Hypothyroidism: ഒരു ആയുർവേദ വീക്ഷണം 

ഒരു സാധാരണക്കാരന് ഷുഗർ, പ്രഷർ, കൊളെസ്റ്ററോൾ, യൂറിക് ആസിഡ്, തൈറോയ്ഡ്, എന്നിങ്ങനെ അവന് അറിയുന്ന ജീവിത ശൈലി രോഗങ്ങൾ എല്ലാം ലാബ് റിസൾട്ടിലെ റഫറൻസ് റേഞ്ചിൽ ഒതുങ്ങി നിൽക്കാത്ത ചില സംഖ്യകൾ മാത്രമാണ്. രോഗനിർണ്ണയം കഴിഞ്ഞാൽ പിന്നെ ഏതു മരുന്ന് വേണം എന്ന സംശയങ്ങൾ, എന്തിനെന്ന് അറിയാതെയുള്ള ഭക്ഷണ നിയന്ത്രണം, രോഗം വേരോടെ പറിച്ചു കളയാൻ ഒറ്റമൂലിയും ഫേസ്ബുക് വൈദ്യവും തേടിയുള്ള അലച്ചിൽ, എന്നിങ്ങനെ നീളുന്നു ഒരു ശരാശരി ജീവിത ശൈലി രോഗിയുടെ ചികിത്സാ ക്രമം. 

ജീവിത ശൈലി രോഗങ്ങളുടെ ആഗോള കേന്ദ്രമായി മാറിയ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ഏറെക്കുറെ കുറ്റമറ്റതാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും ഇന്നത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയായ ജീവിത ശൈലി രോഗങ്ങളെ നേരിടുന്നതിൽ ഇപ്പോൾ നിലനിൽക്കുന്ന രീതി തീർത്തും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നിലനിൽക്കുന്ന പൊള്ളയായ ഈ വ്യവസ്ഥക്ക് ഒരു ഫലപ്രദമായ ബദൽ അത്യന്താപേക്ഷിതമാണ്. ഈ പ്രകരണത്തിൽ ആയുർവേദം മുന്നോട്ടു വെക്കുന്ന പാഠങ്ങൾ ഏറ്റവും പ്രസക്തവും കാലികവും നിലവിലെ അപര്യാപ്തകളെ പരിഹരിക്കാൻ പോന്നതുമാണ്. 

നമ്മുടെ ശരീരത്തിൽ നമുക്ക് ചുറ്റും സംഭവിക്കുന്ന എല്ലാത്തിനോടും പ്രതികരിച്ച് നമ്മുടെ ആന്തിരകമായ അന്തരീക്ഷത്തെ ക്രമീകരിച്ച് പൊരുത്തപ്പെടുത്തുന്ന ഒരു നിരന്തര പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ക്രമീകരണ ശേഷമുള്ള ഈ അവസ്ഥയെ ആണ് homeostasis എന്ന് പറയുന്നത്. ഈ കർമ്മത്തിന്‍റെ നിയന്ത്രണം നിർവ്വഹിക്കുന്നത് പ്രധാനമായും 2 വ്യവസ്ഥകൾ ആണ് - നാഡി വ്യവസ്ഥയും എൻഡോക്രൈൻ വ്യവസ്ഥയും. ദീർഘകാലാടിസ്ഥാനത്തിൽ ഈ homeostasis നിലനിർത്തുന്നത് പ്രധാനമായും എൻഡോക്രൈൻ വ്യവസ്ഥയാണ്. അതിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനു സുപ്രധാന സ്ഥാനം ഉണ്ട്.  ചുരുക്കി പറഞ്ഞാൽ ശരീരത്തിലെ എല്ലാ ചയാപചയ പ്രവൃത്തികളുടെയും ചുക്കാൻ പിടിക്കുന്നത് തൊണ്ടയുടെ മുന്നിലുള്ള ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള തൈറോയ്ഡ് എന്ന ഒരു കുഞ്ഞു ഗ്രന്ഥിയാണ്. ഇതിന്‍റെ രോഗോത്പത്തി 2 രീതിയിൽ ഉണ്ടാവാറുണ്ട്. 

