അമ്മമനം വാടല്ലേ!

ഒരു സ്ത്രീയുടെ ജീവിത ചക്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മുഹൂർത്തങ്ങളിൽ ഒന്നാണ് ഒരമ്മയാവുക എന്നത്. ഗർഭധാരണവും, പ്രസവവും, സൂതികാകാലവും വളരെയധികം പ്രാധാന്യമർഹിക്കുന്ന അവസ്ഥകളാണ്. (പ്രസവിച്ച ഉടനെയുള്ള സ്ത്രീയെ സൂതിക എന്ന് ആയുർവേദത്തിൽ പൊതുവിൽ പറയുന്നു. പ്രസവിച്ച് ഒന്നര മാസം, നാല് മാസം, ആറ് മാസം, അടുത്ത ആർത്തവ ദർശനം വരെയെന്നും വിവിധാചാര്യമതം).

സിനിമാക്ലീഷേകളിൽ കാണുന്ന പോലെ ഒരു ഗാനരംഗത്തിൽ ചിത്രീകരിക്കുന്ന സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്ന വിവാഹവും, ഗർഭധാരണവും, പ്രസവവും പോലെയല്ല മിക്കപ്പോഴും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുക. വളരെ ക്ലേശകരമായ ഒരു പ്രക്രിയ തന്നെയാണ് പ്രസവം എന്നത്.

ആദ്യ ഗർഭധാരണത്തോടു കൂടിത്തന്നെ വരാനിരിക്കുന്ന കുഞ്ഞതിഥിയെക്കുറിച്ച് ഒട്ടേറെ സന്തോഷവും അതേ പോലെ പ്രസവത്തെക്കുറിച്ചും കുഞ്ഞിനെ പരിപാലിക്കുന്നതിനെക്കുറിച്ചും ഒട്ടുമിക്ക സ്ത്രീകൾക്കും ആശങ്കയും ഉത്കണ്ഠയും ഉണ്ടാകും. 85% സൂതികകളും ചെറിയ തോതിലെങ്കിലും മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാറുണ്ട്. പ്രസവാനന്തരം ആദ്യത്തെ ഒരാഴ്ച്ചക്കുള്ളിൽ വരുന്ന ഇത്തരം അസ്വസ്ഥതകളെ 'പോസ്റ്റ്പാർട്ടം ബ്ലൂസ്' (postpartum blues) അല്ലെങ്കില്‍ 'ബേബി ബ്ലൂസ്' (baby blues) അഥവാ 'മറ്റേർണിറ്റി ബ്ലൂസ്' (maternity blues) എന്നു പറയുന്നു. ഈ അവസ്ഥ അത്ര അപകടകാരിയല്ല. രണ്ടോ മൂന്നോ ആഴ്ച്ച കൊണ്ടു തന്നെ സൂതിക സ്വധാരണകൊണ്ട് സാധാരണ മനോനിലയിലേക്ക് വരുന്നതാണ്. എന്നാൽ അത് നീണ്ടു പോകുകയോ നിയന്ത്രണ വിധേയമല്ലാതെ വരുമ്പോഴോ കടുത്ത വിഷാദത്തിലേക്ക് (postpartum depression) തദനന്തരം അതിഗുരുതരമായ ചിത്തഭ്രമം അഥവാ ഉന്മാദാവസ്ഥയിലേക്ക് (post partum psychosis) വരെ നയിച്ചേക്കാം.

കാരണങ്ങൾ എന്തൊക്കെ? 

മേൽപ്പറഞ്ഞ മാനസിക അസ്വാസ്ഥ്യത്തിനെല്ലാം താഴെപ്പറയുന്നവയിൽ ഏതും കാരണമായി വരാം.

