പാല്‍ചായയും വറപൊരിയും 

തൂണുകളാല്‍ വീട് എന്ന പോലെ ശരീരത്തെ ധരിച്ചു നിര്‍ത്തുന്ന തൂണുകളില്‍ ഒന്നായിട്ടാണ് ആഹാരത്തെ ആയുര്‍വേദം കണക്കാക്കുന്നത്. വിശപ്പിനും ദഹനത്തിനും അനുസരിച്ചു കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. എന്നാല്‍   അടുത്തിടെയായി വിശന്നും അല്ലാതെയും ഇടക്കിടക്കു കഴിക്കുന്ന "ചായയും വറപൊരികളും" കൂടി നമ്മുടെ ആഹാരക്രമത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. 

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയങ്ങളില്‍ (beverages) ഒന്നാണ് ചായ. ആയുര്‍വേദ ദിനചര്യ അനുസരിച്ചു ഒരു വ്യക്തി എഴുന്നേറ്റ ശേഷം 1-2 ഗ്ലാസ്സ് ചെറുചൂടുവെള്ളം ആണ് ആദ്യമായി കുടിക്കാന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പലര്‍ക്കും എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്നത് ശീലമായോ addiction ആയോ മാറിയിരിക്കുകയാണ്. പാലും ചായപ്പൊടിയും ആണല്ലോ ചായ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന പ്രധാന ചേരുവകള്‍. 

പാല്‍ ആയുര്‍വേദത്തില്‍

പാലിന്‍റെ ഗുണങ്ങളെ പറ്റി ആയുര്‍വേദത്തില്‍ വളരെ വിശദമായി തന്നെ പ്രതിപാദിച്ചിരിക്കുന്നു. രസത്തിലും വിപാകത്തിലും (ദഹനശേഷമുള്ള അവസ്ഥ) മധുരമായ പാല്‍ ധാതുക്കളെയും (ശരീരകോശങ്ങള്‍) ഓജസ്സിനെയും (ഉന്മേശവും രോഗപ്രതിരോധശേഷിയും) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ആയുര്‍വേദ മതപ്രകാരമുള്ള ത്രിദോഷങ്ങളില്‍ വാതത്തെയും പിത്തത്തെയും ശമിപ്പിക്കുന്നു. ശീതവും ഗുരുവുമായ (ദഹിക്കാന്‍ സമയമെടുക്കുന്നത്) പാല്‍ ശരീരപുഷ്ടിദായകമായ കഫദോഷത്തെ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യുല്‍പാദന കാരണമായ ശുക്ലധാതുവിനെ  പോഷിപ്പിക്കുന്നു. സ്വാഭാവികമായി ഗുരുവായ പാല്‍ തിളപ്പിക്കുന്നതിലൂടെ ലഘുവായി (ദഹിക്കാന്‍ എളുപ്പമുള്ളത്) തീരുന്നു. 

ആയുര്‍വേദ സംഹിതകളില്‍ വിവരിച്ചിട്ടുള്ള 8 തരത്തിലുള്ള പാലുകളില്‍ ഏറ്റവും ശ്രേഷ്ഠവും മനുഷ്യരുടെ ഉപയോഗത്തിന് അനുയോജ്യവുമായ പശുവിന്‍ പാല്‍ ജീവനീയവും രസായന ഗുണമുള്ളതും ബുദ്ധിവര്‍ദ്ധകവും  ബലദായകവും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായകവുമാണ്. മൂത്രതടസ്സം, രക്തപ്പിത്തം, ക്ഷീണം, അധിക ദാഹം മുതലയാവയില്‍ ഉചിതമാണ്. താരതമ്യേന ലഘുവായ ആട്ടിന്‍പാല്‍ ശ്വാസംമുട്ട്, കൂടെകൂടെയുള്ള പനി, അതിസാരം എന്നിവയൊക്കെ ശമിപ്പിച്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. ആധുനിക ശാസ്ത്രപ്രകാരം പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം എന്നീ പോഷകങ്ങളാല്‍ സമ്പുഷ്ടമായ പാല്‍ വളര്‍ച്ചക്കും എല്ലുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. 

