Simple Ayurveda Procedures

First Aid for sore throat, mild cough and cold


FIRST-AID- ജലദോഷത്തിനും ചുമയ്ക്കും തൊണ്ടവേദനയ്ക്കും

ദൈന്യംദിന ജീവിതത്തിലെ പല ശാരീരിക അസ്വസ്ഥതകൾക്കും ആശ്വാസം കണ്ടെത്താനുള്ള മരുന്ന്, നമുക്കു ചുറ്റിലും സജീവമാണ്. അത്തരത്തിൽ ഭേദപ്പെടുത്താവുന്ന അസുഖങ്ങളിൽ ഒന്നാണ് ചുമയും തൊണ്ട വേദനയും. വൈറസ്, ബാക്ടീരിയ, അലർജി, ജലദോഷം, പ്രതിരോധശേഷിയുടെ കുറവ്, സൈനസ് അണുബാധ തുടങ്ങിയ നിദാനങ്ങളെ കൊണ്ടാണ് ചുമയും തൊണ്ട വേദനയും കണ്ട് വരുന്നത്. എന്നാൽ  ഇതിന്‍റെ പ്രകടമാകുന്ന ആദ്യദിനങ്ങളിൽ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ നമുക്ക് തന്നെ ഈ അസ്വസ്ഥതയെ ഭേദപ്പെടുത്തിയെടുക്കാനാകും.

ചുമക്കും തൊണ്ട വേദനക്കുമുള്ള പ്രാഥമിക  ചികിത്സാരീതിയിലേക്ക് സഹായകമാകുന്ന ചില പ്രതിവിധികൾ താഴെ വിശദീകരിക്കുന്നു.

പൊതിന (Mint)

കഫത്തെ ശമിപ്പിച്ച് തൊണ്ട വേദനയെ ഭേദമാക്കാൻ സഹായിക്കുന്ന Menthol അടങ്ങിയിരിക്കുന്ന പൊതിനയില, വളരെ നല്ലൊരു ഔഷധമാണ്. ചായയോടൊപ്പം ചേർത്ത് കുടിക്കുകയോ ചൂടുവെള്ളത്തിൽ Pepper Mint ഓയിൽ നാലുതുള്ളി ചേർത്ത് ആവികൊള്ളുകയോ ചെയ്യുക.

തേൻ (Honey)

പ്രകൃതിദത്തമായ പ്രതിരോധ സഹായകമായ  Dextromethorphan തേനിൽ അടങ്ങിയിരിക്കുന്നു. അത്കൊണ്ട് തേൻ, ചുമക്കും തൊണ്ട വേദനക്കും ആശ്വാസം നൽകുന്നു.

ചായയോടൊപ്പം ചേർത്ത് കുടിക്കുകയോ  അല്ലെങ്കിൽ ഒരു കപ്പ് ഇളംചൂടുവെള്ളത്തിൽ ഒരു സ്പൂൺ ചെറുനാരങ്ങാ നീരിനോടൊപ്പം ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക.

മഞ്ഞൾ (Turmeric)

ബാക്ടീരിയയെയും വൈറസിനേയും പ്രതിരോധിക്കാൻ കഴിവുള്ള Curcumin അടങ്ങിയിരിക്കുന്ന മഞ്ഞൾ, ഫലപ്രദമായ ഔഷധമാണ്. കഫത്തെ ശമിപ്പിക്കുകയും ആസ്ത്മയുടെ ലക്ഷണങ്ങളെ ഭേദപ്പെടുത്താനും സഹായിക്കുന്നു.

പാലിൽ ചേർത്തോ നേരിട്ടോ കഴിക്കാവുന്നതാണ്.

ഇഞ്ചി (Ginger)

ഇഞ്ചിയിലടങ്ങിയിരിക്കുന്ന Gingerol തൊണ്ടയിലെ ഇൻഫെക്ഷനെ ഭേദപ്പെടുത്തുകയും ശ്വസനനാളത്തിലെ അസ്വസ്ഥതയെ ആശ്വാസപ്പെടുത്തി ചുമയെ ശമിപ്പിക്കുകയും ചെയ്യുന്നു. ചായയോടൊപ്പം ചേർത്ത് കുടിക്കാവുന്നതാണ്.

ഉപ്പുവെള്ളം (Salt Water)

തൊണ്ടയിലെ അസ്വസ്ഥതയും നീർക്കെട്ടും മാറ്റിയെടുക്കാൻ ഉപ്പ് വെള്ളം സഹായകമാണ്.

എട്ട് ഔൺസ് ഇളം ചൂട് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത് തൊണ്ടയിൽ കൊള്ളുക.

ആവി (Steam)

വരണ്ട ശ്വസന നാളങ്ങളെ മാറ്റിയെടുത്തു ചുമക്കും തൊണ്ടവേദനക്കും ഏറെ ആശ്വാസം നൽകുന്നു. യാതൊന്നും ചേർക്കാതെ തന്നെ ആവി കൊള്ളുന്നതും ഗുണകരമാണ്. തിളച്ച വെള്ളത്തിലെ ആവി പൂർണ്ണമായും കൊള്ളത്തക്കവിധം ശ്വാസോച്ഛാസം നടത്തുക.

മുൻകരുതൽ

അസുഖ ബാധിതരോട് അകലം പാലിക്കുക. കൂടുതല്‍‍ വെള്ളം കുടിക്കുക. കൈകൾ വൃത്തിയായി സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. 

കാലാവസ്ഥ വ്യതിയാനം, തണുത്ത ഭക്ഷണപദാർത്ഥങ്ങളുടെ തുടർച്ചയായ ഉപയോഗം തുടങ്ങിയ സാഹചര്യത്തിലൂടെ പലർക്കും പലവട്ടം വന്നേക്കാവുന്ന ചുമ-തൊണ്ട വേദനക്ക് പ്രാഥമിക  ചികിത്സാരീതി അനുയോജ്യമാണെങ്കിലും വിട്ടുമാറാത്ത ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, നെഞ്ച് വേദന, രക്തത്തോടെയുള്ള ചുമ, കഫത്തിന്‍റെ നിറവിത്യാസം തുടങ്ങിയവ അനുഭവപ്പെട്ടാൽ വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.


About author

Dr. Shamla Cheriyath

lnsurance Medical Officer Dubai Health Authority., dr.shamlaniz1@gmail.com


Scroll to Top