രക്താതിമർദ്ദവും സർപ്പഗന്ധയും 

"സാറേ, എൻ്റെ ‘പ്ലഷർ’ ഒന്ന് നോക്കണം, ഇന്നലെ ഉറങ്ങിയില്ല. നല്ല തലവേദന". സാധാരണ പ്രസന്നവദനയായി കാണാറുള്ള  അമ്പത്തഞ്ച് വയസ്സുള്ള ഇത്ത പറഞ്ഞു. ഡിസ്പെൻസറിയുടെ തൊട്ടടുത്താണ് താമസം. തലേന്ന് മൂന്നാറിനെ ഹോട്ട്സ്പോട്ട് ആയി തിരഞ്ഞെടുത്തതിനാൽ രോഗികൾ വളരെ കുറവായിരുന്നു. പ്ലഷർ (സന്തോഷം) നോക്കാനുള്ള ഉപകരണം എൻ്റെ കണ്ണാണല്ലോ, അതിലൂടെ ദർശിച്ചപ്പോൾ മുഖത്തിനൊരു വാട്ടം, സംസാരിച്ചപ്പോൾ സ്വരത്തിനൊരു പതർച്ച. എനിക്കത്ര ‘പ്ലഷർ’ തോന്നാത്തതു കൊണ്ട് ബ്ലഡ്പ്രഷർ നോക്കാനുള്ള ഉപകരണം കോവിഡ്-19 മാനദണ്ഡങ്ങൾ അനുസരിച്ച് എടുത്ത് വെച്ച് നോക്കി. '230/110mm Hg'. എൻ്റെ ‘പ്ലഷർ’ പോയി. രക്താതിമര്‍ദ്ദം എന്ന് ലക്ഷണം പ്രിസ്ക്രിപ്ഷൻ പാഡിലെഴുതി. 

വിവരങ്ങൾ അന്വേഷിച്ചു. കുറച്ചു ദിവസമായി സാമ്പത്തിക, കുടുംബ, സന്തതി ചിന്തകളാൽ 'വ്യാകുല മാതാവാണ്'. കൊറോണ കാലത്തെ മാനസിക സമ്മർദ്ദം ആണ്. തലവേദനയും വാക്കുകളുടെ പതർച്ചയും തളർച്ചയും എന്നെ സംശയാകുലനാക്കി. വേറെ ആശുപത്രികൾ അടുത്തുമില്ല. കാർഡിയോളജി/ന്യൂറോളജി വിദഗ്ധ ഡോക്ടർക്ക് റെഫർ ചെയ്യണമെങ്കിൽ, അല്ലെങ്കിൽ ഒരു സി.ടി. സ്കാൻ എടുക്കണമെങ്കിൽ പോലും, എറണാകുളത്തേക്ക് അഞ്ച് മണിക്കൂർ യാത്രയുണ്ട്. തത്കാലം എന്തെങ്കിലും മരുന്ന് നൽകി ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കണം. ഫാർമസിയിൽ നിന്ന് സർപ്പഗന്ധ ചൂർണ്ണം, കാർഡോ കെയർ, യോഗരാജ ഗുഗ്ഗുലു  എന്നിവ നൽകി. അര മണിക്കൂറിനു ശേഷം വീണ്ടും ബ്ലഡ് പ്രഷർ നോക്കിയപ്പോൾ 200/110mm Hg. ചെറിയ കുറവേ ഉള്ളൂ. രാത്രി വരെ നോക്കിയിട്ട് കുറവില്ലെങ്കിൽ എറണാകുളത്ത് ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞു. 

ദിവസങ്ങൾ പത്തു പന്ത്രണ്ട് കഴിഞ്ഞു. അവർ വീണ്ടും വന്നു. എറണാകുളത്ത് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. സി.ടി സ്കാനിൽ തലച്ചോറിൽ ചെറിയ രക്തക്കുഴലുകൾ പൊട്ടിയിരുന്നു. പക്ഷേ, ഹെമറേജിക് സ്ട്രോക്ക് ആയില്ല. ആശുപത്രിയിലെ വിദഗ്ധനായ ഡോക്ടർ പറഞ്ഞുവത്രേ പ്രഷർ കൂടി നിന്നിരുന്നെങ്കിൽ ഗുരുതരമായേനേ, കൃത്യസമയത്ത് പ്രഷർ കുടാതെ നിർത്തി എറണാകുളത്ത് എത്തിയത് കൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ രക്ഷപ്പെട്ടു. അവിടുത്തെ മരുന്നുകൾ നൽകി, ദിവസവും പ്രഷർ പരിശോധിക്കണമെന്ന് പറഞ്ഞു വിട്ടു. ഇക്കഴിഞ്ഞ ദിവസവും പ്രഷർ നോക്കി. 120/80mmHg. അവരുടെ ‘പ്ലഷർ’ തിരിച്ചു വന്നു, എന്റേയും. എല്ലാരോഗങ്ങളും ചികിത്സിച്ചു മാറ്റാൻ സാധിക്കില്ലെങ്കിലും ചില സമയത്തെ ഇടപെടലുകൾ രോഗികൾക്ക് നൽകുന്ന ആശ്വാസം വലിയ വിലയുള്ളതു തന്നെയാണ്.

