Mythbusters

'Corona Tablet' and Ancient Book: Is it Ayurveda?

കൊറോണ മാത്രയും പുരാണ ഗ്രന്ഥവും ആയുര്‍വേദവും : എന്താണ് സത്യം


സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ഫോട്ടോയും അടിക്കുറിപ്പും ശ്രദ്ധയില്‍പ്പെട്ടു. വളരെ പഴകിയ ഒരു തമിഴ് പുസ്തകം അതില്‍ '1914' എന്ന വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നു. തമിഴ് നാട്ടിലെ പൂനമല്ലിയിൽ നിന്നും പു. സു. തുളസി൦ഹ മുതലിയാർ എഴുതിയ "പോക്കറ്റ് വൈദ്യ൦" എന്ന കൈ പുസ്തകമാണിത്. കൈമുറകൾ അഥവാ മുത്തശ്ശിമാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന (മുത്തശ്ശി വൈദ്യ൦) ഗൃഹവൈദ്യ സമ്പ്രദായ ഔഷധ യോഗങ്ങൾ  'ശിവമയ൦' എന്നു തുടങ്ങി ഗ്രന്ഥ൦ ആരംഭിച്ചിരിക്കുന്നു. ഈ പുസ്തകത്തിലെ "കൊറോണ മാത്ര" എന്ന ഗുളിക യോഗമാണ് ചര്‍ച്ചാ വിഷയം.

"ഏകദേശം ഒരു നുറ്റാണ്ട് മുമ്പ് തന്നെ കൊറോണ വൈറസ് ബാധയു൦ അതിനുള്ള പരിഹാര ചികിത്സാ ക്രമങ്ങളും, നിലവിലുണ്ടായിരുന്നു എന്നതിന്‍റെ തെളിവാണിത്" എന്ന കുറിപ്പ് ഈ ഫോട്ടോയുടെ കൂടെ കാണുകയുണ്ടായി. നല്ലതുതന്നെ. പക്ഷേ ഇത് "ആയുര്‍വേദമായും" "കോവിഡ്‌ 19' ആയും കൂട്ടിക്കുഴക്കുമ്പോള്‍ പ്രശ്നമാണ്. അതിന് ചില കാരണങ്ങളുണ്ട്

ഒന്ന്, ഈ പുസ്തകം ആയുര്‍വേദ സമൂഹം അംഗീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥമല്ല. 'വൈദ്യം' എന്ന വാക്ക് കാണുമ്പോള്‍ തന്നെ അത് ആയുര്‍വേദവുമായി ചേര്‍ത്ത് വായിക്കാതിരിക്കുന്നതാണ് ഉത്തമം. ഇത് ഒരു സിദ്ധ ഗ്രന്ഥമാണോ എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വൈദ്യന്‍റെ കൈപുസ്തകം ആകാം.

രണ്ട്, കൊറോണ വൈറസിന് അങ്ങനെ ഒരു പ്രത്യേകം പേരും മുഖമുദ്രയും ലഭിക്കുന്നത് 1930കളില്‍ ആണ്. അതുകൊണ്ടുതന്നെ ഗ്രന്ഥകര്‍ത്താവ് ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ് 'കൊറോണ' എന്ന പദം ഉപയോഗിച്ചിട്ടുള്ളത് എന്ന് വിശ്വസിക്കാന്‍ നിവര്‍ത്തിയില്ല. 'കൊറോണ' എന്ന വാക്കിനു 'crown' എന്നാണല്ലോ അര്‍ത്ഥം. ഇത് കേവലം 'crown' എന്ന പേരുള്ള ഒരു ടാബ്ലെറ്റ് ആയിക്കൂടെ? രസകരമായ മറ്റൊരു കാര്യം, ഗോരോചനത്തിന് തമിഴില്‍ 'കോരോജീന' എന്നാണ് പറയുന്നത്. ഈ വാക്ക് രൂപാന്തരം സംഭവിച്ച് 'കൊറോണ' ആയതല്ലെന്ന് ആര് കണ്ടു?

മൂന്ന്, 'കൊറോണ മാത്ര' എന്ന് മാത്രമാണ് യോഗത്തിന്‍റെ തലക്കെട്ട്‌.  കൊറോണ വൈറസിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരണമോ ഫലശ്രുതിയോ ആ പേജിന്‍റെ ഫോട്ടോയില്‍ കാണാന്‍ സാധിച്ചില്ല. അപ്പോള്‍ ഈ യോഗം കൊറോണ വൈറസ് ബാധയ്ക്കുള്ളതാണെന്ന് ധരിക്കുന്നത് അസംബന്ധവും കോവിഡ്‌ 19ന് ആണെന്ന് ധരിക്കുന്നത് ശുദ്ധ അസംബന്ധവും ആയേക്കും.

