ഡെങ്കിപ്പനിയും ആയുർവേദവും

വീണ്ടും ഒരു മഴക്കാലം...മഴയൊന്നു പെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചൂടിൽ നിന്ന് നമ്മുടെ ഉള്ളു കുളിർക്കുമ്പോഴേക്കും മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ആധിയും ഏറുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം കേരളം ഇപ്പോൾ പകർച്ചവ്യാധികളുടെ വിളനിലമാണെന്നാണ് ആരോഗ്യ, ശാസ്ത്ര മേഖലയിലുള്ളവരുടെ വിലയിരുത്തൽ. സാധാരണ മൺസൂൺ രോഗങ്ങളുടെ പട്ടികയിൽ ഇന്ന് പ്രധാനി പനി തന്നെയാണ്. 

കോവിഡ്-19 ബാധയ്‌ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കേണ്ടതായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രതിവർഷം 50-100 ദശലക്ഷം ആളുകളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. എല്ലാ വർഷവും മേയ് 16ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനമായി ആചരിച്ച് വരികയാണ്.  ‘ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം’ എന്നതാണ് ഈ വർഷത്തെ ഡെങ്കിദിനാചരണസേന്ദശം. ഡെങ്കിപ്പനിയെക്കുറിച്ചും അതു കർശനമായി തടയുന്നതിനുളള മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളിൽ‍ അവബോധമുണ്ടാക്കുക,  ഡെങ്കിപ്പനി വ്യാപനവും മരണങ്ങളും കുറയ്ക്കുക എന്നിവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

‘ഡെങ്കി’  എന്നത് സ്പാനിഷ് പദമാണ്. രോഗികൾ അവരുടെ കാലുകൾക്ക് വേദന അനുഭവപ്പെടാത്തവിധത്തിൽ അടിവച്ചു നടക്കാൻ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്.

രോഗാണു 

ഡെങ്കിപ്പനിക്ക് കാരണം 'ഫ്ളാവി' വൈറസുകളാണ് . ഇവയാവട്ടെ ആർത്രോപോടുകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽ ഉൾപ്പെടുന്നവയാണ്.

രോഗാണുവാഹകർ

എന്നാൽ ഈ വൈറസുകളെ  പരത്തുന്നതോ (രോഗാണുവാഹകർ) ഈഡിസ് വർഗ്ഗത്തിൽപ്പെട്ട പെൺകൊതുകുകളും.  ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്റ്റസ് (കേരളത്തിൽ കൂടുതലായി കണ്ടു വരുന്നത്)  എന്നീ വിഭാഗങ്ങളിൽപെട്ട കൊതുകുകളാണ് നമ്മുടെ നാട്ടിൽ വൈറസ് പരത്തുന്നത്. ഇവ Tiger mosquito എന്നും അറിയപ്പെടുന്നു. എളുപ്പം തിരിച്ചറിയാൻ സാധിക്കുന്ന ഈ കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. വെളുത്ത വരകളോടുകൂടിയ കറുത്ത നിറത്തിൽ കാണപ്പെടുന്ന ഇവ മൂന്നുജോടി കാലുകളോട് കൂടിയതാണ്. 

കെട്ടിക്കിടക്കുന്ന ശുദ്ധ ജലത്തിലാണ് ഡങ്കിപ്പനിക്കു കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുക. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ‍ 8-12 ദിവസങ്ങൾക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷി നേടുന്നു. ഒരിക്കൽ‍ രോഗാണുവാഹകരായ കൊതുകുകൾ‍ തുടർന്നുള്ള ജീവിതകാലം മുഴുവൻ‍ മറ്റുള്ളവരിലേക്ക് രോഗം നേരിട്ട് പരത്തുന്നു.

കേരളത്തിൽ ഡെങ്കിപ്പനി കൂടുതലായി കണ്ടുവരുന്നുണ്ടോ?