  • പ്രസവാനന്തരമുള്ള ഹോർമോൺ വ്യതിയാനങ്ങൾ. 
  • രക്തക്കുറവ്. 
  • പ്രസവശേഷമിടുന്ന തുന്നലിന്‍റെ വേദനയോ, അണുബാധയോ ഒക്കെ കൊണ്ടുണ്ടാവുന്ന ഉറക്കക്കുറവ്. 
  • മുലപ്പാൽ ഉണ്ടാകാനുളള താമസം. 
  • മുലപ്പാലിന്റെ കുറവോ, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ബന്ധുക്കളുടെ കളിയാക്കലോ കുറ്റപ്പെടുത്തലുകളോ കാരണമാകാം.
  • ഗർഭിണി ആയിരുന്നപ്പോൾ കിട്ടിയിരുന്ന പരിഗണന അമ്മയാകുന്നതോടെ കുട്ടിയിലേക്കും മാറും അതിനാൽ ഭർത്താവോ വീട്ടുകാരോ തനിക്ക് ശ്രദ്ധ തരുന്നില്ലെന്ന തോന്നൽ.
  • നേരത്തെ മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളവർ, അതിനു മരുന്നുകൾ കഴിച്ചിട്ടുള്ളവർ. 
  • കുടുംബത്തിലുള്ളവരുമായിട്ടുള്ള മാനസിക അകല്ച്ചയോ, സ്വരചേർച്ചയില്ലായ്മയോ (പ്രത്യേകിച്ചും ഭർതൃവീട്ടുകാരുമായി).
  • പ്രസവശേഷമുള്ള സൗന്ദര്യത്തെക്കുറിച്ചുള്ള ആധി, പ്രസവശേഷം വയർ കൂടുമോ, ശരീര സൗന്ദര്യം കുറയുമോ, ഭർത്താവിന് തന്നോടുള്ള താത്പര്യം കുറയുമോ തുടങ്ങിയുള്ള ഉത്കണ്ഠകൾ.
  • ഒരമ്മയാകാൻ വേണ്ടി മാനസികമായി ഒരുങ്ങാത്ത സ്ത്രീകൾ സൂതികകൾ ആകുമ്പോൾ.

സാധാരണയായി കാണുന്ന ലക്ഷണങ്ങൾ

അത്ര ഗുരുതരമല്ലാത്ത ബേബി ബ്ലൂസിൽ കുഞ്ഞിനു പാലു കൊടുക്കാൻ മടി, കാരണമില്ലാതെ വിഷമം, ശ്രദ്ധയില്ലായ്മ, ഒറ്റയ്ക്കിരിക്കുക, കുഞ്ഞിന്‍റെ കാര്യങ്ങളെക്കുറിച്ച് മണിക്കൂറുകളോളം ചിന്തിച്ചിരിക്കുക എന്നിങ്ങനെ. എന്നാൽ ഭർത്താവിന്‍റെയും വീട്ടുകാരുടെയും ചെറിയ ഒരു ശ്രദ്ധയും സ്നേഹവായ്പും കൊണ്ടു തന്നെ, സൂതിക സ്വയം പുതിയ ജീവിതാന്തരീക്ഷത്തോട് പൊരുത്തപ്പെട്ട് രണ്ടോ മൂന്നോ ആഴ്ച്ച കൊണ്ട് തന്നെ ചികിത്സ കൂടാതെ അതിൽ നിന്നും മുക്തയാകുന്നു.

എന്നാൽ ഈ അവസ്ഥ അതിരു വിടുമ്പോൾ, പ്രസവാനന്തര വിഷാദം (post partum depression) ഉണ്ടാകുന്നു. ഇത് അമ്മയ്ക്കെന്നപോലെ കുഞ്ഞിനും അപകടകരമാണ്. വിഷാദം നിയന്ത്രണാതീതമാകുമ്പോൾ  പ്രസവാനന്തര ഉന്മാദം (post partum psychosis) പോലെയുള്ള അവസ്ഥയിലേക്ക് വരുന്നു. അകാരണമായി കരയുക, ചിരിക്കുക, കുഞ്ഞിനോട് ദേഷ്യം, അടുപ്പം കാണിക്കാതിരിക്കുക, കുഞ്ഞിൽ നിന്നും ഓടി അകലുക, ഭക്ഷണം കഴിക്കാനും വെളളം കുടിക്കാനും മടി, ചിലപ്പോൾ അമിതമായി ഭക്ഷണം കഴിക്കുക എന്നിങ്ങനെ അസ്വാഭാവിക പെരുമാറ്റങ്ങളും കാണാം. ഈ അവസ്ഥകളിൽ, visual and auditory hallucinations (ഇല്ലാത്ത വസ്തുവിനെ കാണുക, ഇല്ലാത്ത ശബ്ദത്തെ കേൾക്കുക) ആത്മഹത്യാ പ്രവണതയും, അക്രമവാസനയും (കുട്ടിയെ അപായപ്പെടുത്തുക) വരെ കാണിക്കാം.

