തിമിരം

തിമിരം എന്നത് സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു പദം ആണ്. 

തിമിരം എന്ന സംസ്‌കൃത പദത്തിന് തമസ്സ്‌ അഥവാ ഇരുട്ട് എന്നാണ് അർത്ഥം.  കണ്ണിൻ്റെ  അകത്തുള്ള ലെൻസ് എന്ന സുതാര്യമായ അവയവം ആണ് പ്രകാസരശ്മികളെ കണ്ണിൻ്റെ  റെറ്റിനായിൽ  കേന്ദ്രീകരിപ്പിച്ചു  നമുക്ക് കാഴ്ചക്ക് സഹായിക്കുന്നത്.

ഈ ലെൻസിൻ്റെ  സുതാര്യത കുറഞ്ഞു അതാര്യമായി തീരുന്ന അവസ്ഥക്ക് ആണ് തിമിരം എന്നു പറയുന്നത്. ഇതിനെ ആധുനീക വൈദ്യ ശാസ്ത്രം cataract എന്നു വിളിക്കുന്നു.

എന്നാൽ ആയുർവേദ ശാസ്ത്രത്തിൽ തിമിരം എന്നത് കുറച്ചു കൂടി സങ്കീർണമായ ഒരു രോഗാവസ്ഥ ആണ്.

ചെറിയ കാഴ്ചക്കുറവിൽ തുടങ്ങി പൂർണമായ അന്ധതയിലേക്കു നയിക്കുന്ന ഒരു കൂട്ടം രോഗങ്ങളെ പൊതുവായി ആയുർവേദം തിമിരം എന്നു വിളിക്കുന്നു.

തിമിരം ഉണ്ടാകാൻ ഉള്ള കാരണങ്ങൾ

സാധാരണയായി വാർദ്ധക്യ സഹജമായ ഒരു രോഗം ആയി ആണ് തിമിരം കണ്ടുവരുന്നത്.

ഇതു ആർക്കും വരാം. എന്നാൽ ചില സാഹചര്യങ്ങളിൽ ഇതു ചെറുപ്പക്കാരെയും ബാധിക്കും.

  • ശരീരത്തിനെ ബാധിക്കുന്ന പ്രമേഹം പോലുള്ള ചില രോഗങ്ങൾ.
  • കണ്ണിന് ഏൽക്കുന്ന പല വിധത്തിലുള്ള ക്ഷതങ്ങൾ.
  • സമീകൃതമായ ആഹാരത്തിൻ്റെ  കുറവ്‌.
  • ചൂട് കൂടിയ സ്ഥലങ്ങളിൽ കൂടുതൽ സമയം  ചെലവഴിക്കുക.

എന്നിവ തിമരത്തിന് കാരണമാവാം.

പരിഹാര മാർഗങ്ങൾ

എല്ലാ രോഗങ്ങളിലും എന്നപോലെ തിമിരത്തിലും തുടക്കത്തിലേ ചികിത്സചെയ്താൽ നിയന്ത്രണവിധേയം ആക്കാൻ സാധിക്കും.

ഇതിനു ചിട്ടയായ ചികിത്സ വേണ്ടി വരും.

കണ്ണിൽ മരുന്ന് ഇറ്റിക്കുക, അകത്തേക്ക് കണ്ണിന് ഹിതമായ ഔഷധങ്ങൾ കഴിക്കുക, പ്രത്യേക ഭക്ഷണക്രമം എന്നിവയാണ് നിർദേശിക്കുന്നത്. വിധിപ്രകാരമുള്ള പഞ്ചകർമ്മ ചികിത്സകളും ചെയ്തുവരുന്നു.

തുടക്കത്തിൽ കാഴ്ച്ചക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൈദ്യ സഹായത്തോടെ രോഗനിർണയം നടത്തേണ്ടതാണ്. മരുന്നുകൾ പോലെ തന്നെ ചിട്ടയായ ആഹാരാക്രമവും പ്രധാനമാണ്‌.

ഇലക്കറികൾ, നെല്ലിക്ക, മുന്തിരി, മാതളനാരങ്ങ, മറ്റു പഴവർഗങ്ങൾ, ഗോതമ്പ്, ചെന്നെല്ലരി, ചെറുപയർ, നെയ്യ്, ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കണ്ണുകളുടെ ശരിയായ ഉപയോഗം, കണ്ണുകൊണ്ട് ചെയ്യാവുന്ന ലഘു വ്യായാമങ്ങൾ ഇവയും തിമിരത്തിന്  ഫലപ്രദം ആണ്.

ഓപ്പറേഷൻ എപ്പോൾ

തിമിരത്തിന്  തുടക്കത്തിൽ മാത്രമേ ഔഷധചികിത്സ ഫലം ചെയ്യൂ. വർദ്ധിച്ചാൽ സർജറി  തന്നെ വേണ്ടിവരും. നൂതനമായ ശസ്ത്രക്രിയ മാർഗങ്ങൾ ഉള്ളതിനാൽ ഏതു അവസ്ഥയിലും സർജറി  ചെയ്യാവുന്നതാണ്.

സുതാര്യത നഷ്ടമായ ലെൻസ്  എടുത്തുമാറ്റി പകരം അതേ സ്‌ഥാനത്ത്‌ കൃത്രിമമായ ലെൻസ്  വച്ചു പിടിപ്പിക്കുന്നതാണ് പ്രക്രിയ.  

എന്നാൽ ശരീരത്തിൽ ഉണ്ടാവുന്ന മറ്റു രോഗാവസ്‌ഥകൾ മൂലം സർജറി ചെയ്യാൻ പറ്റാത്തവരിൽ മരുന്നുകൾ കൊണ്ടുള്ള ചികിത്സ മാത്രമേ പോംവഴി ഉള്ളൂ. അതു മാത്രമല്ല, കണ്ണിൻ്റെ  ഞരമ്പിന് കേടുപാട് സംഭവിച്ചവരിൽ ഓപ്പറേഷൻ കൊണ്ട് പൂർണ്ണമായ ഫലം കിട്ടുകയും ഇല്ല.


ചുരുക്കത്തിൽ പ്രാരംഭത്തിൽ തന്നെ ഉള്ള രോഗനിർണ്ണയവും ചികിത്സയും തിമിരത്തിൽ അത്യന്താപേക്ഷികം തന്നെ ആണ്.About author

Dr. P. T. P. Adithya Babu

MD(Ay) - Salakya Tantra Professor, VPSV Ayurveda College, Kottakkal adithdr@gmail.com


Scroll to Top