ആർത്തവവിരാമകാലത്തെ ആരോഗ്യസംരക്ഷണം ആയുർവേദത്തിലൂടെ

സ്ത്രീയുടെ  പ്രത്യുല്പാദന ഘട്ടത്തിന്  അവസാനം കുറിച്ചു കൊണ്ട് അണ്ഡാശയത്തിലെ  അണ്ഡോല്പാദനം  നിലയ്ക്കുകയും ഹോർമോൺ ഉൽപാദനം കുറയുകയും ചെയ്യുന്നത് മൂലം ആർത്തവ ചക്രം എന്നെന്നേക്കുമായി നിലയ്ക്കുന്ന പ്രക്രിയ ആണ് ആർത്തവ വിരാമം. കൗമാരകാലത്ത് നിയതമായ സമയത്ത് ആരംഭിച്ച് ഹൈപ്പോതലാമോ പിറ്റിയൂറ്ററി ഓവേറിയൻ അച്ചുതണ്ടിലെ (HPO axis)  ഹോർമോണുകളുടെ കൃത്യമായ പരസ്പര പ്രവർത്തനത്തിലൂടെ ഓരോ മാസവും അണ്ഡോല്പാദനം നടക്കുകയും ജനിതക ഘടകങ്ങൾക്ക് അനുസൃതമായി നാൽപതുകളിലോ അമ്പതുകളുടെ തുടക്കത്തിലോ ആർത്തവം  നിലയ്ക്കുകയും ചെയ്യുന്നു.

ആർത്തവവിരാമത്തിന് മുൻപും ശേഷവുമുള്ള 5 മുതൽ 10 വർഷങ്ങളിൽ അന്ത:സ്രാവി ഗ്രന്ഥികളുടെ പ്രവർത്തന ഫലമായി ഒട്ടനവധി വ്യതിയാനങ്ങൾ സ്ത്രീ ശരീരത്തിൽ ഉണ്ടാകുന്നു. പ്രത്യുത്പാദനക്ഷമതയാർന്ന ശരീര സാഹചര്യത്തിൽ നിന്നും മറ്റൊരു ഘട്ടത്തിലേക്കുള്ള പരിവർത്തനം ക്രമേണയായി സംഭവിക്കുന്നു.

പ്രായം

45 മുതൽ 55 വയസ്സു വരെ ആർത്തവിരാമത്തിന് സാധ്യതയുള്ളതാണ്. ഇത് ജനിതകപരമായി മുൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും പുകവലി,പോഷകാഹാരക്കുറവ് എന്നിവ ആർത്തവ വിരാമം നേരത്തെയാക്കും.

ആർത്തവ വിരാമം; എങ്ങനെ നിർണയിക്കാം

  1. 45 മുതൽ 55 വയസ്സുവരെ പ്രായമുള്ളവരിൽ തുടർച്ചയായ 12 മാസങ്ങളിലെ ആർത്തവമില്ലായ്മയെ ആർത്തവിരാമമായി കണക്കാക്കാം.
  2. ആർത്തവിരാമ ലക്ഷണങ്ങളുടെ ആവിർഭാവം.
  3. ഈസ്ട്രജൻ കുറവ്, FSH, LH ഹോർമോണുകളുടെ അളവ് കൂടുക
  4. യോനിയിലെ മ്യൂക്കസ്‌ പാളികളിലുണ്ടാകുന്ന വ്യതിയാനങ്ങൾ

അന്ത:സ്രാവി ഗ്രന്ഥികളുടെ പ്രവർത്തനഫലമായി ആർത്തവിരാമത്തിന് മുന്നോടിയായി തന്നെ ആർത്തവചക്രത്തിന് ക്രമരാഹിത്യം ഉണ്ടാകാറുണ്ട്. അണ്ഡാശയത്തിലെ ഫോളിക്കിൾ ശേഖരം കുറയുകയും ഉള്ളവതന്നെ ഹോർമോണുകളോട് പ്രതികരിക്കാതെ വരികയും ചെയ്യുന്നു. ഇതിൻ്റെ  ഫലമായി അണ്ഡോല്പാദനം കൃത്യമായി നടക്കാതിരിക്കുന്നു. തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആർത്തവവിരാമത്തിന് മുന്നോടിയായിത്തന്നെ ആർത്തവ ക്രമക്കേടുകൾ, അമിത രക്തസ്രാവം, എൻഡോമെട്രിയത്തിന് കട്ടികൂടുന്ന അവസ്ഥ(hyperplasia) മുതലായവയ്ക്ക് കാരണമാകുന്നു.

