രക്ത ദൂഷ്യ ചിന്തകൾ - ആയുർവേദത്തിൽ

വൈകുന്നേരം..രാത്രിയാവാൻ ഒരുങ്ങിത്തുടങ്ങി. ജോലിത്തിരക്കുകൾ ഒരു വിധം ഒതുക്കി, കാറിൽ കയറി ആകാശത്തിൻ്റെ ചുവപ്പുരാശി മാറി ഇരുട്ടു പടരുന്നത് ആസ്വദിച്ച് ഡ്രൈവ് ചെയ്തു വീട്ടിലെത്തി. നോട്ടിഫിക്കേഷൻ ശബ്ദം, ഫോണിൽ നോക്കി. വാട്സ്ആപ്പിൽ ഒരു മെസേജ് വന്നു. സുഹൃത്താണ് കക്ഷി; “ഡോക്ടറേ എൻ്റെ ഭാര്യക്ക് നാളെ ഓപ്പറേഷനാണ്, O -ve ഗ്രൂപ്പ് രക്തം നാലു കുപ്പി ആവശ്യമുണ്ട്. കിട്ടാൻ പ്രയാസമുള്ളത് കൊണ്ട് ബ്ലഡ് ഡോണേഴ്സ് കേരള ഗ്രൂപ്പിലിട്ടു. പക്ഷേ, ഒരു സംശയം ഇങ്ങനെ പരിചയമില്ലാത്തവരുടെ രക്തം കയറ്റിയാൽ പ്രശ്നമുണ്ടോ?” രക്തം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സ്വീകരിക്കുന്നത്, ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഞാൻ മറുപടി നൽകി. അപ്പുറത്ത് നിന്ന്  മറുപടി തൃപ്തിയാകാത്തതു കൊണ്ട് വീണ്ടും ചോദ്യം, “അതല്ല, അവരുടെ രക്തദൂഷ്യം ഒക്കെ ഭാര്യക്ക് കിട്ടിയാൽ പ്രശ്നമാവോ? ('ജാങ്കോ ഞാൻ പെട്ടൂട്ടാ' എൻ്റെ മനസ്സിൽ ഒരു വിക്കൽ അനുഭവപ്പെട്ടു). എടോ അവർ ക്രെയോ പ്രിസർവേഷൻ ടെക്നിക് ഒക്കെ ഉപയോഗിച്ചാണ് രക്തം സൂക്ഷിക്കുന്നത്, ചിലപ്പോൾ രക്തം മുഴുവനായോ അല്ലെങ്കിൽ അതിലെ ഓരോ ഘടകങ്ങൾ മാത്രമായോ വേർതിരിച്ചെടുത്ത് 6 ഡിഗ്രി സെൽഷ്യസിൽ ആണ് സൂക്ഷിക്കുന്നത്, എച്ച്.ഐ.വി. മുതൽ പ്രധാനപ്പെട്ട എല്ലാ ടെസ്റ്റുകളും നടത്തിയ ശേഷമാണ് രക്തം സൂക്ഷിക്കുന്നത്, പേടിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ഒരു വിധം സമാധാനിപ്പിച്ചു. എന്നാലും ഇവനുദ്ദേശിച്ച രക്തദൂഷ്യം എന്താവും? 

പലപ്പോഴായി വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ പലരും ഉന്നയിച്ചിട്ടുള്ള ചോദ്യമാണ് ഈ രക്തദൂഷ്യം. വിദേശികൾ വരെ വന്നു ചോദിക്കുന്നതാണ് “ഈസ് ആയുർവേദ ഗുഡ് ഫോർ ബ്ലഡ് പ്യൂരിഫിക്കേഷൻ?” എന്ന്. രക്തത്തിലെ ദൂഷ്യം മാറ്റുവാൻ ഡയാലിസിസ് ചെയ്താൽ പോരെ എന്ന് മറുചോദ്യവുമുണ്ടല്ലോ. അതിനാൽ രക്തമെന്തെന്നറിയണം, രക്തത്തിൻ്റെ  ഗുണമറിയണം, രക്തത്തിൻ്റെ ദൂഷ്യമെന്തെന്നറിയണം.