ഞാൻ ആ പ്രിസ്ക്രിപ്ഷൻ കുറിപ്പടി ഒന്ന് ഓർത്ത് നോക്കി. അതിരക്തസമ്മർദ്ദം/ രക്താതിമർദ്ദം എന്നൊരു പദം ആയുർവേദത്തിൻ്റെ പ്രധാന ഗ്രന്ഥങ്ങളിൽ ലക്ഷണമായി പോലും കാണാറില്ല. നാഡീ പരീക്ഷയാണ് ആ പ്രകരണവുമായി സാധാരണ കണ്ടിട്ടുള്ളത്. രക്തധമനിയുടെ വികാസ സങ്കോചങ്ങളാണ് നാഡീസ്പന്ദനമായി കണക്കാക്കുന്നത്. ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം സിസ്റ്റോളിക് എന്നും രണ്ടു സങ്കോചങ്ങൾക്കിടയിലുണ്ടാകുന്ന വിശ്രമാവസ്ഥയിലെ സമ്മർദ്ദം ഡയാസ്റ്റോളിക് എന്നും അറിയപ്പെടുന്നു. സാധാരണയായി രക്തസമ്മർദ്ദം 120/80 mmHg ആണെങ്കിലും ദേശം, കാലം, ഭക്ഷണ രീതി, സ്വഭാവ രീതി എന്നിവകൾക്കനുസരിച്ച് ചെറിയ വത്യാസങ്ങൾ വരാറുണ്ട്. ആ വ്യത്യാസങ്ങൾക്കും കൂടുതലായി വരുന്നവയെ ഹൈപ്പർ ടെൻഷൻ എന്നു പറയുന്നു. ആധുനിക ശാസ്ത്രകാരൻമാർ ഹൈപ്പർ ടെൻഷൻ (രക്താതിസമ്മർദ്ദത്തെ) രണ്ടായി തിരിച്ചിരിക്കുന്നു:

1. പ്രൈമറ്റി /എസൻഷ്യൽ ഹൈപ്പർ ടെൻഷൻ

2. സെക്കണ്ടറി ഹൈപ്പർ ടെൻഷൻ

എഴുപത്തഞ്ചു ശതമാനവും ആദ്യ വിഭാഗത്തിൽ പെടുന്നു. ഏതെങ്കിലും രോഗത്തിന്റെ അനുബന്ധമില്ലാതെ തന്നെ രക്താതിമർദ്ദം മാത്രമായി, അജ്ഞാത ഹേതുകമായി, സ്വതന്ത്രമായി ഉണ്ടാകുന്നവയാണ് എസൻഷ്യൽ ഹൈപ്പർ ടെൻഷൻ.

ഹൃദയം, വൃക്ക, മൂത്രാശയം തുടങ്ങിയ ആന്തരാവയവങ്ങൾക്ക് ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെ തുടർന്ന് ഉണ്ടാകുന്നവയാണ് രണ്ടാമത്തെ വിഭാഗം. അടിസ്ഥാന രോഗം വേറെയായതിനാൽ അവയെ സെക്കണ്ടറി ഹൈപ്പർ ടെൻഷൻ എന്നു പറയുന്നു. 

സംഹിതകളിൽ രക്താതിമർദ്ദം എന്ന പദമില്ലെങ്കിലും ആയുർവേദ ചിന്തയനുസരിച്ച് ഇതിൻ്റെ ലക്ഷണങ്ങൾ ആവരണ വാതരക്ത  വികാരത്തിൽ ഉള്‍പ്പെടുത്താവുന്നതാണ്. ത്രിദോഷങ്ങളിൽ വാതദോഷം സ്ഥാനമനുസരിച്ച് അഞ്ച് വിധത്തിലുണ്ട്. അതിൽ ഹൃദയം സ്ഥാനമായുള്ള വാതത്തിൻ്റെ പേരാണ് വ്യാനൻ. അനുനിമിഷം ശരീരത്തിൽ ഉടനീളം സകല അവയവങ്ങളിലും രക്തം എത്തിച്ചു കൊടുക്കുന്ന ധർമ്മം വ്യാനവായുവിൻ്റെതാണ്. ശരീരത്തിലെ ദോഷ ധാതു മലങ്ങൾ തുടങ്ങി എന്തും സഞ്ചരിക്കുന്ന മാർഗ്ഗങ്ങളെ സ്രോതസ്സുകൾ എന്ന വാക്കു കൊണ്ടാണ് ആയുർവേദത്തിൽ വിശദീകരിക്കുന്നത്. വ്യാനവായുവിൻ്റെ സ്രോതസ്സിൽ ഉണ്ടാകുന്ന തടസ്സം രക്തസമർദ്ദത്തിനു കാരണമാകാം. വ്യാനവായു സഞ്ചരിക്കുന്ന സ്രോതസുകളിൽ മറ്റു നാലുവിധ വായുക്കൾ (പ്രാണൻ, ഉദാനൻ, സമാനൻ, അപാനൻ) തടസ്സം സൃഷ്ടിച്ചാൽ ആധുനിക രീതിയിൽ പറയുന്ന പ്രൈമറി ഹൈപ്പർ ടെൻഷൻ ആയി. പിത്തം, കഫം എന്നീ ദോഷങ്ങളുടെ ആവരണമായാൽ സെക്കണ്ടറി ഹൈപ്പർ ടെൻഷനുമായി.

