“സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗകുമാരികള്‍ അല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം.......”

വയലാര്‍ രാമവര്‍മ്മ എഴുതിയ ഈ വരികള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് നമ്മള്‍. ചിലര്‍ സ്വപ്‌നങ്ങള്‍ കണ്ട് ആസ്വദിക്കുന്നു..ചിലര്‍ അത് മനസ്സില്‍ കൊണ്ട് നടക്കുന്നു..എന്നാല്‍ അത് ചിലരുടെ ഉറക്കം കെടുത്തുന്നു. ചിലരാകട്ടെ സ്വപ്നം കാണുന്നുവെന്ന് തിരിച്ചറിയാതെ ഉറങ്ങുന്നു. ഇത്തരത്തില്‍ ലോകത്തില്‍ എല്ലായിടത്തും എല്ലാവരും സ്വപ്‌നങ്ങള്‍ കാണുന്നുണ്ട് എന്നതിനാലാകാം സ്വപ്നങ്ങളെ കുറിച്ച് മനുഷ്യന്‍ പണ്ട് മുതലേ ചിന്തിച്ചു തുടങ്ങിയത്.

പണ്ട് കാലത്ത് ദൈവം മനുഷ്യരോട് സംസാരിയ്ക്കുന്ന ഒരു ഉപാധിയായാണ് സ്വപ്നങ്ങളെ കണക്കാക്കിയിരുന്നത്. ആധികാരികമായി സ്വപ്നങ്ങളെ കുറിച്ച് പഠനം നടന്നു തുടങ്ങിയത് മനശാസ്ത്ര വിദഗ്ധനായ ഫ്രോയിഡിന്‍റെ സ്വപ്നങ്ങളെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചതിന്  ശേഷമാണ്. എന്നാല്‍ അതിനു മുന്‍പ് തന്നെ വിശദമായി സ്വപ്നങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട് എന്നത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വസ്തുതയാണ്. സ്വപ്നത്തിന്‍റെ ആയുര്‍വേദ ശാസ്ത്രവീക്ഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സ്വപ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

ഒരു വ്യക്തി അവനു ചുറ്റുമുള്ള ലോകത്തെ അറിയുന്നത് അവന്‍റെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. ഇന്ദ്രിയങ്ങള്‍ കൈമാറുന്ന വിവരങ്ങളെ മനസ്സ് ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് അറിവായി മാറ്റി എടുക്കുന്നു. ശ്രദ്ധ ഇല്ലാത്ത സമയങ്ങളില്‍ കാണുന്ന കാര്യങ്ങളും കേട്ട കാര്യങ്ങളും ഓര്‍ത്തെടുക്കുവാന്‍ പ്രയാസം നേരിടുന്നത് മനസ്സ് ഇന്ദ്രിയങ്ങളില്‍ എകാഗ്രമല്ലാത്തതിനാലാണ്. ഇത്തരത്തില്‍ മനസ്സ് ഇന്ദ്രിയങ്ങളില്‍ നിന്ന് കുറച്ചധികം സമയം വേറിട്ടു നില്‍ക്കുമ്പോഴാണ് ഒരു വ്യക്തി ഉറങ്ങുന്നത്. ഈ ഉറക്കത്തിന്‍റെ ആദ്യ അവസ്ഥയില്‍ ഇന്ദ്രിയങ്ങളുടെ പ്രേരണയിലായിരുന്ന മനസ്സ് കാണുന്ന കാഴ്ച്ചകളെയാണ് സ്വപ്‌നങ്ങളായി കണക്കാക്കുന്നത്.

സ്വപ്നങ്ങള്‍ പലവിധം

അനുഭവങ്ങളില്‍ നിന്നുള്ള സ്വപ്‌നങ്ങള്‍

'ദൃഷ്ടം', 'ശ്രുതം', 'അനുഭൂതം' എന്നിങ്ങനെ മൂന്നു തരത്തില്‍ ഈ സ്വപ്നങ്ങളെ കാണുന്നു. അതായത് കണ്ടതോ കേട്ടതോ മറ്റേതെങ്കിലും തരത്തില്‍ ഉണ്ടായ അനുഭവങ്ങളുടെ ഓര്‍മ്മയില്‍ നിന്നും ഉണ്ടാകുന്ന സ്വപ്നങ്ങളെ ഇത്തരത്തില്‍ മനസ്സിലാക്കാം.