രക്ത ഗുണങ്ങൾ

നട്ടെല്ലുള്ള ജീവികളുടെ ശരീരമാസകലം സഞ്ചരിക്കുന്ന  'സോഫ്റ്റ് കണക്ടീവ് ടിഷ്യു' ആണ് രക്തം. അതിൽ പ്ലാസ്മ എന്നൊരു ഭാഗവും (ദ്രവ ഭാഗം) രക്ത കോശങ്ങൾ (ഖര ഭാഗം) എന്നൊരു ഭാഗവും ഉണ്ട്. ആരോഗ്യവാനായ ഒരു മനുഷ്യനിൽ രക്തത്തിൻ്റെ അളവ് ഏകദേശം 5 ലിറ്ററോളമാണ്. പ്രോട്ടീനുകൾ, ഹോർമോണുകൾ, എൻസൈമുകൾ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ എന്നിങ്ങനെ ധാരാളം ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പോഷണ ദ്രവമാണ് രക്തം. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ എന്ന ഘടകം ഓക്സിജൻ - കാർബൺ ഡയോക്സൈഡ് എന്നിവയുടെ സഞ്ചാരം, തുലനത എന്നിവയെ സഹായിക്കുന്നു. എല്ലാ ശരീരാവയവങ്ങളുടേയും ചയാപചയ ചംക്രമണം രക്തത്തെ ആശ്രയിച്ചാകുന്നു. ഹീമോഗ്ലോബിൻ ഇല്ലാത്ത ജീവികളിൽ ഹീമോസയാനിൻ, ഹീമോലിംഫ് എന്നിവ ഓക്സിജൻ നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ കണ്ടുപിടിച്ചിട്ടുള്ളതും അല്ലാത്തതുമായ ഒരു പാട് ജീവ അജീവ ഘടകങ്ങളുടെ ശരീരത്തിലെ സഞ്ചാരപഥമാണ് രക്തം.

രക്ത കോശങ്ങളിലെ പ്രോട്ടീൻ ഫൈബ്രിനോജൻ ആണ്. അത് അസ്ഥി മജ്ജയിൽ നിന്നും ഉണ്ടാകുന്നതിനാലാണ് രക്തത്തെ 'കണക്ടീവ് ടിഷ്യു ' എന്നഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ജീവനാസ്പദമാണ് രക്തം.

"ജീവന വർണ്ണപ്രസാദന മാംസ പോഷണൈരസൃക്" 

ആയുർവേദ ശാസ്ത്രം ലക്ഷണം നൽകുന്നത് എത്ര സംക്ഷിപ്തവും ഗഹനവും ആയിട്ടാണെന്ന് ശ്രദ്ധിക്കുക. ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങൾ അവയുടെ കർമ്മ കരണങ്ങളായി കാണുന്നവയാണ് സപ്തധാതുക്കൾ. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം ഇവയാണ് ഏഴു ധാതുക്കൾ. ഇവയിൽ രക്തത്തിൻ്റെ കർമ്മമായി മാത്രമാണ് "ജീവനം"' എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ജീവന് ആസ്പദമായതും സകല ധാതുക്കളിലും സഞ്ചരിച്ച് അവയെ പോഷിപ്പിക്കുന്നതുമാണ് രക്തധാതു. സുശ്രുതാചാര്യൻ രക്തത്തെ ശരീരത്തെ നിലനിർത്തുന്ന നാലാമത്തെ ദോഷമായിത്തന്നെ കണക്കാക്കുന്നു. 

ത്രിദോഷങ്ങളും രക്തവും

പിത്തത്തിൻ്റെ  അഞ്ചു ഭേദങ്ങളിൽ ഒന്നായ രഞ്ജക പിത്തം ആമാശയത്തിലിരുന്ന് ആഹാര പാചന ശേഷമുണ്ടാകുന്ന രസത്തിന് നിറം നൽകി രക്തമാക്കുന്നു. കഫത്തിൻ്റെ  അഞ്ചു ഭേദങ്ങളിൽ ഒന്നായ അവലംബക കഫം ദ്രവ സ്വഭാവം നൽകി ആ രക്തത്തെ ഒഴുകുവാൻ സഹായിക്കുന്നു. ആ രക്തത്തെ വാതത്തിൻ്റെ അഞ്ചു ഭേദങ്ങളിൽ ഒന്നായ വ്യാന വായു ഹൃദയത്തിലിരുന്ന് വേഗത്തിൽ ശരീരമാസകലം സഞ്ചരിപ്പിച്ച് രക്തത്തിൻ്റെ കർമ്മം ചെയ്യിക്കുന്നു. ലളിതവും സമഗ്രവുമായി ആയുർവേദം റെറ്റികുലോ എൻഡോത്തീലിയൽ സിസ്റ്റം മുതൽ സർക്കുലേറ്ററി സിസ്റ്റം വരെയുള്ള ഭാഗത്തെ വിശദീകരിച്ചിരിക്കുന്നു.

