ആഹാരം ആരോഗ്യത്തിന് 

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മനുഷ്യനാണ് ആയുർവേദ സങ്കല്പത്തിലുള്ളത്. പ്രകൃതിയിൽ നിന്ന് ഉണ്ടാകുന്ന ഭക്ഷണം യഥാവിധി ഉപയോഗപ്പെടുത്തുന്നത് ആരോഗ്യത്തിലേക്കും മറിച്ചായാൽ അനാരോഗ്യത്തിലേക്കും നമ്മെ നയിക്കുന്നു. എല്ലാ ജീവികളുടെയും പ്രാണൻ അന്നപാനം ആകുന്നു. അതുകൊണ്ടുതന്നെയാണ് ഉപനിഷത്തിൽ ബ്രഹ്മമായി കല്പിച്ചിട്ടുള്ള അന്നത്തെ (ആഹാരത്തെ) മഹാഭേഷജം (മഹത്തായ ഔഷധം) എന്ന് കശൃപാചാര്യൻ പറഞ്ഞിരിക്കുന്നത്. തൂണുകളാൽ വീട് എന്ന പോലെ നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന ത്രയോപസ്തംഭങ്ങളിൽ (മൂന്ന് താങ്ങുകള്‍) ഒന്നാണ് ആഹാരം.

ആഹാരത്തിൻ്റെ സ്വാദ് നമ്മുടെ വിശപ്പ് ആണെന്ന് പഴമക്കാർ പറയാറുണ്ടല്ലോ. വിശക്കുന്നവന് മറ്റൊരു ഇന്ദ്രിയവും പ്രവർത്തിക്കുന്നില്ല. അവൻ്റെ വിശപ്പാണ് അവൻ്റെ രസനേന്ദ്രിയത്തെ (നാവ്) പ്രീതിപ്പെടുത്തുന്നത്. 

എന്നാൽ ഇന്ന് നാം ഓരോരുത്തരും എങ്ങനെയാണ് ഭക്ഷണത്തെ സമീപിക്കുന്നത്? കണ്ണിനും നാവിനും നല്ലത് എന്ന് തോന്നുന്ന ആഹാരങ്ങള്‍ നമ്മുടെ ആരോഗ്യത്തിനും കൂടി ഗുണകരമാണോ എന്ന് നാം ചിന്തിക്കാറുണ്ടോ? ആഹാരത്തിൻ്റെ കാഴ്ചയിലും ഗന്ധത്തിലും രുചിയിലുമുള്ള ആകർഷണീയതയിൽ മയങ്ങിയാണ് മിക്കപ്പോഴും ആഹാരവസ്തുക്കൾ തിരഞ്ഞെടുക്കുന്നത്. കുട്ടികളിലും യുവാക്കളിലും ഈ പ്രവണത ഒരു പരിധിവരെ കൂടുതലാണെന്നു പറയാം. 

കഴിക്കുന്ന ആഹാരം ആരോഗ്യ സമ്പുഷ്ടമാവണമെങ്കിൽ എന്ത് എപ്പോൾ എങ്ങനെ എവിടെവെച്ച് ഏതുരീതിയിൽ കഴിക്കണമെന്ന് കൂടി ശ്രദ്ധിക്കേണ്ടതായി ആയുർവേദം നിഷ്കർഷിക്കുന്നു. കഴിക്കുന്നതിനു മുന്‍പായി ചില കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു മനസ്സിലാക്കി തിട്ടപ്പെടുത്തി വേണം ആഹാരത്തെ തിരഞ്ഞെടുക്കാൻ എന്നാണു ആയുർവേദം പറയുന്നത്. അവ ഏതെല്ലാം എന്ന് നോക്കാം..

ആഹാരം തിരഞ്ഞെടുക്കുന്നതിന് മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

 • സ്വഭാവം (ഗുണത്തെ അർത്ഥം ആക്കിയാണ് പറയുന്നത്; ഉദാഹരണമായി ലഘു ഗുണത്തോട് കൂടിയ ചെന്നെല്ലരി, ചെറുപയർ മുതലായവ എളുപ്പം ദഹിക്കുന്നതും, ഗുരു ഗുണത്തോട് കൂടിയ പാൽ, ഉഴുന്ന് എന്നിവ താരതമ്യേന ദഹിക്കാൻ പ്രയാസമുള്ളതുമാണ്)
 • സംയോഗം (വ്യത്യസ്ത സ്വഭാവമുള്ള രണ്ടോ അതിലധികമോ വസ്തുക്കള്‍  കൂട്ടിച്ചേർക്കുന്നത്)
 • സംസ്കാരം (വെള്ളത്തിൽ കുതിർക്കുക, തീയിൽ ചുടുക തുടങ്ങി ഭക്ഷണം പാകം ചെയ്യുന്ന രീതിയെ സൂചിപ്പിക്കുന്നു) 
 • മാത്ര (കഴിക്കുന്നതിൻ്റെ അളവ്) 
 • ദേശം (ഉപയോഗിക്കുന്ന വ്യക്തിയുടെ ജനനം, വാസം മുതലായവ പരിഗണിച്ചു കൊണ്ടുള്ള പ്രാദേശികമായ ആഹാരം)
 • കാലം (ഋതുക്കളെയും രോഗത്തിൻ്റെയും അവസ്ഥകൾ അനുസരിച്ച്)
 • ഉപയോഗ വ്യവസ്ഥ (ആഹാരം ഉപയോഗിക്കുന്ന നിയമം) 

