ്പ് സൂപ്പ്) ഇവയും ഉപയോഗിക്കാം. ചൂടുള്ള ആഹാരങ്ങൾ, വെള്ളം മാത്രം കഴിക്കുക.

ശീലിക്കേണ്ട വിഹാരങ്ങള്‍ (ജീവിതശൈലികള്‍)

ചൂടുള്ള അന്തരീക്ഷം, സ്ഥലങ്ങൾ എന്നിവ തിരഞ്ഞെടുക്കുക, ഇളംവെയിൽ കൊണ്ടു വിശ്രമിക്കുക, ഉപ്പ്-എള്ളെണ്ണ മിശ്രിതം നെഞ്ചിൽ പുരട്ടുക, പ്രാണായാമങ്ങൾ ചെയ്യുക, ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കുക. 

ആവി കൊള്ളല്‍

ആവികൊള്ളുക എന്നത് ശ്വാസംമുട്ടലിനെ പെട്ടെന്ന് കുറക്കാൻ സഹായിക്കുന്നതാണ്. തുളസി, യൂക്കാലി ഇല, കർപ്പൂരം തുടങ്ങിയവ ഉപയോഗിച്ചു ആവികൊള്ളാവുന്നതാണ്. താന്നിക്കാ ചതച്ചിട്ട് വെന്ത വെള്ളത്തിൽ മാത്രം തല കഴുകുന്നതും നല്ലതാണ്. എന്നാൽ നിത്യേനയുള്ള തലകുളിയും എണ്ണയുടെ പ്രയോഗവും വൈദ്യന്‍റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പാടുള്ളൂ.

ആകാവുന്നത് പറഞ്ഞു, ഇനി ആകാത്താവ അല്ലെങ്കിൽ അരുതാത്തവ (അപഥ്യം) പറയാം.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

അമരക്കാ, ഉഴുന്ന്, എള്ള്, കടുക്, ഉരുളക്കിഴങ് പോലുള്ളവ, തൈര്, എരുമാപ്പൽ, എരുമ നെയ്യ്, എണ്ണയിൽ വറുത്ത, കൊണ്ടാട്ടങ്ങൾ, വാട്ടലുകൾ, പുട്ട് പോലെ അരി നനച്ചോ അരച്ചോ ഉണ്ടാകുന്ന വിഭവങ്ങൾ ഇവ കഴിക്കാതിരിക്കുക.

ഇപ്പോൾ ഏറ്റവും പ്രചാരമേറിയ ആഹാരപദാര്‍ത്ഥങ്ങളായ 'സോയ ചങ്‌സ്' പോലുള്ള പിണ്ണാക്കുകൾ, ഫ്രിഡ്ജിൽവെച്ച തണുത്ത വെള്ളം, ചോക്കളേറ്റുകൾ, വെണ്ണ, വൈറ്റ് സോസ്, മയോണൈസ്, തോടൊട് കൂടിയ മത്സ്യങ്ങൾ (കല്ലുമ്മക്കായ, ഞണ്ട് മുതലായവ), മുട്ട, ഇന്ന് കുട്ടികൾക്ക് പ്രിയമായ പീനട്ട് ബട്ടർ, പിസ്സ, ബർഗ്ഗർ, ചീസ്, പനീർ മുതലായവ ഉപയോഗിക്കാതിരിക്കുക എന്നത്‌ അഭികാമ്യം. രാത്രി വൈകിയുള്ള പാല് കുടിക്കലും ഒഴിവാക്കണം.

ഒഴിവാക്കേണ്ട വിഹാരങ്ങള്‍ (ജീവിതശൈലികള്‍)

ജനൽ തുറന്നിട്ട്കൊണ്ട് കിടന്നുറങ്ങുന്നത്, ഫാനിന്‍റെ കാറ്റ്  നേരിട്ടേൽക്കുന്നത്, എയര്‍ കണ്ടീഷൻഡ് മുറികളിൽ താമസിക്കുന്നത്, നല്ല കാറ്റുള്ള സ്ഥലങ്ങൾ, പൊടിയും പുകയും ഉള്ള അന്തരീക്ഷങ്ങൾ ഉദാഹരണത്തിന് ഈർച്ച മില്ലുകൾ, ധാന്യമില്ലുകൾ എന്നിവിടങ്ങളിൽ ശ്വസിക്കേണ്ടി വരുന്നത്, ആക്റ്റീവും പാസ്സീവുമായ പുകവലി എന്നിവ ഒഴിവാക്കേണ്ടവയില്‍ പെടുന്നു.

കറുത്ത വാവിനോട് അനുബന്ധിച്ച് ഈ രോഗം വർധിച്ച് കാണുന്നു, കാർമേഘങ്ങളുടെ സാനിധ്യത്തിലും വർധനവ് കണ്ടു വരുന്നു. മഴക്കാലത്തും അതുപോലെ മഞ്ഞു കാലത്തും ഈ അസുഖം വർധിക്കുന്നു. പ്രകൃതിയിലെ ജലാംശമുള്ള അന്തരീക്ഷം കൊണ്ടു ശരീരത്തിൽ കഫവാതങ്ങളുടെ കോപിക്കലാണ് അതിനു കാരണം. കുട്ടികളിൽ എക്സീമ എന്ന ത്വക്ക് രോഗം പലവിധ ക്രീമുകള്‍ തേച്ചു താൽക്കാലികമായി ശമിപ്പിക്കുന്നതും പിന്നീട് ശ്വാസംമുട്ടൽ ആയി പരിണമിച്ചു കാണുന്നു.

രോഗങ്ങൾ ഒക്കെയും തന്നെ ഏതൊരാളുടെയും മനോ നിലയെ സ്വാധീനിക്കുന്നതാണ്. തീർത്തും തളരുന്ന അവസ്ഥയുമാണ് ചിലർക്കെങ്കിലും ഈ ശ്വാസമുട്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇതു ഒരു മാറാവ്യാധിയൊന്നുമല്ല. ദുഃഖങ്ങൾ പങ്കുവെക്കാൻ നിങ്ങൾക്ക്  സാധിക്കും എന്ന് തോന്നുന്ന ഡോക്ടർ മാരെ സമീപിച്ചു അവർ തരുന്ന മരുന്നുകൾ പത്ഥ്യം പാലിച്ചും അപത്ഥ്യത്തെ ഉപേക്ഷിച്ചും സേവിക്കുക. ആയുർവേദത്തിൽ ഇതിനു ശാശ്വതമായ പരിഹാരമുണ്ട്. ജീവിത കാലം മുഴുവൻ ഇന്‍ഹേലറും വലിച്ചു  ജീവിക്കുക എന്നതിൽ നിന്നുള്ള ഒരു വിടുതൽ നൽകാൻ ആയുർവേദ മർന്നുകൾക്കാകും. പക്ഷേ മുടങ്ങാതെ പഥ്യങ്ങൾ പാലിക്കുക. ആരോഗ്യപൂർണ്ണമായതും നല്ലവണ്ണം ശ്വസിക്കാൻ പറ്റുന്ന സ്വച്ഛമായ അന്തരീക്ഷവും ദിവസങ്ങളും നിങ്ങൾക്കായി കാത്തിരിക്കുന്നു.


About author

Dr. Aadith V.

Chief Physician- Ayurmitram, Kozhikode aadith.v@gmail.com


Scroll to Top