മൈഗ്രൈനും ആയുർവേദവും

പുതുതലമുറയിൽ കൂടുതലായി കണ്ടുവരുന്ന തലവേദനകളിൽ ഒന്നാണ് മൈഗ്രൈൻ. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രോഗമാണിത്. സൂര്യാവർത്തം, അർദ്ധാവഭേദകം തുടങ്ങിയ പേരുകളിലാണ് ആയുർവേദം ഈ രോഗത്തെ കുറിച്ച് വിവരിക്കുന്നത്. ചെന്നിക്കുത്ത്‌, കൊടിഞ്ഞി എന്നൊക്കെ  മൈഗ്രൈൻ രോഗത്തിനെ വിളിക്കാറുണ്ട്.

പ്രധാന കാരണങ്ങള്‍

വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ തലവേദന രോഗിക്ക് വളരെയേറെ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. തലയോട്ടിയിലെയും കഴുത്തിലെയും തലച്ചോറിലെയും രക്തക്കുഴലുകൾക്കുണ്ടാകുന്ന സങ്കോച വികാസമാണ് മൈഗ്രൈൻ തലവേദനക്ക് കാരണം. തലവേദനക്കു കാരണമാകുന്ന ഘടകങ്ങളെ നാം ‘ട്രിഗറുകൾ’ (trigger) എന്ന് വിളിക്കുന്നു. ശക്തമായ പ്രകാശം, ശബ്ദം, ചില പാനീയങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, പ്രത്യേക പെർഫ്യുമുകൾ എന്നിവ ട്രിഗറുകളാകാം.

ദഹന വ്യവസ്ഥയും ദഹനേന്ദ്രിയത്തിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന കാരണങ്ങളിൽ നിന്നാണ് മിക്ക തലവേദനകളും ഉത്ഭവിക്കുന്നത് എന്നാണ് ആയുർവേദം നിരീക്ഷിക്കുന്നത്. ജീവിത ശൈലിയിൽ ഉള്ള മാറ്റങ്ങൾ, വ്യായാമക്കുറവ്, എരിവ് പുളി  ഉപ്പ് എന്നിവയുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡ് സംസ്കാരം, രാത്രി വൈകിയുള്ള ആഹാരവും ഉറക്കവും, വർധിച്ചു വരുന്ന മൊബൈൽ ടാബ് കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം, മദ്യപാനം, പുകവലി, അമിതമായുള്ള ജോലിഭാരം, ഉത്കണ്ഠ എന്നിവ ശരീരത്തെയും മനസ്സിനെയും ഈ രോഗാവസ്ഥയിലേക്കു നയിക്കുന്നു. 

ലക്ഷണങ്ങള്‍

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ശരീരം ക്ഷീണിക്കുകയും ക്രമേണ മൈഗ്രൈൻ രോഗത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. വയറ്റിൽ പുകച്ചിൽ, വിശപ്പില്ലായ്മ, കൃത്യമായി മലമൂത്ര വിസർജ്ജനം ഉണ്ടാവാതിരിക്കുക എന്നീ ലക്ഷണങ്ങൾ ഇതോടൊപ്പം പൊതുവെ കാണാം. ജോലിയിലും വീട്ടുകാര്യങ്ങളിലും ശ്രദ്ധ നൽകുവാൻ സാധിക്കാതെ വരുകയും ചെയ്യുന്നു.

ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ഇടവിട്ടുണ്ടാകുന്ന തലവേദനയാണ് മുഖ്യ ലക്ഷണം. തലവേദന രോഗികളിൽ ഒരു പ്രത്യേക കാലയളവിൽ ആവർത്തിച്ചു വരികയും ചെയ്യുന്നു.  വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദി, വിവിധ നിറങ്ങൾ കണ്ണിനു മുൻപിൽ മിന്നിമറയുക എന്നിവയാണ് പ്രധാന ബുദ്ധിമുട്ടുകൾ. 