1. Hyperthyroidism - തൈറോയ്ഡ് ഹോർമോണിന്‍റെ വേണ്ടതിൽ അധികമായുള്ള പ്രവർത്തനം കാരണം ചയാപചയങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന അവസ്ഥ 

2. Hypothyroidism - തൈറോയ്ഡ് ഹോർമോണിന്‍റെ അളവ് വേണ്ടത്ര ഇല്ലാതായി ചയാപചയങ്ങൾ മന്ദമാവുന്ന അവസ്ഥ. ഈ രോഗാവസ്ഥയെ ജീവിത ശൈലി രോഗങ്ങളുടെ ഗണത്തിൽ ആണ് പെടുത്താറുള്ളത്. 

ഈ ലേഖനത്തിൽ hypothyroidism എന്ന അവസ്ഥയെ കുറിച്ചാണ് ഞാൻ സൂചിപ്പിക്കുന്നത്. 

മേൽ പറഞ്ഞ ആന്തരികമായ ക്രമീകരണത്തിനു ഹേതു ആയിട്ടുള്ളതിനെ 'അഗ്നി' എന്ന സംജ്ഞ കൊണ്ടാണ് ആയുർവേദത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ശരീരത്തിൽ സംഭവിക്കുന്ന എല്ലാ പരിണാമങ്ങളുടെയും ഹേതു അഗ്നിയാണ്. അഗ്നിയുടെ മന്ദതയാണ് എല്ലാ രോഗങ്ങളുടെയും മൂല ഘടകം എന്ന് സൂചിപ്പിച്ചിട്ടുണ്ട് എന്നത് ഈ പ്രകരണത്തിൽ ചേർത്ത് വായിക്കണം. അഗ്നിയുടെ സ്ഥാനത്തിനും തദ്വാരാ കർമ്മത്തിനും അനുസരിച്ചു ജഠരാഗ്നി, ധാത്വഗ്നി, ഭൂതാഗ്നി എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ധാത്വഗ്നി ധാതുക്കളിൽ അല്ലെങ്കിൽ ശരീര കോശങ്ങളിൽ സ്ഥിതി ചെയ്ത്, ആ തലത്തിൽ ഉപചയാപചയ പ്രവർത്തികളെ ക്രമീകരിച്ചു പോരുന്നു. തൈറോയ്ഡ് ഹോർമോണിന്‍റെ പ്രവർത്തനം ധാത്വഗ്നിയുടെ പ്രവർത്തനം ആയി മനസ്സിലാക്കാവുന്നതാണ്. അഗ്നിയുടെ (വിശേഷിച്ചു ധാത്വഗ്നിയുടെ) മന്ദതയും തന്നിമിത്തമുള്ള കഫ വാത ദോഷങ്ങളുടെ കോപവും അതിൻ്റെ സർവശരീരത്തിലും മനസ്സിലും ഉള്ള വ്യാപ്തിയും ആയാണ് ആധുനികർ പറയുന്ന hypothyroidism എന്ന രോഗാവസ്ഥയെ ആയുർവേദ വിശാരദർ നോക്കിക്കാണുന്നത്. 

മറ്റനേകം രോഗങ്ങളെ പോലെ നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെതന്നെ  നശിപ്പിക്കുന്ന പ്രവണതയിലേക്കു മാറുന്ന 'auto immune pathology' ആയിട്ടാണ് മിക്കപ്പോഴും തൈറോയ്ഡ് രോഗങ്ങൾ രൂപം കൊള്ളുന്നത്. രോഗ പ്രതിരോധ വ്യവസ്ഥയുടെ ഈ തലതിരിയൽ ഇന്നും ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു പ്രഹേളികയാണ്. ആയുർവേദ സംഹിതകളിൽ സൂചിപ്പിച്ചിട്ടുള്ള പല ആശയങ്ങളും  ഇത്തരത്തിലുള്ള സമസ്യകൾക്കു വെളിച്ചം വീശുന്നതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ രോഗോല്പത്തി പ്രക്രിയക്ക് (pathophysiology) കാരണമാകുന്ന, അല്ലെങ്കിൽ അതിനെ മനസ്സിലാക്കാവുന്ന ആയുർവേദം അവതരിപ്പിച്ചിട്ടുള്ള ചില ആശയങ്ങളെ പരിചയപ്പെടുത്താം.

