Healthcare in COVID-19 lockdown

Kids and Masks: The Most Essential Things to Remember


കുട്ടികൾ മാസ്ക് ധരിക്കുമ്പോൾ..

അദൃശ്യമായ ഒരു വൈറസ് സൈന്യം ലോകത്തെ ആകെയൊന്നു ഇളക്കി മറിച്ചു പടയോട്ടം തുടരുമ്പോൾ ജീവിക്കാൻ പോലും സമയമില്ലെന്ന് പരാതി പറഞ്ഞിരുന്നവർ പോലും വീട്ടിനുള്ളിൽ എന്ത് ചെയ്യണമെന്നറിയാതെ കുത്തിയിരുപ്പായി. ഒന്ന് പുറത്തിറങ്ങണമെങ്കിൽ  ഒരു മാസ്‌കോ തൂവാലയോ  കൊണ്ട്  മുഖം മറക്കാതെ പോകാൻ പറ്റാത്ത അവസ്ഥയുമായി. ആണായാലും പെണ്ണായാലും കുഞ്ഞുങ്ങളായാലും വസ്ത്രധാരണത്തിൻ്റെ  തന്നെ ഒരു ഭാഗമായിരിക്കുകയാണ് മാസ്ക് അഥവാ മുഖകവചം. മാസ്ക് ധരിക്കുന്നത് സാധാരണക്കാരായ ആർക്കും ഒരു ശീലമില്ലാത്തത് കൊണ്ടുതന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ മാസ്ക് ഉപയോഗിക്കേണ്ടി വരുമ്പോൾ അത് പലരിലും ആശങ്കയോ അസ്വസ്ഥതയോ ഉണ്ടാക്കിയേക്കാം. മുതിർന്നവരുടെ കാര്യം തന്നെ ഇങ്ങനെ ആണെങ്കിൽ കുട്ടികളുടെ കാര്യം പറയേണ്ടതുണ്ടോ? സത്യത്തിൽ കുട്ടികൾ മാസ്ക് ധരിക്കേണ്ടതുണ്ടോ? 

കുട്ടികൾക്കും  മാസ്ക് നിർബന്ധമോ?

കോവിഡ് - 19 വ്യാപനത്തെ തടയാൻ ഏറ്റവും പ്രാഥമികമായ മാർഗ്ഗങ്ങളിൽ ഒന്നാണ് പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ. വൈറസ് വ്യാപനം തടയാൻ ഇത് കുട്ടികൾക്കും ബാധകമാണ് എന്നതാണ് വസ്തുത. കുട്ടികളിൽ പൊതുവെ അശ്രദ്ധ കൊണ്ടോ  അറിവില്ലായ്മ കൊണ്ടോ പൊതു സ്ഥലങ്ങളിലെ വസ്തുക്കളിലോ കൈപ്പിടികളിലോ തൊട്ടതിനു ശേഷം വിരൽ വായിലിടാനോ അങ്ങനെയുള്ള ഇടങ്ങളിൽ നക്കുന്നതിനോ ഒക്കെ സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണെന്നുതന്നെ പറയാം. അത് കൊണ്ട് തന്നെ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ കുട്ടികൾക്കും മാസ്ക് ധാരണം നിർബന്ധമാണ്. 

മാസ്ക് ധാരണം തീർത്തും ഒഴിവാക്കേണ്ടവർ

2 വയസ്സിനു താഴെയുള്ള കുട്ടികളും ശ്വാസ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും മാസ്ക് ധരിക്കാൻ പാടുള്ളതല്ല. കൈകുഞ്ഞുങ്ങളിലും 2 വയസ്സിനു താഴെ ഉള്ളവരിലും ശ്വാസ നാളികൾ അതിസൂക്ഷ്മമായതിനാൽ തുണി കൊണ്ടുള്ള മാസ്കിൻ്റെ ഉപയോഗം ശ്വാസ തടസ്സത്തിന് കാരണമായേക്കാം. ഇങ്ങനെയുള്ള കുട്ടികൾക്ക് അത്യാവശ്യ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ പോകുമ്പോൾ ഒരു കട്ടികുറഞ്ഞ ബ്ലാങ്കറ്റ്  ഉപയോഗിച്ച്  ശ്വാസത്തിന് തടസ്സമാകാത്ത വിധത്തിൽ പുതപ്പിച്ചു കൊടുക്കാവുന്നതാണ്. ഏതു പ്രായക്കാരായ കുട്ടികളായാലും വൈറസ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിവതും വീട്ടിനുള്ളിൽ തന്നെ കഴിയുന്നതാണ് സുരക്ഷിതം.