ചായ- ഒരു ആയുര്‍വേദ വീക്ഷണം

Camelia sinensis എന്ന ചെടിയില്‍ നിന്നുമാണ് പ്രധാനമായും ചായക്ക് ഉപയോഗിക്കുന്ന തേയില നിര്‍മിക്കുന്നത്. Green Tea ആയാലും Black Tea ആയാലും ആരോഗ്യകരമായ ചില പ്രയോജനങ്ങള്‍ നമ്മുടെ ശരീരത്തിനു ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ അധികമായി അടങ്ങിയിരിക്കുന്ന flavonoids എന്ന ഘടകം ശരീരത്തില്‍ രോഗ കാരണങ്ങളായ free radicals നു എതിരെ പ്രവര്‍ത്തിപ്പിക്കുന്ന Anti-oxidants ആണ്. Free radicals ന്‍റെ അളവ് വര്‍ധിച്ചാല്‍ ഹൃദ്രോഗം, കാന്‍സര്‍, മറ്റ് രോഗങ്ങള്‍ എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ തന്നെ കുറഞ്ഞ അളവില്‍ ചായ കുടിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതോടൊപ്പം കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും സഹായിക്കുന്നു.    

എന്നാല്‍ പാല്‍ ചേര്‍ത്ത് ചായ നിര്‍മ്മിക്കുമ്പോള്‍ ഈ ഗുണങ്ങളൊന്നും ശരീരത്തിനു ലഭിക്കുന്നില്ല എന്നാണ് അനവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. നമ്മുടെ നാട്ടില്‍ മിക്കവാറും പാല്‍ ചേര്‍ത്ത് തന്നെയാണ് ചായ ഉണ്ടാക്കുന്നത്. പാല്‍ ചേര്‍ക്കുമ്പോള്‍ തേയിലയില്‍ അടങ്ങിയിരിക്കുന്ന Catechins, Epicatechins മുതലായ Anti-oxidants മൂലം ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ ലഭിക്കുന്നില്ല.  രാവിലെ എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്നത് ആസിഡിറ്റി ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം പാല്‍ ചേരുന്നതിലൂടെ ചായ അമ്ല (acidic) സ്വഭാവമായി തീരുന്നു. ഇത് ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. ഇതാണ് ആയുര്‍വേദത്തില്‍ പറയുന്ന “സംയോഗ വിരുദ്ധം”. അതായത് ആരോഗ്യത്തിന് ഗുണകരമായ പാലും തേയിലയും കൂടിച്ചേരുമ്പോള്‍ അത് വിപരീതഗുണമായി ഭവിക്കുന്നു.

എന്താണ് ആയുര്‍വേദത്തില്‍ പറയുന്ന വിരുദ്ധമെന്ന് നോക്കാം...

ആഹാരസാധനങ്ങളില്‍ ചിലത് തമ്മില്‍ ചേരുന്നത് കൊണ്ടും സംസ്കാരാദി ഭേദം (പാചകരീതി പോലുള്ളവ) കൊണ്ടും ശരീരത്തിനു ഉപദ്രവകാരിയായി തീരുന്നു. അവയെ വിരുദ്ധാഹാരം എന്നു പറയുന്നു. ഭക്ഷിക്കുന്ന ഏതൊരു പദാര്‍ത്ഥവും അത് ആഹാരമായാലും ഔഷധമായാലും ദോഷത്തെ സ്ഥാനത്ത് നിന്നും ഇളക്കി അല്പമെങ്കിലും ശരീരത്തില്‍ നിന്നു പുറത്തു കളയുന്നില്ലയോ അങ്ങനെയുള്ളവയെല്ലാം വിരുദ്ധമായിട്ടുള്ളതാണ്, അവ ശരീരത്തിനു അഹിതവുമാണ്. അഷ്ടാംഗ ഹൃദയകാരന്‍റെ അഭിപ്രായപ്രകാരം ഇവ വിഷം (poison) പോലെയും ഗരം (slow /weak poison) പോലെയും ശരീരത്തിനു ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ വ്യായാമം ചെയ്യുന്നവര്‍, നല്ല ദഹനശക്തിയുള്ളവര്‍, യുവാക്കള്‍, ബലവാന്‍മാര്‍, ഇത്തരം ആഹാരങ്ങള്‍ ശീലമായവര്‍, അല്പം മാത്രം ഭക്ഷിക്കുന്നവര്‍ എന്നിവര്‍ക്കൊന്നും ചിലപ്പോള്‍ വിരുദ്ധാഹാരം പെട്ടെന്നു ദോഷമുണ്ടാക്കിയെന്നിരിക്കില്ല. 

