Beauty Care and Ayurveda

Dark Circles: Simple Remedies from Ayurveda

ഒരു വ്യക്തിയുടെ മുഖസൗന്ദര്യം അല്ലെങ്കിൽ ആകർഷണീയത  അയാളുടെ  ആത്മവിശ്വാസം കൂട്ടുന്നതിൽ  വലിയ പങ്കുവഹിക്കുന്നു.  മുഖസൗന്ദര്യം ഏറ്റവും കൂടുതൽ എടുത്തറിയുന്നത് കണ്ണുകളിലൂടെയാണ്. മുഖം മനസ്സിന്‍റെ കണ്ണാടി എന്നപോലെ ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം കണ്ണുകൾ വിളിച്ചറിയിക്കും. അതുകൊണ്ടുതന്നെ സ്ത്രീയെയും പുരുഷനെയും ഒരേപോലെ അലട്ടുന്ന പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പുനിറം. ഇങ്ങനെയൊക്കെ ആണെങ്കിലും, മുഖകാന്തിക്കും കണ്ണിനും ശരിയായ ശ്രദ്ധയും സംരക്ഷണവും എങ്ങനെ നല്കണമെന്ന് എത്രപേര്‍ ബോധവാന്മാരാണ്?

കൺതടങ്ങളിലെ കറുപ്പകറ്റാൻ  ഇന്നു വിപണിയിൽ ലഭ്യമായ എല്ലാ ക്രീമുകളും വാങ്ങി  ഉപയോഗിക്കുന്നവരാണ് പലരും. ഇവയുടെ നിത്യേനയുള്ള ഉപയോഗം പാർശ്വഫലങ്ങളെ കൂടി  ഉണ്ടാക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . ആയുർവേദം സൗന്ദര്യസംരക്ഷണ കൂട്ടുകളാൽ  സമൃദ്ധമാണ്. അതില്‍ മിക്കവയുടെയും ചേരുവകള്‍ നാം നിത്യം വീട്ടിൽ ഉപയോഗിക്കുന്നവയുമാണ്. ഇതുകൊണ്ടു മാത്രമായില്ല, ആരോഗ്യപരമായ ചര്യകൾകൂടി ഇതിനോടൊപ്പം ചെയ്താൽ കൺതടങ്ങളിലെ കറുപ്പ് വളരെ പെട്ടെന്നു മാറ്റുവാൻ സാധിക്കും.

എന്തു കൊണ്ട് കൺതടങ്ങളിൽ കറുപ്പുനിറം ഉണ്ടാകുന്നു?

  • ശരീരത്തിലെ ചില അവസ്ഥാവ്യതിയാനങ്ങൾ  കൊണ്ട് കണ്ണിനു ചുറ്റുമുള്ള ത്വക് കൂടുതൽ നേർത്തതാവുകയും, കൺതടങ്ങളിൽ വരൾച്ചയുണ്ടാകുകയും ചെയുന്നു. ഇതുമൂലം കൺതടത്തിലെ  സിരകൾ വ്യക്തമാവുകയും ശ്യാവനിറം (കരുവാളിപ്പ്) രൂപപ്പെടുകയും ചെയ്യുന്നു. 
  • നേത്രങ്ങൾ സ്ഥിതി ചെയ്യുന്നതു തലയോട്ടിയിലയുള്ള നേത്ര ഗുഹയിലാണ്. കണ്ണിലെ മസിലുകൾക്കു അയവു വരുമ്പോൾ കണ്ണുകൾ കൂടുതൽ കുഴിയുന്നു, കൺതടങ്ങളിൽ നിഴൽ വീഴുന്നു. ഇതും കരുവാളിപ്പായി കാണപ്പെടുന്നു. 

കൺതടങ്ങള്‍ കറുക്കുവാനുള്ള കാരണങ്ങൾ 

  • പാരമ്പര്യം 
  • ഭക്ഷണക്രമം 
  • മാനസിക പിരിമുറുക്കം 
  • പ്രായാധിക്യം
  • ചില മരുന്നുകളുടെ ഉപയോഗം 
  • അൾട്രാവയലെറ്റ് രശ്മികൾ 
  • പോഷകാഹാരക്കുറവ് 
  • അമിതമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം 

വരാതിരിക്കാനുള്ള പ്രതിവിധികൾ 

  • ചീരയും മറ്റ് ഇലക്കറികളും ധാരാളം കഴിക്കുക 
  • മുളപ്പിച്ച ധാന്യങ്ങൾ ആഹാരത്തിൽ ഉൾപെടുത്തുക്കുക
  • സമയം തെറ്റാതെയുള്ള ഉറക്കവും ഭക്ഷണവും 
  • വ്യായാമം, പ്രാണായാമം നിത്യേന ശീലമാക്കുക 
  • രാവിലെയും രാത്രിയിലും കണ്‍തടങ്ങൾക്ക് മൃദുവായ മസ്സാജ് കൊടുക്കുക 
  • കൈപ്പത്തി പുരികത്തിനു മുകളിൽ വച്ചതിനു ശേഷം മോതിര വിരലുകൾ കൊണ്ട് മൃദുവായി കണ്ണുകൾ അടച്ചു കണ്‍തടങ്ങൾ അകതോട്ടും പുറത്തോട്ടും റൗണ്ടായി മസ്സാജ് ചെയ്യാം.
  • ദിവസവും നേത്രശുദ്ധി / നേത്രനേതി  ശീലമാക്കുക 
  • ദിവസവും ധാരാളം വെള്ളം കുടിക്കുക (രാമച്ചം, പതിമുകം എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • തണുത്ത ഭക്ഷണം ഒഴിവാക്കുക 
  • എരിവ്, പുളി, ഉപ്പ്, ഇവയുടെ അമിതമായ ഉപയോഗം കുറക്കുക 
  • പുകവലി, caffeine, മദ്യപാനം ഒഴിവാക്കുക 

