തലയും മുറയും
വരുംതലമുറയുടെ സ്വാസ്ഥ്യത്തിനായി രക്ഷിതാക്കള്‍ ചെയ്യേണ്ടത്.. 

മലയാളികൾ ഈ കൊറോണ കാലത്തെ വളരെ ക്രിയാത്മകമായ ചിന്തകൾ കൊണ്ട് സമ്പന്നമാക്കുകയാണ്. മനസ്സിനെ ചുറ്റുപാടുമുള്ള ലോകത്ത് നിന്ന് തന്നിലേക്കും കുടുംബത്തിലേക്കും കൂടുതൽ കേന്ദ്രീകരിച്ച് അവിടങ്ങളിൽ വേണ്ട തിരുത്തലുകളും ചേർക്കലുകളും വരുത്തുകയാണ് നാം.!

വളർന്നുവരുന്ന തലമുറയ്ക്ക് അനുകൂലമായ ഒരു പരിസരം ഒരുക്കേണ്ടവരാണല്ലോ രക്ഷിതാക്കൾ. ഒരു കുഞ്ഞുതൈ നട്ട് നനച്ച് കരുതലോടെ വളർത്തുന്നത് കണ്ടിട്ടില്ലേ നാം.. വാടാതെ, ഉണങ്ങാതെ ചൊടിയോടെ പൂത്ത് കായ്ച്ച് സദ് ഫലങ്ങള്‍ പകരുന്ന സന്തോഷമെത്ര വലുതാണ്!

നല്ലത് ശീലിച്ചു തുടങ്ങാം, ദിനചര്യയിലൂടെ

'പഴയതലമുറയ്ക്ക് തലയില്ല

പുതിയ തലമുറയ്ക്ക് മുറയില്ല'

ഈ കുസൃതിക്കവിതയിലൂടെ കുഞ്ഞുണ്ണി മാഷ് എന്തൊക്കെയോ പറയുന്നില്ലേ..?!

തോന്നുമ്പോൾ കുളി, പല്ല് തേച്ചാൽ തേച്ചു, വലിച്ചു വാരിയിടുന്ന വസ്ത്രങ്ങൾ, കിടന്നെണീറ്റയിടത്ത് രാത്രിവരെ മുഷിഞ്ഞു തന്നെ ചുരുണ്ടു കൂടിക്കിടക്കുന്ന വിരിപ്പുകൾ, കിടക്കവിരികൾ...

അടുക്കും ചിട്ടയും പഠിക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, അതുവഴിയാണ് ടൈം-മാനേജ്മെൻറ് പഠിക്കുന്നത്, മണി-മാനേജ്മെന്റ് പരിശീലിക്കുന്നത്. 

പല്ല് തേപ്പ് (നാക്കും കൂടി വൃത്തിയാക്കണം),കുളി (ആരോഗ്യമുണ്ടെങ്കിൽ, കാര്യമായ കഫ പ്രശ്നങ്ങളില്ലെങ്കിൽ തലയ്ക്കും ദേഹത്തിനും പറ്റിയ എണ്ണ ഇട്ട് കുളിച്ചാൽ വളരെ നന്ന്, ഒരു ക്വാളിഫൈഡ് ആയുർവേദ ഡോക്ടർക്ക് നന്നായി സഹായിക്കാൻ കഴിയും) കൂട്ടത്തിൽ നല്ല രീതിയിൽ അഞ്ജന,നസ്യങ്ങൾ (കണ്ണെഴുതുന്നതും മൂക്കില്‍ മരുന്നിറ്റിക്കുന്നതും) കൂടി ശീലിച്ചാൽ ആരോഗ്യവും അഴകും കാന്തിയും ആകര്‍ഷണീയതയും ഉറപ്പ്. കുട്ടികൾ നല്ല സൗന്ദര്യബോധമുള്ളവരാണ്. ഈ വഴി അവർക്ക് ബോധ്യമായാൽ ഒരു പ്രേരണയുമില്ലാതെ തന്നെ "ഞാൻ കുളിക്കട്ടെ - " 'മോഡി'ലേക്ക് അവർ മാറും..

കൂട്ടത്തിൽ, സമയത്ത് ശങ്കകൾ തീർക്കാൻ ശീലിക്കണം.. പ്രകൃതിയുടെ, ശരീരത്തിന്‍റെ താളങ്ങൾക്ക് വഴങ്ങിയാലല്ലേ ജീവിതം ധന്യമാകൂ?!..

