പാരിസ്ഥിതിക ആരോഗ്യവും ആയുർവേദവും.

ലോകമെമ്പാടും മഹാമാരികൾ പടർന്ന് പിടിക്കുമ്പോൾ പാരിസ്ഥിതിക ആരോഗ്യത്തെ പറ്റിയുള്ള വിചിന്തനം പ്രസക്തമാവുകയാണ്. മനുഷ്യനും അവന്‍റെ  ചുറ്റുപാടുകളും തമ്മിലുള്ള സമരസപ്പെടൽ‍ അഥവാ ‘ഹോമിയോസ്റ്റാസിസ്’ (Homeostasis) ആണ് പ്രധാനമായും ആരോഗ്യത്തിന്‍റെ കാതൽ. ഈ സമരസപ്പെടലിന് കോട്ടം തട്ടുന്നത് മൂലമാണ് മിക്കവാറും എല്ലാ ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുന്നത്. 

‘പരിസ്ഥിതി’ എന്ന പദം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? വളരെ ലളിതമായി പറഞ്ഞാൽ നാം ജീവിക്കുന്ന പ്രകൃതിയിൽ‍ നമുക്ക് ചുറ്റുമുള്ള എല്ലാ സ്ഥാവരജംഗമ വസ്തുകളും പരിസ്ഥിതിയാണ്. അതിൽ‍ ജീവനുള്ളതും (Living) ഇല്ലാത്തതുമായ (non-living) എല്ലാ വസ്തുക്കളും ഉൾപ്പെടുന്നതാണ്. ഇവയെ പ്രധാനമായും രണ്ടായി തരംതിരിക്കാം.

  1. ഭൌതിക പരിസ്ഥിതി (physical environment)- അതിൽ ജലം, വായു, മണ്ണ്, വാസസ്ഥലം മുതലായവയെല്ലാം ഉൾപ്പെടുന്നു. 
  2. ജൈവ പരിസ്ഥിതി (biologic environment)- സസ്യങ്ങളും മറ്റെല്ലാ ജീവജാലങ്ങളുമാണ് ഇതിൽ വരുന്നത്. 

മനുഷ്യൻ‍ നടപ്പിലാക്കി വരുന്ന അനഭിലഷണീയവും അശാസ്ത്രീയവും ആയ നഗരവൽക്കരണം, വ്യവസായവൽക്കരണം, വനനശീകരണം, മറ്റ് അനുചിത  പ്രവർത്തികൾ‍ എന്നിവയിലൂടെ പരിസ്ഥിതി മലിനമായികൊണ്ടിരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളായ വായു മലിനീകരണം, ജല മലിനീകരണം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥ വ്യതിയാനങ്ങൾ, ആഗോളതാപനം, ശുദ്ധജലക്ഷാമം എന്നിവയുടെയെല്ലാം മൂലകാരണം മനുഷ്യന്‍റെ ഇത്തരം പ്രവർത്തികൾ‍ തന്നെയാണ്. അവൻ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങളുടെ പ്രതിഫലനമായി നമ്മൾ മനുഷ്യർക്ക് ശുദ്ധവായുവും ശുദ്ധജലവും ജൈവ-വൈവിധ്യത്തിന്‍റെ മറ്റ് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇത് നമ്മുടെ ആരോഗ്യവ്യവസ്ഥയിലും പ്രതിഫലിക്കുന്നു. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യത്ത് ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം പാരിസ്ഥിതിക ശുചിത്വത്തിന്‍റെ പോരായ്മയാണ്.  

