News and Updates

Malaria: A Contemporary Ayurvedic View

മലേറിയയും അനുബന്ധ ചിന്തകളും

ലോകമാകെ കോവിഡ്‌ 19 മഹാമാരിയില്‍ ഭയചകിതരായിരിക്കുന്ന ദിവസങ്ങളിലിലൊന്നിലാണ് അമേരിക്കന്‍ പ്രസിഡന്റ്  മിസ്റ്റര്‍. ഡോണാള്‍ഡ്‌ ട്രംപ് ഇന്ത്യയെ മാജിക്കല്‍ ഔഷധമായ ഹൈഡ്രോക്സി ക്ലോറോക്യുനൈനു വേണ്ടി സമീപിച്ചെന്ന വാര്‍ത്ത‍ കാട്ടുതീ പോലെ മാധ്യമങ്ങളില്‍ വന്നത്. എന്താണ് ആ ദിവ്യൌഷധം?  ഹൈഡ്രോക്സി ക്ലോറോക്യുനൈന്‍ പണ്ടത്തെ ഹീറോ ആയിരുന്നു, മലേറിയ കാലത്തെ. അമേരിക്കയിലെ തന്നെ അഞ്ചു മില്യണ്‍ പ്രിസ്ക്രിപ്ഷന്‍സ് ആയി കഴിഞ്ഞ ലോകാരോഗ്യ സംഘടനയുടെ സൈഫെസ്റ്റ് ഡ്രഗ്. 

മലേറിയ പക്ഷെ ഇപ്പോഴും പല രാജ്യങ്ങള്‍ക്കും കോവിഡ്‌ 19 നേക്കാള്‍ സംഹാര രൂപിണിയാണ് പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളില്‍. ‘സംഹാര രൂപിണി’ എന്ന സ്ത്രീലിംഗം ഉപയോഗിച്ചതു തന്നെ അനോഫെലെസ് എന്ന കൊതുകിന്‍റെ സ്ത്രീ രൂപങ്ങള്‍ മലേറിയയുടെ പ്രധാന വാഹകര്‍ ആയതു കൊണ്ടാണ്. ഇന്ത്യയില്‍ 2000-2015 കാലഘട്ടത്തില്‍ 37 ശതമാനത്തില്‍ താഴെയേ മലേറിയ പുതിയ ആളുകള്‍ക്ക് വരുന്നുണ്ടായിരുന്നുള്ളൂ. ക്രമേണ അതു ലോക ജനസംഖ്യയില്‍  കുറഞ്ഞു വന്നു കൊണ്ടിരിക്കുന്നു. ശക്തവും യുക്തിഭദ്രവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മലേറിയയുടെ വ്യാപനത്തെ പിടച്ചു കെട്ടാന്‍ ഇന്ത്യക്കായത്‌. ലോക മലേറിയ ദിനമായി ആചരിക്കുന്നത് ഏപ്രില്‍ 25 നാണ്. ഈ ദിനം ലോകാരോഗ്യ സംഘടന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്.

മലേറിയയെ കുറിച്ചല്പം

മലേറിയ ഏറ്റവും പഴക്കം ചെന്ന രോഗങ്ങളില്‍ ഒന്നാണ് (ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ) ചൈനീസ് കൈയെഴുത്ത് പുസ്തകമായ നീ ചിംഗ് എന്ന ഗ്രന്ഥത്തില്‍ മലേറിയ ലക്ഷണങ്ങള്‍ക്കു സമാനമായ രോഗത്തെ പറ്റി വിവരിച്ചിട്ടുണ്ട്. ബി.സി നാനൂറാമാണ്ടില്‍ ഹിപ്പോക്രേറ്റസ് വിശദമായി മലേറിയ രോഗത്തെപറ്റി വിവരിച്ച ആദ്യ മലേറിയോളജിസ്റ്റ് ആയി. എന്നാല്‍ ആയുര്‍വേദ ശാസ്ത്ര ഗ്രന്ഥങ്ങളായ ചരക സംഹിത, സുശ്രുത സംഹിത എന്നിവകളില്‍ മലേറിയ എന്ന പദമില്ലാതെ തന്നെ രോഗ ലക്ഷണങ്ങളെ ‘വിഷമ ജ്വരങ്ങളില്‍’ പറഞ്ഞിട്ടുണ്ട്..