പകല്‍ നിങ്ങള്‍ യാത്ര ചെയ്ത സ്ഥലത്ത് നിങ്ങള്‍ കേട്ട ഒരു കാര്യം സംഭവിക്കുന്നതായും അതിലെ കഥാപാത്രങ്ങളായി നിങ്ങള്‍ മാറുന്നതായും സ്വപ്നത്തില്‍ കാണുന്നത് ഓര്‍മ്മകളുടെ ഒരു കളിയാണ്. നിങ്ങളുടെ മനസ്സിനെ ആ ഒരു ഓര്‍മ്മ എത്രമാത്രം ആഴത്തില്‍ സ്പര്‍ശിച്ചു എന്നതിന് അനുസരിച്ചാണ് സ്വപ്നങ്ങളുടെ രൂപം മാറുന്നത്‌. പകല്‍ പ്രതികരിക്കുവാനാകാതെ പോയ ഒരു അനുഭവം ചിലപ്പോള്‍ രാത്രിയിലെ പേടിസ്വപ്നമായി മാറിയേക്കാം. അതുമല്ലെങ്കില്‍ നിങ്ങള്‍ ഒരു ആക്ഷന്‍ ഹീറോ ആയി മാറിയ ഒരു നല്ല സ്വപ്നവുമായേക്കാം. മനസ്സ് പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളെ അല്ലെങ്കില്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങളെ പ്രകടിപ്പിക്കുന്ന ഒരു വേദിയാണ് സ്വപ്നം. അതുകൊണ്ട് തന്നെയാണ് ഒരാളുടെ സ്വപ്നങ്ങളിലൂടെ അയാളുടെ മനസ്സിനെ പഠിക്കുവാനാകുന്നത്.

ആഗ്രഹങ്ങളില്‍ നിന്നും ഉള്ള സ്വപ്നങ്ങൾ

'പ്രാര്‍ത്ഥിദം', 'കല്‍പ്പിദം' എന്നിങ്ങനെ രണ്ടു തരത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാകുന്നത് ആഗ്രഹങ്ങളില്‍ നിന്നും സങ്കല്‍പ്പങ്ങളില്‍ നിന്നും ആണെന്ന് കണക്കാക്കുവാനാകും. ഒരാള്‍ നമ്മോടു തുറന്നു പറയാത്ത മനസ്സിന്‍റെ അതിതീവ്ര ആഗ്രഹങ്ങളെ അയാളുടെ സ്വപ്നങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിയ്ക്കുന്നത് ആഗ്രഹങ്ങള്‍ക്ക് ഭാവനയെ സൃഷ്ടിയ്ക്കുവാന്‍ കഴിവുള്ളതിനാലാണ്. അത്തരം ആഗ്രഹങ്ങള്‍ സ്വപ്നങ്ങളില്‍ നിന്ന് വേര്‍തിരിച്ചു അറിയുന്നത് ചിലപ്പോഴൊക്കെ ശാരീരിക മാനസിക രോഗകാരണങ്ങളെ തിരിച്ചറിയുവാന്നും സഹായകമാകുന്നു.

മാനസിക ശാരീരിക അവസ്ഥയ്ക്കനുസരിച്ചുള്ള സ്വപ്‌നങ്ങള്‍

'ദോഷജം' എന്ന ഗണത്തില്‍ പറഞ്ഞിരിക്കുന്ന സ്വപ്‌നങ്ങള്‍ നമ്മുടെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും അവസ്ഥകള്‍ക്കനുസരിച്ചു ഉണ്ടാകുന്നതാണ്. രോഗങ്ങള്‍ ഉടലെടുക്കുന്നതിനു മുന്‍പ് ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കു അനുസരിച്ച് മനസ്സ് സ്വപ്‌നങ്ങള്‍ കാണാറുണ്ട്‌. 

