മോര് ഒരു നിസ്സാര പാനീയമല്ല!

മോര് കൂട്ടി ഊണ്‌ കഴിക്കാൻ താത്പര്യമുള്ളവരാണ് നാം എല്ലാവരും.ദഹനത്തെ കൂട്ടുന്ന വിശിഷ്ട പാനീയമാണ് മോര്.

നമ്മുടെ കല്യാണ സദ്യകളിൽ പോലും മോര് ഒരു  പ്രധാന പങ്കുവഹിക്കുന്നുണ്ട്. പല രൂപത്തിലും ഭാവത്തിലും നാം മോര് ഉപയോഗിക്കാറുണ്ട്. മോര് കാച്ചിയത്, മോര് കറി, കാളൻ, സംഭാരം എന്നിങ്ങനെ. ഈ ചൂടുകാലത്തു ദാഹം അകറ്റുവാനും, ശരീരത്തിലെ ജലാംശം നിലനിർത്തുവാനും സഹായിക്കുന്ന ഉത്തമ പാനീയമാണ് മോര്.  

മോരിന്‍റെ ഔഷധ ഗുണങ്ങൾ ആയുർവേദത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പശുവിൻ പാൽ ഉറച്ചുണ്ടാകുന്ന തൈര് കടഞ്ഞു വെണ്ണയെടുത്ത ശേഷം കിട്ടുന്ന കൊഴുപ്പു കുറഞ്ഞ പാനീയമാണ് മോര്. നിർദ്ദിഷ്ട അനുപാതത്തിൽ വെള്ളം ചേർത്ത മോര്, ആയുർവേദൗഷധമാണ്. ആയുർവേദത്തിൽ ഇതിനെ 'തക്രം' എന്നുപറയുന്നു

"യഥാ സുരാണാം അമൃതം സുഖായ തഥാ നരാനാം ഭുവി തക്രമാഹു"
ദേവന്മാർക്ക് അമൃത് പോലെയാണ് ഭൂമിയിലെ മനുഷ്യർക്ക്‌ സൗഖ്യത്തിനു മോര് എന്ന്‌ ഭാവപ്രകാശനിഘണ്ടുവിൽ പറയുന്നു.

ആഹാരമായും, ഔഷധമായും മോരിന് ആയുർവേദത്തിൽ പ്രാധാന്യം കല്പ്പിക്കുന്നു.

തക്രം ലഘുവും കഷായ-അമ്ല രസങ്ങളോടു കൂടിയതും ദീപനവും കഫവാതത്തെ നശിപ്പിക്കുന്നതുമാണ്.

മോരിനെ ആയുർവേദത്തിൽ നാലായി തിരിച്ചിട്ടുണ്ട്:

ഘോലം - തൈര് വെള്ളം ചേർക്കാതെ വെണ്ണ മാറ്റാതെ എടുക്കുന്നത്

മഥിതം- തൈരിനെ വെള്ളം ചേർക്കാതെ വെണ്ണ കടഞ്ഞു എടുക്കുന്നത് 

തക്രം- തൈരിൽ നാലിലൊന്നു വെള്ളം ചേർത്ത് വെണ്ണ കടഞ്ഞു എടുത്ത് മാറ്റിയത്

ഉദശ്വിത്- തൈരിൽ രണ്ടിലൊന്ന് വെള്ളം ചേർത്ത് കടഞ്ഞു വെണ്ണ മാറ്റിയത്

ഇവ നാലിനും വ്യത്യസ്തമായ ഗുണങ്ങൾ ആണ്‌ ഉള്ളത്.

മോരിന്‍റെ ഗുണങ്ങൾ

മോര് അഗ്നിദീപകവും (ദഹനത്തെ കൂട്ടുന്നത്‌) ത്രിദോഷ ഹരവുമാണ് (വാത-പിത്ത-കഫങ്ങളെ വര്‍ദ്ധിക്കാതെ നോക്കുന്നു). അതുകൊണ്ട് തന്നെ നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 

ലഘുവും (ദഹിക്കാന്‍ എളുപ്പമുള്ളത്), ഗ്രാഹിയും (മലത്തെ മുറുക്കുന്നത്) ആയതിനാൽ ഗ്രഹണി രോഗത്തിന് ഉത്തമമാണ്.

