മുട്ടുവേദനയെ മുട്ടുകുത്തിക്കാം

ഒരു പ്രായമാകുമ്പോൾ  എല്ലാവർക്കും മുട്ടുവേദന വരുമെന്നും അത് സ്വാഭാവികം ആണെന്നുമാണ് പൊതുവേയുള്ള ധാരണ.

ആരോഗൃപ്രദമായ ഭക്ഷണശീലത്തിലൂടെയും  ചിട്ടയായ വ്യായാമത്തിലൂടെയും  ഒരു പരിധിവരെ മുട്ടുവേദനയെ തടഞ്ഞു നിർത്താവുന്നതാണ്. ഇന്നത്തെ ജീവിത ശൈലിയിൽ മുട്ടുവേദന യുവാക്കളിലും, മധൃവയസ്ക്കരിലും, പ്രായമായവരിലും  ഒരുപോലെ കാണപ്പെടുന്നു.

മുട്ടുവേദനയെ നിസ്സാരമായി കാണരുത്. ചികിത്സിക്കാതെ  വിട്ടാൽ ചിലപ്പോൾ സർജറി വരെ വേണ്ടി വന്നേക്കാം. തുടക്കത്തിൽ തന്നെ വിദഗ്ദ്ധ ഡോക്ടറെ കണ്ടു ചികിത്സിക്കേണ്ടതാണ്.

കാരണങ്ങൾ

സന്ധികളിലെ വേദന ആ സന്ധിയിലെയോ അവിടുത്തെ അസ്ഥികളിലെയോ ഘടനാപരമായ പ്രശ്നങ്ങള്‍ കൊണ്ടോ (osteo-arthritis) അല്ലെങ്കില്‍ ശരീരത്തിലുടനീളം ഉള്ള ചയാപചായ പ്രക്രിയയുടെ തകരാറു മൂലമുണ്ടാകുന്ന നീര്‍ക്കെട്ട് (inflammatory arthritis / reactive arthritis) കൊണ്ടോ ഉണ്ടാകാം. സന്ധി-അസ്ഥികളുടെ ഘടനാപരമായ പ്രശ്നങ്ങളുടെ ചില പ്രധാന കാരണങ്ങളാണ് ചുവടെ.

  1. അമിതമായ ശരീരിക അധ്വാനം, തുടർച്ചയായ നിൽപ്, കോണിപ്പടികൾ കയറിയിറങ്ങുന്ന തരത്തിലുള്ള ജോലികൾ.
  2. ശരീരഭാര വർധനവ്, വ്യായാമ കുറവ്, എന്നിവ സന്ധികളിലെ എല്ലുകളുടെയും  പേശികളുടെയും സ്നായുക്കളുടെയും ബലക്കുറവിനും ധാതുക്ഷയത്തിനും കാരണമാകും.
  3. അപകടങ്ങൾ മൂലം ഉളള പരുക്കുകൾ വേണ്ട വിധം ശ്രദ്ധിക്കാതെ ഇരിക്കുക, ഓട്ടോ ഇമ്മ്യൂണ്‍ രോഗം മൂലം സന്ധികളിൽ ഉണ്ടാക്കുന്ന അണുബാധ പിന്നീട് അസഹൃമായ വേദനയായി മാറുന്നു.
  4. മദ്ധൃവയസ്ക്കരിൽ ഭാരകുടൂതൽ ഒരു കാരണം ആണ്, പ്രായം കൂടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങൽ മൂലവും സന്ധികൾക്ക് ബലക്ഷയം സംഭവിച്ചു  മുട്ട് വേദനയുണ്ടാകാം.

നമ്മുടെ ശരീരഭാരം താങ്ങുന്നതും നമ്മുടെ ചലനങ്ങൾക്ക് സഹായിക്കുന്നതും ഏറ്റവും സങ്കീർണ്ണവുമാണ് കാൽമുട്ടുകൾ. അവ നന്നായി പരിപാലിക്കേണ്ടതാണ്.

നല്ല ഭക്ഷണശീലങ്ങൾ- മുട്ടുവേദന ഒഴിവാക്കാനും കുറയ്ക്കാനും                        

എല്ലാ ഭക്ഷണ ഗ്രൂപ്പുകളും ഉൾപ്പെട്ട സമീകൃതാഹാരം ശീലമാക്കുക.

പ്രഭാതഭക്ഷണം  നിർബന്ധമായും  കഴിക്കുക. അല്ലെങ്കിൽ ഉച്ചഭക്ഷണത്തിൻ്റെ  അളവ് കൂടാൻ  ഇടയാകും.                                   

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.

ബ്രെഡ്, കേക്ക്,  ബിയർ, മദ്യം, മൃഗങ്ങളുടെ കരൾ, ബ്രെയ്ൻ  എന്നിവ ഒഴിവാക്കുക.

മേല്‍ പറഞ്ഞവയ്ക്ക് പകരം മിതമായ പ്രൊട്ടീൻ, നാരുകൾ ,തവിടുകൾ, എന്നിവ കൂടുതൽ അടങ്ങിയ ആഹാരം ശീലമാക്കുക.

ഇരുമ്പ് കൂടുതൽ ഉളള മത്സ്യം, മാംസം, ഇറച്ചി, റാഗി, തവിടുളള ധാനൃങ്ങൾ, ഉണങ്ങിയ പഴങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയവ ശീലിക്കുക.

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, മുസബി, നെല്ലിക്ക, പേരക്ക ഉപയോഗിക്കുക.