എളുപ്പമുള്ള ആയുർവേദ പരിഹാരങ്ങൾ

താഴെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ കൺതടത്തിലെ കറുപ്പുനിറത്തിനു ഒരു ശാശ്വത പരിഹാരമാവും-

  • നിത്യവും രാവിലെ തണുത്തവെള്ളത്തിൽ മുഖം കഴുകുക.
  • രാവിലെ നേത്രനേതി ശീലിക്കുക. ഇത് കണ്ണുകൾക്കു ഉന്മേഷവും പ്രസരിപ്പും തരുന്നു (കണ്ണിനു ചുറ്റുമുള്ള ശ്യാവത കുറയുന്നതായി കാണുന്നു )
  • കൺതടങ്ങളിൽ നനച്ച കോട്ടൺ വെച്ചതിനു ശേഷം മുഖം ആവി പിടിക്കുക.
  • കക്കിരിക്ക, തക്കാളി, കറ്റാര്‍വാഴ (aloe vera), എന്നിവയുടെ ജ്യൂസ് ഐസ്‌ക്യൂബുകൾ ആക്കി, ആവിപിടിച്ചതിനു ശേഷം കൺതടങ്ങളിൽ നന്നായി മസ്സാജ് ചെയ്യാം.
  • മസ്സാജ് ചെയ്തതിനു ശേഷം കടലമാവ് - 1 tsp , തൈര് - 1 tsp, തേൻ -1 tsp, ഓറഞ്ച് ജ്യൂസ് - 2-3 drops നന്നായി യോജിപ്പിച്ചു കൺതടത്തിൽ (കൺ പീലികൾ ഒഴിവാക്കണം ) pack ആയി ഇടാവുന്നതാണ്. ഓറഞ്ച് ജ്യൂസ് ചിലര്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതിനാല്‍ ശ്രദ്ധയോടെ ഉപയോഗിക്കുക. അധികം ഉണങ്ങുന്നതിനു മുന്‍പ് കോട്ടൺ തണുത്ത വെള്ളത്തിൽ മുക്കി തുടക്കുകയോ മുഖം കഴുകുകയോ ചെയ്യാം. കണ്ണിലെ കരുവാളിപ്പിന് ഫലപ്രദമായി കാണുന്നു.
  • കക്കിരിക്ക, തക്കാളി വട്ടത്തിൽ അരിഞ്ഞു കൺതടത്തിൽ വയ്ക്കാവുന്നതാണ്.
  • കറ്റാര്‍വാഴ ജ്യൂസ് രാവിലെയും രാത്രിയും പുരട്ടി മസ്സാജ് ചെയ്യാം. തുടച്ചുമാറ്റേണ്ട ആവശ്യമില്ല.
  • ഉറങ്ങുന്നതിനു മുൻപ് കുങ്കുമാദി തൈലം കൺതടങ്ങളിൽ പുരട്ടി മസ്സാജ് ചെയ്യാവുന്നതാണ്.
  • നാല്പാമരാദി കേരം, ഏലാദി കേരം സമം എടുത്തു രാത്രി ഉറങ്ങുന്നതിനു മുൻപ് മസ്സാജ്  ചെയ്യാവുന്നതാണ് (മഞ്ഞൾ അലര്‍ജി ഉള്ളവർ നാല്പാമരാദി കേരം ഒഴിവാക്കാം).
  • വൈദ്യ നിർദ്ദേശാനുസരണം കുങ്കുമാദി തൈലം നസ്യം ചെയ്യുന്നത് കൺതടത്തിലെ കറുപ്പിന്  ഫലപ്രദമായി കാണുന്നു.
  • കോട്ടൺ റോസ് വാട്ടറിൽ മുക്കി പിഴിഞ്ഞതിനു ശേഷം കൺതടത്തിൽ വയ്ക്കാവുന്നതാണ്.

യഥാവിധി യഥാസമയത്തുള്ള പരിചരണം കൊണ്ട് നമുക്ക്ക ൺതടത്തിലെ കറുപ്പുനിറം ഭേദമാക്കാവുന്നതാണ്. ഒരു വ്യക്തിയുടെ സൗന്ദര്യം പ്രകടമാവുന്നത് ആരോഗ്യത്തോടെയുള്ള ചര്‍മ്മത്തിലൂടെ ആണ്. ആരോഗ്യം വര്‍ദ്ധിപ്പിച്ചും നിലനിര്‍ത്തിയുമുള്ള സൗന്ദര്യസംരക്ഷണമാണ് നാം ചെയ്യേണ്ടത്. അതുതന്നെയാണ് ആയുര്‍വേദത്തിന്‍റെ രീതിയും.


About author

Dr. Anjana Madhu

BAMS,FMC Consulting Physician- Vaidyaratnam Oushadhashala, Vallakalil Junction, Muvattupuzha. dr.anjanaranjith@gmail.com


Scroll to Top