Mythbusters

'Ayurveda works in "Slow-Motion'. Really!?

ആയുർവേദം "സ്ലോ മോഷന്‍" ആണോ? 

ഒരു സംഭവ കഥ പറഞ്ഞു തുടങ്ങാം. 

ലോക്ക് ഡൗൺ കാലത്താണല്ലോ മൊബൈൽ ഫോൺ കൺസൾട്ടേഷൻ പ്രചുര പ്രചാരത്തിലായത്. വളരെ അടുത്ത സുഹൃത്താണ് രോഗി. ലോക്ക് ഡൗൺ ബോറടി മാറ്റാൻ മറ്റു പല കേരളക്കരക്കാരേയും പോലെ ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയി. ഒരു 'കാരി' മീൻ (മീൻകാരി അല്ല) കാലിലെ തള്ളവിരലിൽ  കുത്തി. അതുമൂലമുള്ള അസഹ്യ വേദനയാണ് രോഗം. ഒരു മണിക്കൂറിൽ താഴയേ ആയുള്ളൂ. സുഹൃത്ത് ആയുർവേദ "വിശ്വാസി" ആയതു കൊണ്ട് ആദ്യമേ എന്‍റെ നമ്പറിൽ കണ്ണുടക്കി. 

'അളിയാ വേദനിച്ചു ചാവുമെന്നാ തോന്നുന്നത്, അല്പം മഞ്ഞൾ പൊടി പുരട്ടി നോക്കി. എന്തേങ്കിലും നടപടിയുണ്ടോ?' സ്വതസിദ്ധമായ രീതിയിൽ അവന്‍ ചോദിച്ചു. 

വേദന സംഹാരി മരുന്നുകളെ പറ്റിയോ, ലഭ്യതയെ പറ്റിയോ പറഞ്ഞിട്ടു കാര്യമില്ല, ലോക്ക് ഡൗൺ വൈകുന്നേരമാണ്. സാധാരണ ഒരു ദിവസത്തേക്ക് വേദന നിൽക്കും. വേദനയാണ് ലക്ഷണം. വേദനാ വിശേഷങ്ങൾ വാത ദോഷത്തിന്റേതാണല്ലോ… വാതത്തിന്‍റെ  അഗ്ര്യ-ഔഷധം തൈലമാണല്ലോ… ഇത്യാദി ചിന്തകൾ കിളികളായി തലയ്ക്കു ചുറ്റും പറന്നു. 

'കുറച്ച് എള്ളെണ്ണ കിട്ടാനുണ്ടോ കൂട്ടുകാരാ?' ഞാൻ ചോദിച്ചു. അത് കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ ഒരു രണ്ട് ഗ്ലാസ് എള്ളെണ്ണ ചൂടാക്കി ചെറിയ ചൂടോടെ ധാര മുറിയാതെ ഒഴിക്കുവാൻ പറഞ്ഞു കൊടുത്തു. ഇരുപതു മിനിട്ടോളം ചെയ്യുവാൻ പറഞ്ഞു. 

ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞ് വാട്സ് ആപ്പിൽ നിറയെ ലൗ ഇമോജിയും "ഹാ.. എന്തൊരാശ്വാസം" എന്ന വാചകവും. 

അപ്പോൾ പറഞ്ഞു വന്നത്, എന്‍റെ സ്വയം തള്ളൽ വിശദീകരിക്കാനല്ല. ആയുർവേദത്തിനെ പറ്റി സാധാരണ ജനങ്ങൾക്കും, അറബി ഭാഷ പഠിച്ച് തമിഴ് ഭാഷയെ കുറിച്ച് ഘോരഘോരം വിമർശിക്കുന്ന പോലെയുള്ള അതീന്ദ്രിയ ശാസ്ത്ര വിമർശകർക്കും ഉള്ള ഒരു തെറ്റിദ്ധാരണ മാറ്റുവാനാണ്.