മനുഷ്യന്‍റെ കടന്നുകയറ്റം ജൈവ പരിസ്ഥിതിയെയും തകർക്കുന്നുണ്ട്. നാം ജീവിക്കുന്ന ചുറ്റുപാട് നമ്മെ പോലെ തന്നെ മറ്റ് ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന സത്യം നമ്മൾ‍ പലപ്പോഴും മറന്നുപോകുന്നു. അതിനാൽ‍തന്നെ “തന്നെ പോലെ തന്നെ സർവ്വ പ്രാണികളെയും  കണക്കാക്കണമെന്ന” ആയുർവേദ തത്വം ഇവിടെ പ്രസക്തമാവുകയാണ്. ഇന്ന് ആഹാര്യവും അനാഹാര്യവുമായ ഒട്ടനവധി ജീവികളെ മനുഷ്യർ ഭക്ഷിക്കുന്നു. ഇത് മൂലം പല പകർച്ച വ്യാധികളും മാരക രോഗങ്ങളും ഉണ്ടായി കൊണ്ടിരിക്കുന്നു. 

പകർച്ചവ്യാധികളെ ജനപദോദ്ധ്വംസം എന്ന പേരിലാണ് ആയുർവേദത്തിൽ വിവരിച്ചിരിക്കുന്നത്. ഒരു വലിയ ജനവിഭാഗത്തിന്‍റെ (ജനപദം) നാശത്തിന് (ഉദ്ധ്വംസം) കാരണമാകുന്ന രോഗങ്ങളെയാണ് ജനപദോദ്ധ്വംസം എന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒരു ജനസമൂഹത്തെ പൊതുവായി ബാധിക്കുന്ന ഘടകങ്ങൾ‍- വായു, ജലം, ഭൂമി, കാലം എന്നിവയാണ്, ഇത്തരം പകർച്ചവ്യാധികളുടെ കാരണങ്ങളായി ശാസ്ത്രത്തിൽ‍പറഞ്ഞിരിക്കുന്നത്. ഇവ ദുഷിക്കുന്നത് രോഗാണുക്കൾ‍ പെരുകുവാനും രോഗങ്ങൾ‍ പടർന്ന്പിടിക്കാനും കാരണമാകുന്നു. ഈ നാല് ഘടകങ്ങളിൽ കാലമാണ് ഏറ്റവും ബലമുള്ളതായി പറഞ്ഞിരിക്കുന്നത്. ദുഷിച്ചാൽ നേരെയാക്കാൻ പ്രയാസമുള്ളതും കാലം തന്നെ. കാലാവസ്ഥാവ്യതിയാനങ്ങൾ, പ്രളയം, ആഗോളതാപനം, ഉരുൾപ്പൊട്ടൽ, സൂര്യാഘാതം എന്നിവയെല്ലാം കാലദുഷ്ടിയുടെ അടയാളങ്ങളാണ്. 

രോഗമുള്ള ഒരു വ്യക്തിയുടെ സമ്പർക്കം മൂലം മറ്റൊരു വ്യക്തിയിലേക്ക് പകരുന്ന രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങൾ അഥവാ സംസർഗ്ഗജ രോഗങ്ങൾ എന്ന് വിളിക്കുന്നത്. ആയുർവേദത്തിൽ സുശ്രുത സംഹിതയിലാണ് സാംക്രമിക രോഗങ്ങളെയും (communicable diseases) അവയുടെ വ്യാപനത്തെയും (mode of spread) പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നത്. ഒരാളിൽ‍നിന്നു മറ്റൊരാളിലേക്ക് രോഗം പകരുന്നത് ഈ പറയുന്ന കാരണങ്ങളെ കൊണ്ടാണ്, 

  1. സമ്പർക്കത്തിലൂടെ (by contact)
  2. സ്പർശനത്തിലൂടെ (touch)
  3. ശ്വാസനിശ്വാസത്തിലൂടെ (through air) 
  4. ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിലൂടെ (Sharing Food)
  5. അടുത്തടുത്ത് കിടക്കുന്നതിലൂടെ (Sharing bed) 
  6. രോഗിയുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ  ഉപയോഗിക്കുന്നതിലൂടെ (sharing clothes, garlands, unctions etc.)