മോര് എന്ന മരുന്ന്

അർശസ്, ഗ്രഹണി രോഗം (ദഹന സംബന്ധമായ അസുഖങ്ങൾ), മൂത്രതടസ്സം, ശോഥം (നീര്) , അരുചി (രുചിയില്ലായ്മ), ആമവാതം, കരൾ സംബന്ധമായ അസുഖങ്ങൾ,  മഹോദരം, എന്നീ രോഗാവസ്ഥകളിൽ തക്രം ഏറ്റവും ഉത്തമമാകുന്നു.

വാത-കഫ പ്രധാനമായ ശുഷ്കാർശസ്സിനു (ബ്ലീഡിംഗ് ഇല്ലാത്ത പൈല്‍സ്) തക്രം ഉത്തമ ഔഷധമാണെന്ന് ചരകസംഹിതയിൽ പറയുന്നു. 

തക്രം തനിച്ചോ ഔഷധങ്ങൾ ചേർത്തു സംസ്കരിച്ചോ ഉപയോഗിക്കാവുന്നതാണ് . ദഹനതകരാറുള്ള അർശോരോഗികൾ നിത്യവും തക്രം ഉപയോഗിക്കണമെന്നാണ് ആയുർവേദ നിർദ്ദേശം. ദീർഘകാലമായി അനുഭവിക്കുന്ന അർശോരോഗാവസ്ഥയിൽ തക്രപാന ചികിത്സ നടത്താറുണ്ട്. ആഹാരം പരമാവധി കുറച്ചുകൊണ്ട് തക്രം മാത്രം ഉപയോഗിക്കുകയാണ് ചികിത്സാക്രമം. രോഗിയുടെ സ്ഥിതിയനുസരിച്ച് ആഹാരകാലങ്ങളിൽ തക്രം മാത്രം നല്കിക്കൊണ്ട് ഏഴോ പതിനഞ്ചോ ദിവസം തക്രപാന ചികിത്സ നടത്താറുണ്ട്.

തക്ര ഉപയോഗം കൊണ്ട് സ്രോതസ്സുകൾ ശുദ്ധമായിത്തീരുമ്പോൾ ആഹാരജന്യമായ രസം വേണ്ടതുപോലെ രക്താദി ധാതുക്കളായി പരിണമിക്കുന്നതായിരിക്കും. അതുകൊണ്ട് ശരീരത്തിന് പുഷ്ടിയും ബലവും നല്ല വർണ്ണ പ്രസാദവും സന്തോഷം ഉണ്ടാകുകയും ചെയ്യും. വാത കഫ ജന്യമായ എല്ലാ രോഗങ്ങൾക്കും തക്രത്തെക്കാൾ ശ്രേഷ്ഠമായ മറ്റൊരു ഔഷധവുമില്ല എന്നാണ് ചാരകാചാര്യൻ പറയുന്നത്.

മോര് അഗ്നിദീപനമാണ് ,ദഹന സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ശ്രേഷ്ഠമായ പരിഹാരമാണ്. മോരിന് പ്രൊബയോട്ടിക് സ്വഭാവം ഉണ്ട്.  ശരീരത്തില്‍ ആഹാരത്തെ വിഘടിപ്പിക്കാനും പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്ന നല്ല ബാക്ടീരിയകളെ ആണ് probiotics എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അനാരോഗ്യകരമായ ആഹാരസാധനങ്ങള്‍ നിത്യം ഉപയോഗികുന്നതു വഴിയും, ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു വഴിയും ഈ നല്ല ബാക്ടീരിയകള്‍ നശിക്കുന്നു. ഈ ബാക്ടീരിയകളെ വീണ്ടും ശരീരത്തില്‍ എത്തിക്കുന്നതു വഴി, അവയുടെ നിലനില്‍പ്പ്‌ സാധ്യമാക്കുന്നതു വഴി ദഹനവ്യവസ്ഥയെ സ്വസ്ഥമാക്കി നിലനിറുത്തുന്നതിനും അങ്ങനെ മനുഷ്യന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മോര് സഹായിക്കുന്നു. മലത്തെ മുറുക്കുന്ന സ്വഭാവം ഉണ്ടെങ്കിലും ദഹനം സുഗമമാക്കുകയും അന്നനാളത്തിന്‍റെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനാലും മോര് ഉപയോഗിക്കുന്നത് മലബന്ധം അകറ്റുന്നതായാണ് കാണുന്നത്.

അനവധി രോഗങ്ങളില്‍ ഔഷധങ്ങള്‍ മോരില്‍ ചേര്‍ത്ത് കഴിക്കുന്നത് നമുക്ക് അറിവുള്ളതാണ്.  തക്രധാര, തക്രവസ്തി തുടങ്ങിയ ചികിത്സാരീതികളിലും മോര് ഉപയോഗിക്കപ്പെടുന്നു.