ആമം : ആഹാര പചനത്തിൽ തുടങ്ങുകയും ശരീര ധാതുക്കൾ ആയി പരിണമിക്കുകയും ഊർജ്ജ വിനിയോഗത്തിലൂടെ സമ്പൂർണ്ണമാവുകയും ചെയ്യുന്നതാണല്ലോ ഉപാപചയ പ്രക്രിയകൾ. അതിലെ ഏതെങ്കിലും ഘട്ടത്തിൽ അഗ്നി മന്ദമാകുമ്പോൾ (ഇവിടെ ധാത്വഗ്നിക്കാണ് മന്ദത) അപക്വമായിട്ടുളള പദാർത്ഥം ഉണ്ടാകുന്നു. ആ അപക്വ പദാർത്ഥത്തെ ആയുർവേദം 'ആമം' എന്ന് വ്യവഹരിക്കുന്നു. ഇത്തരത്തിൽ സഞ്ചിതമാകുന്ന ആമം കോശങ്ങളുടെ പ്രവർത്തന വൈകല്യത്തിന് കാരണമായി രോഗാവസ്ഥയിൽ എത്തിക്കുന്നു.

വിരുദ്ധാഹാരം : ശരീരത്തിന്‍റെ സന്തുലനത്തിനു വിരോധം ജനിപ്പിക്കുന്ന അല്ലെങ്കിൽ ശരീര കോശങ്ങളിലെ ഘടകങ്ങളെ ദുഷിപ്പിക്കുന്ന ഏതൊരു ആഹാരവും വിരുദ്ധാഹാരമായി കണക്കാക്കാം. അത് ചില തരം സംയോഗങ്ങൾ കാരണമാവാം, കഴിക്കുന്ന അളവ് കൊണ്ടാവാം, അതുമല്ലെങ്കിൽ ശരിയായ രീതിയിൽ സ്വാംശീകരിക്കുന്നതിൽ ശരീര വ്യവസ്ഥയെ ബാധിക്കുന്ന എന്തുകൊണ്ടുമാവാം.  

ദൂഷി വിഷം : വ്യവഹാരാർത്ഥത്തിൽ വിഷം എന്ന് പ്രയോഗിക്കുന്ന, കഴിച്ചവനെ മരിപ്പിക്കുന്ന ഒന്നായി ഇതിനെ മനസ്സിലാക്കരുത്. ശരീരാന്തർഗതമായ സുസ്ഥിതിയെ ബുദ്ധിമുട്ടിക്കുന്ന ഏതൊരു ഘടകത്തെയും ദൂഷി വിഷമായി കണക്കാക്കാം. Chronic poisoning എന്നതിനോട് ഇതിനു സാമ്യമുണ്ട്. പുറമെ നിന്ന് ഭക്ഷണ മാർഗ്ഗേണ നേരിട്ടോ, ശരീരത്തിൽ പ്രവേശിച്ച ശേഷം മുതലോ ഇതിന്‍റെ  പ്രവർത്തനം ഉണ്ടാവാം.     

മേല്പറഞ്ഞ ഏതു പ്രക്രിയയിലൂടെ ഉത്പന്നമായതാണെങ്കിലും, അതിന്‍റെ  ഫലമായി ഒരു 'ഉൽക്ലേശം' (basic immune response എന്ന് മനസ്സിലാക്കാം) സംജാതമാകുന്നു. പലപ്പോഴും അപൂർണ്ണമായി അത് ശരീരത്തിൽ അവശേഷിക്കുകയും അനുകൂല അന്തരീക്ഷം വരുന്നതോടു കൂടി auto immune pathology പോലത്തെ രോഗോത്പത്തി പ്രക്രിയയായി പരിണമിക്കുന്നു.  

