Lifestyle

Lest Our Eyes Go Into A Lockdown: Measures to Prevent Eye Problems Due To Bright Screens

കണ്ണുകള്‍ ലോക് ഡൗണ്‍ ആകാതിരിക്കാന്‍.. 

കൊറോണ കാലമാണ്.... ജാഗ്രതക്ക് ജീവന്‍റെ വിലയുള്ള കാലം. മനുഷ്യരാശി ഇതുവരെ ശീലിച്ചുവന്ന പല ശീലങ്ങളും മാറ്റിയെഴുതപ്പെട്ട ഈ പകർച്ചവ്യാധിയുടെ കാലം മനുഷ്യനെ പുതിയ പല ശീലങ്ങളും പഠിപ്പിച്ചു. 

സാമൂഹിക അകലം ഒഴിച്ചുകൂടാനാവാത്ത ഈ കാലത്ത് ഏറ്റവുമധികം പ്രതിസന്ധിയിലായവരില്‍ ഒരു വിഭാഗമാണ്‌ വിദ്യാർത്ഥികള്‍. ക്ലാസ് മുറികളിലെ പഠനം അപ്രാപ്യമായപ്പോള്‍ ഓൺലൈൻ  ക്ലാസ്സുകള്‍ എന്ന അനന്ത സാധ്യതകളുള്ള ഒരു മേഖലയാണ്‌ അനാവൃതമായത്. കോവിഡിനു മുൻപും ഓൺ ലൈൻക്ലാസ്സുകള്‍ ഉണ്ടായിരുന്നു എങ്കില്‍ പോലും അതിന്‍റെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത്ത് ഈ മഹാമാരിയുടെ കാലത്ത് തന്നെയാണ്. ക്ലാസ്സുകള്‍ മാത്രമല്ല ഔദ്യോഗിക മീറ്റിങ്ങുകള്‍, വിനോദം എന്നിവമുതല്‍ വിവാഹം വരെയുള്ള കാര്യങ്ങള്‍ ഓൺലൈൻ ആയി. ഒരു കൊച്ചു സ്ക്രീനില്‍ ലോകത്തുള്ള എന്തും കണ്‍മുന്നിലെത്തുന്ന ഈ ഓൺലൈൻ ആശ്രയം പരിധികവിഞ്ഞാല്‍ അതിന്‍റെതായ ദോഷഫലങ്ങളും ഉണ്ട് എന്ന് പറയാതെ വയ്യ. ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയമായ കണ്ണിനു തുടര്‍ച്ചയായ സ്ക്രീന്‍ ഉപയോഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വളരെയേരറെയാണ്.

തുടര്‍ച്ചയായ കമ്പ്യൂട്ടര്‍, ടാബ്ലെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം കൊണ്ട് കാഴ്ചയ്ക്കും കണ്ണിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ  കമ്പ്യൂട്ടര്‍ വിഷന്‍ സിണ്ട്രോം (Computer Vision Syndrome) അല്ലെങ്കില്‍ ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ (Digital Eye Strain) എന്ന പേരില്‍ അറിയപ്പെടുന്നു. 

കാരണങ്ങള്‍                

പേര് സൂചിപ്പിക്കും പോലെ ദീര്‍ഘനേരം ഡിജിറ്റല്‍ സ്ക്രീന്‍ ഉപയോഗിക്കുന്നത് തന്നെയാണ് ഈ രോഗാവസ്ഥയുടെ കാരണം. അതിനൊപ്പം ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്ന മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട്. 