രക്തത്തിൻ്റെ ദോഷങ്ങൾ - ദൂഷ്യങ്ങൾ

മറ്റെന്തിനേയും പോലെ രക്തവും നശിക്കേണ്ടതാണല്ലോ, പ്രത്യേകിച്ച് ശരീരത്തിലെ വേസ്റ്റിനെ കൂടെ കൊണ്ടു പോകുമ്പോൾ (ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ അതും എന്ന ന്യായ പ്രകാരം).

ആധുനിക രീതിയിൽ പറയുമ്പോൾ

1. രക്തത്തിൻ്റെ അളവിലുണ്ടാകുന്ന പ്രശ്നങ്ങൾ - മുറിവ് പറ്റി ബാഹ്യമോ ആഭ്യന്തരമോ ആയ രക്തസ്രാവം മൂലം രണ്ട് ലിറ്ററിലധികം രക്തം നഷ്ടപ്പെട്ടാൽ സന്തുലനാവസ്ഥ നഷ്ടപ്പെട്ട് മരണകാരണമായേക്കാം

2. രക്തത്തിലെ ജലാംശം കുറഞ്ഞാൽ - ഓർത്തോ സ്റ്റാറ്റിക് ഹൈപോ ടെൻഷൻ, തലകറക്കം എന്നിവ ഉണ്ടാകാം

3. രക്തത്തിൻ്റെ സഞ്ചാര പഥത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ - 

  • രചനാപരമായവ (anatomical): അവയവങ്ങളിലേക്കുള്ള രക്തക്കുഴലിൻ്റെ ഘടനാപരമായ അപാകതകൾ. 
  • ക്രിയാപരമായവ (physiological): അത്തിറോസ്ക്ലീറോസിസ് പോലെ രക്തക്കുഴലിനകത്ത് ഉണ്ടാകുന്ന തടസ്സങ്ങൾ മുതലായ പ്രശ്നങ്ങൾ

4. രക്ത കോശങ്ങളുമായി ബന്ധപ്പെട്ട അനേകം പ്രശ്നങ്ങൾ - അനീമിയ മുതലായ അനവധി നിരവധി പ്രശ്നങ്ങൾ, രക്ത കോശങ്ങളുടെ അമിതമായ വിഭജനം മൂലുണ്ടാകുന്ന ലുക്കീമിയ പോലുള്ള രോഗങ്ങൾ, രക്തസ്കന്ദനം (കട്ടപിടിക്കൽ) കൊണ്ടുണ്ടാകുന്ന ഹീമോഫീലിയ, ത്രോംബോഫീലിയ മുതലായ അവസ്ഥകൾ

5. രക്തത്തിലുണ്ടാകുന്ന രോഗങ്ങൾ - ബാക്ടീരിയ, ഫംഗസ്, വൈറസ് മുതലായ ജീവികളെ കൊണ്ടുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി മുതലായ രോഗങ്ങൾ.

6. കാർബൺ മോണോക്സൈഡ് മുതലായ വിഷജന്യ രോഗങ്ങൾ

ആയുർവേദ ശാസ്ത്രത്തിൽ

1.രക്തധാതു  വർദ്ധിച്ചാലുണ്ടാകുന്ന രോഗങ്ങൾ - 

ഇവിടെ കേവലം അളവിലല്ല, രക്തധാതുവിന്‍റെ ഉഷ്ണം, സരം (ചലനാത്മകത), ദ്രവം, സ്നിഗ്ദ്ധം (മെഴുമെഴുപ്പു) മുതലായ ഗുണങ്ങൾ തെറ്റായ ആഹാരങ്ങളും പ്രവൃത്തികളും കൊണ്ട് അധികമായാൽ തൊലിപ്പുറമെയുള്ള കുരുക്കൾ മുതൽ രക്തവുമായി ബന്ധപ്പെട്ട അനേകം രോഗങ്ങൾ ഉണ്ടാവാം.

2. രക്തധാതു ക്ഷയിച്ചാലുള്ള (കുറഞ്ഞാലുള്ള രോഗങ്ങൾ)

തൊലിപ്പുറമെ  ഉണ്ടാകുന്ന രൂക്ഷത, പുളിരസത്തിൽ താൽപര്യം, തണുപ്പിൽ താൽപ്പര്യം, രക്തക്കുഴലുകളുടെ അയവ് എന്നീ രോഗങ്ങൾ.