ഇന്ത്യയുടെ  തെക്കേ അറ്റത്തു കിടക്കുന്ന നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളം അതിൻ്റെ  ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ, കാലാവസ്ഥ എന്നിവ കൊണ്ട് വൈവിധ്യം നിറഞ്ഞതാണ്. ഗ്രീഷ്മകാലത്തോട് അനുബന്ധിച്ച് കിട്ടുന്ന വർഷകാലം, കൊതുകിൻ്റെ  പ്രജനനത്തിന് അനുയോജ്യമായ അന്തരീക്ഷം മൺസൂൺ നൽകുന്നു.  അതുകൊണ്ടാണ് കേരളം പോലുള്ള ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.  ഇടവിട്ടുള്ള മഴ, 20-32° വരെയുള്ള അന്തരീക്ഷ താപനില എന്നിവ ഈഡിസ് കൊതുകുകളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും വളരെ അനുകൂലമാണ്.

വിവിധ അവസ്ഥകൾ   

ഡെങ്കിപ്പനി ലക്ഷണങ്ങൾ അനുസരിച്ച് സാധാരണയായി മൂന്ന് രീതിയിലാണ് കാണപ്പെടുന്നത്. സാധാരണ വൈറൽ പനി പോലെ കാണുന്നത് ക്ലാസിക്കൽ ഡെങ്കിപ്പനി. 

കൂടിയത് ഡെങ്കി ഹെമറാജിക് ഫീവർ.

സമ്മർദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന ഷോക്കോട് കൂടിയ ഡെങ്കിഷോക് സിൻഡ്രോം. 

ലക്ഷണങ്ങൾ 

കടുത്ത പനി, തലവേദന, കണ്ണുകൾക്കു പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി, തൊലിപ്പുറത്ത് ചുവപ്പു നിറത്തിലുള്ള തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ആന്തരിക രക്തസ്രാവമാണ് (internal bleeding) ഈ രോഗത്തിൻ്റെ വില്ലൻ‍. ഒന്നിലേറെ തവണ രോഗാണുബാധയേല്ക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഡെങ്കിപ്പനിയുണ്ടാക്കുക. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുന്നതും, മൂക്ക്, വായ, കുടൽ എന്നിവയിൽ നിന്നും രക്തസ്രാവമുണ്ടാവുന്നതുമാണ് മറ്റു പനികളിൽ‍നിന്നു ഡെങ്കിപ്പനിയെ വ്യത്യസ്തമാക്കുന്നത്. രോഗത്തെ തുടർന്ന് രക്തസമ്മർദം അമിതമായി താഴുന്നത് ഷോക്ക് എന്ന അവസ്ഥയുണ്ടാക്കും. രക്തസ്രാവമുള്ള രോഗികൾക്ക് മരണസാധ്യത 30 ശതമാനത്തോളമാണ്. കറുത്ത നിറത്തിൽ മലം പോകുക, ഭക്ഷണത്തോട് വിരക്തി, സ്വഭാവ വ്യതിയാനം എന്നിവയാണ് രോഗലക്ഷണങ്ങൾ. കൈകാലുകൾ‍ തണുത്തിരിക്കുക, മൂത്രത്തിൻ്റെ  അളവ് കുറയുക, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ‍ രോഗി പ്രകടിപ്പിച്ചാൽ‍ രോഗിയുടെ നില അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കാം.

ലക്ഷണങ്ങൾ ഉണ്ടായാൽ

പ്രത്യേകം മരുന്നുകൾ ഡെങ്കിപ്പനിക്ക് ഇതുവരെ ആധുനിക വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. ലക്ഷണങ്ങളും രോഗതീവ്രതയും പരിഗണിച്ച് ഉചിതമായ ചികിത്സയാണ് നിശ്ചയിക്കുക. രോഗതീവ്രത മനസ്സിലാക്കി മൂന്നുവിഭാഗങ്ങളായി പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ഒരിക്കലും സ്വയം ചികിത്സ അരുത്. 

വൈദ്യനിർദേശപ്രകാരം മരുന്നുകൾ വീട്ടിൽ നിന്നുതന്നെ കഴിക്കാവുന്നവരാണ് ഗ്രൂപ്പ് A ൽ ഉൾപ്പെടുന്നത്. 

