Fundamentals of Ayurveda

Are we Forgetting the Fundamentals of Ayurveda?

ആയുർവേദ ശാസ്ത്രതത്ത്വങ്ങൾ നാം അറിയാതെ മണ്മറയുകയാണോ?

ആയുർവേദ ശാസ്ത്രത്തേക്കുറിച്ചു ലോകം മുഴുവൻ ചർച്ചചെയ്യുന്ന ഈ സമയത്തു ഇങ്ങനെ ഒരു ചോദ്യത്തിന്‍റെ പ്രസക്തി എന്തെന്നു പലരും കരുതുന്നുണ്ടാകും. എന്നാൽ എന്താണ് ഈ ചോദ്യം വരാൻ കാരണം എന്നത് ഒന്നു പരിശോധിച്ചു നോക്കാം.

ആയുർവ്വേദം ഒരു ശാസ്ത്രമാണ് എന്ന കാര്യത്തിൽ ആർക്കും തന്നെ യാതൊരു തർക്കവും വരാൻ ഇടയില്ല. കാരണം അത്രയും ആധികാരികമായ വിവരങ്ങൾ തന്നെയാണ് ആയുർവേദ സംഹിതകളിൽ പറഞ്ഞിരിക്കുന്നതും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇത്രയും നാൾ ആ രീതികൾ നമ്മൾ തുടർന്നുകൊണ്ടുപോന്നതും, അതിൽ നിന്നും വളരെ നല്ല ഫലങ്ങൾ  ലഭിക്കുന്നതും, ഇപ്പോഴും ശാശ്വതമായി ആയുർവേദ ശാസ്ത്രം നിലനിൽക്കുന്നതും. എന്നാൽ ഈ കാലഘട്ടത്തിൽ ആയുർവേദത്തിന്റേതായ ആശയങ്ങൾ അറിയാതെ തന്നെ നമ്മളിൽ നിന്നു വിട്ടുപോകുന്നോ? വേറെഎന്തോക്കെയോ തെളിയിക്കാനുള്ള തത്രപ്പാടിലാണോ നാം? എന്നൊക്കെ ഇടയ്ക്കു സംശയം വരുന്നു. അതിനാൽ തന്നെ ഈ ലേഖനം ഒരു ഓർമപ്പെടുത്തൽ മാത്രമാണ്. വളർന്നുവരുന്ന പുതുതലമുറയ്ക്കുള്ള ഒരു കുറിപ്പ് മാത്രം.

ആയുർവേദശാസ്ത്ര തത്ത്വങ്ങൾ അല്ലാതെ ആയുർവേദ ഔഷധങ്ങൾ ലോകമെമ്പാടും ഒരേ രീതിയിൽ പിന്തുടരാൻ അത്ര എളുപ്പമല്ല. കാരണം അതു ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന വാദം കൊണ്ടല്ല, മറിച്ച് ആയുർവേദം പിന്തുടരുന്ന യുക്‌തി എന്ന വസ്തുതയാണ് ഇതിനു പിന്നിൽ. ഏതൊരു ഭാരതീയ ശാസ്ത്രത്തിന്‍റെയും പ്രത്യേകതയാണ്‌ അതു പിന്തുടരുന്ന വ്യക്തിയുടെ സ്വാതന്ത്ര്യം ആ ശാസ്ത്രം  ഉറപ്പാക്കുന്നു എന്നത്. ശാസ്ത്രത്തിൽ നിർദ്ദേശിച്ചിട്ടുള്ള ചികിത്സാ തത്ത്വങ്ങൾ പിന്തുടരുകയും എന്നാൽ ഒരു വൈദ്യന് തന്‍റെ യുക്തിയും കഴിവും ഉപയോഗിച്ച് ഓരോ രോഗിക്കും രോഗാവസ്ഥക്കും ദേശത്തിനും കാലത്തിനും അനുസരിച്ചു ചില മാറ്റങ്ങൾ അനുയോജ്യമാംവിധം വരുത്താനാകും. ഇത്തരം ആശയം ഭാരതീയ ശാസ്ത്രങ്ങളുടെ മാത്രം പ്രത്യേകതയാണ്. ഈ അവസരത്തെ നാം നല്ലരീതിയിലാണ് ഉപയോഗപ്പെടുത്തേണ്ടത്. അതിൽ മാറ്റങ്ങൾ വരുത്തി ഏവർക്കും ഒരേ ചികിത്സാരീതികളും ഔഷധവും എന്നതു സ്വീകരിക്കുമ്പോൾ അത് ഈ ശാസ്ത്രപുരോഗതിക്ക് മങ്ങൽ ഏല്പിക്കുകയേ ഉള്ളു .

