Lifestyle

DHYAANA: Hold your Thoughts on Meditation


ധ്യാനത്തിന് അല്പം ധാരണ വേണ്ടേ?  

 "ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്" ശരാശരി മലയാളികൾക്ക് സുപരിചിതമായ പരസ്യവാചകം. ഏറെക്കുറെ ശരിയുമാണ്, എല്ലാവരും നിമിഷംപ്രതി സന്തോഷം തിരയുന്നവരാണ്. എന്നാൽ നാം തിരയുന്ന സന്തോഷം നമുക്ക് നൽകുന്ന സുഖം ചിന്തിക്കേണ്ട വിഷയം അല്ലേ. ‘പല സന്തോഷങ്ങളും നൈമിഷിക സുഖത്തിനുവേണ്ടി അല്ലേ?’ എന്ന് സ്വയം ഒന്ന് അപഗ്രഥിച്ചാൽ അറിയാം. എന്നാൽ നിത്യ സുഖത്തിനായും അപരന് സുഖത്തിനായും സന്തോഷം അന്വേഷിക്കുന്നവർ ഇന്ന് വിരളമാണ്. അവിടെയാണ് ധ്യാനം അഥവാ മെഡിറ്റേഷന്‍റെ പ്രസക്തി.

 യോഗശാസ്ത്രത്തിൽ അഷ്ടാംഗങ്ങളിൽ ഒന്നാണ് ധ്യാനവും ധാരണയും. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗയുടെ അഷ്ടാംഗങ്ങൾ. ഈ ക്രമത്തിൽ തന്നെയാണ് നമ്മൾ യോഗസാധന ആർജിക്കേണ്ടത്. സമാധി കൊണ്ട് അർത്ഥമാക്കുന്നത് ആത്യന്തികമായ സന്തോഷം തന്നെയാണ്. ഒരർത്ഥത്തിൽ പ്രശ്നങ്ങളിൽ ഉലയാതെ യുക്തിസഹമായ ക്ഷമാപൂർവം സാഹചര്യങ്ങൾക്ക് അനുബന്ധമായി കൊള്ളുന്ന തീരുമാനങ്ങളാണ് മാനസികമായ ആരോഗ്യം നിലനിർത്തുന്നത്. ഈ അവസ്ഥ കൂടിയാണ് അഷ്ടാംഗങ്ങളിൽ എട്ടാമത്തെ അഥവാ അവസാനത്തെ ഭാഗമായ സമാധി കൊണ്ട് അർത്ഥമാക്കുന്നത്. യഥാർത്ഥമായ ഈ മാനസിക നില കൈകൊള്ളുന്നതിന് യോഗയുടെ അഷ്ടാംഗങ്ങളും നമ്മൾ പരിശീലിച്ച് മുന്നേറേണ്ടതുണ്ട്. ഏണിപ്പടികൾ കയറുമ്പോൾ ഇടയ്ക്ക് ഏതെങ്കിലും ഒന്നോ രണ്ടോ സ്റ്റെപ്പുകൾ മറന്നു പോകുമ്പോൾ ആണല്ലോ നമ്മൾ നിലതെറ്റി താഴെ വീഴുന്നത്. യോഗ സാധനയും ഇതുപോലെ ക്രമാനുഗതമായി സ്വായത്തമാക്കേണ്ടതാണ്. അല്ലാത്തപക്ഷം ലക്ഷ്യ സാധന ഇല്ലാതെ ഇടറിവീഴും. ഇന്ന് യോഗയുടെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ഏവരും പരിശീലിക്കുകയും ചെയ്യുന്ന ഒന്നാണ് ധ്യാനം അഥവാ മെഡിറ്റേഷൻ എന്നത്. 

എന്താണ് ധ്യാനം?

