COVID-19 Lockdown: Ayurveda Tips

Health in the time of Corona 11- tazhutaama cutlet


ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ 11

തഴുതാമ കട്ലറ്റ്

വേനൽക്കാലത്തു സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മൂത്രാശയരോഗങ്ങൾ. സ്ത്രീകളിൽ ആണ് കൂടുതലായി ഈ രോഗം കാണപ്പെടാറുള്ളത്, പ്രത്യേകിച്ച് കൗമാരപ്രായക്കാരിൽ.  ആവശ്യാനുസരണം വെള്ളം കുടിക്കാതിരിക്കുക, കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കാതിരിക്കുക എന്നിവയാണ് മൂത്രാശയ രോഗങ്ങളുടെ പ്രധാന കാരണങ്ങൾ. മൂത്രത്തിലെ ചുടിച്ചിൽ, പഴുപ്പ്, അണുബാധ,വൃക്കയിലെ കല്ല് മുതലായവ ചില ഘട്ടങ്ങളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നതിനാൽ എത്രയും വേഗത്തിൽ ഡോക്ടറുടെ സേവനം തേടേണ്ടത് അനിവാര്യമാണ്. 

മൂത്രവിസർജനം ത്വരിതപ്പെടുത്താൻ സഹായിക്കുന്നതും വൃക്ക- മൂത്രാശയം-കരൾ എന്നിവയുടെ രോഗങ്ങളിൽ ഗുണകരവുമായ ഔഷധമാണ് തഴുതാമ. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം നൈട്രേറ്റ്, വിറ്റാമിൻ ബി2, ബി6, സി എന്നിവ അടങ്ങിയിരിക്കുന്നു. ഇലയും തണ്ടും ആഹാരത്തിനു ഉപയോഗിക്കാറുണ്ട്.കർക്കിടക കഞ്ഞിയിലെ ചേരുവയാണ്. മൂത്രപ്രവർത്തനം കുറവുള്ളവർക്കു തഴുതാമായിട്ടു തിളപ്പിച്ച വെള്ളം ദാഹശമനിയായി ഉപയോഗിക്കാം. 

തഴുതാമ തോരൻ വച്ച് കഴിക്കാം. തഴുതാമ ഇല കൊണ്ട് ഉണ്ടാക്കാനാവുന്ന ഒരു വിഭവം പറയാം, 

തഴുതാമ കട്ലറ്റ്

 ചേരുവകള്‍

  1. തഴുതാമയില അരിഞ്ഞത് - 2കപ്പ് 
  2. സവാള-2 എണ്ണം 
  3. പച്ചമുളക് - 3 എണ്ണം 
  4. ഇഞ്ചി-ചെറിയ കഷ്ണം 
  5. വെളുത്തുള്ളി-4 അല്ലി 
  6. മുട്ടയുടെ വെള്ള - 2 എണ്ണം 
  7. ഗരം മസാല-1. 5    ടീസ്പൂൺ 
  8. ഉപ്പ് - ആവശ്യത്തിന് 
  9. റൊട്ടി പൊടി- ആവശ്യത്തിന് 

ഉണ്ടാക്കുന്ന വിധം

  • ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ചു സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയ ശേഷം പച്ചമുളക് , ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റി, തഴുതാമയില അരിഞ്ഞത് ചേർത്ത് വേവിക്കുക. 
  • വെന്തശേഷം പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. 
  • അടുപ്പിൽ നിന്ന്  വാങ്ങി ചൂടാറിയ ശേഷം ഉരുളകളുണ്ടാക്കി അമർത്തിയ ശേഷം മുട്ടയുടെ വെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു എണ്ണയിലിട്ട് വറുത്തു കോരാം. 

ഗുണങ്ങള്‍

  • വൃക്ക, ഹൃദയം എന്നിവയെ ഉത്തേജിപ്പിക്കുന്നു. 
  • ബി.പി കുറക്കാൻ സഹായിക്കുന്നു. 
  • പ്രമേഹരോഗികൾക്കു ഗുണപ്രദമാണ്. 

വൃക്കയുടെ പ്രവർത്തനം തകരാറിലായവരും ഡയാലിസിസ് ചെയ്യുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം  മാത്രമേ തഴുതാമ ഉപയോഗിക്കാവൂ.



About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top