 • മുറിയില്‍ ആവശ്യത്തിനു പ്രകാശമില്ലാതിരിക്കുക
 • സ്ക്രീനില്‍ ആവശ്യത്തില്‍ കൂടുതല്‍ പ്രകാശം വീഴുക
 • ആവശ്യത്തില്‍ കവിഞ്ഞ് പ്രകാശം (brightness) കൂട്ടി സ്ക്രീന്‍ ഉപയോഗിക്കുക
 • കണ്ണും സ്ക്രീനും തമ്മിലുള്ള അകലം ആവശ്യത്തിനു ഇല്ലാതിരിക്കുക
 • ശരിയായ രീതിയില്‍ ഇരുന്നല്ലതെയുള്ള സ്ക്രീന്‍ ഉപയോഗം
 • മറ്റു കാഴ്ച പ്രശ്നങ്ങള്‍ ഉള്ളവള്‍ ശരിയായി ചികിത്സിക്കാതെ സ്ക്രീന്‍ ഉപയോഗിക്കുക.

ലക്ഷണങ്ങള്‍ 

 • കണ്ണിനു ക്ഷീണവും വേദനയും അനുഭവപ്പെടുക
 • കാഴ്ചക്ക് മങ്ങല്‍
 • തലവേദന
 • കണ്ണിനു വരള്‍ച്ച (dry eye)
 • കഴുത്തു വേദന  

സാധാരണയായി ഈ ലക്ഷണങ്ങള്‍ താല്ക്കാലികവും, സ്ക്രീന്‍ ഉപയോഗം നിര്‍ത്തുന്നതോടെ തനിയെ അവസാനിക്കുന്നതും ആയിരക്കും. എന്നാല്‍ ചിലരില്‍, പ്രത്യേകിച്ചും പഠനത്തിന്‍റെയോ ജോലിയുടെയോ ഭാഗമായി തുടര്‍ച്ചയായി സ്ക്രീന്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നവരില്‍ ഇവ തുടര്‍ന്ന് നില്ക്കാം.

മുന്‍കരുതലുകള്‍

 • ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയാം. 
 • സ്ക്രീന്‍ ശരിയായ രീതിയില്‍ ക്രമീകരിക്കുക – സ്ക്രീന്‍ എപ്പോഴും കണ്ണില്‍ നിന്നും 15 മുതല്‍ 20 ഡിഗ്രി വരെ താഴെ വരുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് അഭികാമ്യം. 
 • മുറിയില്‍ ആവശ്യത്തിനു പ്രകാശമുണ്ടായിരിക്കുക - സ്ക്രീനില്‍ ജനലുകളില്‍ നിന്നോ വൈദ്യുത വിളക്കുകളില്‍ നിന്നോ ഉള്ള പ്രകാശം അമിതമായി വീഴാതെ ശ്രദ്ധിക്കണം.
 • ആവശ്യമെങ്കില്‍ ആന്റീ ഗ്ലയര്‍ (anti-glare) സ്ക്രീനുകള്‍ ഉപയോഗിക്കുക 
 • സ്ക്രീനിന്‍റെ പ്രകാശം മുറിയിലെ പ്രകാശത്തിനനുസരിച്ച് ക്രമീകരിക്കുക. 
 • കൃത്യമായ ഇടവേളകളില്‍ കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുക 
 • കാഴ്ച്ചക്കുറവുള്ളവര്‍ കണ്ണട ഉപയോഗിച്ചുകൊണ്ടു മാത്രം സ്ക്രീന്‍ ഉപയോഗിക്കുക 
 • ആവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍ ഗ്ലാസ്‌ / ടെക് ലെന്‍സ്‌ (tech-lens) ഉപയോഗിക്കുക  
 • സ്ഥിരമായി നേത്ര വ്യായാമങ്ങള്‍ ചെയ്യുക