രക്താതിമർദ്ദം മുമ്പ് പറഞ്ഞ പ്രകാരം അസാദ്ധ്യമോ, യാപ്യമോ ആണ്. എങ്കിലും ആദ്യ ഘട്ടത്തിൽ തന്നെ രോഗം മനസ്സിലാക്കാൻ കഴിഞ്ഞാൽ ശരീര സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അസാദ്ധ്യമാകുകയില്ല.

വ്യാനവായുവിന്റെ സ്രോതസിലെ തടസ്സം മാറ്റുക, സ്രോതസിലെ ഒഴുക്കിനെ സ്വാഭാവിക രീതിയിലാക്കുക, അതിനാവശ്യമായവയെല്ലാം വേഗം പ്രാവർത്തികമാക്കുക എന്നതാണ് ചികിത്സാ മാർഗ്ഗം.

എന്താണ് സർപ്പഗന്ധക്കുള്ള പ്രാധാന്യം?

സർപ്പഗന്ധ (Rauwolfia serpentina) മലയാളത്തിൽ അമൽപ്പൊരി എന്നു പറയുന്ന കുറ്റിച്ചെടിയാണ്. Apocynaceae കുടുംബത്തിൽപ്പെട്ടുന്ന നൂറോളം സ്പീഷീസുകളില്‍ ഒന്നാണ് അമൽപ്പൊരി. ഇന്ത്യയിലെ നാട്ടുവൈദ്യ ചികിത്സകർക്കിടയിൽ സർപ്പദംശം, മാനസിക രോഗങ്ങൾ, വയറുവേദന, ജ്വരരോഗങ്ങൾ എന്നിവക്ക് അനേകം വർഷങ്ങൾക്കു മുൻപേ പ്രശസ്തമായിരുന്നു സർപ്പഗന്ധ. സർപ്പഗന്ധയുടെ വേരിൻ്റെ രൂപവും ആ പേരിന് കാരണമായി. പതിനാറാം നൂറ്റാണ്ടിലെ ജർമൻ ഫിസിഷ്യൻ ലിയനാർഡ് റൗവൾഫിൻ്റെ പരീക്ഷണങ്ങൾ ഇന്ത്യയിലെ ഈ സസ്യത്തിലായതിനാൽ ശാസ്ത്രീയ നാമം അങ്ങനെ ലഭിച്ചു.

മഹാത്മാ ഗാന്ധി സർപ്പഗന്ധയെ കൂടുതൽ പ്രശസ്തമാക്കി. അദ്ദേഹം അതിന്‍റെ വേര് വൈകുന്നേരത്തെ ചായയിൽ തിളപ്പിച്ച് കുടിക്കുമായിരുന്നു. ഒരു ദിവസത്തെ അതികഠിനമായ ജോലികൾക്കും പ്രവർത്തനങ്ങൾക്കും ശേഷം വിശ്രമിക്കുന്നതിനും മാനസിക സമ്മർദ്ദം കുറക്കുന്നതിനുമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്.

പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ Rustom Jal Vakil പത്ത് വർഷത്തിനിടയിൽ (1939-49) ധാരാളം പേർക്ക് ഈ അമൽപ്പൊരി കഷായം നൽകുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ആന്റി ഹൈപ്പർ ടെൻസീവ് പഠനം ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചു. അതോടുകൂടി പാശ്ചാത്യ ദേശത്ത് പ്രധാനമായും രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്ന ദ്രവ്യമായി സർപ്പഗന്ധ. അതിനു ശേഷം 90 ശതമാനം ഇന്ത്യക്കാരും രക്ത സമ്മർദ്ദത്തിനു മരുന്നായി സർപ്പഗന്ധ ഉപയോഗിച്ചു എന്നത് ചരിത്രം. പത്തു പ്രധാന ഗവേഷണ പ്രബന്ധങ്ങൾ 1949 നു ശേഷം ഉണ്ടായി. 