ആത്മനിയന്ത്രണത്തോടെ ആരോഗ്യത്തെയും അനാരോഗ്യത്തെയും  കണ്ടുകൊണ്ട് ആഹാരത്തിൻ്റെ ഈ ഏഴ് 'ആഹാര വിധി വിശേഷ ആയതനങ്ങളെ' (ആയതനം = രോഗഹേതു) അറിഞ്ഞ് കൊണ്ടായിരിക്കണം നാം കഴിക്കുന്ന ആഹാരം ആരോഗ്യപ്രദമാണോ അല്ലയോ എന്ന് നിജപ്പെടുത്താൻ. ഇതനുസരിച്ചുള്ള  ആഹാരം ദോഷങ്ങൾ വർദ്ധിക്കാതെ വർണ്ണ പ്രസാദം, സൗന്ദര്യം, ജീവൻ അഥവാ ആയുസ്സ്, പ്രതിഭ, സുഖം, സന്തോഷം, പുഷ്ടി, മേധ, നിലനിൽപ്പ്, രോഗപ്രതിരോധശക്തി എന്നിവയെ പോഷിപ്പിക്കുന്നു.

എന്താണ് നാം കഴിക്കേണ്ടത്?

നിത്യവും ശീലമാക്കേണ്ട ആഹാരങ്ങൾ 'നിത്യസേവനീയ' ആഹാരങ്ങൾ എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുന്ന അന്നജം, കൊഴുപ്പ് മുതലായവ, വളർച്ചയ്ക്ക് സഹായിക്കുന്ന മാംസ്യം, സംരക്ഷണത്തിന് സഹായിക്കുന്ന ജീവകങ്ങൾ, ലവണങ്ങൾ, ജലം എന്നിവയെല്ലാം അടങ്ങുന്ന സമീകൃത ആഹാരമാണ് അത്.

നിത്യ സേവനീയ ആഹാരങ്ങൾ 

 • ഞവര അരി, ഗോതമ്പ്, ശർക്കര, ബാലമൂലകം (അധികം മൂപ്പ് എത്താത്ത മുള്ളങ്കി?), തേൻ - ഇതിൽ നിന്നെല്ലാം അന്നജം ലഭിക്കുന്നു 
 • ചെറുപയർ, യവം (ബാര്‍ളി) - ആവശ്യമായ മാംസ്യം ലഭിക്കുന്നു 
 • നെയ്യിൽ നിന്ന് വേണ്ട കൊഴുപ്പ് ലഭിക്കുന്നു 
 • ജാംഗല മാംസത്തിൽ നിന്ന് കൊഴുപ്പും മാംസ്യവും  (ജാംഗലം എന്ന് ആയുര്‍വേദത്തില്‍ ഉദ്ദേശിക്കുന്നത് വരണ്ട കാട്ടുപ്രദേശങ്ങളാണ്- Jungle.  ഇവിടെ ഉള്ള മൃഗമാംസം ഉറച്ചതും കൊഴുപ്പ് കുറവുള്ളതും ദഹിക്കാന്‍ എളുപ്പം ഉള്ളതുമാണ്)
 • ലവണത്തിനായി ഇന്ദുപ്പ് 
 • വിവിധ ജീവകങ്ങൾ ലഭിക്കാനായി നെല്ലിക്ക, ഉറുമാമ്പഴം, മുന്തിരി, പടവലം, വാസ്തുക ചീര, അടപതിയൻ
 • കാൽസ്യത്തിനു വേണ്ടി പാൽ

മധുരം, പുളി, ഉപ്പ്, കയ്പ്പ്, എരിവ്, ചവർപ്പ് എന്നീ ആറ് രസങ്ങളോടും കൂടിയതായിരിക്കണം നാം കഴിക്കുന്ന ഒരു ദിവസത്തെ ആഹാരം എന്ന് ആയുർവേദത്തിൽ നിഷ്കര്‍ഷയുണ്ട് .