ഗ്രൂപ്പ് B ൽ ആവട്ടെ ശക്തമായ പനി, ഛർദ്ദി, രക്തസ്രാവം, എന്നിവ ഉൾപ്പെടെ രോഗം കഠിനമായി നിൽക്കുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, രക്തസമ്മർദ്ദം പ്രമേഹം എന്നീ അസുഖമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, എന്നിവരും ഇതിൽ ഉൾപ്പെടുന്നു. 

അടിയന്തരചികിത്സ ആവശ്യമായിവരുന്ന ഘട്ടമാണ് ഗ്രൂപ്പ് സി. പനിയോടൊപ്പം ഗുരുതര രക്തസ്രാവം, ബി.പി. വലിയതോതിൽ കുറവ് ഉണ്ടാവുക, മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുക, എന്നീ അവസ്ഥയിലുള്ളവരെയാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നത്. 

രോഗനിർണയം

ഡെങ്കിപ്പനി വൈറസിൻ്റെ  സാന്നിധ്യം നിർണ്ണയിക്കാൻ രക്തപരിശോധനയാണ്  നടത്തുന്നത്. പ്രാരംഭ ഘട്ടത്തിൽ നോൺസ്ട്രക്ചറൽ പ്രോട്ടീൻ 1 (എൻ‌എസ് 1) ആൻ്റിജൻ പരിശോധന നടത്തുന്നു. അതിനുശേഷം, 6-7 ദിവസങ്ങൾ കഴിഞ്ഞു ആൻ്റിബോഡി പ്രതികരണം പോസിറ്റീവ് ആകാൻ തുടങ്ങുമ്പോൾ ഐ‌ജി‌എം (ഇമ്യൂണോഗ്ലോബിൻ എം) പരിശോധന നടത്തുന്നു. ഇമ്യൂണോഗ്ലോബുലിൻ ജി (ഐ‌ജി‌ജി) അവസാനത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.  ഇത് വൈറസിൻ്റെ  സാന്നിധ്യം സ്ഥിരീകരിക്കാൻ  സഹായിക്കുന്നു. കൂടാതെ പ്ലേറ്റ്‌ലെറ്റ്, ഹെമറ്റോക്രിറ്റ് പോലുള്ള പരിശോധനകളും പരിഗണിക്കപ്പെടുന്നു.

ആയുർവേദത്തിലെ കാഴ്ചപ്പാട്

 മഴക്കാലം ജീവജാലങ്ങൾക്ക് പ്രായേണ ബലം (ശരീര ബലവും ഇമ്മ്യൂണിറ്റിയും) കുറയുന്ന കാലമാണ്. വിവിധ തരത്തിലുള്ള ജ്വരങ്ങളെ  (പനി) കുറിച്ചുള്ള വിശദമായ കാഴ്ചപ്പാട് ആയുർവേദ ആചാര്യന്മാർക്ക് യുഗങ്ങള്‍ക്കു മുന്‍പേ ഉണ്ടായിരുന്നു. ഡെങ്കിപ്പനിക്ക് സമാന ലക്ഷണങ്ങളുള്ള  ജ്വരങ്ങളെ കുറിച്ച്  ആയുർവേദത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മാധവനിദാനം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുള്ള ദണ്ടക ജ്വരം പ്രത്യേക തരം കൊതുകുകൾ മുഖേനയാണ് പകരുന്നത്. ഇത് കുട്ടികൾക്കും പ്രായമുള്ളവർക്കും കൂടുതൽ അപകടകരമാണ്. കഫ വാത ദോഷപ്രധാനമായി ഉണ്ടാകുന്ന ഈ ജ്വരത്തിൽ ചർദ്ദി, ക്ഷീണം, രുചിയില്ലായ്‌മ, അസ്ഥികളിൽ ഉണ്ടാകുന്ന വേദന എന്നീ ലക്ഷണങ്ങൾ ആരംഭത്തിൽ കാണുകയും പിന്നീട് അസ്ഥികളിലും സന്ധികളിലും കഠിനമായ വേദന, ചുവപ്പു നിറത്തിൽ  തിണർത്തു പൊങ്ങുക, നീർക്കെട്ട്, ജലദോഷം, ചുമ, തൊണ്ടവേദന, ഉയർന്ന ശരീരോഷ്മാവ് തുടങ്ങിയ ലക്ഷണങ്ങൾ  കാണപ്പെടുന്നു. ശരീരോഷ്മാവ് 3-4 ദിവസം കൂടിയും പിന്നീട് കുറഞ്ഞും ഇരിക്കും.