അഷ്ടാംഗ സംഗ്രഹം എന്ന ഗ്രന്ഥത്തില്‍

“സൂക്ഷ്മ സൂക്ഷ്മതരസ്യേഷു രക്താദി മാര്‍ഗേഷു ശനൈരല്പ ചിരേന യത് ക്രമോയം തേന വിച്ചിന്ന സന്താപോ ലക്ഷ്യതേ ജ്വര വിഷമോ വിഷമാരംഭോ ക്രിയാകാലോ അനുഷന്ഗവാന്‍ “ ( അ.സം.നിദാന.69 ) 

എന്ന ശ്ലോകം വിവരിക്കുമ്പോള്‍ ഇപ്രകാരമാണ്  ‘ജ്വരം എന്ന രോഗം ദോഷങ്ങളുടെ ദൂഷണം കൊണ്ടുണ്ടാകുന്നതാണല്ലോ, അപ്രകാരമുള്ള ദോഷങ്ങള്‍ രക്തത്തിലെ സൂക്ഷ്മങ്ങളായ സ്രോതസ്സുകളും സ്രോതോ മുഖങ്ങളും വഴി ശരീരം മുഴുവന്‍ വ്യപിക്കാതെ ചില പ്രത്യേക സ്ഥാനങ്ങളില്‍ മാത്രം നില്‍ക്കുകയും, അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ജ്വരമായി പ്രകടമാകുകയും ചെയ്യുന്നു. കൃത്യമല്ലാത്ത  ഇടവേളകളിലോ സമയങ്ങളിലോ രൂപങ്ങളോടെയോ ശരീരത്തില്‍ പ്രകടമാകുന്നു. സമമല്ലാത്ത രീതിയില്‍ ഉണ്ടാകുന്നത് കൊണ്ട് വിഷമജ്വരം എന്നു അറിയപ്പെടുന്നു.

ഇനി മലേറിയ എന്ന രോഗത്തിന്റെ വ്യാപന രീതി നോക്കുമ്പോള്‍ അനോഫെലെസ് പെണ്‍ കൊതുകുകള്‍ രക്തം കുടിക്കുന്നതിനു വേണ്ടി ശരീരത്തില്‍ എത്തുമ്പോള്‍ അവയുടെ ഉള്ളില്‍ നിന്ന് പ്ലാസ്മോഡിയം സ്പോറോസൈറ്റ് എന്നാ രോഗാണുവിനെ ഏറ്റവും ചെറിയ രക്തകുഴലുകളിലൂടെ ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നു. അവിടെ നിന്ന് പ്രധാന സ്ഥാനമായ കരളില്‍ എത്തുകയും വിഭജിച്ച്‌ മീറോസൈറ്റുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അനുകൂല സമയമാകുമ്പോള്‍ രക്താണുക്കളില്‍ കയറി റിംഗ് ട്രോഫോസോയിറ്റ് ആയി നിന്ന് ഷൈസൊഗമി കഴിഞ്ഞു ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു.

അഷ്ടാംഗ സംഗ്രഹത്തില്‍ പറഞ്ഞിരിക്കുന്ന ശ്ലോകത്തിന്‍റെ അര്‍ത്ഥവും ആധുനിക രീതിയിലുള്ള വ്യാപന രീതിയും ചേര്‍ത്തു വായിക്കുമ്പോള്‍ നമുക്ക് മലേറിയയും വിഷമ ജ്വരവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാവുന്നതാണ്.

വിഷമ ജ്വരങ്ങള്‍ തന്നെ സന്തതം ( ഇപ്പോഴും ഉള്ളത്), സതതം (24 മണിക്കൂറില്‍ ഒരു തവണ വരുന്നത്), അന്യേധു (ഒന്നിട വിട്ട ദിവസങ്ങളില്‍ വരുന്നത്), ത്രിതീയകം (രണ്ടിടവിട്ട ദിവസങ്ങളില്‍ വരുന്നത്) എന്നിങ്ങനെ ഉണ്ട്. 

മലേറിയ രോഗാണു തന്നെ പ്രധാനമായും മൂന്നു വിധത്തിലുണ്ട്. പ്ലാസ്മോഡിയം വൈവാക്സ്‌, ഒവേല്‍, ഫാല്സിപാരം എന്നിങ്ങനെ. ഇവയുടെ ഓരോന്നിന്‍റെയും പനി ബാധിക്കുന്ന രീതി തന്നെ ഒരു ദിവസത്തിലൊരിക്കല്‍, രണ്ടു ദിവസത്തിലൊരിക്കല്‍, മൂന്നു ദിവസത്തിലൊരിക്കല്‍ എന്നിങ്ങനെയാണ്. ഈ സാമ്യവും രോഗ ലക്ഷണങ്ങളില്‍ ഉള്ള സാമ്യവും ശ്രദ്ധേയമാണ്.

