കാലിലെ ആണി രോഗം

 കാൽവെള്ളയിൽ കാണപ്പെടുന്ന കട്ടിയുള്ളതും വൃത്താകൃതിയിൽ ഉള്ളതും ചുറ്റും  മൃത കോശങ്ങളോട് കൂടിയതുമായ  ചർമ രോഗമാണ്  ആണി രോഗം. ഇവ കാൽ അമർത്തുമ്പോഴോ നടക്കുമ്പോഴോ കടുത്ത വേദനയുണ്ടാക്കുന്നു. കാലസ്  എന്ന് അറിയപ്പെടുന്ന മറ്റൊരു പ്രശ്നവും കാലിനടിയിൽ കാണാറുണ്ട്. ഇത് പരന്ന കട്ടിയായ ചർമ്മ ഭാഗമാണ്. പ്രത്യേകിച്ച് ഇതിന് ആകൃതി ഒന്നുമുണ്ടാവില്ല. മിക്കവാറും വേദനരഹിതം  ആയിരിക്കും. കാലിനടിയിൽ കട്ടിയായ ചർമ്മത്തോടു കൂടിയ  ഇത്തരം രോഗങ്ങളിൽ ചിലത് ഹ്യൂമൻ പാപ്പിലോമ വൈറസ് പോലുള്ള വൈറസ് ബാധ കൊണ്ടും  ബാക്ടീരിയ  അണുബാധ കൊണ്ടും ഉണ്ടാകുന്ന അരിമ്പാറകൾ ആവാം. അല്ലെങ്കിൽ അന്യവസ്തുക്കൾ അതായത് മുള്ള്, ചെറിയ കല്ലിൻ്റെ കഷ്ണങ്ങൾ എന്നിവ തൊലിക്കുള്ളിൽ കയറി ഉണ്ടാകുന്ന വേദനയും ആകാം.

 ഇവയിൽ കോൺ, കാലസ് എന്നറിയപ്പെടുന്ന രണ്ടും പൊതുവേ നിരന്തര സമർദ്ദം ഏൽക്കേണ്ടി വരുന്ന ഭാഗങ്ങളിലാണ് ഉണ്ടാകാറുള്ളത്. സാധാരണയായി കാൽവിരലുകളുടെ വശങ്ങളിലും കാലിൻ്റെ  അടി ഭാഗത്തും  ആയിട്ടാണ് ഇവ കാണപ്പെടാറുള്ളത്. ഇവയിൽ ചിലത് വേദനയുണ്ടാക്കുന്നില്ലെങ്കിലും ചികിത്സിക്കാതിരുന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ  പാദങ്ങൾക്ക് ഹാനികരമാണ്. ഇവ കാരണം ചിലപ്പോൾ വ്യക്തിയുടെ നടക്കുന്ന രീതിയിൽ  മാറ്റങ്ങൾ  സംഭവിച്ച് പാദങ്ങൾ, കാൽമുട്ടുകൾ, ഇടുപ്പ് എന്നിവിടങ്ങളിൽ കാലക്രമേണ വേദന ഉണ്ടാകുവാൻ സാധ്യതയുണ്ട്.

കാരണങ്ങൾ

 അനുചിതമല്ലാത്ത നടത്തം  കൊണ്ടും അനുയോജ്യമല്ലാത്തതും ഇറുകിയതും സുഖകരമല്ലാത്തതുമായ  പാദരക്ഷകളുടെ ഉപയോഗം കൊണ്ടും കാലുകളുടെ ചില ഭാഗങ്ങളിൽ അമിത സമ്മർദ്ദവും ഉരസലും കാരണമാണ് ഈ രോഗം ഉണ്ടാകുന്നത് .അതുകൂടാതെ കാൽ വിരലുകളിൽ അമിത സമ്മർദ്ദം ഉണ്ടാക്കുന്ന ഹൈഹീൽഡ് ചെരുപ്പുകൾ തുടർച്ചയായി ഉപയോഗിക്കുന്നതും ആണി രോഗത്തിന് കാരണമാകാം. ശരീരത്തിൻറെ അമിതഭാരം ചെലുത്തുന്ന സമ്മർദ്ദം ആണി രോഗത്തിന് കാരണമായേക്കാം. അമിതഭാരം  വ്യക്തികളുടെ നടപ്പിനെ ബാധിക്കുകയും കാലുകളിൽ ചില ഭാഗങ്ങളിൽ അമിത സമ്മർദ്ദം ചെലുത്തുവാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെതന്നെ ദീർഘനേരം ഒരേ നിലയിൽ നിൽക്കുന്നതും കാലില് സമ്മർദ്ദം ഉണ്ടാക്കി അണികൾ രൂപപ്പെടാൻ കാരണമാകുന്നു.

