ചുണ്ടുകളുടെ ആരോഗ്യം

 "പവിഴം പോൽ.. പവിഴാധരം പോൽ.. "

കവികൾ വർണ്ണിക്കുന്ന സുന്ദരമായ ചുണ്ടുകൾ ആരോഗ്യത്തിൻ്റെ  കൂടെ ലക്ഷണമാണ്. മനോഹരമായ പുഞ്ചിരി വ്യക്തിത്വത്തിൻ്റെ  പ്രതിഫലനമാണ്. അതിനാൽ തന്നെ ചുണ്ടുകളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. സാധാരണയായി ചുണ്ടുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ നിറം മാറ്റം, വരൾച്ച, വിണ്ടു കീറൽ എന്നിവയാണ്. 

ചുണ്ടുകളുടെ ആരോഗ്യ പ്രശ്നങ്ങൾക്കു എന്താണ് കാരണങ്ങൾ എന്ന് നോക്കാം. 

  1. പോഷകക്കുറവ്, രക്തക്കുറവ് 
  2. പുകവലി, വെറ്റില ഉപയോഗം, കാഫിൻ അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം 
  3. അമിതമായി വെയിൽ കൊള്ളുക 
  4. അലർജി 
  5. രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക സാധനങ്ങളുടെ ഉപയോഗം       

അതിനാൽ  കാരണങ്ങൾ അനുസരിച്ചുള്ള പരിഹാര മാർഗങ്ങൾ ശീലിക്കേണ്ടതാണ്. ദിവസവും 5 മിനിറ്റ് സമയം ചുണ്ടുകളുടെ പരിപാലനത്തിനായി മാറ്റി വയ്ക്കുക.

1. സമീകൃത ആഹാരം        

 ചുണ്ടുകളുടെ ജലാംശം നിലനിർത്തുന്നവയായിരിക്കണം ആഹാരത്തിൽ ഉൾപെടുത്തേണ്ടത്. 

വിറ്റാമിൻ എ :-ജലാംശം നിലനിർത്തുന്നതിനു സഹായിക്കുന്നു.

ഉദാ :ക്യാരറ്റ്, മത്തങ്ങാ, ബ്രോക്കോളി, ബീറ്റ്റൂട്ട് 

വിറ്റാമിൻ സി :-ചർമ്മത്തെ പുനർജ്ജീവിപ്പിക്കാൻ, മൃദുത്വം നൽകാൻ.

ഉദാ :-ഓറഞ്ച്, പപ്പായ, നാരങ്ങ, ബെറികൾ

വിറ്റാമിൻ ഇ :-ചർമത്തിൻ്റെ  ചുളിവുകൾ, പാടുകൾ ഇല്ലാതാക്കുന്നതിന് 

ഉദാ :-ബദാം, കറ്റാർവാഴ, അവകാഡോ. 

2. ജീവിത ശൈലി

  • ധാരാളം വെള്ളം കുടിക്കുക 
  • പുകവലി, പുകയില ഇവയുടെ ഉപയോഗം നിർത്തുക
  • ചുണ്ടുകൾ ഇടയ്ക്കിടെ കടിക്കുന്നത് ഒഴിവാക്കുക

3. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍

  • സൺസ്‌ക്രീൻ അടങ്ങിയ ലിപ് ബാം ഉപയോഗിക്കുക 
  • ലിപ്സ്റ്റിക് പോലെ ഉള്ളവ കിടക്കുമ്പോ തുടച്ചു മാറ്റുക


വീട്ടിൽ ചെയ്യാവുന്ന പരിഹാര മാർഗങ്ങൾ 

  • പഞ്ചസാര നാരങ്ങ നീരിലോ, ഒലിവ് ഓയിലിലോ, തേനിലോ ചാലിച്ചു സ്ക്രബ്ബ് ചെയ്യുക. 
  • വെളിച്ചെണ്ണ, ഒലിവെണ്ണ, കുങ്കുമാദി തൈലം ഉപയോഗിച്ച് മസ്സാജ് ചെയ്യുക 
  • റോസാപ്പൂ ഇതളുകൾ അരച്ച് വെള്ളരിക്ക നീര് ചേർത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക 
  • പ്രകൃതി ദത്ത ലിപ് ബാം ഉപയോഗിക്കുക. 


സ്വയം ഉണ്ടാക്കാം ഒരു ആയുര്‍വേദിക് ലിപ്-ബാം

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് അരിഞ്ഞു മിക്സിയിൽ നന്നായി അരച്ച് പിഴിഞ്ഞ് ചാറെടുക്കുക. അത് ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് വറ്റിയ്ക്കുക. ജലാംശം മാറിയതിനു ശേഷം നെയ്യ് /വെളിച്ചെണ്ണ /കുങ്കുമാദി തൈലം ഇവ ചേർത്ത് തണുത്തതിനു ശേഷം ഫിഡ്ജിൽ സൂക്ഷിക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്നേ പുരട്ടുക.

നല്ല പുഞ്ചിരി ഒരുപാട് മനസുകളിൽ പ്രത്യാശ പകരുന്നതാണ്. ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാം… 




About author

Dr. Tintu Elizabeth Tom

BAMS Chief Physician- Soukhya Ayurveda, Angamaly Ph:7025812101 tintutom.tom@gmail.com


Scroll to Top