Lifestyle

Getting Hold of Hypertension


മേയ് 17 – World Hypertension Day

ഹൈപ്പര്‍ടെന്‍ഷനെ മനസ്സിലാക്കാം 

നമ്മുടെ ദൈനംദിന സംഭാഷണങ്ങളില്‍ പലപ്പോഴും കടന്നു വരുന്ന ഒരു വാക്കാണ്‌ ബി.പി. 

“നിനക്ക് ബി.പി. ഉണ്ടോ? ”

“ഉപ്പ് അധികം കൂട്ടേണ്ട, ബി.പി. വരും”

ഇങ്ങനെ ചിലത് ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കേള്‍ക്കുകയോ പറയുകയോ ചെയ്തിട്ടുണ്ടാവും നമ്മള്‍ ഓരോരുത്തരും.

ബി.പി. എന്നാല്‍ ബ്ലഡ് പ്രഷര്‍ അഥവാ രക്തസമ്മര്‍ദം. അത് ഇല്ലാത്തവര്‍ ആയി ആരുമില്ല . കാരണം രക്തം ഉള്ളവര്‍ക്കെല്ലാം രക്തസമ്മര്‍ദവും ഉണ്ടാവും. പിന്നെ എപ്പോളാണ് ഇവന്‍ ഒരു വില്ലന്‍ ആവുന്നത്?

സിസ്ടോലിക് ബി.പി. 140 അല്ലെങ്കില്‍ അതിലധികം, ഡയസ്ടോളിക് ബി.പി. 90 അല്ലെങ്കില്‍ അതിലധികം; ഇതില്‍ ഏതെങ്കിലും ഒന്നോ അഥവാ രണ്ടും ഉള്ള അവസ്ഥയാണ് ഹൈപ്പര്‍ടെന്‍ഷന്‍ (ഉയര്‍ന്ന രക്തസമ്മര്‍ദം). ബി.പി. എന്ന് നാടന്‍ ശൈലി.

കാരണങ്ങള്‍

ഒരു ജീവിതശൈലി രോഗമാണ് ഹൈപ്പര്‍ടെന്‍ഷന്‍. അതായത് നമ്മുടെ തെറ്റായ ജീവിതശൈലികള്‍ ശരീരത്തെ മോശമായ രീതിയില്‍ ബാധിച്ചു കൊണ്ട് ശരീരത്തിൻ്റെ സ്വാഭാവിക കർമ്മങ്ങൾക്ക് വിഘാതം സംഭവിച്ചു രോഗം ഉടലെടുക്കുന്ന അവസ്ഥ. അതിനാല്‍ തന്നെ ചികിത്സയില്‍ ആദ്യം തന്നെ നിഷ്കര്‍ഷിക്കുന്നത് ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ്.

രണ്ടുതരം ഹൈപ്പര്‍ടെന്‍ഷന്‍ ആണ് ഉള്ളത്.

പ്രൈമറി – അവ്യക്തമായ കാരണങ്ങള്‍ കൊണ്ട്  ഉണ്ടാവുന്നത്.

സെക്കണ്ടറി – വൃക്ക,തൈറോയിഡ്, അഡ്രീനല്‍ തുടങ്ങിയ അവയവങ്ങളുമായി  ബന്ധപ്പെട്ട രോഗങ്ങള്‍ മൂലം ഉണ്ടാവുന്നതോ, ചില മരുന്നുകളുടെ പാര്‍ശ്വഫലമായി ഉണ്ടാവുന്നതോ ആയത്.

ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിക്കുന്ന കാരണങ്ങളെ രണ്ടായി തിരിക്കാം;

 1. മാറ്റം വരുത്താന്‍ സാധിക്കുന്നവ (Modifiable risk factors)

  • ഭക്ഷണരീതി : ഉപ്പ്‌, കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം 
  • അലസമായ  ജീവിതചര്യകള്‍ 
  • വ്യായാമം  ചെയ്യാതിരിക്കുന്നത്
  • അമിത മദ്യപാനം
  • പുകവലി, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗം 
  • അമിത ശരീരവണ്ണം
 1. മാറ്റം വരുത്താന്‍ സാധിക്കാത്തവ (Non Modifiable risk factors)
 • പാരമ്പര്യമായി ഉള്ള ഹൈപ്പര്‍ടെന്‍ഷന്‍
 • 65 വയസിന് മുകളില്‍ പ്രായം
 • പ്രമേഹം, വൃക്ക രോഗങ്ങള്‍