3 . രക്തത്തിൽ ത്രിദോഷങ്ങൾ വർദ്ധിച്ചുണ്ടാകുന്ന രോഗങ്ങൾ

3 a.വാത ദോഷം: രക്തത്തിൽ വർദ്ധിച്ചാൽ വാതരക്തം എന്ന രോഗം, ത്വക്ക് മുതൽ അസ്ഥി വരെ വരാവുന്ന ചികിത്സിക്കുവാൻ ബുദ്ധിമുട്ടുള്ള അനേകം രോഗങ്ങൾ

3 b. പിത്ത ദോഷം: രക്തത്തിൽ വർദ്ധിച്ചാൽ വിസർപ്പം (herpes) ദാഹം (burning sensation) മുതലായ രോഗങ്ങൾ

3 c. കഫദോഷം  രക്തത്തിൽ വർദ്ധിച്ചാൽ പാണ്ഡുരോഗം (different types of anaemia) എന്നിവ ഉണ്ടാകും.

രക്തദൂഷ്യം എന്താണ്?

മേൽ വിവരിച്ച എല്ലാ അവസ്ഥകളേയും രക്തദൂഷ്യം എന്ന തലക്കെട്ടിൽ ഉൾപ്പെടുത്താം. രക്തത്തിൻ്റെ ഗുണങ്ങൾക്ക് തുല്യമായ ആഹാര വിഹാരങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗം രക്തത്തിൻ്റെ നിറം, ഗന്ധം, രൂപം, ഒഴുക്ക് എന്നിവയെ അശുദ്ധമാക്കുന്നു. അശുദ്ധമായ വസ്തുക്കൾ ഉള്ള രക്തം പോഷണം നൽകുന്ന അവയവങ്ങൾക്കും ആ അശുദ്ധി ഉണ്ടാക്കുന്നു. ഇതിനെ നമുക്ക് രക്തദൂഷ്യം എന്നു വിളിക്കാവുന്നതാണ്.

രക്തദൂഷ്യ ചികിത്സ 

രക്തത്തിൻ്റെ ഗുണങ്ങൾക്ക് വിപരീതമായ ഔഷധ ആഹാര വിഹാരങ്ങളെ യുക്തി പൂർവം ഉപയോഗിച്ചാൽ ചികിത്സയായി. ദൂഷ്യത്തിൻ്റെ അവസ്ഥയനുസരിച്ച് കൃത്യമായി ഉപയോഗിക്കണമെന്നു മാത്രം.

'വിശേഷതോ രക്ത വൃദ്ധിജാൻ രക്ത നിർഹരണ പ്രസാദന കായ വിരേചനേന' (അഷ്ടാംഗസംഗ്രഹം - ദോഷാദി വിജ്ഞാനീയം ) 

രക്തദൂഷ്യം രക്തവൃദ്ധി കൊണ്ടുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കിൽ രക്തമോക്ഷണം (രക്തം ശരീരത്തില്‍ നിന്നും ബഹിര്‍ഗമിപ്പിക്കുന്ന ചികിത്സാ- ഓരോ ദോഷത്തിനും ഓരോ വിധത്തിലുള്ളവ, ഉദാ: വാതികദോഷത്തിൽ ശൃoഗം - കൊമ്പ് ഉപയോഗിച്ചുള്ള രക്തമോക്ഷം, ഇപ്പോഴത്തെ ഹിജാമ പോലുള്ള രക്തമോക്ഷ രീതി. പിത്തജ ദോഷത്തിൽ ജളൂകാവചരണം- അട്ടയെ ഉപയോഗിച്ചുള്ള ലീച്ച് തെറാപ്പി)

രക്ത പ്രസാദനം- ആയുർവേദ ഔഷധങ്ങളായ ശോണിതാമൃതം, ശാരിബാദ്യാസവം, തിക്തകം കഷായം, മഞ്ജിഷ്ഠാദി കഷായം പോലുള്ള യോഗങ്ങൾ അവസ്ഥാനുസാരേണ ഉപയോഗിക്കുന്നു.