കൂടാതെ സന്നിപാതജ്വരം (വാത പിത്ത കഫ ദോഷങ്ങൾ കോപിച്ചു ഉണ്ടാകുന്ന ജ്വരം),  വാത പിത്ത ജ്വരം, ഉഭയാശ്രിത രക്തപിത്തം ( ഊർദ്ധ്വ -അധോഭാഗത്ത് കൂടിയുള്ള രക്തസ്രാവം), ആമവാതം, എന്നിവയുടെ ലക്ഷണങ്ങളും  മിക്കവാറും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ്. സന്ധികളിൽ ഉണ്ടാകുന്ന വേദന, പനി, തലവേദന, വിശപ്പില്ലായ്മ എന്നിവ  ഡെങ്കിപ്പനിയുടെ ഒന്നാമത്തെ അവസ്ഥയിൽ കാണുന്ന ലക്ഷണങ്ങളാണ്. സന്നിപാത ജ്വരത്തിനുള്ള രക്തസ്രാവം ആവട്ടെ രണ്ടാമത്തെ അവസ്ഥയിൽ ഉള്ള ലക്ഷണവും ആണെന്ന് കാണാം. കൂടാതെ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾക്ക് വിഷമജ്വരമായും ആഗന്തുക ജ്വരത്തിൻ്റെ വകഭേദമായ അഭിഷംഗ ജ്വരമായും സാദൃശ്യങ്ങൾ ഏറെയാണ്. 3-5 ദിവസം കൂടുമ്പോൾ പനി ഉയർന്നതോതിലും അടുത്ത 3-5 ദിവസത്തിനുള്ളിൽ പനി കുറഞ്ഞ തോതിലും മാറിമാറി  (Saddle back fever) വരുന്നു.

ആയുർവേദത്തിലെ ചികിത്സ 

വിവിധങ്ങളായ രോഗി -രോഗഅവസ്ഥകൾ അനുസരിച്ച്  അഗ്നിദീപ്തിയെ ഉണ്ടാക്കുന്നതും, ആമത്തെ പചിപ്പിക്കുന്നതും (ദഹന-പചന വ്യവസ്ഥയുടെ അപര്യാപ്തത മൂലം പോഷകങ്ങള്‍ ശരിയാം വിധം ധാതുക്കളായി പരിണമിക്കായ്ക നിമിത്തം ഉണ്ടാക്കുന്ന വിഷ സ്വഭാവമുള്ള ഉല്‍പ്പന്നങ്ങള്‍-metabolic toxins ആണ് ആമം), രോഗപ്രതിരോധ ശക്തിയെ കൂട്ടുന്നതും, വ്യാധിഹരത്വവുമായ ഔഷധങ്ങളാണ് രോഗിക്ക് നൽകുന്നത്. 