സർപ്പഗന്ധയില്‍ കാണുന്ന റിസെർപ്പിൻ എന്ന ഇൻഡോ ആൽക്കലോയ്ഡ് ആണ് അതിലെ പ്രധാന ഘടകം. അത് കാണുന്നത് കൂടുതലും വേരിലും ആയിരുന്നു. അനവധി ഗവേഷണങ്ങൾക്കു ശേഷം അമേരിക്ക ഏറ്റവും ശുദ്ധിയുള്ള ആൽക്കലോയ്ഡ് 'അൽ സെറോക്സൈലോൺ' കണ്ടുപിടിച്ചു. അതിൽ റിസർപ്പിനും റെസ് സിന്നാമിനും ആയിരുന്നു പ്രധാനഘടകങ്ങൾ. ഇവക്ക് പാർശ്വഫലങ്ങൾ കുറവും അഡിക്ഷൻ കുറവുമായിരുന്നു. പക്ഷേ, മൂക്കടപ്പ്, ഹൃദയമിടിപ്പു കുറയുക, ആലസ്യം എന്നീ പാർശ്വഫലങ്ങൾ അതിയായ ഉപയോഗത്തിൽ കണ്ടിരുന്നു. 

ആയിരത്തി എണ്ണൂറുകളുടെ പകുതിക്കു ശേഷം എഴുതപ്പെട്ട ഹൃദയപ്രിയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പ്രസിദ്ധനായ വൈക്കത്ത് പാച്ചുമൂത്തത് എന്ന കേരളീയ വൈദ്യൻ പ്രഥമ ഖണ്ഡത്തിലെ ശല്വാദി കൽപ്പത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു,

"വിഷഘ്നീ ഭൂതവിഷഹാ വാതജിത് ചിത്ത ദോഷജിത്" ( അമൽപ്പൊരി വളരെ ചെറിയ ജീവികൾ മൂലമുണ്ടാകുന്ന വിഷങ്ങൾ, വാത രോഗങ്ങൾ, മാനസിക ദോഷങ്ങൾ എന്നിവയെ ശമിപ്പിക്കും) അന്ന് ശാസ്ത്രജ്ഞർ ഉണ്ടായിരുന്നെങ്കിൽ റോബർട്ട് വാലസ് വിഗ്ഗിൻസ് എന്ന പാശ്ചാത്യ ശാസ്ത്രഞ്ജൻ  ഹൈപ്പർ ടെൻഷന് 1950 ൽ മരുന്നു കണ്ടെത്തി എന്ന പ്രഖ്യാപനം ഉണ്ടാകുമായിരുന്നില്ല.

കേരളം ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തിനു വേണ്ടി പൊരുതുമ്പോൾ അതിലൊന്നായ രക്താതിമർദ്ദത്തിന് പണ്ടേ കേരളക്കരയിൽ മരുന്നുണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. തുടർ ഗവേഷണങ്ങൾക്ക് നമ്മളുടെ വികസ്വരരാജ്യം പ്രാപ്തമല്ലാതിരുന്നതിനാൽ നമ്മുടെ ഔഷധങ്ങൾ പ്രശസ്തമായില്ല എന്നു മാത്രം. പിന്നെ സർപ്പഗന്ധയിൽ റിസെർപ്പിൻ മാത്രമല്ല ആക്ടീവ് ഇൻഗ്രീഡിയന്റ്. മറ്റനേകം ആൽക്കലോയ്ഡുകളും ഉണ്ട്. ഏതെങ്കിലും ഒരു ഘടകത്തെ വെച്ച് ആ സസ്യത്തെ വിലയിരുത്തുന്നതും ശരിയല്ല. ഒരു സസ്യം കൊണ്ട് മാത്രം മറ്റാവുന്നതല്ല രക്താതിമർദ്ദം എന്ന ലക്ഷണം. മെയ് 17 ന് 'ലോക ഹൈപ്പർ ടെൻഷൻ ഡേ' ആഘോഷിക്കുമ്പോൾ ഓർക്കുക "ഹൈപ്പർ ടെൻഷൻ ഒരു രോഗമല്ല, രോഗ ലക്ഷണം മാത്രമാണ്". ഒരു ഗുളിക കൊണ്ട് ആജീവനാന്തം നമുക്കതിനോട് പൊരുതാനാവില്ല, സമഗ്രമായ ചികിത്സ പദ്ധതിയാണാവശ്യം.




About author

Dr. Sreedarshan K. S.

BAMS, MD, Medical Officer, Govt. Ayurveda Dispensary, Munnar, Idukki


Scroll to Top