നേത്ര വ്യായാമങ്ങള്‍

 • Palming – സുഖപ്രദമായി ഇരുന്ന ശേഷം കൈകള്‍ തമ്മില്‍ 10 – 15 സെക്കന്റ്‌ നേരം കൂട്ടി തിരുമ്മുക. തുടര്ന്ന്  കൈ വിരലുകള്‍ നെറ്റിയില്‍ വരുന്നവിധം വലതു കണ്ണിനുമുകളിലും ഇടത് കൈ ഇടതു കണ്ണിനു മുകളിലും വെക്കുക. കൈകൾ കണ്ണിനു മേല്‍ അമരാതിരിക്കാൻ  ശ്രദ്ധിക്കണം. 
 • Blinking – സാധാരണയായി നമ്മുടെ കണ്ണുകള്‍ ഒരു മിനിറ്റില്‍ 10 മുതല്‍ 15  തവണ വരെ ചിമ്മുന്നുണ്ട് എന്നാണ് കണക്ക്. എന്നാല്‍ സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഇത് വളരെയധികം കുറയുന്നു. ഇത് കണ്ണുകള്‍ വരണ്ടു പോകുന്നതിനും അനുബന്ധ ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നു. സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ബോധപൂര്‍വ്വം കണ്ണുചിമ്മുന്നത് ഇത്തരം ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനു ഒരുപരിധി വരെ സഹായകമാണ്. 
 • Eye movements– കണ്ണുകള്‍ അടച്ചശേഷം കണ്ണുകള്‍ മുകളിലേക്കും താഴേക്കും, രണ്ടു വശങ്ങളിലും ചലിപ്പിക്കുകയും വൃത്താകൃതിയില്‍ (clockwise and anticlockwise) ചുഴറ്റുകയും ചെയ്യുക.
 • Neck & Shoulder movements - ദീർഘ നേരം ഒരേ രീതിയിൽ തന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നവർ ഇടക്കിടക്ക് കഴുത്തും ഇരുതോളുകളും സാവധാനം ചലിപ്പിക്കുന്നത് ഈ ഭാഗങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശനങ്ങൾ പരിഹരിക്കാൻ സഹായകമാണ്.

ശ്രദ്ധിക്കേണ്ടതും ശീലിക്കേണ്ടതുമായ മറ്റുകാര്യങ്ങള്‍

 • ആയുർവേദ വിധി പ്രകാരം യുക്തമായ എണ്ണ തേച്ചുകുളിയും ഇത്തരം പ്രശ്നങ്ങളെ തടയുന്നതിനും ഒപ്പം തന്നെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും സഹായകമാണ്. 
 • ശരിയായ രീതിയിലുള്ള കസേര ഉപയോഗിക്കുക – സുഖപ്രദമായതും ശരിയായ ഉയരമുള്ളതുമായകസേരകള്‍ ഉപയോഗിക്കുക. ആം റെസ്റ്റ് ഉള്ളവയാണ് കൂടുതല്‍ നല്ലത്. 
 • തുടര്‍ച്ച‍യായി സ്ക്രീന്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇടക്ക് കണ്ണിനു വിശ്രമം കൊടുക്കുക. 2 മണിക്കൂര്‍ തുടര്‍ച്ചയായി സ്ക്രീന്‍ ഉപയോഗിച്ച ശേഷം 15 മിനിറ്റ് എങ്കിലും കണ്ണിനു വിശ്രമം ആവശ്യമാണ്‌.
 • രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സ്ക്രീന്‍ ഉപയോഗം (മൊബൈല്‍ ഉള്‍പ്പെടെ) പൂര്‍ണ്ണമായും നിര്‍ത്തുക.
 • ആഹരകാര്യത്തിലും ഒരു ചിട്ട കൊണ്ടുവരിക. അമിതമായ എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങള്‍ കണ്ണുകള്‍ വേഗത്തില്‍ വരണ്ട് തളരാനും പെട്ടെന്ന് പഴുപ്പ് വരാനും കാരണമായേക്കാം. 
 • ധാരാളം വെള്ളം കുടിക്കുക. ശരീരത്തില്‍ ഉണ്ടാകുന്ന നിര്‍ജലീകരണം ആദ്യം ബാധിക്കുന്ന സ്ഥാനങ്ങളില്‍ ഒന്നാണ് കണ്ണുകള്‍. 

