കിടക്കയില്‍ മുള്ളുന്ന കുട്ടി- ആയുർവേദ പരിഹാരം

അഞ്ചു വയസിനു ശേഷവും ഒരു കുട്ടി ഉറക്കത്തിൽ അറിയാതെ മൂത്രം ഒഴിക്കുന്ന ശീലം ആണ് ശയ്യാമൂത്രം അഥവാ bed-wetting അഥവാ enuresis. തലച്ചോറിന്‍റെ നാഡീ ഞരമ്പുകളുമായി ബന്ധപെട്ടും നട്ടെല്ലിലെ കശേരുക്കളുമായി ബന്ധപ്പെട്ടും മൂത്രസഞ്ചിയുടെയും മൂത്രവ്യവസ്ഥയുടെയും തകരാർ മൂലവും ഇതൊന്നും കൂടാതെയും  bed-wetting ഉണ്ടാകാറുണ്ട്. സ്വാഭാവികമായും മാറും എന്നു കരുതി കാത്തിരിക്കാതെ ശരിയായ കാരണം കണ്ടുപിടിച്ചു പരിഹാരം നിശ്ചയിക്കാൻ കുട്ടിയെ കൃത്യസമയത്തു വൈദ്യപരിശോധനക്കു വിധേയമാക്കുക.

വൈദ്യപരിശോധനക്കു ശേഷം ശ്രദ്ധിക്കേണ്ടവ 

1. കുട്ടിയുടെ മാനസികാവസ്ഥ ബെഡ് വെറ്റിങ്ങിൽ പ്രധാനമാണ്, അതിനാൽ ഈ അവസ്ഥ മറ്റുള്ളവരുടെ മുൻപിൽ പരസ്യമായി അവതരിപ്പിക്കുന്നതും ശകാരിക്കുന്നതും ഒഴിവാക്കുക, അത്തരം കാര്യങ്ങൾ കൂടുതൽ ആശങ്കകൾ കുട്ടിയിൽ ഉണ്ടാക്കും പ്രശ്നം ഗുരുതരമാകാറുണ്ട്.‌

2. അത്താഴം കഴിഞ്ഞു ഒന്നരമണിക്കൂർ എങ്കിലും കഴിഞ്ഞു മാത്രം ഉറങ്ങാൻ അനുവദിക്കുക, രാത്രിയിൽ കൂടുതൽ ദ്രവ ആഹാരങ്ങൾ ഒഴിവാക്കുക.

3. കുട്ടി ഉറങ്ങി രണ്ടര മണിക്കൂർനു ശേഷം ഉള്ള ഒരു സമയം കുട്ടിയെ  എഴുന്നേൽപ്പിച്ചു മൂത്രമൊഴിപ്പിച്ചു കിടത്തുക. 

‌4. കുട്ടിയിൽ ആത്മവിശ്വാസം നൽകുന്ന പദ്ധതികൾ നടപ്പാക്കുക.  ഉദാഹരണതിന് ഉറക്കത്തിൽ മൂത്രമൊഴിക്കാതെ എഴുന്നേറ്റാൽ കുട്ടിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു വസ്തു നൽകാം എന്നു ധരിപ്പിക്കുക, ഉറങ്ങുന്നതിനു മുൻപ് ആ സമ്മാനം കാണിച്ചു കൊടുക്കുക മൂത്രം ഒഴിച്ചില്ല എങ്കിൽ അത് നൽകുകയും അല്ലാത്തപക്ഷം അടുത്ത ദിവസം നോക്കാം എന്നുള്ള രീതിയിൽ പരീക്ഷണം തുടരുകയും ചെയ്യുക. ഇത് കുട്ടിയുടെ ഉപബോധ മനസ്സിൽ ഒരു ആജ്ഞ നൽകുകയും ഉറക്കത്തിലെ ചില സങ്കീർണ്ണമായ ചില പ്രതിഭാസങ്ങൾ കൊണ്ട് ഉണ്ടാകുന്ന ശയ്യാമൂത്രത്തെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5. മരുന്നുകൾ കൃത്യമായി കഴിക്കുക 

ആയുർവേദത്തിലൂടെ Bed-wetting ഫലപ്രദമായി നേരിടാം

ശയ്യാമൂത്ര ചികിത്സയില്‍ സാമാന്യമായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു..

  • ദഹനശേഷി വർധിപ്പിക്കുക
  • മലമൂത്രപ്രവർത്തനങ്ങളുമായി ബന്ധപെട്ട ഓട്ടോണോമസ് നെർവ‌സ് സിസ്റ്റത്തിനെ സ്വാധീനിക്കുന്ന (വാതാനുലോമനം) ഔഷധങ്ങളുടെ സേവനം
  • കൃമിശല്യത്തിന് ചികിത്സിക്കുക
  • തലച്ചോറിന്‍റെയും നാഡീവ്യൂഹങ്ങളുടെയും പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ബ്രഹ്മി പോലുള്ള ചില മരുന്നുകളുടെ ഉപയോഗം

2 മാസം മുതൽ 4 മാസം വരെ ചികിത്സചെയ്തിട്ടും അവസ്ഥയ്ക്ക് മാറ്റം ഇല്ലെങ്കിൽ യോഗ, കൗൺസിലിങ് മറ്റു പരിശോധനകൾ കൂടി അധികമായി വേണ്ടി വന്നേക്കും. 

Bed wetting നിസ്സാരമെന്നു നമുക്ക് തോന്നിയേക്കാമെങ്കിലും, ഡിപ്രെഷൻ, anxiety, അന്തര്‍മുഖത്വം തുടങ്ങിയ  മാനസിക പ്രശ്നങ്ങൾ കുട്ടികളിൽ ഉണ്ടായേക്കാം. അതിനാൽ കൃത്യസമയത്തു വൈദ്യപരിശോധനക്കു കുട്ടിയെ വിധേയമാക്കുക.


About author

Prof. Dinesh K. S. & Dr. Jeetha Dev P. J.

Department of Kaumarabhruthya, Vaidyaratnam P S Varier Ayurveda College, Kottakal


Scroll to Top