ഏതെങ്കിലും ആഹാരം നിത്യോപയോഗം കൊണ്ട് ഒരു വ്യക്തിക്ക് സാത്മ്യം ആയത് (ഇഷ്ടപ്പെടുന്നത്) ആണെങ്കിൽ കൂടി അഹിതമാണെങ്കിൽ ശീലിക്കരുത്.  കാരണം ഹിതമായ ആഹാരം ധാതുക്കളെ (ശരീരത്തെ നിലനിർത്തുന്ന രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം മുതലായവ) പോഷിപ്പിക്കുകയും മറിച്ചാണെങ്കിൽ ധാതുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. 

വിരുദ്ധാഹാരം

മുൻപ് സൂചിപ്പിച്ച ആഹാരവിധി വിശേഷായതനങ്ങൾ മറന്നുകൊണ്ട് അവനവൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം മനുഷ്യൻ ആഹാരശീലങ്ങൾ വാർത്തെടുത്തപ്പോൾ വിരുദ്ധാഹാരം എന്നുള്ളത് അറിഞ്ഞോ  അറിയാതെയോ  ജീവിതത്തിൻ്റെ ഭാഗമായി. 

ഒന്നിച്ചുചേർത്ത് ഒരേ സമയം കഴിക്കാൻ പാടില്ലാത്തവ ആണ് വിരുദ്ധാഹാരങ്ങൾ. ഇവ ഒരേ സമയത്ത് ആമാശയത്തിൽ എത്തിച്ചേരുന്നത് ശരീരത്തിന് ദോഷമാണ്. മത്സ്യമോ പഴങ്ങളോ  ഒന്നും തന്നെ പാലിന് ഒപ്പം കഴിക്കരുത് (ഫലൂദ പോലുള്ളവ). തൈരും കോഴിയിറച്ചിയും ചേരില്ല. മോര് വാഴപ്പഴത്തിന് ഒപ്പം വേണ്ട. നെയ്യും തേനും സമം ചേർത്ത് കഴിക്കരുത്. ആധുനികർ പറയുന്ന ക്രോണിക് പോയ്സണിങ്ങിനു സമാനമായി വിരുദ്ധാഹാരത്തെ മനസ്സിലാക്കാം. കാലാന്തരത്തിൽ ശരീരത്തിലെ എല്ലാ വ്യവസ്ഥകളേയും ബാധിച്ച്‌ ഒട്ടനവധി ആരോഗ്യപ്രശനങ്ങളിലേക്കു അത് നയിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

ഭക്ഷണത്തിൻ്റെ ദുരുപയോഗം പ്രധാനമായും മൂന്നു തരത്തിലാണ്. മായം ചേർക്കൽ, മലിനീകരണം, ഭക്ഷ്യവിഷബാധ എന്നിങ്ങനെയാണവ. ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രിസർവേറ്റീവ്സ്, കളർ, ഗുണനിലവാരം കുറഞ്ഞ മറ്റ് വസ്തുക്കൾ, ഉപയോഗയോഗ്യമല്ലാത്ത പച്ചക്കറികൾ, മാംസങ്ങൾ; വിനാശകരമായതോ വിഷ സമാനമായതോ ആയ വസ്തുക്കൾ ചേർക്കുക എന്നിവയെല്ലാം ഇതിൻ്റെ ഭാഗമാണെന്ന് നാം അറിയാതിരുന്നുകൂടാ. 

രോഗാതുരമല്ലാത്ത ഒരു സമൂഹത്തെ നാം സ്വപ്നം കാണുമ്പോൾ തീർച്ചയായും ഗുണാധിഷ്ഠിതമായ ആഹാരശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതാണ്. മുമ്പ് പോഷകാഹാരക്കുറവ് കൊണ്ടാണ് രോഗങ്ങൾ ഉണ്ടായിട്ടുള്ളത് എങ്കിൽ ഇന്ന് രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത് പോഷകക്കൂടുതൽ കൊണ്ടാണ്. ഭക്ഷണരീതിയിലെ ക്രമക്കേടുകളാണ് ആണ് മിക്കവാറും ജീവിതശൈലി രോഗങ്ങൾക്ക് ഒരു പരിധിവരെ കാരണമാകുന്നത്. ജീവിതശൈലി രോഗങ്ങൾ തടുത്തു നിർത്തുന്നതിൽ മരുന്നായി മാറുന്നത് നല്ല ആഹാരവും ഒപ്പം ശീലിക്കുന്ന വിഹാരങ്ങളും ആണ് എന്ന കാര്യത്തിൽ തർക്കമില്ല. ഇത് കാലഘട്ടത്തിൻ്റെ അനിവാര്യതയായി മാറേണ്ടത് അത്യന്താപേക്ഷിതമാണ്. 


About author

Dr. Daya C.

MD (Swasthavritta & Yoga) Yoga Specialist "Spandanam Project" AC Shanmughadas Memorial Ayurvedic Child and Adolescent Care Center Purakkattiri Kozhikkode dayac86@gmail.com


Scroll to Top