 പ്രത്യേകിച്ച് ചെരുപ്പ് കൊണ്ടോ നടത്തം കൊണ്ടോ സമ്മർദ്ദത്തിന് സാധ്യതയില്ലാതെ വരുന്ന  ആണി രോഗങ്ങൾ പോലെയുള്ളവ ഹ്യൂമൻ പാപ്പിലോമ വൈറസ് കൊണ്ടുണ്ടാകുന്ന  വെറുക്ക പെടിസ് (verucca pedis) എന്ന ഒരുതരം അരിമ്പാറകളോ ബാക്ടീരിയൽ അണുബാധ  കൊണ്ടുള്ള അരിമ്പാറകളോ ആവാം .  വൃത്തിഹീനമായ ഇടങ്ങളിൽ നിന്നും കാലിലെ തൊലിക്കുള്ളിൽ കയറി പറ്റുന്ന രോഗാണുക്കൾ ആണ് ഇതിനു കാരണം .

ശ്രദ്ധിക്കേണ്ടതെപ്പോൾ

 ഏതെങ്കിലും തരത്തിൽ ആണി രോഗത്തിന് വേദന, ചുവപ്പുനിറം, രക്തം വരൽ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.  ആണി രോഗം ഉള്ള സ്ഥലത്തു നിന്ന്  നീര്, രക്തം എന്നിവ വരുന്നുണ്ടെങ്കിൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ഉടൻതന്നെ ഡോക്ടറെ സമീപിക്കുക. അതോടൊപ്പം പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, കാലിലേക്കുള്ള രക്തചംക്രമണവും ആയി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ ഉള്ളവർ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും സ്വയം ചികിത്സ ചെയ്യാതെ  അത്  നിർബന്ധമായും ഡോക്ടറെ കാണിക്കേണ്ടതാണ്.

ചികിത്സകൾ

'ശർക്കരോന്മഥിതേ പാദേ ക്ഷതേ വാ കണ്ടകാദിഭിഃ

ഗ്രന്ഥി കീലവത് ഉത്സന്നേ ജായതെ  കദരം  തു തത്.


മണൽത്തരികൾ കൊണ്ടോ മുള്ളുകൾ കൊണ്ടോ ഉണ്ടാക്കുന്ന ക്ഷതം മൂലം സംഭവിക്കുന്ന ഉയർന്ന ഗ്രന്ഥികൾ കദരം എന്നറിയപ്പെടുന്നു.

 ആയുർവേദത്തിൽ ആണിരോഗം  ക്ഷുദ്ര രോഗങ്ങൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കദരം എന്നാണ് ആണി രോഗം അറിയപ്പെടുന്നത്. ദുഷിച്ച കഫ വാത ദോഷങ്ങളാണ് ഇത്തരം രോഗങ്ങളുടെ അടിസ്ഥാനകാരണം.

  ആണി രോഗം, തഴമ്പ്, അരിമ്പാറ എന്നിവയെ  വേർതിരിച്ച് മനസ്സിലാക്കിയാണ്  ചികിത്സ  ചെയ്യാറുള്ളത്.

 സമ്മർദം അല്ലെങ്കിൽ നിരന്തരമുള്ള ഉരസൽ   കൊണ്ടുണ്ടാകുന്ന ആണി രോഗങ്ങളുടെ ചികിത്സ ചുവടെ പറയുന്നു 

1.ശസ്ത്ര കർമ്മം(minor surgical procedure)

2. ക്ഷാര കർമ്മം (Application of alkalic preparations)

3. അഗ്നി കർമ്മം( cauterisation)

സമർദ്ദം കൊണ്ട് ഉണ്ടാകുന്ന ആണിരോഗങ്ങൾ സ്ക്രാപ്പി൦ഗ്  അല്ലെങ്കിൽ ചുരണ്ടി കളയകയും ക്ഷാരങ്ങൾ ഉപയോഗിച്ചും പഞ്ചലോഹ  ശലാഖ, തിപ്പലി   തുടങ്ങിയവ ഉപയോഗിച്ചുള്ള അഗ്നി കർമ്മം എന്നിവ ചെയ്ത് രോഗത്തെ പൂർണമായും കരിച്ചു കളയുകയുമാണ് ചെയ്യുന്നത് . 