  •  ചിറ്റമൃത്, കൊന്ന, കാട്ടുപടവലം, ഉണക്കമുന്തിരി, ആടലോടകം, വിഷഹര ഔഷധങ്ങൾ, തുടങ്ങി ഒട്ടേറെ മരുന്നുകൾ ആവശ്യാനുസരണം ചികിത്സക്കായി ഉപയോഗിക്കുന്നു.  
  • പനിയുള്ളപ്പോൾ ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇടയ്ക്കിടെ കുടിക്കാം..
  • മുന്തിരി, കരിങ്കൂവളം, നറുനീണ്ടി, നെല്ലിക്ക, പാച്ചോറ്റി, രാമച്ചം, ചിറ്റീന്തൽ‍ തുടങ്ങിയ ഔഷധങ്ങൾ‍ അടങ്ങിയ മരുന്നുകൾക്ക് പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തെ വർദ്ധിപ്പിക്കാൻ സാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
  • നിർജ്ജലീകരണം തടയുന്നതിനായി നെല്ലിക്ക, ആടലോടകം, മുന്തിരി, മല്ലി ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
  • പൂർണ്ണ വിശ്രമം ആവശ്യമാണ്.

 പഥ്യാപഥ്യങ്ങൾ

ആയുർവേദത്തിൽ മരുന്നോളം പ്രാധാന്യമുണ്ട് പഥ്യത്തിനും (ശീലിക്കേണ്ടവ)  അപഥ്യത്തിനും (ശീലിക്കേണ്ടാത്തവ)

മധുരം- അമ്ലം (പുളി) - തിക്തം (കയ്പ്) എന്നീ രസത്തോടു കൂടിയതും, എളുപ്പം ദഹിക്കുന്നതും, ചൂടോട് കൂടിയതും, ഉൾപ്പുഴുക്കത്തെ ഉണ്ടാകാത്തതുമായ ആഹാരത്തെ ശീലിക്കണം. 

പുത്തിരിച്ചുണ്ട, ഞെരിഞ്ഞിൽ ഇവ കൊണ്ടുണ്ടാക്കിയ കഞ്ഞി കുടിക്കുന്നതിന് 'ഷഡംഗ തോയം'  ഉപയോഗിക്കാം.

ഒഴിവാക്കേണ്ടവ: പകലുറക്കം, കാറ്റു കൊള്ളുക, വ്യായാമം ചെയ്യുക.

പ്രതിരോധ - നിയന്ത്രണ മാർഗങ്ങൾ  

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ. അതിനായി ശക്തമായ പ്രതിരോധ നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കാം.

പ്രതിരോധം രണ്ട് രീതിയിലാണ് നടപ്പിലാക്കേണ്ടത്. 

  • നാം ഓരോരുത്തരും നമ്മുടെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക : വൃക്തി ശുചിത്വം, ആരോഗ്യപ്രദമായ ആഹാരവിഹാരങ്ങൾ ഇവ ശീലമാക്കുക.
  • കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക: പരിസര ശുചിത്വം പാലിക്കുക. 

കൊതുകുകടിയിലൂടെ മാത്രമേ ഡെങ്കിപ്പനി പകരുകയുള്ളൂ.  അതിനാൽ കൊതുക് നശീകരണത്തിനായി അവയുടെ ഉറവിടം നശിപ്പിക്കുക. 

 വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, കളിപ്പാട്ടങ്ങൾ, മുട്ടത്തോട് തുടങ്ങി വീട്ടിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള  സാധ്യതകൾ ഒഴിവാക്കുക.

ചപ്പുചവറുകൾ കൃത്യമായി സംസ്കരിക്കുക.

പ്ലാസ്റ്റിക് സഞ്ചികൾ തുറന്ന സ്ഥലങ്ങളിൽ അലസമായി വലിച്ചെറിയാതിരിക്കുക.

വീട്ടിനുള്ളിൽ  പൂച്ചെട്ടികൾക്ക് അടിയിൽ വെള്ളം,  ഫ്രിഡ്ജിനിടയിലെ ട്രേ ഒന്നിടവിട്ട ദിവസങ്ങളിൽ വൃത്തിയാക്കുക. 

വെള്ളം സംഭരിച്ചു വെയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക.

കൃഷിയിടങ്ങളിൽ  കൊതുക്‌ പെരുകുന്നില്ലെന്ന് ഉറപ്പാക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. 

ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. 

ശരീരത്തിൽ വെളിച്ചെണ്ണ തേക്കുക.