20:20 അല്ല, 20:20:20

തുടര്‍ച്ചയായ സ്ക്രീന്‍ ഉപയോഗം കൊണ്ട് കണ്ണിനു വരുന്ന പ്രശ്നങ്ങളെ മറികടക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് 20;20;20 റൂള്‍. 20 മിനിറ്റ് തുടര്‍ച്ചയായി സ്ക്രീന്‍ ഉപയോഗിച്ചാല്‍ തുടര്‍ന്നുള്ള 20 മിനിറ്റ് സ്ക്രീനില്‍ നിന്നു കണ്ണു മാറ്റി 20 അടി (6 മീറ്റര്‍) ദൂരെയുള്ള വസ്തുവില്‍ നോക്കുന്നത് കണ്ണിനു വിശ്രമം നല്കു്ന്നതിനും Digital Eye Strain കുറക്കുന്നതിനും സഹായകമാണ്. 

നീല പ്രകാശം എന്ന വില്ലന്‍

2014 ലേ ഭൗതീകശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനു അര്‍ഹരായത് നീല പ്രകാശം പരത്തുന്ന എല്‍.ഇ.ഡി. കണ്ടു പിടിച്ച ശാസ്ത്രജ്ഞരാണ്. കൂടുതല്‍ ഊര്‍ജക്ഷമാതയുള്ള എല്‍.ഇ.ഡി. ബള്‍ബുകള്‍ ഇന്നു പ്രചാരത്തിലാകാന്‍ കാരണം ഈ കണ്ടുപിടുത്തമാണ്. ഡിജിറ്റല്‍ സ്കീനുകളിലും പ്രകാശത്തിനായി ഉപയോഗിക്കുന്നത് എല്‍.ഇ.ഡി. പുറപ്പെടുവിക്കുന്ന പ്രകാശം തന്നെയാണ്. എന്നാല്‍ ആരോഗ്യപരമായി അത്ര നല്ലതല്ലാത്ത ഒന്നാണ് ഡിജിറ്റല്‍ സ്കീനുകള്‍ പുറപ്പെടുവിക്കുന്ന ഈ നീല പ്രകാശം. തുടര്‍ച്ചയായി ഈ നീലപ്രകാശമേല്‍ക്കുന്നത് കണ്ണിന്‍റെ റെറ്റിനയെ (retina) ദോഷകരമായി ബാധിക്കമെന്നു പഠനങ്ങള്‍ പറയുന്നു. മാകുലര്‍ ഡീജനറേഷന്‍ (macular degeneration) പോലുള്ള വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ നേരത്തെ തന്നെ ഉണ്ടാകുന്നതിനു ഇത് കാരണമാകാം. തുടര്‍ച്ചയായും, ഇരുട്ടത്തും ഉള്ള മൊബൈല്‍ ഫോണിന്‍റെ ഉപയോഗം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 

നീലപ്രകാശത്തെ കടത്തിവിടാത്ത കണ്ണടകളുടെ (blue filter glasses) ഉപയോഗം വഴി ഒരു പരിധി വരെ ഈ പ്രശനങ്ങളെ പരിഹരിക്കാം . 

ചികിത്സ

സാധാരണയായി സ്ക്രീന്‍ ഉപയോഗം കുറയുന്നതോടെ രോഗലക്ഷണങ്ങള്‍ കുറയുന്നതാണ്. എങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമാെണങ്കിലോ സ്ക്രീന്‍ ഉപയോഗം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണെങ്കിലോ വൈദ്യനിര്‍ദേശപ്രകാരം മാത്രം ചികിത്സ ചെയ്യുക. നേത്ര ധാര, കണ്ണില്‍ ഉപയോഗിക്കുന്ന തുള്ളി മരുന്നുകള്‍, നസ്യം തുടങ്ങിയ ചികിത്സാരീതികള്‍ അവസ്ഥാനുസാരേണ പ്രയോഗിച്ചാല്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായും മാറുന്നതാണ്.


About author

Dr. Muhammed Nissam

MD(Ay) Lecturer Dept. of Salakyatanthra Govt. Ayurveda College, Thripunithura


Scroll to Top