ആവണക്കെണ്ണ- ഉപയോഗം കരുതലോടെ


ഒരിക്കലെങ്കിലും ആയുർവേദ ചികിത്സ ചെയ്തിട്ടുളളവർക്ക് ആവണക്കെണ്ണയുടെ ഉപയോഗം സുപരിചിതമായിരിക്കുമല്ലോ. Euphorbiacea കുടുംബത്തിലെ Ricinus communis അഥവാ ആവണക്കിന്‍റെ കുരു ആട്ടി എടുക്കുന്നതാണ് സംസ്കൃതത്തിൽ 'ഏരണ്ട തൈലം' എന്നറിയപ്പെടുന്ന ആവണക്കെണ്ണ. പഞ്ചകർമ്മങ്ങളിൽ പ്രധാനമായും വിരേചനം വസ്തി എന്നിവയ്ക്ക് ആവണക്കെണ്ണ ഉപയോഗിക്കുന്നു. വാതശമനമായ നല്ലെണ്ണയേക്കാൾ (തില തൈലം) വാതരോഗങ്ങളിൽ പ്രത്യേകിച്ചും ശോധനം വേണ്ടയിടത്ത് മലമൂത്രങ്ങളെ പുറന്തള്ളി അപാന വാതത്തെ സാധാരണ ഗതിയില്‍ (അനുലോമം) ആക്കുന്നതിനാൽ ഏരണ്ട തൈലം തന്നെയാവും അഭികാമ്യം. വയറിളക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും തളം മുതലായ ബാഹ്യ പ്രയോഗങ്ങൾക്കും ആവണക്കെണ്ണ ഉപയോഗിക്കുന്നുണ്ട്.

ആവണക്കെണ്ണയും ആമവാതവും

വാതരോഗങ്ങളിൽ പ്രത്യേകിച്ചും ആമവാതം, ആമാനുബന്ധിയായ നടുവുവേദന എന്നിവകളിൽ ആമത്തെ പചിപ്പിച്ച് പുറന്തള്ളുന്നതിനും രോഗശമനത്തിനും യുക്തമായ ഔഷധങ്ങൾ ചേർത്ത് സംസ്കരിച്ചെടുക്കുന്ന ആവണക്കെണ്ണ അത്യുപയോഗിയാണ്.

ആവണക്കെണ്ണയേ പ്രകീര്‍ത്തിക്കുന്ന ഒരു ശ്ലോകം ഇതാ:

 "ആമവാത ഗജേന്ദ്രസ്യ ശരീരവന ചാരിണ: 
ഏക ഏവ നിഹന്ത്യയം ഏരണ്ട സ്നേഹകേസരി" 

ശരീരമാകുന്ന വനത്തില്‍ സ്വൈരവിഹാരം നടത്തുന്ന ആമവാത ഗജവീരനെ ഒറ്റയ്ക്ക് എതിരിട്ട് നശിപ്പിക്കുന്ന സിംഹമാകുന്നു ആവണക്കെണ്ണ.

എന്നതിൽ നിന്നും ഇതിന്‍റെ ഗുണം എത്രയധികമാണെന്ന് ഊഹിക്കാവുന്നതേയുളളൂ.


ആവണക്കെണ്ണയുടെ മറ്റ് സവിശേഷതകള്‍

"വൃഷ്യ വയ:സ്ഥാപനം യോനിശുക്ര വിശോധനം അധോഭാഗ ദോഷഹരം" 

എന്ന ശ്ലോകം ആവണക്കെണ്ണയുടെ വൈവിധ്യമായ സവിശേഷതകളെ സമാഹരിക്കുന്നു. ഇത് പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം അതില്‍ ഉള്‍പ്പെടുന്ന കോശങ്ങളെ ശുദ്ധീകരിച്ചു പുഷ്ട്ടിപ്പെടുത്തുന്നു, ശരീര അപചയം കുറക്കുന്നു,  നാഭിക്കു കീഴ്പോട്ടുള്ള ഒരു വിധം രോഗങ്ങളില്‍ ഒക്കെ പ്രയോജനപ്രദവുമാകുന്നു. 

ഇത്രയും ഗുണങ്ങളൊക്കെ അടങ്ങിയതിനാൽ വളരെയധികം രോഗങ്ങളിൽ പ്രത്യേകിച്ചും സ്ത്രീ രോഗങ്ങളിൽ അവസ്ഥയനുസരിച്ചുള്ള ഏരണ്ട തൈല പ്രയോഗം ഗുണവത്തായിരിക്കും.  Inflammatory conditions-ൽ പുറമേ പ്രയോഗിക്കാനും ഉത്തമം തന്നെ. 