രാവിലെയും വൈകിട്ടും വീടും പരിസരവും ധൂപനം (പുകയിടൽ) ചെയ്യുക : സാമ്പ്രാണി, കുന്തിരിക്കം, അപരാജിത, പാടത്താളി, കടുക്, തുളസി, നൊച്ചി എന്നിവയെല്ലാം അവസ്ഥയ്ക്കനുസരിച്ച് വൈദ്യ നിർദ്ദേശപ്രകാരം ഉപയോഗിക്കാം.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജൈവകീടനാശിനി തളിക്കുക. പുകയില കഷായം, വേപ്പെണ്ണ എന്നിവ തളിക്കുന്നതിന്  ഉപയോഗിക്കാം.

ശുദ്ധജലത്തിൽ ഗപ്പി മീനുകളെ വളർത്താവുന്നതാണ്.

ഡെങ്കിപ്പനി മാറിയതിനുശേഷം ശ്രദ്ധിക്കേണ്ട കരുതലുകൾ 

ഡെങ്കിക്ക് ശേഷമുള്ള സങ്കീർണതകളെക്കുറിച്ച് ആളുകൾക്ക് അറിവില്ലാത്തതിനാലാണ് ഇത് ഗുരുതരമായ മറ്റ് രോഗങ്ങളിലേക്ക് നയിക്കുന്നത്. ഒന്നിലേറെ തവണ രോഗാണുബാധ ഏൽക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഉണ്ടാവുക. ജനിതകഘടനയനുസരിച്ച് ഡെങ്കി വൈറസിന് നാല് ഉപവിഭാഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരാളെ ഒരിക്കൽ ബാധിച്ച വൈറസ് തന്നെയാവണമെന്നില്ല വീണ്ടും ബാധിക്കുന്നത്. ഒരാളിൽത്തന്നെ വീണ്ടും ബാധിക്കുമ്പോൾ അത് ഗുരുതരമായ ഡെങ്കി ഹെമറാജിക് ഫീവർ വരെ ആകാം. കൂടാതെ ആന്തരിക രക്തസ്രാവം, ബി.പി. കുറയുക തുടങ്ങിയ അവസ്ഥകളോടെ ഡെങ്കി ഷോക് സിൻഡ്രോം ആകാനും സാധ്യതകൂടും. 

ഒരിക്കൽ സുഖം പ്രാപിച്ചതിനുശേഷം പിന്നീട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും തലച്ചോറ്, വൃക്ക, ഞരമ്പുകൾ, ഹൃദയം, അസ്ഥി സന്ധികൾ  എന്നിവയുടെ ആരോഗ്യത്തിനും  ശരിയായ പ്രവർത്തനത്തിനും ഗുണകരമാകുന്ന ആഹാരവിഹാരങ്ങൾ ശീലിക്കേണ്ടതാണ്. ഇതിനോടൊപ്പം തന്നെ കൊതുകു നശീകരണത്തിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.

എല്ലാവരെയും ഒന്നു കൂടി ഓർമ്മപ്പെടുത്തുകയാണ്..പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉറപ്പാക്കി അല്പം ജാഗ്രത പാലിച്ചാൽ പനി പോലുള്ള പകർച്ചവ്യാധികളിൽ നിന്ന് രക്ഷ നേടാനും, അല്പം ഉണർന്നു പ്രവർത്തിച്ചാൽ‍ ഇവ മൂലമുണ്ടാകുന്ന മരണം ഒഴിവാക്കുവാനും സാധിക്കും. പകർച്ചവ്യാധികൾ ഇല്ലാത്ത നല്ല നാളേക്കായി ഇത്തിരി കരുതലോടെ നമുക്ക് ഒത്തിരി മുന്നോട്ട് പോവാം. 


About author

Dr. Daya C.

MD (Swasthavritta & Yoga) Yoga Specialist "Spandanam Project" AC Shanmughadas Memorial Ayurvedic Child and Adolescent Care Center Purakkattiri Kozhikkode dayac86@gmail.com


Scroll to Top