കരള്‍ കൊഴുത്താല്‍- ഫാറ്റി ലിവറിനെ മനസിലാക്കാം 

“കരളേ എന്‍റെ കരളിന്‍റെ കരളേ, എന്നോടൊന്നു ചിരിക്കൂ”. ശ്രീനിവാസനും മീനയും അഭിനയിച്ച് ഹിറ്റ്‌ ആക്കിയ ഈ ഗാനം ഓര്‍മയുണ്ടല്ലോ. നമുക്ക് വളരെ അധികം ഇഷ്ടമുള്ളവരെ “കരളേ” എന്നാണല്ലോ സംബോധന ചെയ്യാറുള്ളത്. ഇതില്‍ നിന്നും കരള്‍ എന്ന അവയവം നമ്മുടെ ശരീരത്തില്‍ എത്ര പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് വ്യക്തമാണ്.

അതെ, ശരീരത്തിന്‍റെ ഒരു “പവര്‍ ഹൌസ്” എന്ന് തന്നെ കരളിനെ വിളിക്കാം. 

  • ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ (metabolism)
  • വിവധതരം പ്രോട്ടീനുകളുടെ നിര്‍മാണം
  • പ്രോട്ടീന്‍, വിറ്റാമിന്‍, ഗ്ലൈക്കൊജന്‍ എന്നിവയുടെ ശേഖരണം
  • രോഗപ്രതിരോധം
  • രക്തത്തില്‍ നിന്നും മാലിന്യങ്ങളും വിഷാംശവും അരിച്ചുമാറ്റല്‍
  • രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ഘടകങ്ങളുടെ നിര്‍മാണം 

തുടങ്ങിയ വളരെയധികം ഉത്തരവാദിത്തങ്ങളാണ് കരളിനുള്ളത്. കരളിനെ ബാധിക്കുന്ന ഏത് രോഗവും ശരീരത്തിന് എത്രമാത്രം ദോഷം ചെയ്യുമെന്ന് ഇതില്‍ നിന്നും മനസിലാക്കാം. 

ഇപ്രകാരം വളരെ ലഘുവായി ഉത്ഭവിച്ച് സാവധാനം പുരോഗമിച്ച് കരളിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുന്ന ഒരു രോഗമാണ് “ഫാറ്റി ലിവര്‍”

ഫാറ്റി ലിവര്‍ എന്ത്? എങ്ങനെ?

കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. കാലക്രമേണ ഗുരുതരമായ കരള്‍ രോഗങ്ങളിലേക്ക് പരിണമിക്കാന്‍ സാധ്യതയുള്ള ഒരു രോഗമാണിത്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഫാറ്റി ലിവര്‍, മറ്റു രോഗങ്ങള്‍ക്ക് വേണ്ടിയുള്ള പരിശോധനകളുടെ ഫലമായാണ് കണ്ടുപിടിക്കപ്പെടുന്നത്. ലക്ഷണങ്ങള്‍ കാണപ്പെടില്ല എന്നതാണ് ഇതിന്‍റെ കാരണം. രോഗം മൂര്‍ഛിച്ച് അടുത്ത ഘട്ടത്തില്‍ എത്തിയ ശേഷമാണ് ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. അതിനാല്‍ പ്രതിരോധ-ചികിത്സാ മാര്‍ഗങ്ങള്‍ തേടേണ്ടത് അനിവാര്യമാണ്. 

ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണുള്ളത്; ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് എന്നിവ.

ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍

പേര് സൂചിപ്പിക്കും പോലെ മദ്യപാനികളില്‍ ഉണ്ടാവുന്ന രോഗമാണിത്. അമിതമായി മദ്യപിക്കുന്നവരില്‍ ഉണ്ടാവുന്ന കരള്‍ രോഗത്തിന്‍റെ (ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ്) ആദ്യ ഘട്ടമാണ് ഫാറ്റി ലിവര്‍. വിവിധതരം മദ്യങ്ങള്‍, അവയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്‍റെ അളവ്, ഉപയോഗിച്ച കാലയളവ് തുടങ്ങിയ ഘടകങ്ങള്‍ അനുസരിച്ച് രോഗത്തിന്‍റെ തീവ്രതയില്‍ മാറ്റമുണ്ടാവാം. 

കുറഞ്ഞ അളവില്‍ ആണെങ്കിലും അധികകാലം മദ്യം ഉപയോഗിക്കുന്ന 47% ആളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാവാറുണ്ട്. ഇതില്‍ തന്നെ 10-20% വരെ ആളുകളിലെ ലക്ഷണങ്ങള്‍ കണ്ടുവരുന്നുള്ളു. അമിതവണ്ണമുള്ള മദ്യപാനികളില്‍ 94% പേരിലും ഈ രോഗം ഉണ്ടാവുന്നു. 