നല്ല ടോയിലറ്റ് ട്രെയിനിംഗുകൾ ആത്മവിശ്വാസത്തോടെ ശീലിക്കട്ടെ.. പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും ശിശു- സ്ത്രീ - സൗഹൃദ ശൗചാലയങ്ങൾ വന്നു കഴിഞ്ഞു.. ഇനിയെന്തിന് മൂത്രത്തിൽ അണുബാധ വന്ന് മക്കൾ ദുരിതം പേറണം?..

വിശപ്പിന്‍റെയും ദാഹത്തിന്‍റെയും സുഖവും രുചിയും അനുഭൂതിയും ഒന്നു വേറെ തന്നെ, അത് ആസ്വദിക്കാൻ യഥാകാലം മലമൂത്രവിസർജനം അനിവാര്യം-ഇനെവിറ്റബിൾ.

അന്നവിചാരം

സമയത്ത് തെളിഞ്ഞ മനസ്സോടെ, വിശപ്പോടെ കഴിക്കുന്ന ആഹാരം ശരീരത്തെ മാത്രമല്ല, മനസ്സിനെയും പോഷിപ്പിക്കും. എളുപ്പത്തിൽ സുഖമായി ദഹിക്കുന്ന ഭക്ഷണമാണ് ശീലിക്കേണ്ടത്. മറിച്ചായാൽ ഉന്മേഷക്കുറവ്, അലസത, അജീർണം അങ്ങനെയങ്ങനെ...

അതത് നാടുകളിൽ സ്വാഭാവികമായി വളരുന്ന ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്തിന് പ്രാദേശിക ഭക്ഷ്യ എണ്ണകൾ വരെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന്ന് സഹായകമാണ്. മധുരവും പുളിയും എരിവും കയ്പ്പും ഉപ്പുമെല്ലാം മിതമായി ചേരണം   പോഷകാഹാരത്തിൽ.

ഭക്ഷിച്ചത് ദഹിച്ച് പാകപ്പെടും മുമ്പേ വീണ്ടുമുള്ള ഭക്ഷണം, കുളി എന്നിവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

ദഹനപ്രശ്നങ്ങൾ ക്രമേണ കഫരോഗങ്ങൾ ക്ഷണിച്ചു വരുത്തും. ശ്വാസനാളത്തിലെ അണുബാധകൾ, മൂക്കിലെ ദശവളർച്ച, അഡിനോയിഡ് പ്രശ്നങ്ങൾ, ഉറക്കത്തിലെ അസ്വസ്ഥതകൾ ഒക്കെ കണ്ടുവരാറുണ്ട്..

തലയിലാണെങ്കിലും ദേഹത്താണെങ്കിലും  എണ്ണയിടാൻ ദഹനശക്തി അത്യാവശ്യം..

ദഹനം ചില കാലാവസ്ഥകളിൽ സ്വാഭാവികമായി കുറയാം. അൽപം നെയ്യ് ചേർത്ത് അഷ്ടചൂർണമോ, രജന്യാദി ചൂർണമോ വൈദ്യനിർദേശപ്രകാരം നൽകി പരിഹരിക്കാം..

അന്നത്തിൽ ശ്രദ്ധ വെച്ച് കഴിക്കുമ്പോൾ കുടുതൽ  ഗുണമുണ്ടാകുന്നു.. കാഴ്ചയും ,ചൂടും, രുചിയും, മണവുമൊക്കെ അറിഞ്ഞാസ്വദിക്കാൻ ചിലപ്പോൾ കുഞ്ഞു ഗാഡ്ജറ്റുകളും പെരുംസ്ക്രീനുകളും പാരയാകാറുണ്ട്..

പതുക്കെ പതുക്കെ അടരാൻ സഹായിച്ചാൽ മതി.

ചാഞ്ചാടിയാടി ഉറങ്ങൂ നീ..

ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ രാത്രിയാത്ര...ഏതെങ്കിലും സ്റ്റേഷനിൽ ട്രെയിൻ അൽപം കൂടുതൽ സമയം പിടിച്ചിട്ടാൽ പെട്ടെന്ന് എല്ലാവരും അസ്വസ്ഥരാകാറില്ലേ?.ഒരേ താളത്തിലുള്ള ശബ്ദവും ചെറിയചാഞ്ചാട്ടവും നമ്മെ തൊട്ടിലാട്ടുകയല്ലേ.. ഒരു താളത്തിന്‍റെ വീണ്ടെടുപ്പാണ്  ഉറക്കം.. സുഖമായും സ്വസ്ഥമായും തൊട്ടിലിലാടുന്ന   കുഞ്ഞുങ്ങൾ നമ്മുടെ കണ്ണുകൾക്ക് ചന്ദനത്തെക്കാൾ തണുപ്പാണ്.. കർണ്ണാടക ട്രാൻസ്പോർട്ട്  ഐരാവത് സ്ലീപ്പർ ബസ്സുകളുടെ വശങ്ങളിൽ കാണുന്ന ചിത്രത്തിലെ ഒരു ശിശുനിദ്ര കണ്ടവരാരും ആ ദൃശ്യം മറക്കാനിടയില്ല..

ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ആഹാരം കഴിക്കുന്നത് ഉറക്കത്തെയും ആരോഗ്യത്തെയും നശിപ്പിക്കും. എല്ലാ ജൈവ-രാസ-പരിണാമപ്രക്രിയകൾക്കും ഉറക്കം കൂടിയേ തീരൂ- അത് കൊണ്ട് ആയുർവേദം ഉറക്കത്തിന് ഒരു വിളിപ്പേര് കൊടുത്തു - പോറ്റമ്മ എന്ന്, എല്ലാ ജീവിവർഗത്തിന്‍റെയും പോറ്റമ്മയാണത്രേ ഉറക്കം. 

ദിവസം മുഴുവനുമെന്നല്ല ,രാവേറെച്ചെന്നും നൂറുകണക്കിന് ദൃശ്യങ്ങൾ മസതിഷ്കത്തിലെ വിഷ്വൽ കോർട്ടക്സിൽ  തിങ്ങി ഞെരുങ്ങി വീർപ്പുമുട്ടിച്ചാൽ കുഞ്ഞുങ്ങളെ നിദ്ര എങ്ങനെ തഴുകിത്തലോടും.. തമസ്സിനെ പുൽകാൻ സമ്മതിക്കില്ലല്ലോ ഈ തേജോരൂപങ്ങൾ.. ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ വിനോദവും, വിവരവും, വിജ്ഞാനവും (entertainment, information & education)  എല്ലാം  ഈ മായാലോകം (virtual world) കയ്യടക്കിയ സ്ഥിതിക്ക് വിശേഷിച്ചും..

അത് കൊണ്ട്,

ഉറക്കത്തിന് മുമ്പ് ഒരു ഒരുക്കം ഉണ്ടാവട്ടെ..

അൽപസമയം കണ്ണിനും മനസ്സിനും ആശ്വാസം കൊടുത്ത് ഉറക്കത്തിലേക്ക് സ്വാഭാവികമായി ധ്യാനാത്മകമായി കുഞ്ഞുങ്ങൾ തയ്യാറെടുക്കട്ടെ..

അവർ സുഖമായുറങ്ങി പൂവിരിയും പോലെ സ്വാഭാവികമായി തെളിഞ്ഞുണരട്ടെ,

അതവർക്ക് വിശ്രമവും, നല്ല ദഹനവും, ചുറുചുറുക്കും പകരും.

ഉറങ്ങുമ്പോളും ഉണരുമ്പോളും   മാതാപിതാക്കളുടെ സാന്നിദ്ധ്യവും സ്പർശവും അവരിൽ തീർക്കുന്ന സുരക്ഷിതത്വബോധവും ആത്മവിശ്വാസവും എത്രയാണെന്നോ!..

ഉറങ്ങാൻ അരികിൽ, ഉണരുമ്പോൾ കൂടെ ഇതൊക്കെ കുഞ്ഞുങ്ങൾ എത്രമാത്രം കൊതിക്കുന്നു!

നല്ല വ്യക്തി നല്ല സമൂഹം

നല്ല മൂല്യബോധമുള്ള തലമുറ സമൂഹത്തിന് മുതൽക്കൂട്ടാണ്.. കാലുഷ്യമില്ലാത്ത, തെളിഞ്ഞ മനസ്സുള്ള തലമുറ പൂർവികർക്കും പിൻഗാമികൾക്കും തണലാണ്.

ശരീരം (physique), ഇന്ദ്രിയങ്ങൾ (senses), സത്വം (psyche ), ആത്മ (self/soul ) എല്ലാം ചേർന്ന് പകർന്നും നുകർന്നും സംഭവിക്കുന്നതാണ് ജീവിതം..

അത് സുഖകരമാകണമെങ്കിൽ ധർമനിഷ്ഠ അനിവാര്യം.

"അധർമിക്കെവിടെസ്സുഖം?", "സുഖം ന വിനാ ധർമാത്" എന്നൊക്കെയുള്ള അനുശാസനങ്ങൾ വ്യക്തിയുടെയും സമൂഹത്തിന്‍റെയും സുസ്ഥിതിക്ക് അനിവാര്യം.

