ഉലച്ചിടും ഉപ്പൂറ്റി വേദന

ശരീരത്തിന്‍റെ മറ്റ് ഏത് ഭാഗത്ത് ഉണ്ടാവുന്ന വേദനെയെക്കാളും പലപ്പോഴും നമ്മളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് കാലുകളില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടാവുന്ന വേദനകള്‍ ആണ്. നടക്കാനുള്ള ബുദ്ധിമുട്ടില്‍ തുടങ്ങി ദൈനംദിന ചര്യകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ഇതിനു കാരണം. ശരീരഭാരം മുഴുവന്‍ താങ്ങേണ്ടി വരുന്നത് കാലുകള്‍ ആണ്. അതിനാല്‍ തന്നെ കാലുകളിലെ അസ്ഥികളിലും സന്ധികളിലും വേദന ഉണ്ടാവാനുള്ള സാധ്യത അധികമാണ്. 

ഇത്തരത്തില്‍ വളരെ ദുസ്സഹമായ ഒന്നാണ് ഉപ്പൂറ്റി വേദന. ഉപ്പൂറ്റി വേദന എന്നത് ഒരു രോഗലക്ഷണം ആണ്. അതായത് വ്യത്യസ്ത രോഗങ്ങളാല്‍ ഇത് ഉണ്ടാവാമെന്ന് സാരം. ഉപ്പൂറ്റി വേദനയിലേക്ക് നയിക്കുന്ന കാരണങ്ങളും അതിന്‍റെ പ്രതിരോധ – ചികിത്സാ മാര്‍ഗങ്ങളും ആണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.

ആയുര്‍വേദം ഇതിനെ എങ്ങനെ നോക്കികാണുന്നു?

വാതരോഗങ്ങളില്‍ ഒന്നായ “വാതകണ്ടകം” ആയാണ് ഉപ്പൂറ്റി വേദനയെക്കുറിച്ച് ആയുര്‍വേദം വിവരിക്കുന്നത്. മേല്‍പ്പറഞ്ഞ വിവിധ രോഗങ്ങളിലെ പോലെ ഇവിടെയും ശാരീരിക ആയാസം ആണ് പ്രധാന കാരണം. അസമമായ പ്രതലത്തില്‍ ചലിക്കുന്നത് മറ്റൊരു കാരണം. 'ഖുഡുകാശ്രിത വാതം' എന്നൊരു പേരിലും ഇത് അറിയപ്പെടുന്നു. തീവ്രമായ വേദനയാണ് പ്രധാന ലക്ഷണം. പാദത്തിന്‍റെ ചലനങ്ങള്‍ വേദന വര്‍ധിപ്പിക്കുന്നു. 

ഉപ്പൂറ്റി വേദനയുടെ വകഭേദങ്ങള്‍

1. പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ് 

കാല്‍പാദത്തില്‍ ഉപ്പൂറ്റി മുതല്‍ വിരലുകള്‍ വരെ വ്യാപിച്ച് കിടക്കുന്ന ഒരു സ്നായു ആണ് പ്ലാന്‍റാര്‍ ഫേഷ്യ. പാദത്തിലെ അസ്ഥികളെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുക, പാദത്തിന്‍റെ സ്വാഭാവിക വളവിനെ നിലനിര്‍ത്തുക എന്നിവയാണ് ഇതിൻ്റെ ധര്‍മം. പെട്ടെന്നുള്ള ചലനം, അധികനേരമുള്ള നില്‍പ്പ്, നടത്തം, കഠിനവ്യായാമം എന്നിവകൊണ്ട് ഈ ഫേഷ്യക്ക് അതിസൂക്ഷ്മമായ ക്ഷതങ്ങള്‍ ഉണ്ടാവുകയും ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കൊണ്ട് നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ്  പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ്. 

ഈ രോഗാവസ്ഥയിൽ ഉറക്കം ഉണര്‍ന്ന ശേഷം ആദ്യം വെക്കുന്ന ചുവടുകളില്‍ തീവ്രമായ വേദന അനുഭവപ്പെടുകയും നടക്കും തോറും വേദന കുറയുകയും ചെയ്യുന്നു. കാലക്രമേണ ഈ വേദന സ്ഥിരപ്പെടുകയും ശാരീരികായാസങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുകയും ചെയ്യുന്നു.

2. കാല്‍കേനിയല്‍ സ്പര്‍

ഉപ്പൂറ്റിയിലെ കാല്‍കേനിയം എന്ന അസ്ഥിയില്‍ ഉണ്ടാവുന്ന മുള്ള് പോലുള്ള വളര്‍ച്ചയാണ് സ്പര്‍. ഉപ്പൂറ്റിയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സമ്മര്‍ദം മൂലം കാത്സ്യം അടിഞ്ഞുകൂടിയാണ് ഇത് ഉണ്ടാവുന്നത്. അമിത ശരീരഭാരം, പരന്ന കാലുകള്‍, ഹൈ ഹീല്‍ ചെരുപ്പ് എന്നിവ സ്പര്‍ ഉണ്ടാവാന്‍ കാരണമാകുന്നു. 