കുട്ടികൾക്ക് ഏതുതരം മാസ്ക്? 

തുണി കൊണ്ടുള്ള കോട്ടൺ മാസ്‌കുകളാണ് കുട്ടികൾക്ക് നല്ലത്‌. ഉപയോഗത്തിന് ശേഷം കഴുകി ഉണക്കി വെയിലത്തിട്ടുണക്കി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്. എന്നാൽ കോവിഡ് വ്യാപനം അധികമുള്ള റെഡ് സോൺ പ്രദേശങ്ങളിൽ കുട്ടികൾ പുറത്തിറങ്ങേണ്ട സാഹചര്യം  വന്നാൽ എ൯-95  മാസ്ക് ഉപയോഗിക്കുന്നതാണ് സുരക്ഷിതം. മുതിർന്നവർക്കുള്ള കോട്ടൺ മാസ്കിൻ്റെ സ്റ്റാൻഡേർഡ് സൈസ് 6*12 ഇഞ്ച് ആണ്. കുട്ടികളിൽ ഇത് 5*12 ഇഞ്ചും ആണ്. എന്നാൽ ഈ വലുപ്പത്തിലുള്ള മാസ്കുകൾ എല്ലാ കുട്ടികൾക്കും യോജിക്കണമെന്നില്ല. മാസ്ക് ധരിക്കുമ്പോൾ മുഖവും മാസ്കും തമ്മിൽ അകലം ഉണ്ടാകാൻ പാടില്ല. അതുകൊണ്ടു കുട്ടികൾക്ക് അവരുടെ മുഖത്തിനു അനുയോജ്യമായ കോട്ടൺ മാസ്കുകൾ തുന്നി ഉണ്ടാക്കുന്നതാണ് നല്ലത്‌. ആകർഷണീയമായ നിറങ്ങളിലും പ്രത്യേക ഡിസൈനുകളോട് കൂടിയതുമാണെങ്കിൽ കുട്ടികൾ അത് ധരിക്കാൻ താല്പര്യം കാണിക്കും. കഴുത്തിന് പിന്നിലേക്ക് വലിച്ചു കെട്ടുന്നതിന് പകരം ഇരു ചെവികളിലേക്കും വലിച്ചു ഇടുന്ന ലൂപ്പുകൾ ഉള്ള മാസ്‌കാണ്  കുട്ടികൾക്ക് കൂടുതൽ സുരക്ഷിതം. അശ്രദ്ധമായി കഴുത്തിൽ മുറുക്കി കെട്ടി അപകടം വരുത്താതിരിക്കാൻ ഇത് സഹായകമാകും. കുട്ടികൾക്കുള്ള മാസ്കുകൾ  ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

കുട്ടികളിൽ മാസ്ക് ധാരണം ശീലിപ്പിക്കാൻ ചില വഴികൾ 

മുമ്പൊന്നും കാണാത്ത ഒരു പുതിയ കാഴ്ചയാണല്ലോ എവിടെ തിരിഞ്ഞാലും കാണുന്ന മുഖംമൂടികൾ. ഇത് പല കുട്ടികളിലും ചില ആശങ്കകളോ സംശയങ്ങളോ ഭയമോ ഉണ്ടാക്കിയേക്കാം. അതേസമയം ചില വിദ്വാന്മാർ ഇതിനെ ഒരു കൗതുകത്തോടെ കാണുകയും അത് അനുകരിച്ചു സ്വയം മാസ്ക് ധരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. ഇപ്പറഞ്ഞ കൂട്ടരെ മാസ്ക് ധരിപ്പിക്കാൻ താരതമ്യേന എളുപ്പമാണെങ്കിലും അവരേയും മാസ്ക് ധരിക്കേണ്ടതിൻ്റെ  ആവശ്യകതയും അത് ശരിയായ രീതിയിൽ ധരിക്കേണ്ട വിധവും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. ഇതിനായി 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് താഴെ പറയുന്ന മാർഗ്ഗങ്ങൾ ശ്രമിച്ചു  നോക്കാവുന്നതാണ്.