മഞ്ഞള്‍ ചായ, തുളസി ചായ, മല്ലികാപ്പി, ശംഖുപുഷ്പി ചായ എന്നിവയെല്ലാം ചായക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ പാനീയങ്ങളാണ്

ഇനി ചായയോടൊപ്പം കഴിക്കുന്ന വറപൊരികളുടെ കാര്യം നോക്കാം.

ഇന്ന് കേരളത്തിലെ ഏത് മുക്കിലും മൂലയിലും കാണാം എണ്ണകടികള്‍- അഞ്ചുരൂപാ കടികള്‍ എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ ! മലയാളിക്ക് ഈ രുചിഭേദങ്ങള്‍ ഏറെ പ്രിയങ്കരമായി മാറിയിരിക്കുകയാണ്. സത്യത്തില്‍ 'കടി' കിട്ടുന്നത് നമ്മുടെ ആരോഗ്യത്തിനാണ് എന്നതാണു ഖേദകരം .... 

ആരോഗ്യത്തിന് ഹാനികരമായ എണ്ണകള്‍ (Unstable or unhealthy oils) ഉപയോഗിച്ച് പൊരിക്കുന്ന ഇത്തരം പലഹാരങ്ങള്‍ക്ക് ധാരാളം ദൂഷ്യഫലങ്ങളുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോള്‍, കരള്‍ രോഗങ്ങള്‍ എന്നീ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൊളസ്ട്രോളില്‍ തന്നെ ട്രൈഗ്ലിസറൈഡ് നില (Triglyceride level) അധികമായി വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മറ്റ് പലഹാരങ്ങളെ അപേക്ഷിച്ച് വറപൊരികള്‍ക്ക് കലോറിയും trans-fat അളവും വളരെ കൂടുതലും, ആവശ്യ പോഷകങ്ങളായ പ്രോട്ടീന്‍, വിറ്റാമിനുകള്‍, മിനറലുകള്‍, നാരുകള്‍ എന്നിവയുടെ അളവ് വളരെ കുറവുമാണ്. അതിനാല്‍ അമിതമായി കഴിക്കുന്നത് മൂലം ആരോഗ്യം താറുമാറാകുന്നു. മാത്രമല്ല കൂടുതലായി പൊരിച്ച് കറുമുറു ആക്കുന്നത് (deep frying) മൂലം കലോറി കൂടുന്നു. കാരണം പൊരിച്ചെടുക്കുമ്പോള്‍ ജലാംശം നഷ്ടപ്പെടുകയും കൊഴുപ്പിന്‍റെ ആഗിരണം (Fat absorption) കൂടുകയും ചെയ്യുന്നു. 

എണ്ണകള്‍ വളരെ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുമ്പോള്‍ unsaturated fat എന്ന ആരോഗ്യത്തിന് ഹാനികരമല്ലാത്ത വസ്തുക്കളില്‍ നിന്നു Hydrogenation എന്ന പ്രക്രിയയിലൂടെ അനാരോഗ്യകരമായ Trans-fat രൂപപ്പെടുന്നു. ഇതാണ് ആയുവേദം വ്യക്തമാക്കുന്ന “സംസ്കാരവിരുദ്ധം”. അതായത് ആഹാരസാധനങ്ങള്‍ processing അഥവാ സംസ്കാരത്തിലൂടെ അപകടകരമായി തീരുന്നു.  നിര്‍മാതാക്കള്‍ എണ്ണകളുടെ സ്വവീര്യതാവധി അഥവാ shelf-life വര്‍ദ്ധിപ്പിക്കാന്‍ ഈ പ്രക്രിയ ഉപയോഗിക്കുന്നു. ഈ Trans-fat ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം പോലെ ഒറ്റനവധി രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. പാമോയില്‍ പോലുള്ള സസ്യ എണ്ണകളില്‍ (vegetable oils) ചൂടാക്കുന്നതിന് മുമ്പുതന്നെ Trans-fat കൂടുതലാണ്. ചൂടാക്കുമ്പോള്‍ വീണ്ടും അളവ് കൂടുന്നു. മാത്രമല്ല ഒരു എണ്ണ തന്നെ പൊരിക്കാനായി വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോള്‍ Trans-fat അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം വറപൊരികള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന Batter അഥവാ മാവ് ഉണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമായ മൈദയാണ്.