ആർത്തവവിരാമത്തിന് മുന്നോടിയായി ആർത്തവ ചക്രത്തിന് ഉണ്ടാവുന്ന വ്യതിയാനങ്ങൾ

1.പെട്ടെന്നുണ്ടാകുന്ന ആർത്തവമില്ലായ്മ

2. ആർത്തവചക്രത്തിൻ്റെ  ക്രമം തെറ്റി അമിത രക്തസ്രാവത്തോട് കൂടിയോ അല്ലാതെയോ ക്രമേണ ആർത്തവ വിരാമത്തിലേക്ക്‌ എത്തുന്നു.

3.ആർത്തവ ചക്രങ്ങൾക്ക് ഇടയിലെ കാലദൈർഘ്യം  കൂടി വരുന്നു. അതിനോടൊപ്പം പുറന്തള്ളപ്പെടുന്ന രക്തത്തിൻ്റെ  അളവും കുറഞ്ഞു കുറഞ്ഞു വന്നു ആർത്തവ വിരാമത്തിലേക്ക്‌ എത്തുന്നു

ആർത്തവവിരാമം ശാരീരിക ലക്ഷണങ്ങൾ

  1. ഹോട്ട്ഫ്ലഷുകൾ: ശരീരത്തിന് പെട്ടെന്ന് ചൂടനുഭവപ്പെടുകയും അല്പം കഴിഞ്ഞ് വിയർക്കുകയും ചെയ്യുന്നു
  2. ത്വക്കിലും മുടിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ: സ്വാഭാവികമായി ഉണ്ടായിരുന്ന ഇലാസ്തികത കുറയുന്നു. ത്വക്കിലെ കൊളാജൻ കുറയുന്നതുമൂലം ചുളിവുകൾ വീഴുന്നു. നിറ വ്യത്യാസം ഉണ്ടാവുന്നു. തലമുടിയുടെ ഉള്ള് കുറയുന്നു, ഗുഹ്യഭാഗത്തെയും കക്ഷത്തിലെയും രോമവളർച്ച കുറയുന്നു. ഈസ്ട്രജൻ നില കുറഞ്ഞുവരുന്നതിനോടൊപ്പം ടെസ്റ്റോസ്റ്റിറോൺ നില മാറ്റമില്ലാതെ തുടരുന്നതാണ് ഇതിനു കാരണം.
  3. ഉറക്കക്കുറവ്: നിദ്രയുടെ ദൈർഘ്യം കുറയുക,   ഉറക്കം വരാതിരിക്കുക, തുടങ്ങിയ പ്രശ്നങ്ങളും ആർത്തവവിരാമത്തോടനുബന്ധിച്ച് കാണുന്നു. ഉറക്കമില്ലായ്മ മൂലം ക്ഷീണവും തളർച്ചയും തോന്നുന്നു.
  4. ഋതു വിരാമത്തിനു ശേഷം അസ്ഥികൾക്കും പേശികൾക്കും ബലം കുറയുന്നു. ചെറിയ ആഘാതങ്ങൾ പോലും അസ്ഥികൾ പൊട്ടുന്നതിന് കാരണമാകുന്നു. ഹൃദ്രോഗ സാധ്യതയും കൂടുന്നു.
  5. ലൈംഗികത: സ്ത്രൈണ ഹോർമോണുകളുടെ അപര്യാപ്തതമൂലം യോനിയുടെ യോനീ നാളങ്ങളും യോനീദളങ്ങളും ചുരുങ്ങുന്നു. യോനി സ്രവങ്ങൾ കുറയുന്നതുമൂലം യോനീനാളം വരണ്ട് പോകുന്നു. ഇത്  ലൈംഗികവേഴ്ച വേദന ഉള്ളതാക്കുന്നു. ഈസ്ട്രജൻ്റെ  അഭാവം മൂലമുണ്ടാകുന്ന pH വ്യതിയാനം അണുബാധയ്ക്ക്  സാധ്യത കൂട്ടുന്നു. സ്തനങ്ങൾക്കും മാറ്റങ്ങളുണ്ടാകുന്നു.
  6. പെൽവിക് ഫ്ലോറിലെ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നത് മൂലം ഗർഭാശയത്തിനും മൂത്രസഞ്ചിക്കും സ്ഥാനച്യുതി ഉണ്ടാകാൻ സാധ്യതയുണ്ട്. മൂത്രാശയ അണുബാധയ്ക്കും സാധ്യത കൂടുതലാണ്.
  7. മാനസികം: ഈസ്ട്രജൻ്റെ  കുറവ് വൈകാരിക സ്ഥിതി നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ ബാധിക്കുകയും തൽഫലമായി രജോനിവൃത്തികാലത്ത് വിഷാദം, ഉത്കണ്ഠ, മുൻകോപം, വൈകാരിക സ്ഥിതിയിലുണ്ടാകുന്ന ചാഞ്ചല്യങ്ങൾ, ഏകാഗ്രതയില്ലായ്മ, മനഃക്ലേശം, മാനസിക പിരിമുറുക്കം തുടങ്ങിയവയ്ക്കും വഴിതുറക്കും.