ഹൈപ്പര്‍ടെന്‍ഷന്‍റെ അപകടങ്ങള്‍

“നിശബ്ദ കൊലയാളി” എന്നാണ് ഹൈപ്പര്‍ടെന്‍ഷനെ വിശേഷിപ്പിക്കാറ്. ഭൂരിഭാഗം ആളുകളിലും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. പലപ്പോഴും അത് ഹൃദയാഘാതം, മസ്തിഷ്കാഘാതം തുടങ്ങിയ ചില അത്യാഹിത സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ മാത്രം തിരിച്ചറിയപ്പെടുന്നു. 

 • ഹൃദയാഘാതം
 • നെഞ്ചുവേദന
 • മസ്തിഷ്കാഘാതം
 • വൃക്ക രോഗങ്ങള്‍
 • ഞരമ്പുവീക്കം
 • നേത്രരോഗങ്ങള്‍

തുടങ്ങി അനവധി രോഗങ്ങൾക്ക്  പ്രധാന കാരണം തിരിച്ചറിയാതെ പോകുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ആകാറുണ്ട്. രോഗം ഉണ്ടെന്ന് അറിഞ്ഞിട്ടും ചികിത്സ തേടാതെ ഇരിക്കുക, മരുന്നുകളുടെ സ്ഥിരോപയോഗത്തില്‍ ഉണ്ടാവുന്ന അലംഭാവം എന്നിവയും ഈ രോഗാവസ്ഥകൾക്ക്  കാരണമായേക്കാം. 

ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാനുള്ള ചില മാര്‍ഗങ്ങള്‍

(രോഗമുള്ളവര്‍ക്ക് നിയന്ത്രണത്തിനും, ഇല്ലാത്തവര്‍ക്ക് പ്രതിരോധത്തിനും)

 • ശരീരവണ്ണം കുറക്കല്‍ : അമിതമായ ശരീരവണ്ണം ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം എന്നിവയിലേക്ക് നയിക്കും. പഠനങ്ങള്‍ വ്യക്തമാക്കുന്നത് രോഗി ഓരോ 1 കിലോ ഭാരം കുറയ്ക്കുമ്പോളും ബി.പി. 1 mm/Hg കുറയും. ആയുര്‍വേദപ്രകാരം സ്ഥൂലശരീരം ആയുസിനെ കുറയ്ക്കും.
 • വ്യായാമം: ശരീരത്തിന്‍റെ പൊതുവായ ആരോഗ്യത്തിനു ഉത്തമമായ വ്യായാമം ബി.പി. നിയന്ത്രിക്കാനും പ്രതിരോധിക്കാനും സഹായിക്കുന്നു. ദിവസേന 30 മിനിറ്റ് വ്യായാമം ചെയ്യുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള വ്യക്തിക്ക് 5 മുതല്‍ 8 mm/Hg വരെ ബി.പി. കുറയ്ക്കാനാവും. വ്യായാമം ചെയ്യുന്നവർ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് അത് ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
 • ഭക്ഷണം : ഉപ്പിന്‍റെ ഉപയോഗം നിർബന്ധമായും മിതപ്പെടുത്തണം. സാധാരണ ഉപ്പിനു പകരം ഇന്ദുപ്പ്, കാരുപ്പ് എന്നിവ ഉപയോഗിക്കാം. 

ധാന്യവര്‍ഗങ്ങള്‍, പഴങ്ങള്‍, ഇലവർഗ്ഗങ്ങൾ എന്നിവ ഉപയോഗിക്കാം. മാതളനാരങ്ങ (ഉറുമാമ്പഴം) ആണ് പഴങ്ങളില്‍ ഉത്തമം. അമ്ലരസയുക്തമായ മള്‍ബറി, സ്ട്രോബറി എന്നിവയും ഉപയോഗിക്കാം. അമ്ലരസം ഹൃദയരക്ഷക്ക് ശ്രേഷ്ടമാണെന്നാണ് ആയുര്‍വേദ ഭാഷ്യം. കൊഴുപ്പിന്‍റെ അംശം നന്നേ കുറയ്ക്കണം. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ എന്നിവ ഭക്ഷണത്തില്‍ അധികമായി ഉള്‍പ്പെടുത്തണം.