സൂതികാരോഗങ്ങളിൽ കശ്യപാചാര്യൻ പറയുന്ന 64 വ്യാധികളിൽ ഒന്നായി തന്നെ ഉന്മാദത്തെ പറയുന്നുണ്ട്. ഉറക്കക്കുറവ്, പ്രലാപം (പിച്ചും പേയും പറയൽ) എന്നിവ ലക്ഷണങ്ങളായി അവിടെ പറയുന്നുണ്ട്. മനുഷ്യമനസ്സിനെ ഏതൊരുഘട്ടത്തിലും, സാരഥിയില്ലാത്ത രഥത്തെപ്പോലെ ബുദ്ധി വിജ്ഞാന സ്മൃതികളെ ബാധിക്കാവുന്ന ഒന്നാണ് ഉന്മാദം. മേൽ പറഞ്ഞ അവസ്ഥകളിൽ പ്രകടമാകുന്ന നിരവധി ലക്ഷണങ്ങൾ നമുക്ക് ആയുർവേദത്തിൽ ഇത് വിശദീകരിക്കുന്ന പ്രകരണത്തിലും കാണാവുന്നതാണ്. അസ്ഥാന രോദനം, ആക്രോശം, ഹസിത (കാരണമില്ലാതെ കരയുക, ദേഷ്യപ്പെടുക, ചിരിക്കുക), ജാഗരൂക (ഉറക്കമൊഴിയുക), രഹ: പ്രീതി (ഒറ്റയ്ക്കിരിക്കുക), അല്പചേഷ്ടാഹാര (ആഹാരവും പ്രവർത്തികളും കുറഞ്ഞിരിക്കുക), അസത്യ ജ്വലന ജ്വാലാ താരകാ ദീപദർശനം (അഗ്നിജ്വാല, നക്ഷത്രം, വിളക്ക് ഇവ ഇല്ലാതെ ഉണ്ടെന്ന് തോന്നുക - visual hallucinations) എന്നിങ്ങനെ ദോഷാടിസ്ഥാനത്തിൽ  പറയുന്നുണ്ട്.

പരിഹാരങ്ങൾ എന്തൊക്കെ

ആദ്യമേ പറഞ്ഞുവല്ലോ ഗർഭം ധരിക്കുന്നതു മുതൽ ആശങ്കകൾ ഉണ്ടാകുന്നതിനാൽ, താനൊരു അമ്മയാകാൻ പോകുന്നു എന്ന യാഥാർത്ഥ്യം മനസ്സിനെ സന്തോഷത്തേടെ പഠിപ്പിച്ച് ഒരുക്കുക. ഭർത്താവിന്‍റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണം. പ്രസവശേഷം സൂതികയ്ക്കും കുഞ്ഞിനും ഒരേ ശ്രദ്ധ കൊടുക്കുക. കുഞ്ഞിന്‍റെ പരിപാലനം സൂതികയ്ക്ക്  ഒപ്പം വീട്ടുകാർക്കും പങ്കിട്ടെടുക്കാം.

കൃത്യമായ വൈദ്യനിർദ്ദേശപ്രകാരമുള്ള പ്രസവരക്ഷാ മരുന്നുകളുടെ ഉപയോഗം, കൃത്യമായ ആഹാരവിധി എന്നിവ പ്രസവശേഷമുള്ള ശരീരത്തിന്‍റെ ചയാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടു വരികയും തുടർന്ന് മുലപ്പാലുണ്ടാകാനും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ആയുർവേദ വിധിപ്രകാരമുള്ള എണ്ണ തേച്ച് കുളി (തലയിലും, ദേഹത്തും) ശാരീരിക മാനസിക സ്വാസ്ഥ്യത്തെ പ്രദാനം ചെയ്യുന്നു. സ്നാനം ദുഃഖസഹത്വം അഗ്ര്യം എന്ന് വാഗ്ഭടമതം. (ദുഃഖം സഹിക്കാൻ കുളി ആണ് ഉത്തമ ഔഷധം).

എല്ലാത്തിനും തന്നോടൊപ്പം ഭർത്താവും കുടുംബാംഗങ്ങളും ഉണ്ടെന്ന തോന്നൽ തന്നെ സൂതികയ്ക്ക് മനോബലം നൽകുന്നു. 

ധ്യാനം, പ്രാണായാമം (ശ്വസന മുറകൾ) തുടങ്ങിയവ ശീലിക്കാം. 

സംഗീതം മനസ്വാസ്ഥ്യത്തിനു നല്ലയൊരു പരിഹാരമാണ്. നിരവധി പഠനങ്ങൾ തെളിയിച്ച ഒന്നാണത്. മോഹനം, ഹംസധ്വനി, തോടി എന്നീ രാഗങ്ങൾ സന്തോഷത്തെ ഉളവാക്കുന്നവയാണ്. ഉറക്കക്കുറവുണ്ടെങ്കിൽ നീലാംബരി പോലെയുള്ള രാഗങ്ങൾ കേൾക്കാവുന്നതാണ്. പ്രശസ്തമായ ഉറക്കുപാട്ടായ 'ഓമനത്തിങ്കൾക്കിടാവോ' നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരേ പോലെ പ്രയോജനപ്പെടും.