 • കുഞ്ഞുങ്ങൾക്ക് മനസ്സിലാവുന്ന അവരുടേതായ ഭാഷയിൽ രസകരമായ കുഞ്ഞു കഥകളിലൂടെയോ, മാസ്ക് രോഗാണുക്കളോടു പൊരുതുന്ന ഒരു യോദ്ധാവെന്ന പോലെയോ മറ്റോ വിവരിച്ചു കൊടുത്തോ, അതുമല്ലെങ്കിൽ അവരുടെ താല്പര്യത്തിനുള്ള കളികളിലൂടെയോ മനസ്സിലാക്കിക്കൊടുക്കാം.  
 • കണ്ണാടിയിൽ നോക്കി അവരോടൊപ്പം നിന്ന് മാസ്ക് ധരിച്ചു കാണിച്ചു കൊടുക്കാം. 
 • അവർക്കു പ്രിയപ്പെട്ട ഒരു കാളിപ്പാവയ്ക്കു കൂടി മാസ്ക് ധരിപ്പിച്ചു കാണിച്ചു കൊടുക്കാം.
 • മറ്റു കുട്ടികൾ മാസ്ക് ധരിച്ചു പോകുന്നത് കാണിച്ചു കൊടുക്കാം.
 • മാസ്ക് വച്ച രീതിയിലുള്ള തമാശ രൂപത്തിലുള്ള കാർട്ടൂൺ ചിത്രങ്ങൾ കാട്ടികൊടുക്കാം. 
 • ഇതിനോടൊപ്പം മാസ്ക് ധരിക്കുന്നതിനു മുമ്പും  അതിനു ശേഷവും കൈകൾ വൃത്തിയായി കഴുകാനും പരിശീലിപ്പിക്കാം.

5 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക്-

 • പ്രായത്തിനനുസരിച്ചു ചെറിയ കുട്ടികൾക്കും മുതിർന്ന കുട്ടികൾക്കും മാസ്ക് ഉപയോഗിക്കുന്നതിൻ്റെ   പ്രാധാന്യം പറഞ്ഞു മനസ്സിലാക്കിക്കുക.  
 • പോസിറ്റീവ് ആയ രീതിയിൽ രോഗാണുവിനെ പ്രതിരോധിച്ചു ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ധൈര്യം നൽകി അവരുടെ ഉള്ളിലെ ഭയാശങ്കകളെ അകറ്റാൻ ശ്രമിക്കുക. 
 • മാസ്ക് ശരിയായ വിധത്തിൽ ധരിക്കേണ്ട വിധവും ഉപയോഗ ശേഷം അഴിച്ചു മാറ്റേണ്ട വിധവും പരിശീലിപ്പിക്കുക. ചെറിയ കുട്ടികളിൽ ഇത് രസകരമാക്കാൻ വേണ്ടി കളികളിലൂടെയോ ടെലിവിഷൻ അവതാരകരുടെ സംസാരരീതി അനുകരിച്ചോ പരസ്യവാചകങ്ങൾ പറയുന്ന പോലെയോ ആകർഷകമായ രീതിയിൽ അവതരിപ്പിക്കാം.  
 • എല്ലാ ദിവസവും കുറച്ചു നേരം വീട്ടിലെല്ലാവരും മാസ്ക് വച്ച് കാണിച്ചാൽ കുട്ടികളിലെ ആശങ്ക അകറ്റാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