ദിവസവും മദ്യപിക്കുന്നവരില്‍ ആല്‍ക്കഹോളിന്‍റെ അംശം ഒരു ദിവസം 45 മില്ലി എന്ന കണക്കില്‍ ശരീരത്തില്‍ ചെന്നാല്‍ 10 വര്‍ഷം കൊണ്ട് ഫാറ്റി ലിവര്‍ ലക്ഷണങ്ങളോടെ കാണപ്പെടും. 3 ക്യാന്‍ ബിയര്‍ അല്ലെങ്കില്‍ 3 ഗ്ലാസ് വൈന്‍ അല്ലെങ്കില്‍ 3 പെഗ് വിസ്കി/റം/ബ്രാണ്ടി ഇവയില്‍ ഏതെങ്കിലും ഒന്ന് 45 മില്ലി ആല്‍ക്കഹോളിന്‍റെ അംശത്തിനു തുല്യമാണ്.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍

മദ്യം, ചില മരുന്നുകള്‍ എന്നിവ ഉപയോഗിക്കാറില്ലാത്ത ആളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാവാനിടയുണ്ട്. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, അമിത ശരീരവണ്ണം എന്നിവയാണ് ഇതിന്‍റെ പ്രധാന കാരണങ്ങള്‍. ഇവയെക്കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ടോള്‍, 50 വയസിന് മുകളില്‍ പ്രായം എന്നിവ ഉള്ളവരിലും പുകവലി ശീലമുള്ളവരിലും ഈ രോഗം ഉണ്ടാവാറുണ്ട്.

ഇങ്ങനെ രണ്ട് തരത്തിലുള്ള ഫാറ്റി ലിവര്‍ പലകാരണങ്ങളാല്‍ താഴെ പറയുന്ന 4 ഘട്ടങ്ങളിലൂടെ കടന്ന് കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. 

സ്റ്റേജ് 1 : ഫാറ്റി ലിവര്‍ ഡിസീസ്

കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥ. ലക്ഷണങ്ങള്‍ പൊതുവെ കാണപ്പെടാറില്ല. പലപ്പോഴും ഈ ഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്നു.. മദ്യപാനിയായ ഒരാളില്‍ മദ്യം ശരീരത്തെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങി എന്നതിന്‍റെ അപായ സൂചനയാണിത്. മദ്യപാനം നിര്‍ത്തുന്നതിലൂടെ 2 ആഴ്ചകൊണ്ട് ഇതിനെ തടയാം.  

സ്റ്റേജ് 2 : ഹെപ്പറ്റൈറ്റിസ്

ആദ്യ ഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോയ രോഗം അടുത്ത ഘട്ടത്തിലേക്ക് കടന്ന് കരളില്‍ നീര്‍ക്കെട്ട് ഉണ്ടാവുന്നു. കരള്‍ വീക്കം എന്ന് അറിയപ്പെടുന്ന ഈ അവസ്ഥയിലാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. മദ്യപാനം പൂര്‍ണമായി ഉപേക്ഷിക്കുന്നത് ഈ അവസ്ഥയില്‍ അനിവാര്യമാണ്. 

സ്റ്റേജ് 3 : ഫൈബ്രോസിസ്

തുടര്‍ച്ചയായ നീര്‍ക്കെട്ടിന്‍റെ ഫലമായി കരളിലെ കോശങ്ങളില്‍ വടുകൾ വീഴുന്നു. തുടര്‍ന്ന് ഈ കലകള്‍ വര്‍ദ്ധിച്ച് കരളിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് ഒരു കട്ടിയുള്ള വസ്തുപോലെ ആയി മാറുന്നു. 

സ്റ്റേജ് 4 : ലിവര്‍ സിറോസിസ്

തിരിച്ച് വരവ് സാധ്യമല്ലാത്ത വിധം കരളിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥ. കരള്‍ ചുരുങ്ങുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനും ഇത് കാരണമാവാം. 

ലക്ഷണങ്ങള്‍ 

  • ക്ഷീണം
  • ശരീരം മെലിച്ചില്‍
  • വിശപ്പ് കുറവ്
  • കണ്ണിലും ത്വക്കിലും മഞ്ഞ നിറം (മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണം)
  • ഛര്‍ദ്ദി
  • രക്തം കലര്‍ന്ന മലം
  • മനോവിഭ്രമം

രോഗം അതിതീവ്രമായ അവസ്ഥയില്‍ പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍,  അസൈറ്റിസ്, രക്തസ്രാവം, ഇന്‍ഫെക്ഷന്‍, എന്‍സെഫലോപതി തുടങ്ങിയ അത്യന്തം പ്രാണനാശകമായ രോഗങ്ങള്‍ ഉണ്ടാവാം.