സാധാരണഗതിയില്‍ ഉള്ള മൂന്നു നേരത്തെ ആഹാരത്തിന് പുറമെ സേവിക്കുന്ന ഇത്തരം വറപൊരികള്‍ മിക്കവാറും അദ്ധ്യശനങ്ങളായാണ് ഭവിക്കാറുള്ളത്. ആദ്യം കഴിച്ച ആഹാരം ദഹിക്കുന്നതിന് മുമ്പ് വീണ്ടും കഴിക്കുന്നതിനാണ് ആയുര്‍വേദത്തില്‍ അദ്ധ്യശനമെന്ന് പറയുന്നത്. ഇത് മൂലം ദഹനപ്രശ്നങ്ങളും മറ്റനവധി രോഗങ്ങളും ഉണ്ടാകുന്നതാണ്. നാമെല്ലാം കേട്ടു പഴകിയ ചൊല്ലുണ്ടല്ലോ-“ഒരു നേരം ഭക്ഷണം കഴിക്കുന്നവന്‍ യോഗി, രണ്ടുനേരം കഴിക്കുന്നവന്‍ ഭോഗി, മൂന്നു നേരം കഴിക്കുന്നവന്‍ രോഗി, നാലുനേരം കഴിക്കുന്നവന്‍ ദ്രോഹി” , അപ്പോള്‍ രണ്ടുനേരത്തെ വറപൊരികളും ചേര്‍ത്ത് (കൂടിയ അളവില്‍ ആണെങ്കില്‍ മാത്രം) അഞ്ചു നേരം കഴിക്കുന്നവനെ എന്തു പേര് വിളിക്കും?  ജഠരാഗ്നി അഥവാ ദഹനശക്തി പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആഹാരത്തിന്‍റെ മാത്ര അല്ലെങ്കില്‍ അളവിനു സുപ്രാധാനമായ പങ്കുണ്ട്. 

ഭക്ഷണം സ്വകാര്യമായ സ്ഥലത്തു വച്ച് ഭക്ഷിക്കാനാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അതിനാല്‍ തന്നെ വഴിയോര ഭക്ഷണശാലകളില്‍ ഇത്തരം ആഹാരം വിളമ്പുന്നത് “വിധി വിരുദ്ധ”മാണ്. ആവശ്യമായ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്കവാറും ഇത്തരം കടകളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും. 

നാടന്‍ വിഭവങ്ങളായ അട, കൊളകട്ട, എള്ളുണ്ട, അവലോസുപ്പൊടി, അരിയുണ്ട എന്നിവയൊക്കെ ഇത്തരം അനാരോഗ്യകരമായ എണ്ണകടികള്‍ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ആരോഗ്യകരമായ പലഹാരങ്ങളാണ്. അതുപോലെ Bake ചെയ്ത് ഉപയോഗിക്കുന്നതും താരതമ്യേന സുരക്ഷിതമാണ്. ആയുര്‍വേദ കമ്യൂണിറ്റി വെബ്സൈറ്റില്‍ തന്നെ പ്രസിദ്ധീകരിച്ച എള്ള് കൊളകട്ടയും മത്തന്‍ അടയും ആരോഗ്യദായകങ്ങളായ പലഹാരങ്ങളാണ്. 

എളുപ്പത്തില്‍ തയ്യാറാക്കാനാകുന്നതും രുചികരവും ആരോഗ്യകരവുമായ ഏതാനും വിഭവങ്ങളെ പറ്റി കൂടി ഇവിടെ വിവരിക്കാം.  

  1. ഈത്തപ്പഴം ലഡു

ചേരുവകള്‍ : ഈത്തപ്പഴം, തേങ്ങ, അരി വറുത്തത്, ഉണക്കമുന്തിരി, കശുവണ്ടി 

തയ്യാറാക്കുന്ന വിധം: ഈത്തപ്പഴം കുരുകളഞ്ഞു മിക്സിയില്‍ നന്നായി ചതച്ചെടുത്തു വലിയൊരു പാത്രത്തിലേക്ക് മാറ്റുക. ഇപ്രകാരം അരി വറുത്തതും അണ്ടിപരിപ്പും പ്രത്യേകം പൊടിച്ച് ഇതിലേക്ക് ചേര്‍ക്കുക. ശേഷം തേങ്ങ തിരുകിയതും ഉണക്ക മുന്തിരിയും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇതില്‍ നിന്നു കുറേശെയായി എടുത്തു ബോളുകളായി ഉരുട്ടി ലഡു ഉണ്ടാക്കിയെടുക്കുക.