 • മാസ്ക് അശ്രദ്ധമായി അഴിച്ചിടുന്നത് ഒഴിവാക്കാനായി, ഉപയോഗത്തിന് ശേഷം കഴുകുന്നതിനു മുമ്പ് മാസ്ക് ഇടുന്നതിനായി, പ്രത്യേകം മാറ്റി വച്ചിരിക്കുന്ന  ഒരു കൂടയിൽ ഇടാനായി ശീലിപ്പിക്കുക. 
 • ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മാസ്ക് ആണെങ്കിൽ അഴിച്ചു മാറ്റിയതിനു ശേഷം ഒരു വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുക. 
 • മാസ്കിൻ്റെ മുൻഭാഗത്തു കൈകൾ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 
 • മാസ്ക് ധരിക്കുമ്പോഴും ഉപയോഗശേഷം അഴിച്ചു മാറ്റുമ്പോഴും ഇരുവശങ്ങളിലുള്ള ലൂപ്പിൽ പിടിച്ചു മാത്രം അത് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുക. 
 • മറ്റുള്ളവരുടെ മാസ്ക് കൈമാറി ഉപയോഗിക്കരുതെന്നു പറഞ്ഞു മനസ്സിലാക്കുക. സ്കൂളുകൾ തുറക്കുമ്പോൾ മാസ്ക് ധാരണം നിർബന്ധമാക്കുന്ന സാഹചര്യമാണെങ്കിൽ പരസ്പരം മാസ്ക് മാറ്റി ഉപയോഗിക്കാനുള്ള പ്രവണത ഒഴിവാക്കാൻ ഇപ്പോഴേ അവബോധം ഉണ്ടാക്കി കൊടുക്കുക.
 • കയ്യിൽ കിട്ടുന്ന എന്ത് സാധനവും വായിലിടുന്ന സ്വഭാവം കുട്ടികൾക്ക് സ്വതവെ ഉള്ളതാണ്. ഇട്ടിരിക്കുന്ന ഷർട്ടിൻ്റെ കോളറോ ഉടുപ്പിൻ്റെ ചില ഭാഗങ്ങളോ കടിക്കുന്നതും പല കുട്ടികളുടെയും ഒരു ദുശ്ശീലമാണ്. ഇത്തരക്കാർ മാസ്ക് ധരിക്കുമ്പോൾ അത് കടിക്കാനും  വായിലിട്ടു നുണയാനുമുള്ള പ്രവണത കാണിച്ചേക്കാം. രക്ഷിതാക്കൾ ഇതിൻ്റെ   അപകടം കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

ഭിന്ന ശേഷിയുള്ള കുട്ടികൾ മാസ്ക് ഉപയോഗിക്കുമ്പോൾ 

 • ഇങ്ങനെയുള്ള കുട്ടികളിൽ എ൯-95 മാസ്ക് ഉപയോഗിക്കുക. ഇവരുടെ രോഗപ്രതിരോധ ശേഷി കുറവാകാന്‍ സാധ്യതയുള്ളതിനാല്‍  പരമാവധി വൈറസ് പ്രതിരോധത്തിനായാണ് ഇതുപയോഗിക്കുന്നത്. 
 • ഇവരോട് ഏറ്റവും അടുപ്പമുള്ളവരും അവരോടു സ്ഥിരമായി സംവദിക്കുന്നവരും കഴിയാവുന്നിടത്തോളം മാസ്ക് ധരിക്കുന്നതിനെ പറ്റി മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുക. 
 • കഴിയുന്നതും മുതിർന്നവർ തന്നെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയ കൈകൾ ഉപയോഗിച്ച് ഇങ്ങനെയുള്ള കുട്ടികൾക്കു മാസ്ക് ധരിപ്പിക്കുകയും ഉപയോഗശേഷം അഴിച്ചു മാറ്റിക്കൊടുക്കുകയും ചെയ്യുക. 

അങ്ങനെ കുട്ടികൾക്ക് മാസ്കുകൾ പുതിയ ഒരു ആരോഗ്യ ശീലത്തിന് തുടക്കമാകട്ടെ. ഇത് മൂലം വ്യക്തിശുചിത്വത്തെക്കുറിച്ചും സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും കുട്ടികൾ ബോധവാന്മാരാകട്ടെ. കുഞ്ഞിനെ ഭക്ഷണം കൊടുക്കാൻ പോലും ഒരല്പസമയം അടക്കി ഒതുക്കി  ഇരുത്താൻ മൊബൈൽ ഫോണിനെ ആശ്രയിക്കുന്ന പുതു തലമുറക്കാരായ രക്ഷിതാക്കൾ നമ്മുടെ പഴയ മുത്തശ്ശിക്കഥകളുടെ ലോകത്തേക്കൊന്നു തിരിച്ചു പോയി കുഞ്ഞുങ്ങളോടൊപ്പം കളിക്കുവാനും നേരം പങ്കിടാനും കഥകൾ പറഞ്ഞു കൊടുക്കാനും ശ്രമിച്ചുനോക്കൂ. ഒരു കുട്ടിമാസ്ക് വൈറസ് പടയെ തുരത്തിയോടിച്ച  കഥ കൂടി കേട്ട് വളർന്ന് ഏതു പ്രതിസന്ധിയെയും നേരിടാൻ  കരുത്തുള്ളവരായിത്തീരട്ടെ നമ്മുടെ കുരുന്നുകൾ.  About author

Dr. Soumya K. R.

Assistant Professor, Dept.of Rasashastra & Bhaishajya Kalpana Alva’s Ayurveda Medical College, Moodbidri, Karnataka, drsoumya25@gmail.com


Scroll to Top