ഇപ്പ്രകാരം ഉണ്ടായ ഒരു രോഗത്തെ ആയുർവേദ രീത്യാ ചികിത്സിക്കുന്നത് എങ്ങനെ എന്ന് നോക്കാം. 

  • 'നിദാന പരിവർജ്ജനം' ആണ് ചികിത്സയുടെ ആദ്യ പടി. അതായത് എന്ത് കാരണം കൊണ്ടാണോ രോഗം ഉടലെടുക്കുന്നത് (അതിനെയാണ് നിദാനങ്ങൾ എന്ന് പറയുന്നത്) ആ ആഹാര വിഹാര മാനസിക നിദാനങ്ങളെ വർജ്ജിക്കൽ തന്നെയാണ് ചികിത്സയിൽ ആദ്യം നടപ്പിലാക്കേണ്ടത്. കഫ ദോഷത്തെ വർദ്ധിപ്പിക്കുന്ന അലസമായ ജീവിത ക്രമവും ആവശ്യത്തിൽ അധികം ഊർജ്ജദായകമായ ഭക്ഷണങ്ങളുടെ അമിതോപയോഗവും ഒഴിവാക്കേണ്ടതാണ്. 
  • അടുത്ത പടിയായി വർദ്ധിച്ചിരിക്കുന്ന കഫ വാത ദോഷങ്ങളെ ശമിപ്പിക്കുന്നതും അഗ്നി ബലത്തെ ഉദ്ദീപിപ്പിക്കുന്നതുമായ ഔഷധങ്ങളുടെ ഉപയോഗം ആണ്. പഞ്ചകോലം എന്ന ഔഷധം എല്ലാ ധാത്വഗ്നി മാന്ദ്യത്തിലും അതീവ ഫലപ്രദമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 
  • ഔഷധരൂപത്തിലുള്ള വെളുത്തുള്ളിയുടെ ഉപയോഗവും ഗുണകരമാണ്. 
  • രോഗാവസ്ഥ കൂടുതൽ ആഴത്തിൽ ഉള്ളതാണെങ്കിൽ അനുയോജ്യമായ പഞ്ചകർമ്മ ചികിത്സകളും വേണ്ടി വന്നേക്കാം. 

രോഗ പ്രവണത മനസ്സിലാക്കി അവനവന്‍റെ തൊഴിലിനും ജീവിത ക്രമത്തിനും വിരുദ്ധമാവാത്ത തരത്തിൽ ജീവിത ശൈലിയെ ക്രമീകരിക്കാൻ രോഗിയെ സഹായിക്കൽ ആണ് ഒരു ആയുർവേദ ഡോക്ടറുടെ ഏറ്റവും പ്രധാന കടമ. കാരണം ജീവിത ശൈലി രോഗങ്ങളുടെ ചികിത്സയിൽ ജീവിത ശൈലിയിൽ വരുത്തുന്ന തിരുത്തലുകൾ ആണ് ചികിത്സയുടെ കാതൽ. അത് ഒരിക്കലും പ്രോട്ടോകോളുകളുടെ ചട്ടക്കൂടുകളിൽ ഒതുക്കാവുന്നതല്ല. ആയുര്‍വേദ ശാസ്ത്രത്തില്‍ അത് കാർക്കശ്യമില്ലാത്തതും തികച്ചും വ്യക്തിഗതവുമാണ്. ചുരുക്കി പറഞ്ഞാൽ തൈറോയ്ഡ് ഉള്‍പ്പടെയുള്ള ജീവിത ശൈലി രോഗ ചികിത്സയിൽ ഡോക്ടർ എന്ന വാക്കിന്‍റെ ഉല്പത്തി സൂചിപ്പിക്കുന്ന പോലെ ശെരിയായത് പഠിപ്പിക്കുന്ന കർമ്മം (doctrine – to teach) നമ്മുടെ ഉത്തരവാദിത്ത്വം ആയി മാറും. 




About author

Dr. P. Shabeel Ibrahim

BAMS, MSc. Clinical Nutrition and Dietetics. Ayurvedic Lifestyle Consultant- Puliyampatta Vaidyasala, Meppadi, Wayanad District, p.shabeel.i@gmail.com


Scroll to Top