എന്നാൽ ഇതിന്‍റെയൊക്കെ അഭാവത്താൽ ഉണ്ടായേക്കാവുന്ന post partum depression, psychosis പോലെയുള്ള  അവസ്ഥയിൽ ചികിത്സ അത്യാവശ്യമാണ്. മനോദോഷങ്ങൾക്കായി ധീ-ധൈര്യ-ആത്മാദി വിജ്ഞാനം (നല്ല ഒരു കൗൺസലിങ്ങ്) ആദ്യം തന്നെ സൂതികയ്ക്കും കുടുംബാംഗങ്ങൾക്കും നൽകാവുന്നതാണ്. ഘൃതം (നെയ്യ്) പോലെ യുക്തമായ ഔഷധങ്ങളും, അവസ്ഥാനുസാരേണ മറ്റ് ഔഷധകല്പനകൾ സേവിപ്പിക്കാനും, തളം പോലെയുള്ള കർമ്മങ്ങൾ ചെയ്യാനും വിധിയുണ്ട്. തീവ്രമായ അവസ്ഥകളിലേക്ക് പോകുന്നതിന് മുൻപു തന്നെ കൃത്യമായ വൈദ്യനിർദ്ദേശം തേടുക തന്നെ വേണം. എപ്രകാരമാണോ തൈലം നിറഞ്ഞ പാത്രം തുളുമ്പിപ്പോകാതെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നത് അപ്രകാരം ഗർഭിണിയെ പരിചരിക്കാൻ  ആചാര്യൻ പറഞ്ഞതുപ്പോലെ, അതിലും സൂക്ഷ്മതയോടെ സൂതികയെ പരിചരിക്കണം. യത്നേനോപചരേൽ (നല്ലവണ്ണം സൂക്ഷിച്ച് യത്നിച്ച് ഉപചരിക്കേണ്ടതാണ്) എന്ന് വാഗ്ഭടാചാര്യൻ പറഞ്ഞിരിക്കുന്നത് ഇവിടെ പ്രത്യേകം ഓർക്കേണ്ടതാകുന്നു.

ഗർഭിണീ പരിചര്യയും, സൂതികാ പരിചര്യയും വളരെ നല്ല രീതിയിൽ ആയുർവേദത്തിൽ പ്രതിപാദിക്കുന്നതും, അതിനാൽ തന്നെ കൃത്യമായ അറിവോടെ നമുക്ക് അത് പറഞ്ഞു കൊടുക്കാവുന്നതാണ്. പ്രസവരക്ഷാ മരുന്നുകൾക്കായി ക്ലിനിക്കിൽ വരുന്നവരിൽ ഇത്തരം കേസുകൾക്ക് കൃത്യമായ ഇടപെടലുകളിലൂടെയും, ഔഷധങ്ങളിലൂടെയും തീവ്രമായ മാനസികാവസ്ഥയിലേക്ക്  പോകാതെ തന്നെ പരിഹാരം കാണാൻ കഴിയാറുണ്ട്. വിദഗ്ധ നിർദ്ദേശം വേണ്ട അവസ്ഥകളിൽ തീർച്ചയായും കൃത്യമായ നിർദ്ദേശങ്ങൾ നൽകുക.

'കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു' എന്നിങ്ങനെ സമാന വാർത്തകൾ ഇടയ്ക്കെങ്കിലും ഒട്ടൊരു നടുക്കത്തോടെയും വേദനയോടെയും മാധ്യമങ്ങളിൽ നമ്മൾ കാണാറുണ്ട്. ഒരു പക്ഷേ ആ അമ്മയ്ക്ക് മനക്കരുത്ത് നൽകാൻ ആരും തുനിഞ്ഞിട്ടുണ്ടാകില്ല, അറിഞ്ഞിട്ടും ഉണ്ടാകില്ല.

 അമ്മമനങ്ങൾ വാടാതിരിക്കട്ടെ.

ചാരെ നിൽക്കാം..പുഞ്ചിരി വിടർത്താം..

ഓരോ സൂതികയുടെയും മനതാരിലും!


About author

Dr. Indu Kishore

BAMS Chief Physician- Dr.M.P. Rajendran Memorial Clinic & Panchakarma Centre, INDRA AYURVEDICS. Chennalode, Wayanad. rajendukishore@gmail.com


Scroll to Top