ചികിത്സയില്‍ ആയുര്‍വേദത്തിന്‍റെ പ്രാധാന്യം

കരള്‍ സംരക്ഷണത്തിലും കരള്‍രോഗ ചികിത്സയിലും ആയുര്‍വേദത്തിന്‍റെ പങ്ക് വളരെ വലുതാണ്‌. കരള്‍രോഗ ചികിത്സയില്‍ മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ അധികമില്ലാത്ത ചികിത്സാ രീതി അനിവാര്യമാണ്. ഇത് ആയുര്‍വേദം ഉറപ്പ് തരുന്നു. ഫാറ്റി ലിവര്‍ പോലെയുള്ള ആദ്യ ഘട്ടങ്ങളിലും ദീര്‍ഘകാലാനുബന്ധിയായ കരള്‍ രോഗങ്ങളിലും ആയുര്‍വേദ മരുന്നുകളും ചികിത്സാരീതികളും ഫലപ്രദമാണ്.

പിത്ത ദോഷത്തെയും രക്ത ദൂഷ്യത്തെയും ചികിത്സിക്കാന്‍ അവലംബിക്കുന്ന മാര്‍ഗങ്ങളാണ് പൊതുവെ സ്വീകരിക്കുന്നത്. 

കിരിയാത്ത്, ചിറ്റമൃത്, കീഴാര്‍നെല്ലി, നിലവേപ്പ്, തഴുതാമ, കയ്യോന്നി, കറ്റാര്‍വാഴ, കടുരോഹിണി, നെല്ലിക്ക തുടങ്ങി വിവിധതരം മരുന്നുകള്‍ ഒറ്റമൂലിയായും ഔഷധ കല്പങ്ങളായും ഉപയോഗിക്കുന്നു. 

പഞ്ചകര്‍മ ചികിത്സയില്‍ വിരേചനം ആണ് കരള്‍ രോഗങ്ങളില്‍ കൂടുതലായി പ്രയോഗിച്ച് വരുന്നത്. രോഗശമനത്തിനും രോഗതീവ്രത കുറയ്ക്കുന്നതിനും കരള്‍ സംരക്ഷണത്തിനും രസായന പ്രയോഗങ്ങളും ഉത്തമമാണ്.

ഫാറ്റി ലിവറിന്‍റെ ചികിത്സയില്‍ മരുന്നുകളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആഹാരരീതികളും ജീവിതശൈലിയുമാണ്‌. ഇവ രണ്ടും ചിട്ടയായി പാലിക്കുന്നത് വളരെ ഫലപ്രദമാണ്. 

ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍:

  • മദ്യപാനം ഉപേക്ഷിക്കുക (അമിത മദ്യപാനം ശീലമുള്ളവരില്‍ ഘട്ടം ഘട്ടമായി ഉപയോഗം കുറച്ച് വരാം. മദ്യം ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള മാനസിക സംഘര്‍ഷങ്ങള്‍ക്ക് കൌണ്‍സിലിംഗ് പോലുള്ള മാര്‍ഗങ്ങള്‍ തേടണം) 
  • ശരീരവണ്ണം കുറയ്ക്കുക
  • ബി.പി., പ്രമേഹം എന്നിവ നിയന്ത്രണവിധേയമാക്കുക
  • വ്യായാമം ശീലമാക്കുക

ശീലിക്കേണ്ട ആഹാരങ്ങള്‍ :

  • പച്ചക്കറികള്‍
  • ബീറ്റ്റൂട്ട്, കാരറ്റ്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍
  • ഇലക്കറികള്‍
  • ബദാം, വാള്‍നട്ട്, പിസ്ത
  • മുട്ട, കടല്‍ മത്സ്യങ്ങള്‍
  • ഓട്ട്സ്, ഗോതമ്പ്, റാഗി
  • നാരിന്‍റെ അംശമുള്ള ആഹാരങ്ങള്‍
  • ഗ്രീന്‍ ടീ, കാപ്പി

ഒഴിവാക്കേണ്ട ആഹാരങ്ങള്‍ :

  • കൊഴുപ്പിന്‍റെ അംശം അധികമായവ
  • മാംസത്തിന്‍റെ അമിത ഉപയോഗം
  • എണ്ണയില്‍ പൊരിച്ചെടുത്തവ
  • ബേക്കറി പലഹാരങ്ങള്‍
  • ചീസ്, ഡാല്‍ഡാ
  • മസാല, ഉപ്പ് എന്നിവ അമിതമായി അടങ്ങിയവ


രോഗത്തിന്‍റെ തീവ്രത മനസിലാക്കി ആവശ്യമായ ചികിത്സാരീതി സ്വീകരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ വൈദ്യസഹായം തേടണം.




About author

Dr. Yadu Gopan

BAMS, MD (Ay) Assistant professor, Department of Kayachikitsa, SGES’s Dr. N. A. Magadum Ayurvedic Medical College, Hospital and Research Centre, Ankali, Belagavi, Karnataka vp.yadugopan@gmail.com


Scroll to Top