 വളരെ ലളിതമായി പറഞ്ഞാൽ ധ്യാനം എന്നാൽ നമ്മൾ ഏതെങ്കിലും ഒരു വസ്തുവിലോ ബിന്ദുവിലോ മനസ്സ് കേന്ദ്രീകരിച്ചശേഷം ആ ബിന്ദുവും മനസ്സും ഒന്നായി തീരുന്ന അവസ്ഥയാണ്. ചുരുക്കിപ്പറഞ്ഞാൽ ചിത്തത്തെ അഥവാ മനസ്സിനെ ഏകാഗ്രമാക്കുന്ന അവസ്ഥ. അതുവഴി ആത്യന്തികമായ പരമമായ ആനന്ദം അഥവാ എട്ടാമത്തെ ചവുട്ടുപടിയിലേക്ക്, അതായത് സമാധിയിലേക്കുള്ള വഴിയൊരുക്കുകയാണ് ധ്യാനം. ധ്യാനം വഴി സത്വ, രജ:, തമോ ഗുണങ്ങൾ വെടിഞ്ഞ് നമ്മിലെ അന്ധകാരത്തെ ശുദ്ധീകരിക്കുക വഴി മാനസിക ആരോഗ്യം കൈവരിച്ചു പരമമായ ബ്രഹ്മത്തെ പ്രാപിക്കാനാണ് ധ്യാനം സഹായിക്കുന്നത്.

ആധുനിക കാലത്ത് ആകുലതകൾ കൊണ്ടും സമ്മർദ്ദങ്ങൾ കൊണ്ടും വിഭ്രാന്തമായ നമ്മുടെ മനസ്സിനെ മറ്റൊന്നിലേക്കും വ്യാപരിക്കാതെ ചേഷ്ട രഹിതമായ നിലയിൽ നിലനിർത്തുന്നതിന് ധ്യാനം സഹായിക്കുന്നു.

 ധ്യാന പരിശീലനം

ഇരുന്നോ കിടന്നോ നിന്നോ കൊണ്ട്, ശാന്തമായ അലോസര ശബ്ദങ്ങളില്ലാത്ത അനുകൂല സാഹചര്യങ്ങൾ ധ്യാന പരിശീലനത്തിനായ് തിരഞ്ഞെടുക്കാം. പരിശീലന സമയത്ത് മനസ്സിനെ പ്രത്യേകമായി ഏതെങ്കിലും ബിന്ദുവിൽ ഫോക്കസ് ചെയ്യാൻ ശ്രമിച്ചു കൊണ്ട് എത്ര നേരം വേണമെങ്കിലും പരിശീലിക്കാം. ക്രമേണ സമയം ഉയർത്തിക്കൊണ്ടുവരുന്നതാണ് ഉത്തമം. ചിഹ്നം, താളാത്മകമായ ഇൻസ്ട്രക്ഷൻസ്, മന്ത്രം, ചക്രം, ശ്വാസം, പ്രത്യേക ചലനങ്ങൾ ഇങ്ങനെ എന്തിനേയും ഫോക്കസ് ചെയ്യാം. ഇതിനെയാണ് 'ധാരണ' എന്ന് വിളിക്കുന്നത്.

 എങ്ങനെ ധ്യാനത്തിലേക്ക് പ്രവേശിക്കാം?

ഇന്ദ്രിയ വ്യാപാരങ്ങളെ നിയന്ത്രിക്കാനും ബോധ മനസ്സിനെ പിടിച്ചു നിർത്താനും ഉപബോധ മനസ്സിനെ അപഗ്രഥിക്കാനുമാണ് ധ്യാനത്തിലൂടെ നമ്മൾ ശ്രമിക്കുന്നത്.

ഒരുപാട് പ്രതിബന്ധങ്ങൾ നമ്മൾ നേരിട്ടെന്നു വരാം. ഏറ്റവും താഴ്ന്ന മാനസികാവസ്ഥയിൽ ഒരു വ്യക്തി വളരെ പ്രക്ഷുബ്ധനാണ്. ചിന്തിക്കാനോ കേൾക്കാനോ മിണ്ടാതിരിക്കാനോ കഴിയുന്നില്ല. ഈ അവസ്ഥയാണ് 'ക്ഷിപ്തം'. ഭൂരിഭാഗം തുടക്കക്കാരും നേരിടുന്ന അനുഭവം.