കരുതലും പങ്കുവെക്കലും (caring and sharing) ഒരു സംസ്കാരമായി വളരേണ്ടതാണല്ലോ. സഹജീവികളോടും  എതിർലിംഗക്കാരോടും ഭിന്നലിംഗക്കാരോടുമെല്ലാം മാന്യമായി വർത്തിക്കാൻ ശീലിക്കേണ്ടത് സൂക്ഷ്മ വിശകലനത്തിൽ വീട്ടിൽ നിന്ന് തന്നെയാണല്ലോ..

'Behave yourself' എന്ന് അവനവനോട് നിരന്തരം പറഞ്ഞ് ശീലിക്കേണ്ടത് എത്രമാത്രം പ്രസക്തമാണ്?!

ഇത്തരം ശീലങ്ങൾ പരിപോഷിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ വൈകാരിക സാക്ഷരതയ്ക്ക് (emotional literacy) വലിയ പ്രാധാന്യമുണ്ട്.. മക്കളുടെ ചെറിയ ചെറിയ തെറ്റുകളെ, കൊച്ചുനുണകളെ പർവതീകരിക്കാതെ അവരുടെ ഭാവനാലോകത്തെ തിരിച്ചറിഞ്ഞ് പെരുമാറിയാൽ കുഞ്ഞുമനസ്സിൽ പോറലേൽപ്പിക്കാതെ അവരെ നല്ല വഴിക്ക് നടത്താം..

കൂട്ടത്തിൽ നല്ല ആരോഗ്യ ശുചിത്വശീലങ്ങൾ അവരിൽ പ്രോത്സാഹിപ്പിക്കാം..

തുമ്മുമ്പോൾ, കോട്ടുവാ ഇട്ടുമ്പോൾ മുഖം മറയ്ക്കാൻ, നല്ല വൃത്തിയിൽ വസ്ത്രം ധരിക്കാൻ, ഒക്കെ അവർ ശീലിക്കട്ടെ..

സഹാനുഭൂതിയും, ദയയും, ക്ഷമയും, കൃപയും നിറഞ്ഞ യുക്തിബോധവും ആത്മവിശ്വാസവുമുള്ള ഒരു നല്ല തലമുറ വളർന്നു വരട്ടെ!!

മാതാപിതാക്കൾ- സുഹൃത്ത്, മാർഗദർശികൾ

തുറന്ന ഗൃഹാന്തരീക്ഷം, മികച്ച ആശയ വിനിമയം ഇവയെല്ലാം വീടകങ്ങളെ സമൃദ്ധമാക്കും. ഭാഷ മാത്രമല്ല ശരീരഭാഷയും സൗഹൃദപരമാകട്ടെ. കനിവോടെ കരുതലോടെ ഇടപഴകാം.. നാമവർക്ക് കാർട്ടൂൺ ചാനലിനേക്കാൾ, മൊബൈൽ ഫോണിനേക്കാൾ പ്രിയങ്കരരാകണം.

കൊച്ചു കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ആയുർവേദവും കാലാതിവർത്തിയായ ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

കുട്ടികൾക്ക് പേടിയുണ്ടാക്കുന്ന കളിപ്പാട്ടങ്ങളാകരുത്, വായിൽ കയറി അപകടമുണ്ടാക്കരുത് (choking hazard), മൂർച്ചയരുത് അങ്ങനെ പോകുന്നു. അവരിൽ സാത്വികഭാവങ്ങൾ വളരുകയാണല്ലോ വേണ്ടത്!

കുഞ്ഞുമക്കളെ കുളിപ്പിക്കുമ്പോൾ.. 

അവർക്ക് എണ്ണ പുരട്ടിക്കൊടുക്കുമ്പോൾ, തലതുവർത്തിക്കൊടുക്കുമ്പോൾ സ്പർശം വഴി വലിയൊരു സംവേദനമാണ് സാധ്യമാകുന്നത്. കരുതലും സാമീപ്യവും നൽകുന്ന കരുത്താണ് യഥാർത്ഥകരുത്ത്. ചെറിയ ചെറിയ വീട്ടുജോലികളിൽ കൂടെ നിർത്തിയും, സ്വാശ്രയ ശീലം വളർത്തിയും കൂടെ ജീവിപ്പിച്ചും അവരെ അറിഞ്ഞ് അവർക്കന്യരാകാതെ പെരുമാറാം.


കുട്ടികൾ വളരുവോളം, വളർന്നാലും നിലയ്ക്കാത്ത ഈ സ്നേഹധാര ജീവിത സായാഹ്നത്തിലും അവരെ കൃതാർത്ഥരാക്കും.


About author

Dr. Nabeel Haris

Senior Ayurveda consultant, Hi Care Ayurveda, Valancherry drnabeelharis@gmail.com


Scroll to Top