ആയുര്‍വേദ പ്രതിവിധി

ആഹാരവും ജീവിതശൈലിയും ക്രമീകരിക്കുക വഴിയും കൃത്യമായ ആയുർവേദ ചികിത്സ കൊണ്ടും മാറ്റാൻ കഴിയുന്ന ഒരു രോഗമാണ്‌  മൈഗ്രൈൻ. ഔഷധങ്ങൾക്കു പുറമേ സ്നേഹപാനം, നസ്യം, വമനം, വിരേചനം തുടങ്ങിയ ചികിത്സകളും തളം, ശിരോധാര, ശിരോവസ്തി എന്നീ ചികിത്സകളും മൈഗ്രൈനിൽ ആവശ്യമാണ്. രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ മനസിലാക്കി മരുന്നുകൾ കഴിക്കുന്നതും ശോധന ചികിത്സയും പഞ്ചകർമ്മ ചികിത്സയും ചെയ്യുന്നതും  രോഗം വീണ്ടും വരുന്നത് കുറയ്ക്കാൻ സഹായിക്കും. ആയുർവേദ ചികിത്സയോടൊപ്പം യോഗയും പ്രാണായാമവും ശീലിക്കുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നാം ഔഷധങ്ങൾ കഴിക്കാൻ പാടുള്ളു. കൂടാതെ നെറ്റിത്തടത്തിലെ സിരകളിൽ നിന്നും രക്തമോക്ഷ ചികിത്സയും മൈഗ്രൈനിൽ ഫലപ്രദമാണ്.  