ആയുർവേദശാസ്ത്രം മനുഷ്യർക്കു  വേണ്ടി ഉള്ളതാണ്. ചിന്തയിലും ചികിത്സയിലും വേഗത ആവശ്യമുള്ളപ്പോൾ ക്രമീകരിച്ചു പോകുന്നതിനാവശ്യമായ എല്ലാ ചേരുവകളും പല കാലഘട്ടങ്ങളിൽ ഈ ശാസ്ത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. 

രോഗം ചികിത്സിക്കുവാനായി ഒരു വ്യക്തി വൈദ്യനെ സമീപിക്കുമ്പോൾ അത് സുഖസാധ്യം (വളരെ എളുപ്പത്തിൽ മാറ്റാവുന്ന രോഗങ്ങൾ), കൃച്ഛ്റ സാധ്യം (കുറച്ച് സമയമെടുത്തോ ശസ്ത്രസാധ്യമോ ആയ രോഗങ്ങൾ), യാപ്യം (ദീർഘകാലം കൃത്യനിഷ്ഠയോടു കൂടി ചികിത്സിക്കേണ്ട രോഗങ്ങൾ), അസാധ്യം (ചികിത്സിച്ചാലും രോഗം മാറ്റാനാവാത്ത രോഗങ്ങൾ) എന്നീ നാലു വിഭാഗങ്ങളായി മനസിലാക്കി അതിനു യുക്തമായി ചികിത്സിക്കണമെന്ന് ശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. അതിൽ നിന്നു തന്നെ മനസിലാക്കാം എല്ലാ രോഗവും ചികിത്സിച്ചു ഭേദമാക്കുവാൻ സാധ്യമല്ലെന്ന്. അതു പോലെ തന്നെ എളുപ്പത്തിൽ ചികിത്സിച്ചു മാറ്റുവാൻ പറ്റുന്നവ ഉണ്ടെന്നും. എളുപ്പത്തിൽ എന്നു പറഞ്ഞാൽ ചികിത്സയ്ക്കു വേണ്ട സമയവും അതിൽ ഉൾപ്പെടുന്നു. ഇനി അൽപം ശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങളിലേക്ക് ശ്രദ്ധിക്കാം.

ചികിത്സയെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ട്. അതിലൊന്നാണ് 'പാദ ചതുഷ്ടയം' (ചികിത്സയുടെ നാല് അടിസ്ഥാന ഘടകങ്ങൾ - അതിന് ഓരോന്നിനും നാലു ഉപഘടകങ്ങൾ വീതം)

1. ചികിത്സകൻ-  ശാസ്ത്രത്തിലുള്ള അറിവ്, ആ അറിവിന്‍റെ ആധികാരികത, പ്രായോഗികത, അറിവിന്‍റെ പരിശീലന വ്യാപ്തി തുടങ്ങിയ ഗുണങ്ങൾ ഉള്ള ചികിത്സകൻ.

2. ഔഷധം - ലഭ്യത, യുക്തമായ വീര്യം, പ്രായോഗികത, രോഗത്തിന് അനുയോജ്യത എന്നീ ഗുണങ്ങൾ ഉള്ള  ഔഷധം.

3. രോഗീ പരിചാരകൻ - അറിവ്, കണ്ടറിഞ്ഞു കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്, രോഗിയോടുള്ള കരുണ, പ്രായോഗിക ബുദ്ധി എന്നീ ഗുണങ്ങൾ ഉള്ള പരിചാരകൻ.

4. രോഗി - ചികിത്സിക്കുവാനുള്ള സാമ്പത്തികവും ബന്ധുജനങ്ങളും ഉള്ള അവസ്ഥ, ചികിത്സകനോടുള്ള വിധേയത്വം, സാമാന്യ ബോധം, തുറന്ന മാനസിക അവസ്ഥ എന്നീ ഗുണങ്ങൾ ഉള്ള രോഗി.

ഈ പതിനാറു ഘടകങ്ങളും കൃത്യമായി ഒത്തുവന്നാൽ രോഗിയുടെ ചികിത്സ ഫലവത്താകും. ഓരോ ഘടകങ്ങളുടെ കുറവും ചികിത്സയുടെ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കും. 