കായ വിരേചനം - പഞ്ചകർമ്മ ചികിത്സയിലുള്ള വിരേചനം, വമനം, വസ്തി മുതലായവ ഉപയോഗിച്ചുള്ള ശരീര ശോധനം (ഡിടോക്സിഫിക്കേഷൻ എന്ന പ്രകാരത്തിലുള്ള ചികിത്സാ ക്രമം)

അതിയായി ദുഷിച്ച രക്തക്ഷയത്തെ ചികിത്സിക്കുമ്പോൾ അതിനു തുല്യമായ ധാതുക്കൾ ഉപയോഗിക്കുക എന്നതാണ് ആയുർവേദ നിർദ്ദേശം. ശരീര ധാതു സാമാന്യം കൊണ്ട് പണ്ട് കാലത്തു ആടിൻ്റെയോ മാനിൻ്റെയോ രക്തം ചികിത്സക്കായി ഉപയോഗിച്ചിരുന്നു. (സ്ഫടികത്തിലെ മോഹൻലാൽ ആടിൻ്റെ ചങ്കിലെ ചോര കുടിച്ച പ്രയോഗം. കോടതിയിൽ വെച്ച് ജഡ്ജ് ആയ ശങ്കരാടിയോട് 'തഥേവ യുക്തം ഭൈഷജ്യം യഥാരോഗ്യായ കൽപ്പതേ സചൈവ ഭിഷജാം ശ്രേഷ്ഠോ യോഗേത്യേവ പ്രമോചയേത്' എന്നു പറഞ്ഞു  കൈയടി വാങ്ങുമ്പോൾ ആരോഗ്യത്തിന് ആവശ്യമായ എന്തും വൈദ്യന് ഔഷധമായി ഉപയോഗിക്കാം എന്ന അർത്ഥം അധികമാരും അറിഞ്ഞില്ല. അപ്പോൾ ആയുർവേദ ഗ്രന്ഥങ്ങളിൽ മറ്റു ജീവികളുടെ രക്തവും ആവശ്യമെങ്കിൽ ചികിത്സിക്കുവാൻ ഉപയോഗിക്കാം എന്നു കേട്ട് ഞെട്ടേണ്ട ആവശ്യമില്ല)

ഇക്കാലത്ത് മനുഷ്യനു മനുഷ്യരക്തം തന്നെ ഉപയോഗിക്കുന്നു. (1628 ൽ വില്യം ഹാർവി രക്തചംക്രമണം കണ്ടു പിടിക്കുകയും 1795 ൽ ആദ്യ മനുഷ്യരക്ത ട്രാൻസ്ഫ്യൂഷൻ ഡോ.Dr. Philip Syng Physick ചെയ്യുകയും ചെയ്തു. രക്തസ്രാവ ചികിത്സയിൽ Dr. James Blundell 1818 ൽ രക്തട്രാൻഫ്യൂഷൻ ഉപയോഗിച്ചു. ട്രാൻസ്ഫ്യൂഷൻ കണ്ടു പിടിക്കുന്നതിന് മുൻപ് തന്നെ രക്തദൂഷ്യ ചികിത്സ ഉണ്ടെന്നു സാരം. ഡയാലിസിസ് ചെയ്യുന്നതും രക്തദൂഷ്യ ചികിത്സ തന്നെയാണ് എന്നാണ് ഉത്തരം. പക്ഷേ, കൊതുകിനെ കൊല്ലാൻ ആറ്റം ബോംബല്ലല്ലോ ഉപയോഗിക്കുന്നത്. അതിനാൽ രക്തദൂഷ്യത്തിൻ്റെ തോതനുസരിച്ച് യുക്തമായ ചികിത്സാ മാർഗ്ഗങ്ങൾ ആയുർവേദത്തിലുമുണ്ട്. തൊലി പുറമെ ഉണ്ടാകുന്ന ചെറിയ കുരുക്കൾ മുതൽ അസ്ഥി സന്ധികളിലുണ്ടാകുന്ന രോഗങ്ങൾ വരെ ഉൾക്കൊള്ളുന്ന വലിയ ഒരു സ്പെക്ട്രം രോഗങ്ങൾ രക്ത ദൂഷ്യത്തിൽ ഉൾപ്പെടുന്നു.

അപ്പോൾ, വാട്സ്ആപ്പിൽ വന്ന രക്തദൂഷ്യ സംശയത്തിന് ഉത്തരമായി പറയാം, രക്തം കയറ്റിയിട്ട് ഉണ്ടാകുന്ന വിഷമതകൾക്കും ചികിത്സയുണ്ട് കൂട്ടുകാരാ.  ഇപ്പോൾ ആവശ്യമായ രക്തം കിട്ടിയല്ലോ, അത് ഓപ്പറേഷനുപയോഗിച്ച് ഭാര്യ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പിന്നെ വരുന്ന പ്രശ്നങ്ങൾക്ക് ആയുർവേദം കൂടെയുണ്ട്. സമാധാനമായി ഉറങ്ങൂ. ശുഭരാത്രി.About author

Dr. Sreedarshan K. S.

BAMS, MD, Medical Officer, Govt. Ayurveda Dispensary, Munnar, Idukki


Scroll to Top