നാല്, മുത്തശ്ശിമാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നതും ഗൃഹവൈദ്യവും എത്രകണ്ട് ആധികാരികമാണെന്ന് ആര്‍ക്ക് പറയാന്‍ കഴിയും? അതിന്‍റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ആയുര്‍വേദം 'മുത്തശ്ശി വൈദ്യമോ' 'പൊടിക്കൈയ്യോ' അല്ല. അത് ദൃഢമായ ശാസ്ത്രീയ അടിത്തറയുള്ള ഒരു ചികിത്സാ പദ്ധതിയാണ്. ആയുര്‍വേദ ഉപദേശങ്ങളെ നിസ്സാരവത്കരിച്ച് കൈകാര്യം ചെയ്യുന്നവര്‍ക്ക് വലിയ അബദ്ധം പിണയുകയും ചെയ്യും. നിര്‍ഭാഗ്യവശാല്‍ അത്തരക്കാര്‍ക്ക് വന്നുചേരേണ്ട ദുഷ്പേരും ആയുര്‍വേദം പേറേണ്ടി വരുന്നതായാണ് കാണാറുള്ളത്‌.

അഞ്ച്, ഈ യോഗത്തിലെ ചേരുവകളും അതിലെ ഭാഷാ പ്രയോഗങ്ങളും സൂചിപ്പിക്കുന്നത് ഇതിനു ഒരു അതിപൗരാണികത അവകാശപ്പെടാന്‍ സാധിക്കില്ല എന്നാണ്. അതുകൊണ്ടുതന്നെ ഇത് ഒരു സിദ്ധയോഗം ആയിരിക്കും എന്ന് കരുതുന്നതും ഒരുപക്ഷേ തെറ്റായേക്കാം.

ഇത്രയൊക്കെ കാരണങ്ങള്‍ കൊണ്ട് ഈ വിവരത്തെ ആയുര്‍വേദമായി അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാല്‍പോലും കോവിഡ്‌ 19ന് എതിരെ നാളിതുവരെ ഒരു ഔഷധം നമുക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ഓരോ വിവരശകലതിന്‍റെയും സാധ്യത പാടേ തള്ളിക്കലയുവാനും മനസ്സ് അനുവദിക്കുന്നില്ല. അതിനാല്‍ തമിഴ് ഭാഷ വശമുള്ളതുകൊണ്ടും ഒരു കൌതുകത്തിനായും ഈ യോഗം ഒന്ന് തര്‍ജമ ചെയ്ത് നോക്കുകയാണ്. അനധികൃതമായ നിര്‍മ്മാണമോ ഉപയോഗമോ ഒഴിവാക്കാന്‍ അളവുകള്‍ ഇവിടെ സൂചിപ്പിക്കുന്നില്ല. 

ഔഷധ-ചേരുവകൾ

 ഈ ഗുളികാ യോഗ൦ പതിന്നാല് ഔഷധ ചേരുവകൾ ചേർന്നതാണ്.  

1) മിളക്-നല്ലമുളക്

2) ലവങ്ക൦-ഗ്രാമ്പൂ

3) ജാപത്രി-ജാതിപത്രി

4) ഓമ൦-അയമോദക൦

5) ജാതിക്കായ്-ജാതിക്കായ

6) സിത്തിരമൂല൦-ചിത്രകമൂല൦

7) തിപ്പലി-തിപ്പലി

8) കരൂ൦ജീരക൦-കരിഞ്ജീരക൦

9) കോഷ്ട൦-കൊട്ട൦

10) കോരോജീന-ഗോരോചന൦

11) ഞാവൽത്തളി൪

12) മാന്തളിർ

13) വേപ്പിൻ കൊളുന്ത്-വേപ്പിൻറെ തളിരില

14) പൂര൦-ക൪പ്പുര൦       

ഇവ ഓരോന്നും പ്രത്യേക അനുപാതത്തിൽ വിവരിച്ചിരിക്കുന്നു. 'ഇത് ഇടിച്ചു പൊടിച്ച് ശീലപ്പൊടിയാക്കി വസ്ത്രത്തിലരിച്ച് എടുത്തു കൊള്ളുക എന്ന്' അർദ്ധോക്തമായി പറഞ്ഞതിൽ നിന്നും, ഈ യോഗ൦ വൈദ്യ യുക്തിക്കനുസരിച്ച്  ചൂർണമായോ, നിഴലത്തുണക്കി ഗുളികയായോ വൈദ്യനിർദ്ദേശ പ്രകാരമുള്ള അളവിൽ, യുക്തമായ അനുപാതത്തിൽ ചേർത്ത് ഉപയോഗിയ്ക്കാവുന്നതാണെന്നു൦ മനസ്സിലാക്കാ൦. 


ഈ യോഗം ഈ കാലഘട്ടത്തിലെ 'കോവിഡ്-19'ന് ഫലപ്രദമാകുമോ  എന്നും എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ എന്നുമുള്ളത് ഗവേഷണങ്ങളിലൂടെ പരീക്ഷിച്ചു തെളിയിക്കേണ്ടിയിരിക്കുന്നു. അത് തെളിയിക്കുന്നത് വരെ പൌരാണിക പരിവേഷം നല്‍കിയും ആയുര്‍വേദത്തിന്‍റെ പേര് ദുരുപയോഗം ചെയ്തും ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുമാറ് പ്രചരിപ്പിക്കുന്നത് ശരിയല്ല. അത് ശാസ്ത്രത്തിന്‍റെ രീതിയല്ല.


About author

Dr. Veena. P. Reghunathan

M. D. (Ay). Assistant professor: Department of Samhitha and Siddhantha- Santhigiri Ayurveda Medical College, Palakkad veenapreghunath@gmail.com


Scroll to Top