അരിമ്പാറകൾ ക്ഷാരകർമ്മം ചെയ്തു൦ ഇലക്ട്രിക്  ക്വാട്ടറൈസേഷ൯  ചെയ്തു൦ മാറ്റാവുന്നതാണ്. ഇതോടൊപ്പം കഫ വാത ദോഷങ്ങളെ ശമിപ്പിക്കുന്ന ഔഷധങ്ങൾ കഴിക്കേണ്ടതാണ്. വൈറസ്, ബാക്ടീരിയ മൂലമുള്ള  രോഗങ്ങളിൽ അണുബാധയ്ക്കുള്ള മരുന്നുകളും ധാരകൾ, ലേപനങ്ങൾ   തുടങ്ങിയവയും വേണ്ടിവന്നാൽ  വിസ്രാവണ ചികിത്സയും (pus drainage procedure) മേൽപ്പറഞ്ഞ ചികിത്സകളോടൊപ്പം  അവസ്ഥാനുസരണ൦  ചെയ്യേണ്ടതുണ്ട്.

 പ്രതിരോധ മാർഗങ്ങൾ

1. നിരന്തരം ആണി രോഗം വരുന്നവർ കാലുകളെ പ്രത്യേകം ശ്രദ്ധയോടെ സംരക്ഷിക്കണം

2. കാലുകളിൽ പ്രത്യേക സമ്മർദ്ദം ചെലുത്താത്ത സുഖകരമായ പാദരക്ഷകൾ ഉപയോഗിക്കുക.

3. കാലുകൾ ചെറുചൂടുവെള്ളത്തിൽ മുക്കി വെച്ച് വൃത്തിയായി കഴുകുക

4. ഒരു പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് കട്ടിയായ ഭാഗങ്ങൾ  മൃദുവായി ഉരസുക 

5. കാലിലെ വരൾച്ച മാറ്റുവാൻ കഴുകിയതിനുശേഷം സ്ഥിരമായി  പിണ്ഡതൈലം, പാരന്ത്യാദി കേരം, പഞ്ചവല്ക്കലാദി തൈലം, ശതധൗതഘൃതം എന്നിവയിലേതെങ്കിലും പുരട്ടിയശേഷം  രാത്രിയിൽ കാലുറകളോ പ്ലാസ്റ്റിക് ക്കവറോ ധരിച്ച് കിടക്കാം. ഇത്  ചർമ്മത്തിലെ   ഈർപ്പം നിലനിർത്താൻ സഹായിക്കും

6. പ്രമേഹം,കാലിലേക്കുള്ള രക്തചംക്രമണ രോഗങ്ങൾ ,ഹൃദ്രോഗം എന്നിവ ഉള്ളവർ ഇടയ്ക്കിടയ്ക്ക് ഡോക്ടറെ സമീപിച്ച് കാലുകളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണ്.

7. നടക്കുമ്പോഴും  ദീർഘനേരം നിൽക്കുമ്പോഴും ശരിയായ  ശരീരനില( posture) പാലിക്കുക.

8. നിരന്തരമുള്ള അണുബാധ അകറ്റാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാനുള്ള ആയുർവേദ  മാർഗങ്ങൾ  സ്വീകരിക്കാം.

9. വ്യക്തി ശുചിത്വം പാലിക്കുക.

10. ശരീരഭാരം നിയന്ത്രിക്കുക

11. ആഹാര കാര്യങ്ങളിലും ജീവിത ശൈലികളിലും ഗുണകരമായ മാറ്റങ്ങൾ വരുത്തുക.
About author

Dr. Lishitha Sujith

B.A.M.S Chief physician ,Prana Ayurveda Clinic,Mananthavady,Wayanad lishithasujith@gmail.com


Scroll to Top