വ്യക്തിഗത ആരോഗ്യവും പാരിസ്ഥിതിക ആരോഗ്യവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ആയുർവേദത്തിൽ ദിനചര്യ, ഋതുചര്യ, സദ്‌വൃത്തം എന്നിവയൊക്കെ വിവരിച്ചിരിക്കുന്നത്. മറ്റെല്ലാം പരിത്യജിച്ച് ശരീരം സംരക്ഷിക്കണം എന്ന് പറഞ്ഞിരിക്കുന്നതിലൂടെ ആയുർവേദത്തിൽ ശാരീരിക ആരോഗ്യത്തിന് നൽകിയിരിക്കുന്ന പ്രധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ആയുർവേദം രോഗചികിൽസയോളം തന്നെ പ്രാധാന്യം സ്വാസ്ഥ്യസംരക്ഷണത്തിനും നൽകിയിട്ടുണ്ട്. ഒരു വ്യക്തി രാവിലെ എഴുന്നേറ്റത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ആഹാര വിഹാര സംബന്ധമായ എല്ലാ കർമ്മങ്ങളെയും ദിനചര്യയിൽ‍ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ന് കാണപ്പെടുന്ന സാംക്രമികവും അസാംക്രമികവുമായ ഒട്ടനവധി രോഗങ്ങൾ തെറ്റായ ജീവിതശൈലിയുടെ ഭാഗമായി  ഉണ്ടാകുന്നതായതിനാലും ഇവയിൽ പലതും തടുക്കാനാവുന്നതായതിനാലും കൃത്യമായ ദിനചര്യ ഈ കാലഘട്ടത്തിന്‍റെ  അനിവാര്യതയാണ്. ദിനചര്യയിൽ ശൌചവിധി, സ്നാനവിധി എന്നിവ വിവരിക്കുന്നിടത്ത് പാരിസ്ഥിതിക ആരോഗ്യത്തിന് പ്രധാന്യം നൽകിയിരിക്കുന്നതായി കാണാൻ കഴിയും. 

ശിശിരം (late winter), വസന്തം (spring), ഗ്രീഷ്മം (summer), വർഷം (rainy), ശരത്ത്, ഹേമന്തം (winter) എന്നിങ്ങനെ ആറു ഋതുക്കൾ‍ അഥവാ seasons ഉണ്ടെന്ന് ആയുർവേദം വിവക്ഷിക്കുന്നു. ഈ ഋതുഭേദങ്ങൾക്കനുസരിച്ച് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തിലും പ്രതിഫലിക്കുന്നതാണ്. ഇതിനനുസരിച്ച് ശരീരത്തെ ട്യൂൺ ചെയ്യുന്ന പ്രക്രിയയാണ് ഋതുചര്യ. ഓരോ കാലത്തും എന്തൊക്കെ ചെയ്യണമെന്നും ചെയ്യാൻ പാടില്ല എന്നും ഇതിലൂടെ വിവരിക്കുന്നു. ശ്വാസംമുട്ട്, അൾസർ, ചിക്കൻപോക്സ്,  മൂത്രാണുബാധ, അർശസ്,  ഹെർപ്പിസ്, ചില ത്വക്ക് രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ, ജലജന്യ രോഗങ്ങൾ എന്നിവയൊക്കെ കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ച് പ്രത്യക്ഷപ്പെടുന്ന രോഗങ്ങളാണ്. ഋതുക്കൾക്കനുസരിച്ച് മനുഷ്യന്‍റെ ശരീരബലവും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ആയുർവേദ മതം. അതിനാൽ തന്നെ ഓരോ ഋതുവിലും കഴിക്കേണ്ട ഭക്ഷണത്തിലും അനുഷ്ഠിക്കേണ്ട വിഹാരങ്ങളിലും സേവിക്കേണ്ട ഔഷധങ്ങളിലും വ്യത്യാസങ്ങളുണ്ട്. ഇപ്രകാരം ഋതുചര്യ അനുഷ്ഠിക്കുന്നതിലൂടെ കാലാവസ്ഥാജന്യ രോഗങ്ങളെ (seasonal diseases) ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയും. ശരിയായ രീതിയിൽ‍ ഋതുചര്യ അനുഷ്ഠിക്കാത്തത് പാരിസ്ഥിതിക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളും.