ഗുണങ്ങള്‍: ഈത്തപ്പഴം, ഉണക്ക മുന്തിരി എന്നിവ Hb കൂടാന്‍ സഹായിക്കുന്നതിനാല്‍ വിളര്‍ച്ചയുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉത്തമമാണ്. ഈത്തപ്പഴത്തിന് glycemic index കൂടുതലായത്തിനാല്‍ പ്രമേഹ രോഗികള്‍ അധികമായി സേവിക്കരുത്. 

  1. റാഗി അട 

ചേരുവകള്‍: റാഗി, തേങ്ങ, ശര്‍ക്കര, ഏലയ്ക്കാപ്പൊടി, ഉപ്പ് 

തയ്യാറാക്കുന്ന വിധം: 3 കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്കു സ്വല്പം ഉപ്പ് ചേര്‍ത്ത് 1.5-2 കപ്പ് രാഗിപ്പൊടി ചേര്‍ത്ത് മാവ് പരുവത്തിന് കുഴച്ചെടുക്കുക. ശര്‍ക്കര പാനിയും തേങ്ങ തിരുകിയതും ഏലയ്ക്കപൊടിയും ചേര്‍ത്ത് ഉള്ളില്‍ വയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കുക. വാഴയിലയില്‍ മാവ് വച്ച് കട്ടികുറച്ചു പരത്തിയെടുക്കുക. നടുവില്‍ തയ്യാറാക്കിയ മിശ്രിതം വച്ച് ഇല മടക്കിയ ശേഷം ഇരുമ്പുച്ചട്ടിയില്‍ ചുട്ടെടുക്കുകയോ ആവിയില്‍ വേവിക്കുകയോ ചെയ്യാം. 

ഗുണങ്ങള്‍: ശരീരത്തിനു ചൂട് കൂടുതലുള്ള പിത്തപ്രകൃതികാര്‍ക്കും ഗര്‍ഭിണികള്‍ക്കും പാല്‍ കൊടുക്കുന്ന അമ്മമാര്‍ക്കും ആര്‍ത്തവവിരാമത്തിന് ശേഷം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ക്കും   കാല്‍സ്യത്തിന്‍റെ കുറവ് മൂലം അസ്ഥിസന്ധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്കും അനുയോജ്യമായ ഒരു വിഭവമാണ്. റാഗി ശീതവീര്യമായതിനാല്‍ തണുപ്പ് കാലത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

  1. നുറുക്ക് ഗോതമ്പ് ഉപ്പുമാവ് 

ചേരുവകള്‍: നുറുക്ക് ഗോതമ്പ്, പച്ചകറികള്‍ ചെറുതായി അരിഞ്ഞത്, കടുക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, വറ്റല്‍മുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, 

ഉണ്ടാക്കുന്ന വിധം: പാത്രം അടുപ്പില്‍ വച്ച് ചൂടായ ശേഷം എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍മുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂത്ത ശേഷം സ്വല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പച്ചമണം മാറിയ ശേഷം അല്പനേരം കുതിര്‍ത്തു വച്ച നുറുക്ക് ഗോതമ്പും പാകത്തിന് ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. ഇടക്കിടക്ക് ഇളക്കി കൊടുക്കുക. മുക്കാല്‍ വേവായ ശേഷം അരിഞ്ഞുവച്ച പച്ചകറികള്‍ ചേര്‍ത്ത് കുറഞ്ഞ തീയില്‍ ഏകദേശം 5 മിനിറ്റ് വേവിക്കുക. ഉപ്പുമാവ് റെഡി.

ഗുണങ്ങള്‍: തടി കൂടുതലുള്ള കഫപ്രകൃതിക്കാര്‍ക്കും പ്രമേഹ രോഗികള്‍ക്കും മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉചിതമാണ്. കഴിക്കുന്ന അളവ് കൂടരുതെന്ന് മാത്രം. 