ഇന്നത്തെ കാലഘട്ടത്തിൽ അക്രെഡിറ്റേഷൻ സ്റ്റാന്‍ഡാര്‍ഡ് പാദചതുഷ്ടയത്തിന്‍റെ വിപുലീകരണം എന്നെല്ലാം പറയാമെങ്കിലും 'രോഗി' എന്ന ഘടകത്തിനുള്ള പ്രാധാന്യം കേവലം 'സബ്ജക്ട്' എന്ന് അന്യ ചികിത്സാ ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കുന്നതിനേക്കാള്‍ ഏറെ വിശാലവും മാനുഷികവുമാണ് ആയുര്‍വേദത്തില്‍. 

ഇനി ചികിത്സക്കു യുക്തമായ രോഗാവസ്ഥകളിലേക്ക്  ശ്രദ്ധിക്കുകയാണെങ്കിൽ, 'ഷഡ് ക്രിയാ കാലം' എന്ന ഒരു തത്ത്വമുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങളിലല്ല, മറിച്ച് കാലക്രമേണ ഉണ്ടാകുന്ന രോഗങ്ങളിലാണ് ഈ തത്ത്വത്തിന്‍റെ പ്രസക്തി. ചുരുക്കി പറഞ്ഞാല്‍, ഒരു രോഗം ശരീരത്തില്‍ ഉടലെടുക്കുന്നത് മുതൽ ഓരോ ഘട്ടങ്ങളിലൂടെ പരിണമിക്കുന്ന ആ ഒരു ക്രമാനുഗതമായ വിവരണം ആണ് ഷഡ് ക്രിയാകാലം. 

1. ചയം- രോഗത്തിന്‍റെ പ്രാഥമിക അവസ്ഥയാണ്. ശരീരത്തിലെ രോഗത്തിന് അനുയോജ്യമായ  സ്ഥാനങ്ങളിൽ ഉണ്ടാകുന്ന ചെറിയ ക്രിയാപരമായ വ്യത്യാസങ്ങൾ ഉള്ള അവസ്ഥ

2. പ്രകോപം- അവിടെത്തന്നെ ഉണ്ടാകുന്ന വലിയ ക്രിയാപരമായ വ്യത്യാസങ്ങൾ ഉള്ള അവസ്ഥ

3. പ്രസരം- അനുയോജ്യമായ മറ്റു രോഗസ്ഥാനങ്ങളിലേക്ക് പടരുവാനുള്ള ആദ്യ ശ്രമം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥ

4. സ്ഥാന സംശ്രയം- മറ്റു ശരീര സ്ഥാനങ്ങളെ ആശ്രയിച്ച് അവിടെ വരുത്തുന്ന വ്യത്യാസങ്ങൾ ഉള്ള അവസ്ഥ

5. വ്യക്തി- പൂർണ്ണമായും രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അവസ്ഥ

6. ഭേദം - വ്യക്തമായ രോഗ ലക്ഷണത്തിന്‍റെ ശാരീരിക  വ്യവസ്ഥകൾക്കനുസരിച്ച് ഉണ്ടാകുന്ന വ്യത്യസ്ഥത പ്രകടമാക്കുന്ന അവസാന അവസ്ഥ.

ഈ ഓരോ അവസ്ഥയിലും ഉണ്ടാകേണ്ട ഇടപെടലുകൾ വ്യത്യസ്ഥമാണ്. അതിനനുസരിച്ച് രോഗത്തിന്‍റെ ചികിത്സാ സാധ്യത മാറിക്കൊണ്ടിരിക്കും.