ആയുർദൈർഘ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ ജീവിതത്തിൻറെ മൂന്നിലൊരുഭാഗം ആർത്തവവിരാമത്തിനു ശേഷമാണ്. ഈ കാലം ആരോഗ്യപൂർണമായിരിക്കുന്നതിന് വേണ്ടി  ആഹാരവിഹാരങ്ങളിലും  ജീവിതശൈലിയിലും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തണം.

കൂടാതെ ഋതുവിരാമത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രയാസങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അങ്ങനെ കുടുംബത്തിലെ മറ്റുള്ളവരുടെ സ്നേഹവും കരുതലും ഈ വിഷമസന്ധിയിലൂടെ കടന്നു പോകുന്നവർക്ക് കരുത്തേകും.

ജീവിതശൈലി:

  1. അഹിതവും ആയാസകരവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക
  2. ആരോഗ്യം പരിരക്ഷിക്കുക
  3. വൈദ്യ പരിശോധനയ്ക്ക് വിധേയരാകുക
  4. മന:സ്സന്തോഷം നൽകുന്ന കാര്യങ്ങളിൽ വ്യാപൃതരാകുക
  5. സമാനമനസ്കരായ സുഹൃത്ത് വലയം ഉണ്ടായിരിക്കുക
  6. മദ്യപാനം പുകവലി മുതലായവ ഒഴിവാക്കുക

വിഹാരം (lifestyle):

  1. പേശി ബലം കൂട്ടുന്ന വ്യായാമങ്ങൾ ശീലിക്കുക
  2. യോഗ, പ്രാണായാമം, ധ്യാനം മുതലായവ ജീവിതത്തിൻ്റെ  ഭാഗമാക്കുക
  3. നടത്തം, ജോഗിങ്ങ്, ഏറോബിക് വ്യായാമങ്ങൾ എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങൾ ശീലമാക്കുക.

ആഹാരം:

ന്യൂറോ ട്രാൻസ്മിറ്ററുകൾ ആണ് മാനസിക വൈകാരിക ഭാവങ്ങളെ നിയന്ത്രിക്കുന്നത്. ഇവയുടെ നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ  ആഹാരത്തിലൂടെ നിത്യേന ലഭ്യമാക്കുന്നത് നല്ലതാണ്. ഉദാഹരണമായി ഫോളിക് ആസിഡ്, സിങ്ക്, സെലീനിയം, കാൽസിയം, വിറ്റാമിനുകൾ മുതലായവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്.

ഇലക്കറികൾ,സിട്രസ് പഴങ്ങൾ, പാൽ, മുളപ്പിച്ച പയർ, മത്സ്യം, മാംസം, ബദാം, കശുവണ്ടി, വാൾനട്ട്, കടല എന്നിവ ഉപയോഗിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും.

വൈറ്റമിനുകളുടെ ലഭ്യതയ്ക്ക് വേണ്ടി പച്ചക്കറികൾ, നെല്ലിക്ക എന്നിവയും ഉപയോഗിക്കണം. ആൻറ്റി ഓക്സിഡന്കൾ ലഭിക്കാൻ വേണ്ടി മഞ്ഞ നിറമുള്ള പച്ചക്കറികൾ, പഴങ്ങൾ, പാൽ മുതലായവ ഉപയോഗിക്കാം.

ഫൈറ്റോ ഈസ്ട്രജനുകൾ ധാരാളം അടങ്ങിയ ചേന, സോയ മുതലായവയും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താവുന്നതാണ്.

