ആയുർവേദം അനുദിനം

അഥർവ്വവേദത്തിൽ നിന്ന് രൂപപ്പെട്ട ആയുർവേദം, വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട ശുദ്ധിയെ പറ്റി ദിനചര്യ എന്ന അധ്യായത്തിലൂടെ വിശദമായിത്തന്നെ ഓർമ്മപ്പെടുത്തുന്നു. പ്രകൃതിയെ അനുസരിച്ച് പ്രവർത്തിക്കാൻ അനുശാസിക്കുന്ന ആയുർവേദം,   സന്തോഷവും ആരോഗ്യപൂർണ്ണവും ദീർഘായുസ്സുമുള്ള ജീവിതത്തിനാണ് വഴിയൊരുക്കുന്നത്. നമ്മുടെ ശരീരത്തിൽ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലിതപ്പെടുത്തുക എന്നത് അനിവാര്യമാണ്.  അതിന് കൃത്യതയാർന്ന ഭക്ഷണക്രമവും വ്യായാമവും തന്നെയാണ് ഏറെ പ്രധാനം.

എന്ന് എപ്പോൾ എങ്ങിനെ എന്നൊന്നും ചിന്തിക്കാതെ, മണവും നിറവും മാനദണ്ഡങ്ങളായി മനുഷ്യൻ കഴിച്ചു കൂട്ടുന്ന ഭക്ഷണരീതികൾ പലപ്പോഴും ഭയപ്പെടുത്തുന്നവയാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകളിൽ നിലകൊള്ളുന്ന ഒരോ ശരീരവും അതിന്‍റെ ഘടനയെ തിരിച്ചറിയുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സ്വഭാവങ്ങൾ കൊണ്ടും പ്രവർത്തന രീതി കൊണ്ടും നമ്മുടെ ശരീരം ഏതൊക്കെ  ത്രിദോഷങ്ങളാൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കി, ഉചിതമായ ഭക്ഷണം തിരഞ്ഞെടുക്കേണ്ടതുണ്ട്.

മെലിഞ്ഞ പ്രകൃതവും വരണ്ട തൊലിയും കനംകുറഞ്ഞ മുടിയും തണുത്ത ശരീരവും കാര്യങ്ങളെ വേഗം ഉൾകൊള്ളുകയും അതിവേഗം അവ മറവിക്ക് വിധേയമാകുകയും  ചെയ്യുന്നതും വാത പ്രകൃതിക്കാരുടെ പൊതുവേയുള്ള ലക്ഷണങ്ങളാണ്. വാതപ്രകൃതം അതികപ്പെടുമ്പോൾ അവരിൽ അമിതമായ ശരീരക്ഷീണവും ഭാരക്കുറവും മുടികൊഴിച്ചിലും തൊലിപ്പുറത്തെ കരിവാളിപ്പ് ശരീരവേദന തുടങ്ങിയവ കണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങളിൽ  മധുരപ്പഴങ്ങൾ,മത്സ്യം, മുട്ട, കടല, എള്ളെണ്ണ, നെയ്യ് എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത് ഒരു പരിധിവരെ പരിഹാരമാണ്. എന്നാൽ തണുത്ത സാഹചര്യങ്ങളെ ഒഴിവാക്കുകയും സൂര്യപ്രകാശം കൊള്ളുകയും  കൂടുതൽ‍ സമയം ഉറങ്ങുകയും അമിത വ്യായാമം ഒഴിവാക്കുന്നതും ഉത്തമമാണ്.

മിതമായ തടി, മൃദുലമായ തൊലിപ്പുറം, കനംകുറഞ്ഞതും മിനുസമുള്ളതുമായ മുടി, ചൂടുള്ള ശരീരം, ക്ഷിപ്രകോപം, അടിക്കടിയുള്ള വിശപ്പ് എന്നിവ പിത്തപ്രകൃതത്തെ സൂചിപ്പിക്കുന്നു. പിത്തപ്രകൃതം അമിതമാകുമ്പോൾ അൾസർ, പുളിച്ചുതികട്ടൽ, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ കണ്ടുവരുന്നു. ഇത്തരക്കാർ തണുപ്പ് നൽകുന്ന ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും സ്വസ്ഥപൂർണ്ണമായ സാഹചര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുകയും മിതമായ വ്യായാമവും വേണം. കൂടാതെ ആൾക്കഹോൾ, എരിവ്, ഉപ്പുരസങ്ങൾ, എണ്ണയിൽ പൊരിച്ചത് തുടങ്ങിയ വർജ്ജിക്കേണ്ടതുണ്ട്.