മൈഗ്രൈൻ ഉള്ള വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 • തല കുളിക്കുന്ന സമയം രാവിലെയാക്കുക. തണുത്ത വെള്ളത്താൽ തലകഴുകുന്നതാണ് ഉത്തമം. കുളി കഴിഞ്ഞാൽ കൃത്യമായി വെള്ളം തുടച്ചെടുത്ത്‌ മുടി ഉണക്കുവാൻ ശ്രദ്ധിക്കണം 
 • കൃത്യസമയത്തുതന്നെ ആഹാരം കഴിക്കുന്നതിൽ ശ്രദ്ധകൊടുക്കണം. വയറിനു കാളൽ അഥവാ പുകച്ചിൽ ഉണ്ടാകാതെ നോക്കണം. എരിവ് പുളി ഉപ്പു എന്നീ രസങ്ങൾ മിതമായി ഉപയോഗിക്കുക. ലഘുവായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരം ശീലിക്കുക
 • തലവേദനയുള്ളപ്പോൾ വെളിച്ചം കുറവുള്ള മുറികളിൽ വിശ്രമിക്കുവാനും മൊബൈൽ ടിവി എന്നിവയുടെ ഉപയോഗം കുറക്കുവാനും ശ്രദ്ധിക്കണം 
 • മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക 
 • നിത്യവും കടുപ്പത്തിൽ ഉള്ള ചായ, കാപ്പി എന്നിവയുടെ ഉപയോഗം, തണുത്ത പാനീയങ്ങൾ, ഷെയ്ക്കുകൾ, ചോക്ലേറ്റ്, അച്ചാർ,  ഉപ്പിലിട്ടത്, സുർക്കയിൽ ഇട്ടത് എന്നിവ ഒഴിവാക്കുക.
 • തലവേദനയോടൊപ്പം ഓക്കാനം ഉണ്ടെങ്കിൽ മലരിട്ടു വെള്ളം തിളപ്പിച്ച് കുടിക്കാം. ഛർദ്ദിക്കാൻ ഉണ്ടെങ്കിൽ തടുക്കുവാൻ പാടില്ല. കൈപ്പുരസമുള്ള പിത്തം കലർന്ന ഛർദ്ദി ആണ് കാണാറുള്ളത്. അതിനു ശേഷം തലവേദനക്കു കുറവുണ്ടാകാം. ഛർദ്ദിച്ച ശേഷം ഇളം ചൂടുള്ള ലഘുവായ പാനീയങ്ങൾ ആവാം. ഉടൻ കട്ടിയുള്ള ആഹാരം കഴിക്കരുത്
 • മാംസം, മത്സ്യം, മുട്ട എന്നിവ അമിതമായി ഉപയോഗിക്കാതിരിക്കുക. പൊരിച്ചതും വീണ്ടും ചൂടാക്കിയതുമായ ആഹാരം കഴിക്കരുത്‌ . 
 • ടിൻ ഫുഡ്, ഗ്രിൽഡ് ഫുഡ്, ഐസ്ക്രീം, അജിനോമോട്ടോ അടങ്ങിയ ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക 
 • പാൽ കഴിക്കാം. തൈര്‌ ഒഴിവാക്കണം. മോരിൻ്റെ ഉപയോഗവും സംഭാരത്തിൻ്റെ ഉപയോഗവും നല്ലതാണ്
 • എള്ള് പാലിൽ ചേർത്ത് കഴിക്കുന്നതും ഉഴുന്ന് ചേർത്ത് കഴിക്കുന്നതും ചിലരിൽ മികച്ച ഫലം കാണിക്കാറുണ്ട്. ദശമൂലം ചേർത്തു കാച്ചിയ പാൽ അല്ലെങ്കിൽ രാമച്ചം മുത്തങ്ങ നെല്ലിക്ക എന്നിവ ചേർത്തു കാച്ചിയ പാൽ ശിരോധാരക്ക് ഉപയോഗിക്കാറുണ്ട്. 
 • തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിക്കാൻ ഉപയോഗിക്കാം. ബാം ക്രീം എന്നിവ വെള്ളത്തിൽ ഇട്ട് ആവിപിടിക്കാൻ പാടില്ല. ആവി പിടിക്കാൻ മരുന്നുകൾ വൈദ്യനിർദ്ദേശപ്രകാരം ഉപയോഗിക്കേണ്ടതാണ്. 
 • ആവി മുഖത്തു കൊള്ളുന്നതാണ് നല്ലത്. ദീർഘനേരം മൂക്കിലൂടെയും വായിലൂടെയും വലിച്ചെടുക്കരുത്. 
 • തലവേദനസംഹാരികൾ, ബാം എന്നിവയുടെ ഉപയോഗം തലവേദന വർദ്ധിപ്പിക്കാറുള്ളതിനാൽ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്.
 • തലവേദന കൂടുതലുള്ളപ്പോൾ ചന്ദനം മല്ലിയില കൊട്ടം എന്നിവ ചേർത്തരച്ച് തണുത്തവെള്ളത്തിൽ കലർത്തി നെറ്റിയിൽ പുരട്ടുന്നത് നല്ലതാണ് 
 • തലവേദനയുടെ കൂടെ ഛർദ്ദി കൂടിയുണ്ടെങ്കിൽ, അര സ്പൂൺ ജീരകം, ചെറിയ കഷ്ണം ചുക്ക് എന്നിവ നേർപ്പിച്ച പാലിൽ തിളപ്പിച്ചത് തണുത്ത ശേഷം കഴിക്കുക. ജീരക കഞ്ഞിയും മലർ കഞ്ഞിയും സേവിക്കുന്നതും നല്ലതാണ്.
 • മൈഗ്രൈൻ തലവേദന കുറക്കുവാൻ മാനസിക ആരോഗ്യവും പ്രധാനമാണ്. മെഡിറ്റേഷൻ യോഗ പ്രാണായാമം എന്നിവ ശീലിക്കുക

മൈഗ്രൈൻ ഉറപ്പായും മാറ്റാം. ആയുർവേദ ചികിത്സയും ജീവിത ശൈലീ മാറ്റങ്ങളും കൃത്യമായ ആഹാരവും ഉറക്കവും മാനസിക ആരോഗ്യവും നമുക്ക് മൈഗ്രൈനിൽനിന്നും മുക്തിനൽകും.About author

Dr. K. Praveen

MS (Ay)- Salakya. Medical Officer, Govt Ayurveda Dispensary Kattippara dr.praveen.0088@gmail.com


Scroll to Top