മലേറിയ അഥവാ മലമ്പനി പ്രധാന രോഗ ലക്ഷണങ്ങള്‍

ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. വിറച്ചു പനിക്കുന്ന രോഗി കുറച്ചു കഴിയുമ്പോള്‍ നന്നായി വിയര്‍ക്കും. അതേത്തുടര്‍ന്ന് പനി കുറയുമെങ്കിലും വീണ്ടും പനി ഉണ്ടാകും. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ഉണ്ടാകാം. ഒപ്പം ഛര്‍ദി, വയറിളക്കം, ചുമ, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം എന്നീ ലക്ഷണങ്ങളും കാണപ്പെടാം. 

രക്തപരിശോധനയിലൂടെയാണ് മലേറിയ സ്ഥിരീകരിക്കുന്നത്. പ്ലാസ്മോഡിയം എന്ന പേരില്‍ അറിയപ്പെടുന്ന രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ട്- മുന്ന് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.

ഗുരുതരമാകുന്നത് എപ്പോൾ

മലേറിയ രക്തകോശങ്ങളെ നശിപ്പിക്കുന്നതിനാല്‍ ഗുരുതരമായ വിളര്‍ച്ച ബാധിച്ച് രോഗി മരണപ്പെട്ടേക്കാം. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ കുറയുന്നതു മൂലവും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞ് ശ്വാസതടസമുണ്ടായും മരണം സംഭവിക്കാം. മലേറിയയുടെ പരാദങ്ങള്‍ നിറഞ്ഞ രക്തകോശങ്ങള്‍ തലച്ചോറിലേക്കുള്ള ചെറിയ രക്തക്കുഴലുകളില്‍ തടസമുണ്ടാക്കിയാല്‍ തലച്ചോറിന് ഗുരുതരമായി ബാധിച്ച് മരണപ്പെടാം. അതുപോലെ മലേറിയ മൂലം വൃക്കകളോ കരളോ സ്പ്ലീനോ തകരാറിലായാലും രോഗി മരണപ്പെടാം. രക്തപരിശോധനയിലൂടെ മലേറിയ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ പൂര്‍ണമായും എടുക്കണം. ചിലപ്പോള്‍ രണ്ടാഴ്ച വരെ ചികിത്സ വേണ്ടിവന്നേക്കാം. രോഗം മാറുന്നതുവരെ രോഗി കൊതുകുവലയ്ക്കുള്ളില്‍ കിടക്കുകയും വേണം. (ഐസോലേഷന്‍)

ആയുര്‍വേദ രീതിയില്‍ എന്തെല്ലാം?

കേവലം രോഗത്തിനോ രോഗാണുവിനോ മാത്രമല്ല ആയുര്‍വേദ ചികിത്സാ ക്രമം.

സുശ്രുത സംഹിതയില്‍ : 

“ സമ ദോഷ സമാഗ്നിശ്ച സമാധാതുമല ക്രിയാ :

പ്രസന്നാത്മേന്ദ്രിയ മന: സ്വസ്ഥ ഇത്യഭിധീയതെ “ 

ശരീരത്തെ നിലനിര്‍ത്തുന്ന ഘടകങ്ങളുടെ പ്രവര്‍ത്തനം, വിശപ്പ്, ശരീര മലങ്ങളുടെ വിസര്‍ജ്ജനം, മനസ്സും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനഇന്ദ്രിയങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഇവയെല്ലാം അനുകൂലമായി പ്രവര്‍ത്തിക്കുന്ന പൂര്‍ണാരോഗ്യവാനായ ഒരു വ്യക്തിയെ വാര്‍ത്തെടുക്കുന്ന മാര്‍ഗങ്ങളാണ് ആയുര്‍വേദം വിവരിക്കുന്നത്. മനുഷ്യന് ചുറ്റുമുള്ള ദേശം, കാലാവസ്ഥ, വായു, ജലം എന്നിവയുടെ വ്യതിയാനങ്ങള്‍ കൂടി മനസ്സിലാക്കിയുള്ള ചികിത്സാ ക്രമങ്ങളുടെ ആകെ തുകയാണ് ആയുര്‍വേദം മുന്നോട്ടു വെക്കുന്നത്. പ്രതിരോധവും ചികിത്സയും രോഗ ശേഷമുള്ള പൂര്‍വാവസ്ഥ തിരിച്ചു പിടിക്കലും ഇതില്‍ ഉള്‍പ്പെടുന്നു.

  • കൃത്യമായ ഇടവേളകളിലുള്ള ശരീര ശുദ്ധീകരണം, പരിസ്ഥിതി ശുചീകരണം. 
  • രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാര ഔഷധ സേവകള്‍. 
  • കൃത്യമായ വ്യായാമം, പ്രാണായാമം മുതലായ യോഗ രീതികള്‍. 
  • കാലാനുസൃതമായ വിഹാര രീതികള്‍. 
  • രോഗ കാലത്തു ആചരിക്കേണ്ട ഭക്ഷണ ക്രമങ്ങള്‍. 
  • രോഗത്തിനും രോഗിക്കും ആവശ്യമായ ചികിത്സാ പദ്ധതികള്‍. 
  • രോഗ ശേഷമുള്ള രസായനാദി ഔഷധങ്ങള്‍, ആചരിക്കേണ്ട രസായനങ്ങള്‍. 