ശാരീരിക പ്രകൃതിയിലെ ദോഷാധിക്ക്യവും ഇത്തരത്തില്‍ സ്വപ്നങ്ങളെ സ്വാധീനിക്കുന്നു. നമ്മളുടെ ശരീര-മനസ്സുകള്‍ക്ക് പ്രകൃത്യാ ഒരു 'ദോഷ' ഘടനയുണ്ടെന്നും നമ്മള്‍ സ്വാഭാവികമായി കാണുന്ന സ്വപ്നങ്ങള്‍ക്കും ആ 'പ്രകൃതിയുടെ' ഛായ ഉണ്ടാകുമെന്നും ആയുര്‍വേദം നോക്കിക്കാണുന്നു. വാതം-പിത്തം-കഫം എന്നിങ്ങനെയുള്ള മൂന്ന് 'ദോഷങ്ങളുടെ' അനുപാദമാണ് ഒരാളുടെ 'പ്രകൃതിയുടെ' മാനദണ്ഡം. ഏറി നില്‍ക്കുന്ന ദോഷത്തിന്‍റെ സ്വഭാവം അയാളുടെ ശരീരമനസ്സുകളില്‍ പ്രതിഫലിക്കുന്നതുപോലെതന്നെ അവരുടെ സ്വപ്നങ്ങളിലും പ്രതിഫലിക്കുന്നു. ഉദാഹരണമായി വാത ദോഷം പ്രധാനമായി നില്‍ക്കുന്ന ഒരു 'വാതപ്രകൃതി' ആയ വ്യക്തി കാണുന്ന സ്വപ്നങ്ങള്‍ വളരെ ചലനാത്മകം ആയിരിക്കാന്‍ സാധ്യത കൂടുതലാണ്. ഓട്ടം, ചാട്ടം, കയറ്റം പറക്കല്‍ ഇതൊക്കെയായിരിക്കും 'വാതപ്രകൃതി' സ്വപ്നങ്ങളുടെ അടിസ്ഥാന സ്വഭാവം.

ശരീരത്തിലെ വ്യതിയാനങ്ങള്‍ മനസ്സിലെ ഓര്‍മ്മകളെ ഉണര്‍ത്തുവാന്‍ കെല്‍പ്പുള്ളതാണ്. ഒരസുഖത്തിന്‍റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകുന്നതിന്‍റെ മുന്‍പ് വരുന്ന നേരിയ അസ്വസ്ഥതകള്‍ മനസ്സിന് തിരിച്ചറിയാനാകുന്നതിനാലാണ് സ്വപ്നങ്ങളായി സൂചനകള്‍ ലഭിയ്ക്കുന്നത്. അതിനാല്‍ തന്നെയാണ് ആയുര്‍വേദത്തില്‍ രോഗനിര്‍ണയത്തിന് സ്വപ്‌നങ്ങള്‍ ഉപയോഗപ്പെടുത്തുവാനാകുന്നത്. 

പല രോഗങ്ങളെ വിവരിക്കുമ്പോഴും ആ രോഗി കാണുവാന്‍ സാധ്യതയുള്ള സ്വപ്നങ്ങളുടെ സ്വഭാവവും ആയുര്‍വേദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സന്ദര്‍ഭം ഉദാഹരണാമായി പറയാം..

അഷ്ടാംഗ ഹൃദയം എന്ന ആയുര്‍വേദ ഗ്രന്ഥത്തിലെ രാജയക്ഷ്മാ നിദാനം അദ്ധ്യായത്തില്‍ "സ്വപ്നേ ച അഭിഭവോ ഭവേത്.." എന്ന് തുടങ്ങുന്ന ഒരു ശ്ലോകം ഉണ്ട്. ക്ഷയരോഗം ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു രോഗി 'താന്‍ പ്രാണികളാലും പക്ഷിമൃഗാദികളാലും ആക്രമിക്കപ്പെട്ട് തോല്‍ക്കുന്നതായും, മുടി അസ്ഥി ചാരം തുടങ്ങിയവ കൊണ്ടുള്ള കൂനകളില്‍ കയറുന്നതായും, ആളൊഴിഞ്ഞ ശൂന്യമായ നാടും നഗരവും, വറ്റിപ്പോകുന്ന ജലാശയങ്ങളും, തനിക്ക് ചുറ്റുമുള്ളവ തകരുന്നതും കത്തി നശിക്കുന്നതുമായും സ്വപ്നം കാണുന്നു.'