ആയുർവേദ വൈദ്യന്മാർ അഭിമുഖികരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം സാധാരണ ജനങ്ങളിലേക്ക് നമ്മുടെ ശാസ്ത്ര തത്ത്വങ്ങൾ എത്തിക്കാൻ പറ്റുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ ജനങ്ങൾ ആയുർവേദത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുമ്പോൾ നമുക്ക് അവർക്ക് പരിചിതമായ മറ്റു ശാസ്ത്രങ്ങളുടെ സഹായം തേടേണ്ട അവസ്ഥ വരികയാണ്. പക്ഷെ നമ്മൾ ചിന്തിക്കേണ്ട ഒരു വസ്തുത എന്തെന്നാൽ ഓരോ ശാസ്ത്രത്തിനും ആ ശാസ്ത്രത്തിന്റേതായ അടിസ്ഥാന സിദ്ധാന്തങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ അതെല്ലാം തികച്ചും വ്യത്യാസം ഉള്ളതുമായിരിക്കും. അങ്ങിനെയെങ്കിൽ ഒരു ശാസ്ത്രത്തിന്‍റെ സിദ്ധാന്തങ്ങൾ വച്ചു മറ്റൊരു ശാസ്ത്രം അടിസ്ഥാനപരമാണോ എന്ന് എങ്ങിനെ തെളിയിക്കാൻ പറ്റും? അങ്ങിനെ തെളിയിച്ചാൽ തന്നെ അതു ഏതു ശാസ്ത്രത്തിന്റെ വളർച്ചയ്ക്കയാണ് ഉപകരിക്കുക ?

ആയുർവ്വേദം ജനകീയമായി വരണമെങ്കിൽ ഇതിനുള്ള ഒരേയൊരു പോംവഴി ചികിത്സാ രീതികൾ നമ്മുടെ ശാസ്ത്ര തത്ത്വങ്ങൾ വച്ചു തന്നെ വിവരിച്ചു ഡോക്യുമെന്റ് ചെയ്യുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുക എന്നതാണ്. അങ്ങിനെ മാത്രമേ ഈ ചികിത്സാ രീതികൾ സമൂഹത്തിലേക്ക് എത്തുകയുള്ളൂ. സമൂഹത്തിനു വേണ്ടതു രോഗമുക്തിയാണ്. അത് ഏതു ചികിത്സാരീതിയിൽ നിന്നും നന്നായി കിട്ടുന്നുവോ ആ ചികിത്സയിലേക്ക് അവരുടെ ശ്രദ്ധ താനെ എത്തും. അതിൽനിന്നു മാത്രമേ ഇപ്പോൾ അവർ തന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി  കിട്ടുകയുള്ളു. അതുകൊണ്ട്  ആധുനിക ശാസ്ത്രത്തിന്‍റെ  രീതിയിൽ നമ്മുടെ മരുന്നുകളുടെ പഠനങ്ങൾ നടക്കട്ടെ. പക്ഷെ അതോടൊപ്പം തന്നെ ശാസ്ത്രത്തിന്‍റെ തനതായ വളർച്ചക്ക്, അടിസ്ഥാന തത്ത്വങ്ങൾ ശരിയാണെന്നു തെളിയിക്കാൻ നാം ആയുർവേദത്തിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങൾ വച്ചു തന്നെ പഠനങ്ങൾ നടത്തേണ്ടത് ആയുർവേദത്തിന്‍റെ നിലനിൽപിന് അത്യാവശ്യമാണ്. നമ്മൾ കെമിക്കൽ ആക്ഷന്‍റെയും, ഡ്രഗ് മെറ്റാബോളിസത്തിന്‍റെയും ആധികാരികതയുടെ പുറകെ പോകുമ്പോൾ നമ്മുടെ സ്വന്തം വാത -പിത്ത -കഫങ്ങൾ ഇവിടെ ഞങ്ങൾക്ക് നിൽക്കാൻ സ്ഥാനമില്ലെന്നു പറഞ്ഞു  നിരാശരായി പോകുന്ന ആശങ്കാ ജനകമായ  ചിത്രമാണ് ആയുർവേദത്തിന്‍റെ സുവർണ ഭാവി സ്വപ്നം കാണുന്ന പല വൈദ്യന്മാരുടെയും  ഉള്ളിലേക്കു വരുന്നത്. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള ഒരു ഗവേഷണത്തിലേക്കു കൂടി നമ്മുടെ എല്ലാവരുടെയും ശ്രദ്ധ എത്തണം എന്നതും ഭാവിയിൽ നമ്മുടെ ചികിത്സാരീതിയെയും ഫലങ്ങളെയും ആസ്പദമാക്കി മറ്റു ഗവേഷണങ്ങൾ  നടക്കുന്ന അവസ്ഥയിലേക്ക് ആയുർവേദചികിത്സാ രീതിയെ ഉയർത്തിക്കൊണ്ടുവരാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം എന്ന നിർദേശമാണ് ഈ ലേഖനത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.


About author

Dr. Sharika Vipin

CRAV scholar under Dr. Ravishankar Pervaje Sushruta Ayurveda Hospital Puttur, D.K , sharikavipin@gmail.com


Scroll to Top