ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 13

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് ചെറുപയർ. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസിയം, അയേൺ, കോപ്പർ, സിങ്ക്, വിറ്റാമിൻ ബി മുതലായ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ലൊരു ഔഷധമാണ്. മുളപ്പിക്കുമ്പോൾ പ്രോട്ടീൻ കൂടുന്നത് മൂലം മുളപ്പിച്ച ധാന്യങ്ങൾക്കു ഗുണമേറും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പ്രമേഹ രോഗികൾക്കും മികച്ച ഭക്ഷണമാണ് ചെറുപയർ. ചെറുപയര്‍ കരളിന്‍റെ  ആരോഗ്യവും സംരക്ഷിക്കുന്നു കൂടാതെ സൗന്ദര്യസംരക്ഷണത്തിനും പ്രയോജനപ്രദമാണ്. സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിച്ചാൽ ശരീരത്തിനു തിളക്കവും മാർദ്ദവവും വർധിക്കും. 

ചെറുപയർ, മുതിര മുതലായ ധാന്യങ്ങൾ വേവിച്ചെടുക്കുന്നതിന് "യൂഷം" എന്നാണ് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നത്.

ചെറുപയർ രസം

ചേരുവകള്‍

1.ചെറുപയർ - 1/2 കപ്പ്

2.തക്കാളി-1

3.വാളൻ പുളി- നാരങ്ങാ വലുപ്പത്തിൽ 

4.കായം -ആവശ്യത്തിന് 

5.ജീരകപ്പൊടി - 1/2 സ്പൂൺ 

6.മഞ്ഞൾപൊടി- 1/4 tsp 

7.കറിവേപ്പില- 2 തണ്ട് 

8.വെളുത്തുള്ളി -4 അല്ലി 

9.കുരുമുളക് പൊടി- 1/2 tsp 

10.മല്ലിയില അരിഞ്ഞത്- 1 പിടി 

11. കടുക്, ഉപ്പ്, വെളിച്ചെണ്ണ, വറ്റൽമുളക് 






ഉണ്ടാക്കുന്ന വിധം

  • ചീനിച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ചു കടുക്, വറ്റൽമുളക്, കറിവേപ്പില ചേർത്ത് താളിച്ചു തക്കാളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. 

  • ഇതിലേക്ക് വെളുത്തുള്ളി ചതച്ചത്, കുരുമുളക് പൊടി, ജീരകപ്പൊടി, കായം എന്നിവ ചേർക്കുക. 
  • അതിലേക്കു വാളൻപുളി പിഴിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. 

  • ശേഷം വേവിച്ചു വച്ച പയറിന്‍റെ വെള്ളം ചേർത്ത് കുറച്ചു നേരം തിളപ്പിച്ച് അരിഞ്ഞ മല്ലിയിലയും ചേർത്ത് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കുക. 

ചെറുപയര്‍ രസം തയ്യാര്‍




About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top