ആവണക്കെണ്ണയുടെ പരിമിതി, അതിനുള്ള പരിഹാരം

ഇതൊക്കെയാണെങ്കിലും അഹൃദ്യമായതിനാൽ (മനസ്സിന് യോജിക്കാത്ത രുചി ഗന്ധം എന്നിവ കൊണ്ട്) ആവണക്കെണ്ണ കഴിക്കാൻ ഭൂരിഭാഗം പേർക്കും വിമുഖത ഉണ്ടായേക്കാം. എന്നാൽ രോഗിയുടെ പ്രകൃതി, ബലം, രോഗാവസ്ഥ എന്നിവയ്ക്കനുസരിച്ച് പാൽ, കഷായങ്ങൾ, മാംസരസം, ചെറുപയർ സൂപ്പ്, ആഹാരം എന്നിവയിൽ ഉചിതമായ രീതിയിൽ ചേർത്ത് ഉപയോഗിക്കുക വഴി ഈ പോരായ്മ പരിഹരിക്കാവുന്നതേയുള്ളൂ.

ആവണക്കെണ്ണ ആരൊക്കെ ഉപയോഗിക്കരുത്

ഗർഭാശയത്തിലെ പേശികളെയും ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനാൽ ഗർഭിണികളിലും പ്രസവശേഷമുള്ള സമയത്തും സ്ത്രീകളിൽ ആയതിന്‍റെ ഉപയോഗം നന്നല്ല. മൂത്രാശയത്തെയും കിഡ്നിയെയും ബാധിച്ച അസുഖമുള്ളവർ, കരളിനെയും കുടലിനെയും സംബന്ധിച്ച അസുഖമുള്ളവർ എന്നിവരിലും ആവണക്കെണ്ണയുടെ പ്രയോഗം രോഗത്തെ മൂർച്ഛിപ്പിച്ചേക്കാം. 12 വയസ്സിൽ താഴെയുള്ളവരിൽ ആവണക്കെണ്ണയുടെ പ്രയോഗം പാടുള്ളതല്ല. അതുപോലെ Anti arrythmic drugs, Diuretics, Fat soluble vitamins, Antihistamines എന്നീ വിഭാഗങ്ങളിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരിലും ആവണക്കെണ്ണ പ്രയോഗം പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

ആവണക്കെണ്ണയും വയറിളക്കലും 

ആവണക്കിൻകുരുവിൽ 'Ricin' എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ ആട്ടിയെടുക്കുമ്പോൾ ഇത് നിർവീര്യമാക്കപ്പെടുന്നു. ആവണക്കെണ്ണയിലെ പ്രധാന ഘടകം mono unsaturated fatty acid ആയ ricinoleic acid (85- 95 %) ആണ്. ആവണക്കെണ്ണയുടെ വിരേചന സ്വഭാവത്തിന് കാരണവും ricinoleic acid തന്നെയാണ്. ചെറുകുടലിലെ മാംസപേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്തും ജലം, ഇലക്ട്രോലൈറ്റുകൾ എന്നിവയുടെ അളവുകളിൽ വ്യതിയാനം വരുത്തിയും വിരേചനം (വയറിളക്കല്‍) ഉണ്ടാക്കുന്നു.

വയറിളക്കുന്നതിന് ആവശ്യമായതിലും അധികമായ അളവിൽ കഴിച്ചാൽ വയറിന് അസ്വസ്ഥത, ഛർദ്ദി, വയറു കുത്തിനോവ്, അതിസാരം എന്നിവ ഉണ്ടായേക്കാം. സ്ഥിരമായ ഉപയോഗം മൂലം ശരീരത്തിലെ ജലാംശം, ഇലക്ട്രോലൈറ്റുകൾ (പ്രധാനമായും പൊട്ടാസ്യം) അമിതമായി നഷ്ടപ്പെട്ടേക്കാം. കുടലിന്‍റെ സ്വാഭാവികമായ ചലനത്തേയും ബാധിച്ചേക്കാമെന്നതിനാൽ സ്ഥിരമായ ഉപയോഗം പാടുള്ളതല്ല. 

രോഗത്തിന്‍റെയും രോഗിയുടെയും ഇപ്രകാരമുള്ള പല അവസ്ഥയെയും കൃത്യമായി പരിശോധിച്ച ശേഷം വൈദ്യ നിർദ്ദേശപ്രകാരം പ്രയോഗിക്കപ്പെടുന്ന ഏരണ്ട തൈലം ഗുണവത്താകുമെന്നതിൽ യാതൊരു സംശയവുമില്ല.

[Image Courtesy: Dr. Ajayan Sadanandan]


About author

Dr. Arya Sethuparvathy

BAMS, MD (Dravyagunavijanam) Quality controller- Ayurdhara pharmaceuticals Anchery, Thrissur. dr.aryasethuparvathy@gmail.com


Scroll to Top