ആരോഗ്യകരമായ ഒരു ജീവിതത്തിനു ആയുർവേദം അനുശാസിക്കുന്ന നിയമങ്ങളാണ് സദ്വൃത്തം. ശാരീരികവും, മാനസികവും, സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ ആരോഗ്യ സംരക്ഷണത്തിന് ഈ നിയമങ്ങൾ അനുസരിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും പാലിക്കേണ്ട മര്യാദകളെ പറ്റി പോലും സദ്വൃത്തത്തിൽ  പരാമർശിക്കുന്നുണ്ട്. ഇവ പാലിക്കുന്നതിലൂടെ ഒരു വ്യക്തി അവന്‍റെ മാത്രമല്ല സമൂഹത്തിന്‍റെയും ആരോഗ്യത്തിന് കാരണഭൂതനാകുന്നു. 

വായു മലിനീകരണവും വളരെ പ്രധാന്യത്തോടു കൂടി തന്നെയാണ് ആയുർവേദത്തിൽ‍വിവരിച്ചിരിക്കുന്നത്. ചരകാചാര്യൻ ശുദ്ധമായ വായുവിന്‍റെയും (Normal air) മലിനമായ വായുവിന്‍റെയും (Polluted air) വിഷയുക്ത വായുവിന്‍റെയും (Poisoned air) ലക്ഷണങ്ങൾ എണ്ണി പറഞ്ഞിരിക്കുന്നു. വായു മലിനമാകുന്നത് മൂലം ചുമ, ശ്വാസംമുട്ട്, ഛർദ്ദി, തലവേദന, പനി മുതലായ രോഗങ്ങളുണ്ടാകുമെന്നും പറഞ്ഞിരിക്കുന്നു. വായു വിഷയുക്തമാകുന്നത് മൂലം പക്ഷികൾ തളർന്ന് വീഴുന്നതായും അവിടത്തെ ജനങ്ങൾക്ക് നേത്ര രോഗങ്ങൾ, തലവേദന, ജലദോഷം മുതലായവ ഉണ്ടാകുമെന്നും പറഞ്ഞിരിക്കുന്നു. വായു മലിനീകരണവും സാംക്രമിക രോഗാണുബാധയും തടയുവാനും വായുവിനെ ശുദ്ധീകരിക്കുവാനും  സഹായിക്കുന്ന ഒട്ടനവധി ധൂപന (പുകയ്ക്കുന്ന പ്രക്രീയ) ദ്രവ്യങ്ങളെ പറ്റി സംഹിതകളിൽ വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കർപ്പൂരം, ദേവദാരു, ആര്യവേപ്പ്, മഞ്ഞൾ, ഏലം, കടുക്ക, ചന്ദനം, കൊട്ടം, ഗുഗ്ഗുലു, കോലരക്ക്  മുതലായവ ആയുർവേദത്തിൽ പനിചികിൽസ പറയുന്ന വേളയിൽ പുകയ്ക്കാനായി പറയുന്ന അപരാജിത ധൂപചൂർണ്ണത്തിന്‍റെ രോഗാണുസംക്രമണം തടയാനുള്ള കഴിവ് (anti-microbial effect) ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.  

വാസയോഗ്യമായ ഭൂമിയെ പറ്റി പറയുമ്പോൾ കണ്ണിനും മനസ്സിനും സംതൃപ്തി തരുന്ന സ്ഥലത്തു വീട് പണിയാൻ ആചാര്യൻ ഉപദേശിക്കുന്നു. വീടിന്‍റെ പരിസരത്ത് ആര്യവേപ്പ് പോലെ വായു മലിനീകരണം തടയാൻ സഹായകമായ മരങ്ങൾ വച്ച് പിടിപ്പിക്കാനും പറയുന്നുണ്ട്. ഇതോടൊപ്പം മലിനമായ ഭൂമിയുടെയും വാസയോഗ്യമല്ലാത്ത ഭൂമിയുടെയും ലക്ഷണങ്ങൾ‍വിവരിച്ചിരിക്കുന്നു. ഭൂമി ശുദ്ധിയാക്കുവാനായി അനുനാശിനികൾ തളിക്കാനും, മാലിന്യങ്ങൾ‍കത്തിക്കാനും നിർദ്ദേശിക്കുന്നു. അടുക്കളയുടെ സ്ഥാനം, നിർമ്മിതി എന്നിവ സംബന്ധിച്ചു വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. ഒരു കുടുംബത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിൽ‍ അടുക്കള വഹിക്കുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ ഈ വർണ്ണന പ്രസക്തവുമാണ്. 