പാൽ, പാലുത്പന്നങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, റാഗി, എളള് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ചികിത്സ                                                            

പ്രരംഭഘട്ടത്തിൽ ശമന ചികിത്സയ്ക്കാണ് ഇവിടെ പ്രാധാന്യം. ശമന ചികിത്സയെന്നാല്‍ രോഗകാരകങ്ങളായ ദോഷങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കാതെ വേദനയും മറ്റും ക്രമേണ കുറച്ചുകൊണ്ടുവരുന്ന ആയുര്‍വേദ ചികിത്സാ രീതിയാണ്. ഗുളൂചൃാദി കഷായം, ബലാഗുളുചൃാദി കഷായം, രാസ്നാസപ്തകം, രാസ്നൈരണ്ഡാദി കഷായം, യോഗരാജ ഗുഗ്ഗുലു, നവായസ ഗുഗ്ഗുലു എന്നിങ്ങനെ തുടങ്ങുന്ന ഔഷധങ്ങളുടെ ഒരു നീണ്ടനിരതന്നെയുണ്ട്‌ മുട്ടുവേദന പരിഹരിക്കാന്‍ ആയുര്‍വേദത്തില്‍. രോഗാവസ്ഥ കൃത്യമായി നിര്‍ണ്ണയിച്ച് ഏറ്റവും അനുയോഗ്യമായ മരുന്ന് തിരഞ്ഞെടുക്കുന്ന ഒരു വിദഗ്ധ വൈദ്യന് മുട്ടുവേദന എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും.

ശമനചികിത്സയിലൂടെ രോഗത്തിനെ നിയന്ത്രിച്ചതിനു ശേഷം അധികമായി വര്‍ദ്ധിച്ച ദോഷങ്ങളെ പുറംതള്ളി ദേഹത്തിനു ആരോഗ്യം വീണ്ടെടുക്കാന്‍ ശോധനചികിത്സയെപ്പറ്റി ആലോചിക്കാം. രോഗശമനത്തിനു മാത്രമല്ല അത് വീണ്ടും  വരുന്നത് ഒഴിവാക്കാനും ശോധന ചികിത്സ നല്ലതാണ്. വിരേചനവും (വയറിളക്കല്‍), വസ്തിയും (എനിമ)  ആണ് പ്രാധാനമായും  കൊടുക്കാറുളളത്. നീരും മറ്റും നല്ലവണ്ണം മാറിയശേഷം പലതരം കിഴികളും, പിഴിച്ചിലും ചെയ്യാവുന്നതാണ്.

വേദനാഹരങ്ങളായ തൈലങ്ങൾ കൊണ്ടുള്ള അഭ്യംഗം, ചൂർണ്ണക്കിഴി, ഇലക്കിഴി, ഞവരക്കിഴി. ലേപനങ്ങൾ, പിചു, രക്തമോക്ഷം, അഗ്നികർമ്മം തുടങ്ങിയവ വൈദൃയുക്തിയനുസരിച്ച് ചെയ്യാവുന്നതാണ്.

ആദ്യദിവസങ്ങളിൽ ചൂർണ്ണക്കിഴി, തുടർന്ന് അഭൃംഗം, ധാന്യാമ്ല ധാര, ജാനു വസ്തി, ഇലക്കിഴി, ബാഷ്പ സ്വേദം, വിരേചനം, വിവിധ ലേപനങ്ങൾ, ബന്ധനം, കഷായാദി ഔഷധ സേവയും, രോഗത്തെ സുഖപ്പെടുത്തുന്നു.

ഇത്തരം ചികിത്സകൾ വൈദ്യനിർദ്ദേശ പ്രകാരം തക്ക സമയത്ത് തിരഞ്ഞെടുക്കേണ്ടതാണ്.

ചില പൊടിക്കൈകള്‍

1. നീര് ഉളള ഭാഗത്ത് ആവണിക്കില വെച്ചു കെട്ടുക.

2. ഉപ്പും മുരിങ്ങയിലയും ചേർത്തരച്ച് കെട്ടുക.

3. ചങ്ങലംപരണ്ട, കോലരക്ക്, ഗോതമ്പ്, നീർമരുതിൻ തൊലി ഇവ ഉണക്കി പൊടിച്ച് പാലും നെയ്യും ചേർത്ത് കഴിക്കുക.

4. സഹചരാദി തൈലം, കൊട്ടം ചുക്കാദി തൈലം, കർപ്പൂരാദി തൈലം, ഇവയിൽ ഏതെങ്കിലും 1 മണിക്കൂർ തേച്ചു പിടിപ്പിച്ച് ചെറുചൂടുവെളളത്തിൽ കഴുകി കളയുക.     

5. തട്ടിയോ, വീണോ ഉളള വേദനക്ക് മുറിവെണ്ണ പഞ്ഞിയിൽ മുക്കി വേദനയുളള ഭാഗത്ത് കെട്ടിവെക്കാവുന്നതാണ്.

നമ്മുടെ ശരീരഭാരം ഏറെക്കുറെ മുഴുവനായിത്തന്നെ പേറേണ്ടിവരാറുണ്ട് നമ്മുടെ കാല്‍മുട്ടുകള്‍ക്ക്. സാധാരണഗതിയില്‍ ഒരു പരാതിയും കൂടാതെ വളരെ ഭംഗിയായി അവര്‍ ആ ജോലി നിര്‍വ്വഹിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരു ചെറിയ ബുദ്ധിമുട്ട് നമ്മുടെ മുട്ടുകള്‍ കാണിക്കുമ്പോള്‍ തന്നെ അതിനെ നിസ്സാരമായി കാണാതെ പരമാവധി നേരത്തേതന്നെ മുട്ടുവേദന വേണ്ടവിധം പരിഹരിക്കണം. 


About author

Dr. Anju Sidhidhatri

MD (Ay)- Panchakarma CMO & Managing Director Sreeraj Ayurveda Nursing Home & Pharmacy, Calicut dr.anjugopalakrishnan@gmail.com


Scroll to Top