 • മദ്യം – പുകവലി – ലഹരിവസ്തുക്കള്‍ : അമിതമദ്യപാനം ഹൈപ്പര്‍ടെന്‍ഷനു കാരണമാകും. ആയുര്‍വേദപ്രകാരം യുക്തമദ്യപാനം അമൃതിനു തുല്യമാണ്. ആധുനിക ശാസ്ത്രം ഇതിനെ മോഡറേറ്റ് ഡ്രിങ്കിങ് എന്ന് വിളിക്കുന്നു. അമിതമദ്യപാനികളായ പുരുഷന്മാര്‍ക്ക് ദിവസം 2 പെഗ് സ്ത്രീകള്‍ക്ക് 1 പെഗ് എന്ന കണക്കിലേക്ക് കുറയ്ക്കുന്ന രീതിയാണിത്‌.

പുകവലിയും ലഹരിവസ്തുക്കളും പൂര്‍ണമായി വർജ്ജിക്കണം.

 • കഫീന്‍ : കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കാപ്പികുടി നിയന്ത്രണവിധേയമാക്കണം.
 • മാനസികസമ്മര്‍ദം : മാനസികസമ്മര്‍ദവും ഹൈപ്പര്‍ടെന്‍ഷനും ഒരേ അനുപാതത്തില്‍ ആണ്. അനുബന്ധ രോഗങ്ങള്‍ക്കും ഇത് വഴി തെളിക്കുന്നു. അമിതമായ ചിന്തകള്‍, ആഗ്രഹങ്ങള്‍ എന്നിവ നിയന്ത്രിച്ച് മനസ്സിന്  ആനന്ദം പകരുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് പോംവഴി
 • നിശ്ചിത കാലയളവില്‍ ഉള്ള ബി.പി. പരിശോധന : ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെങ്കില്‍ അത് കണ്ടുപിടിക്കാനും, മരുന്ന് കഴിക്കുന്നവരില്‍ ബി.പി. നിയന്ത്രണവിധേയമാണോ എന്ന് പരിശോധിക്കുന്നതിനും ഇത് സഹായകമാണ്. 

ആയുര്‍വേദ ചികിത്സകളായ ശിരോധാര, അഭ്യംഗം, ശിരോവസ്തി, ഉദ്വര്‍ത്തനം തുടങ്ങിയവയിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കും. ഇതിനോടൊപ്പം യോഗ, പ്രാണായാമം എന്നിവയും ഫലപ്രദമാണ്. ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഔഷധങ്ങള്‍ യഥാക്രമം സേവിക്കുന്നതിലൂടെ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന നിശബ്ദ കൊലയാളിയെ തടയാന്‍ കഴിയും.

മെയ്‌ 17 അന്താരാഷ്ട്ര രക്തസമ്മര്‍ദ ദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ (2020) തീം “രക്തമര്‍ദ്ടം അളക്കൂ- അതിനെ നിയന്ത്രിക്കൂ- ദീര്‍ഘായുസ്സ് കൈവരിക്കൂ (Measure your Blood Pressure- Control It- Live Longer)” എന്നതാണ്. നിങ്ങളുടെ നമ്പര്‍ അറിയുക എന്നതിലൂടെ അര്‍ത്ഥമാക്കുന്നത് സ്ഥിരമായ ഇടവേളകളില്‍ ബി.പി. പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ സമ്മർദ്ദത്തിൻ്റെ  തോത് മനസിലാക്കുക എന്നതാണ്. അതിനോടൊപ്പം ബി.പി. നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം. About author

Dr. Yadu Gopan

BAMS, MD (Ay) Assistant professor, Department of Kayachikitsa, SGES’s Dr. N. A. Magadum Ayurvedic Medical College, Hospital and Research Centre, Ankali, Belagavi, Karnataka vp.yadugopan@gmail.com


Scroll to Top