നിറം, മണം, രുചി എന്നിവയില്ലാത്തതും ശുദ്ധവും, തെളിഞ്ഞതും, ലഘുവുമായ വെള്ളമാണ് പാനയോഗ്യമായി സുശ്രുതൻ പറഞ്ഞിരിക്കുന്നത്. ഏകദേശം ഇതേ ലക്ഷണങ്ങൾ തന്നെയാണ് ആധുനിക ശാസ്ത്രത്തിലും ശുദ്ധ ജലത്തിനും പറഞ്ഞിരിക്കുന്നത്. പാനയോഗ്യമല്ലാത്ത ജലത്തിന്‍റെ ലക്ഷണങ്ങൾ, ജലവിഭാഗങ്ങൾ, ജലത്തിന്‍റെ ദോഷങ്ങൾ, ജലജന്യരോഗങ്ങൾ എന്നിവയെല്ലാം ആയുർവേദ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട്. ജലശുദ്ധീകരണത്തിനായി തേറ്റാമ്പരൽ(Strichnus potatorum), മുത്ത് (pearl), ചന്ദ്രകാന്ത മണി (lappis lezuli), തുണി എന്നിവയെല്ലാം ഉപയോഗിക്കാനും നിർദേശിക്കുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ ഇത്ര സമർത്ഥമായി വിവരിച്ചിരിക്കുന്നതിലൂടെ ആയുർവേദം ഒരു പാരിസ്ഥിതിക ശാസ്ത്രമാണെന്ന് നമുക്ക് വിവക്ഷിക്കാം. 

ഇന്നത്തെ കാലത്ത് ലോകത്ത് പാരിസ്ഥിതിക രോഗങ്ങൾ മൂലം ഒട്ടനവധി പേർ മരണമടയുന്നുണ്ട്. Small pox പോലുള്ള രോഗങ്ങളെ നിർമാർജ്ജനം ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ tuberculosis പോലുള്ള രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. അതോടൊപ്പം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ HIV, Ebola, SARS, Zika, H1N1, Nippah ഇപ്പോൾ ഇതാ ഒടുവിൽ Covid-19 പോലുള്ള പുതിയ പല രോഗങ്ങളും ആവിർഭവിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിക്കനുസരിച്ചു മനുഷ്യന്‍റെ ആയുർദൈർഘ്യം വർധിച്ചിട്ടുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങളുടെ പ്രഭാവം മൂലം രോഗാതുരമായ ദീർഘായുസ്സായിട്ടാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ വൈദ്യശാസ്ത്രരംഗത്ത് ഒരു Holistic Approach ആണ് അനിവാര്യമായിരിക്കുന്നത്. ഇവിടെയാണ് ആയുർവേദം പോലെ ഒരു ജീവശാസ്ത്രത്തിന്‍റെ പ്രസക്തി. അതിനാല്‍ തന്നെ ആധുനിക ശാസ്ത്രജ്ഞാനത്തിന്‍റെ വെളിച്ചത്തിൽ ആയുർവേദ രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അത് ആഹാരമാകാം, വിഹാരമാകാം, ഔഷധങ്ങളാകാം. അതോടൊപ്പം നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്ക് തന്നെയാണെന്ന സത്യം തിരിച്ചറിഞ്ഞു നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.

 


Article by Dr. Shamna Mol C.E


About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top