3. ഹീല്‍ ബംപ്

ഉപ്പൂറ്റിയുടെ പിന്‍ഭാഗത്ത് നിരന്തരമായ സമ്മര്‍ദം കൊണ്ട് ഉണ്ടാവുന്ന വേദനയോടുകൂടിയ  മുഴകള്‍ ആണ് ഇത്. ഇറുക്കം കൂടിയ ചെരുപ്പ് ഉപയോഗിക്കുന്നവരിലാണ് സാധാരണ ഇത് കാണപ്പെടുന്നത്.

4. അക്കില്ലസ് ടെണ്ടനൈറ്റിസ്

കാൽ വണ്ണയിലെ പേശികൾ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന സ്നായുവില്‍ ഉണ്ടാവുന്ന ക്ഷതവും നീര്‍ക്കെട്ടും ഉപ്പൂറ്റിക്ക് പിന്‍ഭാഗത്ത് മുകളിലായി വേദന ഉണ്ടാക്കുന്നു. ദീര്‍ഘദൂര ഓട്ടക്കാരില്‍ കൂടുതല്‍ കണ്ടുവരുന്നു. 

ഇവയെ കൂടാതെ ആര്‍ത്രൈറ്റിസ്, ഗൌട്ട്, ടാര്‍സല്‍ ടണല്‍ സിന്‍ഡ്രോം എന്നീ രോഗങ്ങളിലും ഉപ്പൂറ്റി വേദന ഒരു ലക്ഷണമാണ്. 

ഉപ്പൂറ്റി വേദന എങ്ങിനെ വരാതെ നോക്കാം?

 • ശരീരഭാരം കുറയ്ക്കുക
 • ദീര്‍ഘദൂര നടത്തം/ഓട്ടം ഒഴിവാക്കുക
 • നഗ്നപാദങ്ങളോടെ നടക്കാതിരിക്കുക
 • ഹൈ ഹീല്‍ ചെരുപ്പുകള്‍ ഒഴിവാക്കുക
 • ഉപ്പൂറ്റിക്ക് ക്ഷതമേല്‍ക്കാത്ത വിധത്തിലുള്ള വ്യായാമങ്ങളായ നീന്തല്‍, സൈക്ലിംഗ് എന്നിവ ശീലമാക്കുക
 • മൃദുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക

ആഹാരം

കൂടുതല്‍ ഉപയോഗിക്കേണ്ടത്:

നീര്‍ക്കെട്ട് കുറയ്ക്കുന്നതും തടയുന്നതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കണം. ഉദാഹരണത്തിന് മഞ്ഞള്‍, ഇഞ്ചി, ഇലവർഗ്ഗങ്ങളും എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പയര്‍, ബീന്‍സ്, ഓറഞ്ച് എന്നിവയും കൂടുതല്‍ ഉപയോഗിക്കാം. പാല്‍, ബദാം, കടല്‍ മത്സ്യങ്ങള്‍, എള്ള്, അത്തിപ്പഴം, വാഴപ്പഴം എന്നിവയും നീര്‍ക്കെട്ട് തടയാന്‍ സഹായിക്കുന്നു. ഇവയെക്കൂടാതെ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി എന്നിവയടങ്ങിയ മറ്റ് ആഹാരങ്ങളും ഉപയോഗിക്കാം.

ഉപയോഗം കുറയ്ക്കേണ്ടത്:

നീര്‍ക്കെട്ടിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതായ മധുരം, എരിവ്, പുളി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കണം. കൊഴുപ്പിന്‍റെ അംശം നല്ലരീതിയില്‍ മിതപ്പെടുത്തണം.

ഉപ്പൂറ്റി വേദന കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍

 • വിശ്രമം - ശാരീരിക ആയാസം കുറയ്ക്കുക
 • ഭാരവഹനം, കഠിനവ്യായാമം, അസമാമായതും കട്ടികൂടിയതുമായ പ്രതലത്തില്‍ ഉള്ള നടത്തം, ഓട്ടം എന്നിവ ഒഴിവാക്കണം
 • പേശികളുടെ ഇറുക്കം ഒഴിവാക്കാന്‍ മൃദുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യാം 
 • പാദരക്ഷകള്‍ - ഉപ്പൂറ്റിക്ക് അധികം സമ്മര്‍ദം കൊടുക്കാത്ത മൃദുവായ കുഷ്യനോട് കൂടിയ പാദരക്ഷകള്‍ ഉപയോഗിക്കാം. എം.സി.ആര്‍ (മൈക്രോ സെല്ലുലാര്‍ റബ്ബര്‍) ചെരുപ്പുകള്‍ ആണ് ഉത്തമം
 • സ്പ്ലിന്റുകള്‍ - ഉറക്കത്തില്‍ പാദത്തിന്‍റെ ചലനം പരിമിതപ്പെടുത്തുന്ന സ്പ്ലിന്റുകള്‍ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു

ഉപ്പൂറ്റി വേദനയ്ക്ക് ആയുര്‍വേദ ചികിത്സ

സുശ്രുത സംഹിതയിലാണ് ഉപ്പൂറ്റി വേദനക്ക് വിശദമായ ചികിത്സ വിവരിക്കുന്നത്. സ്നായു, അസ്ഥി, സന്ധി എന്നിവയെ വാതദോഷം ആക്രമിക്കുന്ന അവസ്ഥ ആയതിനാല്‍ സ്നേഹനം (തൈലങ്ങള്‍ പോലുള്ളവ പ്രയോഗിക്കുന്നത്), ഉപനാഹ സ്വേദം, അഗ്നികര്‍മം, ബന്ധനം, ഉന്മര്‍ദനം മുതലായ ചികിത്സകളാണ് ഫലപ്രദം. രക്തമോക്ഷണം മറ്റൊരു മാര്‍ഗം ആണ്. 

വാതഹരമായുള്ള തൈലങ്ങള്‍ കൊണ്ട് ഉപ്പൂറ്റിയില്‍ ചെറിയ മസ്സാജ് ചെയ്തശേഷം ചൂട് പിടിക്കണം. ഇഷ്ടിക ചൂടാക്കി അതില്‍ കാല്‍ വെച്ച് ചൂടുകൊള്ളുന്ന രീതി നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. അഗ്നികര്‍മം എന്നത് വേദനയുള്ള സ്ഥലത്ത് ലോഹക്കഷണം ചൂടാക്കി വെക്കുന്ന രീതിയാണ്. വാതഹര ചൂര്‍ണങ്ങള്‍ പേസ്റ്റ് രൂപത്തില്‍ തേച്ച് കെട്ടിവെച്ച് ചൂട് കൊള്ളുന്നത് ഉപനാഹം. ഇലക്കിഴി, പൊടിക്കിഴി എന്നിവയും രോഗാവസ്ഥ അനുസരിച്ച് ഉപയോഗിക്കുന്നു. മുരിങ്ങയില, കരിനൊച്ചിയില, എരിക്കില എന്നിവ ചൂടാക്കി കിഴികെട്ടി ചൂട് കൊള്ളാം.

ഇവയ്ക്കു പുറമെ വേദന, നീര്‍ക്കെട്ട് എന്നിവ കുറയ്ക്കാനുള്ള മരുന്നുകളും പ്രയോഗത്തില്‍ ഉണ്ട്. ചിറ്റമൃത്, ഗുല്‍ഗുലു, ചിറ്റരത്ത, കുറുന്തോട്ടി, കരിനൊച്ചി തുടങ്ങിയ ചെടികള്‍ കൊണ്ട് ഉണ്ടാക്കുന്ന വിവിധ ഔഷധങ്ങള്‍ ഉപ്പൂറ്റി വേദന ശമിപ്പിക്കാനുതകുന്നതാണ്.

ഉപ്പൂറ്റി വേദനയുടെ തീവ്രതയില്‍ അതിനു കാരണമായ രോഗത്തെ അനുസരിച്ച് മാറ്റം വരാം. വേദനയുടെ ആദ്യഘട്ടങ്ങളില്‍ മേല്പറഞ്ഞ മാര്‍ഗങ്ങളിലൂടെ അത് കുറയ്ക്കാനും പ്രതിരോധിക്കാനും സാധിക്കും. ശമനമില്ലാതെ വന്നാല്‍ വൈദ്യസഹായം തേടണം. മേലെ വിവരിച്ച ചികിത്സാരീതികളില്‍ ഏത് എങ്ങിനെ എപ്പോള്‍ എന്നും മറ്റും നിശ്ചയിക്കുന്നത് രോഗത്തിന്‍റെ വകഭേദം, രോഗിയുടെ അവസ്ഥ, കാലാവസ്ഥ തുടങ്ങിയ ഒരുപാട് ഖടകങ്ങള്‍ കണക്കില്‍ എടുത്തുകൊണ്ടാണ്. അതിനാല്‍ ഒരു ആയുര്‍വേദ ഡോക്ടറുടെ ചികിത്സ തേടുന്നത് അനിവാര്യമാണ്. സമയോചിതമായി ചികിത്സിക്കുന്നതില്‍ ഉപേക്ഷ ഉണ്ടായാല്‍ നിരന്തരമായ വേദന, തരിപ്പ്, നടക്കാന്‍ ബുദ്ധിമുട്ട്, ഇന്‍ഫെക്ഷന്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം.

ഉപ്പൂറ്റികള്‍ നമ്മുടെ ദേഹത്തിന്‍റെ താങ്ങ്തൂണുകള്‍ തന്നെയാണ്. നമുക്ക് സ്വന്തം കാലുകളില്‍ തന്നെ നില്‍കാന്‍ അവരെ നല്ലവണ്ണം പരിച്ചരിക്കാം.


About author

Dr. Yadu Gopan

BAMS, MD (Ay) Assistant professor, Department of Kayachikitsa, SGES’s Dr. N. A. Magadum Ayurvedic Medical College, Hospital and Research Centre, Ankali, Belagavi, Karnataka vp.yadugopan@gmail.com


Scroll to Top