മോര് ഇഞ്ചിയും, കറിവേപ്പിലയും, ഉപ്പും, പച്ചമുളകും ചേർത്ത് സംഭാരമായിട്ടും സേവിക്കുന്നത് ദാഹവും, ക്ഷീണവും അകറ്റാൻ ഉത്തമമാണ്.

മോര് ചേർത്ത് ഉണ്ടാകുന്ന അരിഷ്ടമാണ് തക്രാരിഷ്ടം. അർശസസ്സിനും, ദഹനം കൂട്ടുന്നതിനും,ഗുൽമത്തിലും, ഗ്രഹണി രോഗത്തിലും ഇത് ഫലപ്രദമാണ്.  പ്രമേഹചികിത്സായിൽ ഹരിതകി ചൂർണ്ണത്തിന്‍റെ കൂടെ ഉപയോഗിക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശം (ഗര വിഷം ) അകറ്റാനും മോര് ഗുണം ചെയ്യും.

വയറിളക്കത്തിനും, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾക്കും മോര് ഇഞ്ചി ചേർത്ത് കാച്ചി സേവിക്കുന്നത് നല്ലതാണ്.

വാത രോഗങ്ങളിൽ ഇന്ദുപ്പും ചുക്കും ചേർത്തും പിത്തജ രോഗങ്ങളിൽ പഞ്ചസാര ചേർത്തും കഫജ രോഗങ്ങളിൽ ക്ഷാരവും  ത്രികടു (ചുക്ക്-കുരുമുളക്-തിപ്പലി ) ചേർത്തും മോര് സേവിക്കണം.

മൂത്ര സംബന്ധമായ അസുഖങ്ങളിൽ മോര് ശർക്കര ചേർത്തും, പാണ്ഡു രോഗത്തിൽ കൊടുവേലി ചേർത്തുമാണ് സേവിക്കുന്നത്. 

മോര് ഒരു സമീകൃത ആഹാരം

മോര് എന്തുകൊണ്ടും ഒരു സമ്പൂർണ ആഹാരമാണ്. കാരണം അതിൽ ശരീരത്തിന് ആവശ്യമായ ജീവകങ്ങൾ, ധാതുക്കൾ, മാംസ്യങ്ങൾ തുടങ്ങിയ പോഷക ഘടകങ്ങൾ ധാരാളം അടങ്ങുന്നു. മോരിൽ കാൽസ്യം, വിറ്റാമിൻ D എന്നിവ അടങ്ങുത്തതിനാൽ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്‌, അയോഡിൻ, റിബോഫ്ളാവിൻ തുടങ്ങിയ പോഷകങ്ങൾ മോരിൽ അടങ്ങിയിട്ടുണ്ട്. മോര് സമ്പൂർണ ആഹാരമായതു കൊണ്ട് തന്നെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.

മോരിനും വേണം മിതത്വം

അമിതമായാൽ അമൃതം വിഷം എന്നാണല്ലോ. ഉരക്ഷതം, രക്തപിത്തം, ക്ഷയം എന്നീ രോഗങ്ങൾ ഉള്ളവര്‍ മോര് ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി മോര് കുടിച്ചാൽ അത് പിത്തം വർധിപ്പിക്കും എന്നതിനാല്‍ ചൂട് കാലത്ത് കരുതലോടെ വേണം മോര് കുടിക്കുവാന്‍. 


ഇത്രയും ഗുണങ്ങൾ അടങ്ങിയ മോര് മനുഷ്യർക്ക്‌ അമൃത് തന്നെയാണ്. ആകർഷകമായ പല നിറങ്ങളിൽ  കുപ്പികളിൽ  നിറച്ചു വരുന്ന  ശീതള പാനീയങ്ങളേക്കാൾ നമ്മുടെ മോര് എത്രയെത്ര ഭേദം! അതിനാല്‍ കൈയ്യിലുള്ള ഈ അമൃതിനെ മറന്ന് കുപ്പികളിലുള്ള കളര്‍ വിഷങ്ങള്‍ തേടി പോകരുതേ..


About author

Dr. Vineetha Manoj

BAMS, Msc yoga therapy, Chief Ayurveda Physician, Emc ayurveda healthcare Department of ayurveda and yoga, Ernakulam medical centre, Palarivattom, vinuaditya@gmail.com


Scroll to Top