ഇവയെല്ലാമാണ് ആയുര്‍വേദം പോതുവേ നിര്‍ദ്ദേശിക്കുന്നത്.

പ്രതിരോധ മാര്‍ഗങ്ങള്‍

ഏതു വെള്ളക്കെട്ടിലും വളരുന്നവയാണ് മലേറിയ പരത്തുന്ന കൊതുകുകള്‍. അതുകൊണ്ട് വീടിനു ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. കിണറുകളും ടാങ്കുകളും വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങളും കൊതുകുവല കൊണ്ടോ അല്ലാതെയോ മൂടുക. വീടിന്റെ ടെറസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ ഒഴുക്കിക്കളയണം. ഒഴുക്കിക്കളയാന്‍ പറ്റാത്ത വെള്ളക്കെട്ടുകളില്‍ കൂത്താടികളെ നശിപ്പിക്കാനായി മണ്ണെണ്ണയോ ജൈവ കീടനാശിനികളോ ഒഴിക്കുക. 

വീടിനകത്ത് കൊതുകിനെ അകറ്റാന്‍ കുന്തിരിക്കം, ആയുര്‍വേദ ഔഷധ കൂട്ടായ അപരാജിത ധൂപ ചൂര്‍ണം പുകയ്ക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല, കൊതുകുതിരി, കൊതുകിനെ അകറ്റുന്ന സ്‌പ്രേകള്‍/ക്രീമുകള്‍ തുടങ്ങിയവ ഉപയോഗിക്കുക. വീടിന്റെ ജനലുകള്‍ക്കും വാതിലുകള്‍ക്കും കൊതുകുവല പിടിപ്പിക്കുക.

ഷഡംഗം കഷായ ചൂര്‍ണം, ഗുളൂച്യാദി  കഷായ ചൂര്‍ണം മുതലായവ തിളപ്പിച്ചാറിയ ശേഷം കുടിക്കുവാന്‍ ഉപയോഗിക്കുക.

വില്വാദി ഗുളിക, ദൂഷി വിഷാരി അഗദം എന്നിവയുടെ വൈദ്യ നിര്‍ദ്ദേശ പ്രകാരമുള്ള ഉപയോഗം.

ചികിത്സാ മാര്‍ഗങ്ങള്‍

  • പാരിജാതം, കിരിയാത്ത, ആര്യ വേപ്പില, കുരുമുളക് എന്നീ ഔഷധങ്ങള്‍ പന്ത്രണ്ട് ഗ്രാം വീതം തുല്യ അളവില്‍ എടുത്തു എട്ടിരട്ടി വെള്ളം ചേര്‍ത്ത് നാലിലൊന്നായി വറ്റിച്ചു അരിച്ചെടുക്കുന്ന പാനീയം തൊണ്ണൂറു മി.ല്ലി വീതം രണ്ടു നേരം ഭക്ഷണത്തിന് മുന്‍പ് കഴിക്കുക
  • സി.സി.ആര്‍.എ.എസ് വികസിപ്പിച്ചെടുത്ത ആയുഷ്-64 എന്ന ഔഷധം 500 മി.ഗ്രാം./ കി.ഗ്രാം ശരീര ഭാരം എന്നക്രമത്തില്‍ 12 ആഴ്ച കഴിക്കുക. ഇത് പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ ഔഷധമാണ്. 
  • ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിരിക്കുന്ന വിഷമജ്വര ചികിത്സ, ഓരോ വ്യക്തിക്കും അനുസൃതമായി വ്യക്തി അധിഷ്ഠിതമായി ചെയ്യുക.

പല കാലഘട്ടങ്ങളില്‍ പല വിധ മഹാമാരികള്‍ക്ക് മുന്‍പില്‍ മാനവരാശി പ്രതിസന്ധിക്കിടയായിട്ടുണ്ട്. മലേറിയ പോലുള്ള രോഗങ്ങളെ നല്ല രീതിയില്‍ പ്രതിരോധിക്കുവാനും സാധിച്ചിട്ടുണ്ട്. ഈ ലോക മലേറിയ ദിനത്തിലും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാം.About author

Dr. Sreedarshan K. S.

BAMS, MD, Medical Officer, Govt. Ayurveda Dispensary, Munnar, Idukki


Scroll to Top