ചിലരിൽ മനസ്സ് മങ്ങിയതും ശ്രദ്ധയില്ലാത്തതുമാവാം. ഈ അവസ്ഥയിലും വിവരങ്ങൾ തലച്ചോറിലെത്തണമെന്നില്ല. കണ്ണട വച്ചു കൊണ്ട് കണ്ണട തിരഞ്ഞ അനുഭവങ്ങൾ നമ്മൾ മിക്കവർക്കും ഉണ്ടായിട്ടുണ്ടാവാം. ഈ അവസ്ഥയാണ് 'മുധ'.

ചിലപ്പോൾ മനസ്സിന് വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അത് പ്രോസസ് ചെയ്യാൻ കഴിയില്ലെന്ന തോന്നൽ, മനസ്സാകെ ആശയക്കുഴപ്പത്തിലാവും. എനിക്ക് എല്ലാം ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് ചെയ്യാൻ കഴിയില്ല. ഞാൻ ഇത് ചെയ്യണോ അതോ ചെയ്യേണ്ടയോ? എന്നൊക്കെ തോന്നലുണ്ടാവുന്ന അവസ്ഥ അതാണ് 'വിക്ഷിപ്തം'.

ചില സന്ദർഭങ്ങളിൽ മനസ്സിന് സ്വസ്ഥതയുണ്ടാവുമെങ്കിലും ഉറങ്ങാൻ കഴിയില്ല. അതായത് ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിക്കാനും വ്യക്തി തയ്യാറാണ്. ഇതാണ് ധ്യാനത്തിന്റെ മുൻ വ്യവസ്ഥ. ഇതാണ് 'ഏകാഗ്രം' എന്ന അവസ്ഥ. ശാസ്ത്രീയമായ യോഗാ പരിശീലനം മനസ്സിനെ ശാന്തമായ ഈ അവസ്ഥയിലേക്ക് കൊണ്ടുവരാൻ പ്രാപ്തമാക്കും.

അടുത്തതാണ് യഥാർത്ഥ ധ്യാനാവസ്ഥ. മനസ് ക്രമരഹിതമായ ചിന്തകളാൽ വ്യതിചലിക്കുന്നില്ല. മറിച്ച് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ച വസ്തുവിൽ ലയിക്കുന്നു. ഈ അവസ്ഥയാണ് 'നിരോധം'. ധ്യാനത്തിലോ ഒരു വ്യക്തി ഏതെങ്കിലും കർമ്മത്തിലോ പൂർണമായും ഏർപ്പെടുമ്പോഴാണ് ഈ അവസ്ഥ പ്രാപിക്കുന്നത്.

ഇങ്ങനെയൊക്കെ വിലയിരുത്തുമ്പോഴും പരിശീലിക്കുമ്പോഴുമാണ് ആത്യന്തിക ധ്യാനാവസ്ഥ ആസ്വദിക്കാൻ മനസ്സ് പ്രാപ്തമാവുന്നത്. ശാസ്ത്രീയമായി പരിശീലിക്കുന്നത് ഒരു പരിധി വരെ ഇത്തരം അനുഭവങ്ങൾ സ്വായത്തമാക്കുവാൻ നമ്മളെ സഹായിക്കും. ധ്യാനാത്മകമാവട്ടെ ചിന്തയും ജീവിതവും.

"ലോകാ: സമസ്താ: സുഖിനോ ഭവന്തു"


[Image Courtesy: Abstract digital painting by Dr. Visakh P. S.- Blue & Red. "Blue calls to mind feelings of calmness or serenity. It is often described as peaceful, tranquil, secure, and orderly. Blue is often seen as a sign of stability and reliability. Red is considered an intense, or even angry, a color that creates feelings of excitement or intensity."]


About author

Dr. Rahul R.

Medical Officer Spandanam Project, AC Shanmughadas Memorial Ayurvedic Child and Adolescent Care Center Purakkattiri, Kozhikkode., rahulaksharam88@gmail.com


Scroll to Top