ശരീരഭാരമുള്ളവരും എണ്ണമയമുള്ളതും തണുത്തതുമായ തൊലിപ്പുറവുമുള്ളവരാണ് കഫപ്രകൃതക്കാർ. കൂടാതെ കനമുള്ളതും ഇടതൂർന്നതുമായ മുടിയും മിതമായ പെരുമാറ്റവും കൂടുതൽ സമയം ഉറങ്ങുന്നവരുമായിരിക്കും. കഫപ്രകൃതം കൂടുന്നതിലൂടെ തടിയും, മടിയും, ഉറക്കവും, ദഹനക്കുറവും മനസ്സ് അസ്വസ്തമാകുകയും അരുചി തുടങ്ങിയവയും അനുഭവപ്പെടുന്നു. ഇത്തരം സാഹചര്യത്തെ മറിക്കടക്കാൻ ശരീരത്തിന് ചൂട് നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുകയും വ്യായാമം അതികരിപ്പിക്കുകയും വേണം. കൂടാതെ ഉറക്കം മിതമാക്കുകയും ഭക്ഷണം ലഘൂകരിക്കുകയും മധുരവും പുളിയും കഴിയുന്നതും കുറക്കേണ്ടതുമുണ്ട്.

ഓരോ ശരീരത്തിലും ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾ വ്യത്യസ്തമാണ്. ഒന്നിൽ കൂടുതൽ പ്രകൃതങ്ങൾ കണ്ടുവരുന്നതിനനുസരിച്ച് മേൽപ്പറഞ്ഞ വ്യത്യസ്ത വിഭാഗങ്ങളെ ഉൾക്കൊള്ളേണ്ടി വരും. വിദഗ്ദ്ധരുടെ നിർദ്ധേശപ്രകാരം അവ കണ്ടെത്തി, ഭക്ഷണക്രമവും വ്യായാമവും അനുസരണയോടെ വർത്തിക്കേണ്ടതുണ്ട്. പൊതുവേ ഷഡ് രസങ്ങളെ ഉൾക്കൊള്ളിച്ച ഭക്ഷണരീതികളെയാണ് ആയുർവേദം പ്രോത്സാഹിപ്പിക്കുന്നത്. മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്പ്, കഷായരുചി എന്നിവയാണ് ഷഡ്‌രസങ്ങൾ. ഓരോ രുചിയുടേയും അളവുകളിലൂടെ ശാരീരികാസ്വസ്തകൾക്കുള്ള പരിഹാരം കണ്ടെത്തുമ്പോഴും പ്രകൃതിയോടൊത്ത് ഇഴച്ചേർന്ന് തന്നെയാണ് നാം ഓരോരുത്തരും ജീവിതശൈലി രൂപപ്പെടുത്തുന്നതും.

ശരീരത്തോടൊപ്പം മനസ്സിനും ഉണർവ്വ് നൽകുന്ന ഒന്നാണ് വ്യായാമം. ഇതിൽ 'യോഗ' വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. മനസ്സിനെ മയപ്പെടുത്തുകയും ശരീരത്തിന്റെ ആന്തരിക പ്രവർത്തനത്തെ നിയന്ത്രിക്കാനാകുകയും ചെയ്യുന്ന യോഗ, ഏവർക്കും തന്റെ ജീവിത ശൈലികളോടൊപ്പം അനായാസേന ചേർക്കവുന്നതാണ്. അതുവഴി മേൽപ്പറഞ്ഞ ത്രിദോഷ ക്രമീകരണത്തിന് സാധ്യത നൽകുന്നു. നിലവിലെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തായിരിക്കണം വ്യായാമം ചിട്ടപ്പെടുത്തേണ്ടത്.

സൂര്യോദയത്തിന് മുമ്പ് ഉണരുകയും ജലപാനവും ശരീര ശുദ്ധിയും വ്യായാമവും അനുയോജ്യമായ ഭക്ഷണക്രമവും ശരീരം ആവിശ്യപ്പെടുന്ന വിശ്രമവും ഉറക്കവും ദേഷ്യത്തെ നിയന്ത്രിക്കലും സ്നേഹത്തെ അതികരിപ്പിക്കുകയും ചെയ്യുന്ന പെരുമാറ്റ രീതികൾ ഉൾപ്പടെ, ഓരോ വ്യക്തിയും അവരുടെ ദിവസങ്ങളെ ചിട്ടവട്ടങ്ങളോടെ നേരിടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, രാജാവ് തന്‍റെ രാജ്യം കാത്തുസംരക്ഷിക്കുന്നത് കണക്കെ ബുദ്ധിമാൻ തന്‍റെ ശരീരം സംരക്ഷിക്കേണ്ടതുണ്ടെന്ന് ആയുർവേദം ഓർമ്മപ്പെടുത്തുന്നു.!



About author

Dr. Shamla Cheriyath

lnsurance Medical Officer Dubai Health Authority., dr.shamlaniz1@gmail.com


Scroll to Top