  1. റവ പാല്‍ പുഡ്ഡിംഗ് 

ചേരുവകള്‍: പാല്‍, പഞ്ചസാര, റവ, മുട്ട, ഏലയ്ക്കാപ്പൊടി, നെയ്യ്

ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തില്‍ 0.5 ലിറ്റര്‍ പാല്‍ ഒഴിച്ച് നന്നായി ചൂടായ ശേഷം അര ടീസ്പൂണ്‍ നെയ്യും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി അലിയിച്ച ശേഷം 1.5 ടേബിള്‍സ്പൂണ്‍ റവ ചേര്‍ത്ത് ഇളക്കി കുറുക്കിയെടുക്കുക. നന്നായി ചൂടാറിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി 2 മുട്ടയും ഏലക്കപൊടിയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് നെയ്യ്മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി ഏകദേശം അര മുതല്‍ മുക്കാല്‍ മണിക്കൂര്‍ നേരം ആവിയില്‍ വേവിച്ചെടുക്കുക. തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്. 

ഗുണങ്ങള്‍: അനാരോഗ്യകരമായ ചേരുവകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് കൊടുക്കാവുന്ന രുചികരമായ പലഹാരമാണിത്. മാത്രമല്ല മെലിഞ്ഞിരിക്കുന്ന വാതപ്രകൃതിക്കാര്‍ക്കും കഴിക്കാവുന്നതാണ്. 

വ്യക്തിയധിഷ്ഠിതമായ ആഹാരക്രമം (Diet Pattern) ആണ് ആയുര്‍വേദം അനുശാസിക്കുന്നത്. ശരീരപ്രകൃതിക്കും കലാവസ്ഥയ്ക്കും ദേശത്തിനും അനുസൃതമായി ഭക്ഷണം കഴിക്കാനാണ് ശാസ്ത്രം നിര്‍ദേശിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണക്രമത്തിലൂടെ ത്രിദോഷങ്ങളെ സന്തുലിതമായി നിലനിര്‍ത്തി ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുക എന്നതാണു ആയുര്‍വേദത്തിന്‍റെ മൌലികതത്ത്വം.

അനാരോഗ്യകരമായ ആഹാരശീലങ്ങള്‍ ഒറ്റ ദിവസം കൊണ്ട് പെട്ടെന്നു ഉപേക്ഷിക്കണമെന്ന് പറയുന്നില്ല. നാവിന് ഹിതമായവ ശരീരത്തിനു കൂടി ഹിതമാണോയെന്ന് ചിന്തിച്ച് അപത്ഥ്യങ്ങളില്‍ നിന്ന് പതിയെ നാം മുക്തമാകേണ്ടതുണ്ട്. അപത്ഥ്യശീലങ്ങള്‍ ഉപേക്ഷിക്കുന്നതിന്‍റെ വ്യവസ്ഥയും ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്. അപത്യമായിരുന്നാലും പെട്ടെന്ന് ഉപേക്ഷിക്കുകയോ പഥ്യം തന്നെ ആയിരുന്നാലും പെട്ടെന്ന് ശീലിക്കുകയോ ചെയ്യരുത് എന്നാണ് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്. കാരണം പെട്ടന്നുള്ള മാറ്റം രോഗങ്ങള്‍ക്ക് കാരണമാകുന്നു. മാത്രമല്ല ക്രമേണ വര്‍ദ്ധിപ്പിക്കപ്പെടുന്ന ഗുണങ്ങള്‍ ഉലക്കപ്പെടാന്‍ കഴിയാത്ത വിധത്തില്‍ സ്ഥിരമായി നില്‍ക്കുകയും ചെയ്യുന്നു  

നമുക്ക് കാലക്രമത്തില്‍ കൈമോശം വന്ന ആരോഗ്യകരമായ ആഹാരശീലങ്ങള്‍ പുനസ്ഥാപിക്കാന്‍ ഈ കൊറോണക്കാലത്തേക്കാള്‍ ഉചിതമായ മറ്റൊരു സമയമുണ്ടാകില്ല. അപ്പോള്‍ ഈ മഹാമാരികളില്‍ നിന്നു പാഠം ഉള്‍കൊണ്ടുകൊണ്ട് നമ്മുടെയും കുടുംബത്തിന്‍റെയും ആരോഗ്യ പരിപാലനത്തിനായി നമുക്ക് പരിശ്രമിക്കാം.




About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top