ചികിത്സാ ഗതിയെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് ഔഷധങ്ങളുടെ ശരീരത്തിനകത്തും പുറത്തുമുള്ള പ്രവർത്തനം. ചില രോഗങ്ങളിൽ ഔഷധങ്ങളുടെ ദഹനം, കോശങ്ങളിൽ ഉള്ള ആഗിരണം എന്നിവ സങ്കീർണ്ണമായേക്കാം. അത്തരത്തിൽ ദഹനവ്യവസ്ഥയെ  ബാധിക്കുന്ന രോഗാവസ്ഥകളിൽ മറ്റു ഔഷധ സേവന മാർഗങ്ങൾ ആശ്രയിക്കാം. പെട്ടെന്നുള്ള ഔഷധ ആഗിരണത്തിനു വേണ്ടി ഇൻജക്ഷൻ മുതലായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതു പോലെ. ശരീരത്തിന് പുറമെ  ഉയോഗിക്കുന്ന ഔഷധ മാർഗ്ഗങ്ങളും രീതികളും രോഗാവസ്ഥക്കനുസരിച്ച്  വിശദീകരിക്കുന്നുണ്ട് ആയുർവേദശാസ്ത്രത്തിൽ. ഓരോ രീതിക്കും അനുസരിച്ച് രോഗ സാധ്യത മാറിക്കൊണ്ടേയിരിക്കും.

അതായത് ഉത്തമാ, പറഞ്ഞു വന്നത്  ഇത്രയേ ഉള്ളൂ. രോഗത്തിന്‍റെ അവസ്ഥക്കും രോഗിയുടെ അവസ്ഥക്കും അനുയോജ്യമായ തത്ത്വങ്ങൾ മനസ്സിലാക്കി ചികിത്സ ചെയ്താൽ ആയുർവേദ ചികിത്സയും വളരെ വേഗത്തിൽ ഫലപ്രദമാണ്. എല്ലാരോഗങ്ങൾക്കും ഇരുപത്തൊന്നു ദിവസവും നാൽപ്പത്തൊന്നു ദിവസവും ഉപ്പിലാത്ത പത്ഥ്യവും ആവശ്യമില്ലെന്നർത്ഥം. 

യുദ്ധ മുഖങ്ങളിലും വിറച്ചു പനിച്ചിരുന്ന രോഗികൾക്കും അതിസാരം കൊണ്ട് വലഞ്ഞവർക്കും ആയുർവേദ ശാസ്ത്രം ക്ഷിപ്രഫലദായകമായിരുന്ന ഒരു കാലഘട്ടത്തെ അത്ര എളുപ്പത്തില്‍ അവഗണിക്കാൻ സാധിക്കുമോ? ആയുർവേദത്തിൽ ക്ഷിപ്ര ഫലസാദ്ധ്യത ആവശ്യമുള്ള വിഷ ചികിത്സ വിഭാഗം (അഗദ തന്ത്രം) ഉണ്ടെന്ന കാര്യം വിസ്മരിക്കാതെയുമിരിക്കണം. ആവശ്യത്തിനനുസരിച്ച് വേഗത കൂട്ടിയും കുറച്ചും ഉപയോഗിക്കാവുന്ന ശാസ്ത്രതത്ത്വങ്ങൾ ഉള്ള ശാസ്ത്രമാണ് ആയുർവേദം.

കുറിപ്പ്: ഇനി മീൻ മുള്ള് കുത്തിയിട്ട്  തൈല ധാര ചെയ്തതിന്, അശാസ്ത്രീയവാദി എന്നു വാഴ്ത്തി പൊങ്കാലയിട്ടാലും; വേദന കൊണ്ട് പുളഞ്ഞ രോഗി വേദന മാറി സന്തോഷിച്ച ആ നിമിഷത്തിനേക്കാൾ വിലയുണ്ടാകുമോ സർവ്വ ശാസ്ത്ര വിശാരദരരുടെ പുച്ഛത്തിന്? എന്നിട്ടും മീൻ മുള്ള് വിഷത്തിൽ ചൂടു തൈലമോ എന്ന ചോദ്യമുണ്ടെങ്കിൽ ചൂടു വെള്ളം ഉപയോഗിച്ച ഒരു റിസർച്ച് ആർട്ടിക്കിൾ ഇതാ -

https://www.ncbi.nlm.nih.gov/pmc/articles/PMC2579537/


About author

Dr. Sreedarshan K. S.

BAMS, MD, Medical Officer, Govt. Ayurveda Dispensary, Munnar, Idukki


Scroll to Top