മാനസിക രോഗങ്ങളുടെ പൂര്‍വ്വരൂപം ആയി ചരകസംഹിതയില്‍ പറയപ്പെടുന്ന സ്വപ്‌നങ്ങള്‍ ഇന്ന് ആധുനിക ശാസ്ത്രത്തില്‍ മാനസിക സമ്മര്‍ദ്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടലെടുക്കുന്ന സ്വപ്നങ്ങളുമായി സാമ്യമുള്ളതാണ്. ഉദാഹരണത്തിന്:

“കലുഷാം അമ്പസി നിമഗ്നം ഇവ...” 

അതായത് കലങ്ങിയ വെള്ളത്തില്‍ മുങ്ങി പോകുന്ന പോലുള്ള സ്വപ്നം–ഒരു വ്യക്തി ഒരു കാര്യത്തെ കുറിച്ചുള്ള ചിന്തയില്‍ ആഴ്ന്നിറങ്ങി, അതില്‍ തന്നെ മുഴുകി ഉത്തരം ലഭിയ്ക്കാതെ പകല്‍ നടക്കുമ്പോള്‍ അതിന്‍റെ മനോസമ്മര്‍ദ്ദം പൊതുവേ സ്വപ്നത്തില്‍ പ്രകടമാകുന്നത് ഇത്തരത്തില്‍ തെളിച്ചമില്ലാത്ത വെള്ളത്തില്‍ ആഴ്ന്നു പോകുന്നതായിട്ടാണ്.

വരാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുളള സ്വപ്നങ്ങൾ

'ഭാവികം' എന്ന പേരില്‍ വിശദമാക്കിയിരിക്കുന്ന ഈ സ്വപ്‌നങ്ങള്‍ പ്രവചന സ്വഭാവം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവ എങ്ങനെ ഉണ്ടാകുന്നുവെന്ന് ആധുനീക ശാസ്ത്രത്തിനും വിശദീകരിക്കുവാന്‍ കഴിയുന്നില്ലെങ്കിലും ചില വ്യക്തികള്‍ക്ക് ചില സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പേ അറിയുവാന്‍ സാധിയ്ക്കുന്നു എന്നത് അംഗീകരിക്കപ്പെടുന്നു.

എങ്ങനെ നല്ല സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം?

  • നല്ല സ്വപ്ങ്ങള്‍ കാണാന്‍ നമ്മള്‍ എല്ലാവരും കൊതിയ്ക്കുന്നതാണ്. അതിനു വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്:
  • ഉറങ്ങാന്‍ പോകുന്നതിനു മുന്പ് പകല്‍ ഉണ്ടായിട്ടുള്ള നല്ല നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് നല്ല സ്വപ്നങ്ങളെ ഉണര്‍ത്തും
  • സ്വപ്നത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭാവനയില്‍ കാണുകയും അതിലെ വിശദവിവരങ്ങള്‍ എഴുതി പല പ്രാവശ്യം വായിക്കുകയും ചെയ്യുന്നത് അവ സ്വപ്നത്തില്‍ കാണാന്‍ സഹായിക്കും
  • കിടക്കുന്നതിനു മുന്‍പ് കാണുന്ന കാഴ്ച്ചകള്‍ സ്വപ്നമായി മാറാം എന്നതിനാല്‍ ഉറങ്ങുന്നതിനു മുന്‍പ് സന്തോഷമുള്ള കാര്യങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യുക
  • ഇതിനെല്ലാം ഉപരി പകല്‍ മനസ്സ് സ്വസ്ഥമാക്കി വയ്ക്കുക എന്നതാണ് നല്ല സ്വപ്നങ്ങളിലേയ്ക്കുള്ള താക്കോല്‍.

ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും വാര്‍ത്തെടുത്താല്‍ നമ്മള്‍ കാണുന്ന സ്വപ്നങ്ങളും അത്തരത്തിലായിരിക്കും..'സ്വീറ്റ് ഡ്രീംസ്'‌.


About author

Dr. Thushara Joy

MD (Ay)- Manasika Specialist Medical Officer, NAM Thrissur thusharajoy26@gmail.com


Scroll to Top