Fundamentals of Ayurveda

Medicines Matter. The Time of Taking them Matters More!

മരുന്നിന്‍റെ സമയവും പ്രധാനം

രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് മരുന്ന്. രോഗശാന്തിക്കായി നാം വൈദ്യസഹായം തേടുമ്പോൾ, മരുന്നുകളോടൊപ്പം അവ കഴിക്കേണ്ട സമയവും കൃത്യമായി പറഞ്ഞിട്ടുണ്ടാവും. എന്നാൽ എത്രപേർ ഇത് കൃത്യമായി പാലിക്കാറുണ്ട്? നമ്മുടെ തിരക്കുകളും അശ്രദ്ധയും പലപ്പോഴം യഥാസമയത്ത് മരുന്ന് കഴിക്കുന്നതിന് തടസ്സമാവുന്നു. നാം അറിയേണ്ട ഒരു കാര്യം എന്തെന്നാൽ‌ 'മരുന്ന് കഴിക്കുക' എന്നതിനേക്കാള്‍ 'മരുന്ന് യഥാസമയം കഴിക്കുക' എന്നതിലാണ് പ്രധാന്യം. 

ആയുർവേദത്തിലെ ഔഷധസേവനകാലങ്ങള്‍

ആയുർവേദ ആചാര്യൻമാർ ഔഷധം കഴിക്കേണ്ട സമയത്തിന് വളരെയേറെ പ്രധാന്യം നൽകിയിട്ടുണ്ട്. ചരകാചാര്യനും, സുശ്രുതാചാര്യനും, അഷ്ടാംഗഹൃദയത്തിൽ വാഗ്ഭടാചാര്യനും, 10 'ഔഷധ സേവന കാലങ്ങളെ' കുറിച്ചാണ് പ്രധാനമായും പരാമർശിച്ചിരിക്കുന്നത്. ഋതുക്കൾക്കനുസരിച്ചും രോഗിയുടെ ബലത്തിനനുസരിച്ചും ഔഷധം കഴിക്കേണ്ട സമയത്തിനു മാറ്റം വരാം. 

ചില ഉദാഹരണങ്ങള്‍ നോക്കാം:

  • ഊർധ്വാംഗ (കഴുത്ത് മുതൽ മുകളിലേക്ക്) രോഗങ്ങൾക്ക് പ്രധാനമായും രാത്രിയിലാണ് ഔഷധ സേവനത്തിനായി നിഷ്കർഷിച്ചിട്ടുള്ളത്. 
  • ഛർദി ശ്വാസകോശരോഗങ്ങൾ വിഷബാധ എന്നിവയ്ക്ക് ഇടയ്ക്കിടയ്ക്ക് ഔഷധം നൽകണം എന്ന് ആചാര്യൻ പറയുന്നു.
  • കഫരോഗങ്ങളിൽ രോഗിയുടെ ആരോഗ്യനില അനുസരിച്ച്, ഭക്ഷണം നിർബന്ധമില്ലാതെയും ഔഷധം കഴികക്കാം
  • വിശപ്പില്ലായ്മക്കും, മറ്റു ദഹനസംബന്ധമായ അസുഖങ്ങൾക്കും ഔഷധം വിവിധ ഇഷ്ടഭക്ഷണങ്ങളോടൊപ്പമാണ് നൽകേണ്ടത്.
  • വിറയൽ, ഇക്കിൾ/എക്കിട്ടം എന്നിവയ്ക്ക് ഭക്ഷണത്തിന് മുൻപും ശേഷവും ഔഷധം കഴിക്കണം.

രോഗങ്ങൾക്ക് അനുസൃതമായി അഹാരത്തിനു മുൻ‌പും, പിൻ‌പും, അഹാരത്തിനിടയ്ക്കും, പ്രാതൽ കഴിഞ്ഞും, അത്താഴം കഴിഞ്ഞും, അങ്ങനെ പലരീതികളിൽ ഔഷധം സേവിക്കാൻ ആയുർ‌വേദം പറയുന്നു. 

ഔഷധ സേവന കാലത്തിന്‍റെ പ്രാധാന്യം

ആഹാരം കഴിക്കാതെ ഔഷധം കഴിക്കുമ്പോൾ ദഹന രസങ്ങളും ഔഷധവും തമ്മിലുള്ള പ്രവർത്തനം നല്ലരീതിയിൽ നടക്കും. കഫരോഗങ്ങളിലാണല്ലോ ആഹാരം ഇല്ലാതെ ഔഷധം കഴിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്, ആഹാരം കഫവുമായി ചേർന്ന് ഔഷധവും ദഹന രസങ്ങളും തമ്മിലുള്ള പ്രവർത്തനത്തെ തടയാതിരിക്കാൻ ഇത് സഹായിക്കും. 