ഒഴിവാക്കേണ്ടവ:

  1. പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിതോപയോഗം
  2. എരിവ്,പുളി,മസാലകൾ എന്നിവയുടെ അമിത ഉപയോഗം
  3. കഫീൻ അടങ്ങിയ  പാനീയങ്ങൾ
  4. ട്രാൻസ്ഫാറ്റ് അടങ്ങിയ cake,pastry മുതലായവ
  5. ബേക്കറി പലഹാരങ്ങൾ
  6. എണ്ണക്കടികൾ

ചർമ്മ സംരക്ഷണം: ധാന്വന്തരം,നാൽപാമരാദി, ഏലാദി മുതലായ തൈലങ്ങൾ ശരീരത്തിൽ പുരട്ടി കുളിക്കുന്നത് ആർത്തവവിരാമത്തോടനുബന്ധിച്ച് ത്വക്കിനുണ്ടാകുന്ന മാറ്റങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാണ്. ഈസ്ട്രജൻ സ്വീകരണികൾ ഏറ്റവും അധികം ഉള്ളത് മുഖത്താണ്. മുഖത്തെ നിറവ്യത്യാസം മുതലായവയ്ക്ക് കുങ്കുമാദി, നാൽപാമരാദി മുതലായ തൈലങ്ങൾ പുരട്ടാവുന്നതാണ്. കൂടാതെ ആവശ്യമെങ്കിൽ ഉചിതമായ ഔഷധ യോഗങ്ങൾ കൊണ്ട് നസ്യവും ചെയ്യാവുന്നതാണ്.

യോനീ വരൾച്ച തടയാൻ

വലിയ നാരായണ തൈലം, ധാന്വന്തരം തൈലം മുതലായ എണ്ണകൾ കൊണ്ട് യോനീപിചു, ഉത്തരവസ്തി മുതലായ ചികിത്സാവിധികൾ ചെയ്യുന്നത് ഗുണം ചെയ്യും.

ആർത്തവവിരാമത്തെ തുടർന്നുണ്ടാവുന്ന അസ്ഥിക്ഷയത്തിന്:

കാൽസ്യം ലഭ്യത ഉറപ്പുവരുത്തുന്ന ആഹാര ക്രമീകരണത്തിനൊപ്പം ഉചിതമായ മരുന്നുകളും ആയുർവേദ ഡോക്ടറുടെ നിർദ്ദേശാനുസാരേണ ഉപയോഗിക്കാവുന്നതാണ്.

ഗന്ധതൈലം, പ്രവാളഭസ്മം മുതലായവ ഇത്തരത്തിലുള്ള ഔഷധങ്ങൾക്ക് ഉദാഹരണങ്ങളാണ്.

മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, ശരീരത്തിലുണ്ടാകുന്ന ഹോട്ട് ഫ്ലഷസ് എന്നിവയ്ക്ക്

വൈദ്യ നിർദ്ദേശത്തോട് കൂടി ആശ്വഗന്ധചൂർണം, ശ്വേത ശംഖുപുഷ്പീമൂല ചൂർണം മുതലായവ പാലിലോ യുക്തമായ മറ്റു അനുപാനങ്ങളിലോ ഉപയോഗിക്കാവുന്നതാണ്.

ആവശ്യമെങ്കിൽ ശിരോധാര,തലപൊതിച്ചിൽ,ശിരോ അഭ്യംഗം, ശിരോവസ്തി മുതലായ ചികിത്സകളും അവസ്ഥാനുസാരേണ ചെയ്യാവുന്നതാണ്.

രസായന ചികിത്സ

ആയുർവേദത്തിൻ്റെ  അനന്യമായ ചികിത്സാ ശാഖയാണ് രസായന ചികിത്സാ വിഭാഗം. ഋതു വിരാമ കാലത്തെ ആകുലതകൾക്ക് ഏറ്റവും നല്ല പരിഹാരമായി രസായന ചികിത്സയെ ഉപയോഗപ്പെടുത്താവുന്നതാണ്.

ഋതു വിരാമത്തിനോട് അനുബന്ധിച്ച് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണ്. സാമൂഹികവും വ്യക്തിപരവുമായ ചുമതലകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി തുടർന്നുള്ള ജീവിതം അയത്ന ലളിതമായി പൂർവാധികം ചാരുതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആരോഗ്യവും ആർജവവും നിരുപാധികം മുന്നോട്ട് വെക്കുകയാണ് ആയുർവേദം എന്ന ചികിത്സാ ശാസ്ത്രം. ആയുർവേദത്തിൻ്റെ കരുതലോടെയാകട്ടെ ഓരോ സ്ത്രീയുടെയും ഋതു വിരാമകാലം..




About author

Dr. Manju. P. T.

MS (Ay)- Prasuti and Streerog Medical Officer manjuthilakan@gmail.com


Scroll to Top