സർവ്വാംഗ രോഗങ്ങളിൽ ഭക്ഷണത്തോടൊപ്പം ഔഷധം കഴിക്കുമ്പോൾ, ദഹനം കഴിഞ്ഞ് ആഗിരണം ചെയ്യപ്പെടുന്ന ആഹാര രസത്തോടൊപ്പം ഔഷധവും ആഗിരണം ചെയ്യപ്പെടുകയും അത് ശരീരം മുഴുവൻ വ്യാപിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. 

രാത്രിയിൽ ആഹാരശേഷം കഴിക്കുന്ന ഔഷധത്തിന്‍റെ താഴേക്കുള്ള സഞ്ചാരം ആഹാരം മൂലം തടസ്സപ്പെടുകയും, അവ ശരീരത്തിന്‍റെ ഊർധ്വ ഭാഗങ്ങളിൽ ശരിയായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. 

ആഹാരത്തിന് ഇടയിലായി കഴിക്കുമ്പോൾ ഔഷധം മുകളിലേക്കോ താഴേക്കോ സഞ്ചരിക്കാതെ ദഹനനാളത്തിൽ തന്നെ പ്രവർത്തിച്ച് ദഹനരോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. 

ഇടയ്ക്കിടക്ക് ഔഷധം കഴിക്കുമ്പോൾ വായിൽ തന്നെ ആഗിരണം ചെയ്യപ്പെടുകയും ഔഷധം പെട്ടെന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. വിഷബാധ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആണല്ലോ ഇടയ്ക്കിടയ്ക്ക് ഔഷധം നിർദ്ദേശിച്ചിരിക്കുന്നത്. 

കഷായം, അരിഷ്ടം മുതലായവ എപ്പോൾ കഴിക്കണം?

ആയുർവേദത്തിൽ അരിഷ്ടം, കഷായം, ചൂർണ്ണം, വടകം, ഘൃതം അങ്ങനെ അനേക രീതികളിലാണ് ഔഷധം തയ്യാറാക്കുന്നത്. ഇവ ഓരോന്നും കഴിക്കേണ്ട സമയവും വ്യത്യസ്തമാണ്. ഉദാഹാരണത്തിന് അരിഷ്ടങ്ങൾ ആഹാരശേഷം ഉപയോഗിക്കാൻ ആണ് പൊതുവേ നിർദേശിക്കുന്നത്. കഷായങ്ങൾ ആഹാരത്തിന് മുൻപും. അരിഷ്ടങ്ങൾക്ക് തീക്ഷ്ണ സ്വഭാവം ഉള്ളതുകൊണ്ട് ആഹാരത്തിന് മുൻപ് കഴിച്ചാൽ എരിച്ചിൽ മുതലായ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. 

ചുമ പോലുള്ളവയ്ക്ക് താലീസപത്രാദി സിതോപലാതി മുതലായ ചൂർണ്ണങ്ങൾ ഇടയ്ക്കിടയ്ക്ക് കഴിക്കുവാൻ നിർദ്ദേശിക്കാറുണ്ട്. 

യഥാസമയം ഔഷധം കഴിക്കുന്നതിൻ്റെ പ്രയോജനം

നമ്മുടെ ആഹാരവും പ്രവര്‍ത്തികളും മറ്റ് ശാരീരിക കര്‍മ്മങ്ങളും അവസ്ഥകളും ഒക്കെത്തന്നെ മരുന്നിൻ്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുപോലെതന്നെ നാം മരുന്നു കഴിക്കുന്ന സമയം ശരീരത്തിൻ്റെ പ്രവർത്തനവും വ്യത്യാസപ്പെടാം. കഴിക്കുന്ന മരുന്നിന് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളേയും നിയന്ത്രിക്കാൻ സാധിക്കും. അതിനാൽ ശരിയായ സമയത്തല്ല അവ ശരീരത്തിൽ എത്തുന്നതെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാവാം. 

ഒരു മരുന്ന് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മേല്‍ പറഞ്ഞതുള്‍പ്പെടെ ധാരാളം സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഒരു വൈദ്യന്‍ നിശ്ചയിക്കുന്നത്. നാം കഴിക്കുന്ന മരുന്നുകളിൽ നിന്ന് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കണമെങ്കിൽ, അവ അനുയോജ്യമായ സമയത്തുതന്നെ കഴിക്കണം. അതുകൊണ്ട് കേവലം മരുന്ന് മാത്രമല്ല അവ കഴിക്കുന്ന സമയത്തിനനുസരിച്ചുകൂടിയാണ്  രോഗമുക്തി ലഭിക്കുക എന്നത് നാം അവശ്യം മനസ്സിലാക്കേണ്ട കാര്യമാണ്.


About author

Aiswarya T. S.

Final year BAMS Student, Nangelil Ayurveda Medical College, Kothamangalam. aiswaryasanthosh97@gmail.com


Scroll to Top