ഓജസ് എന്നാൽ ന്ത്?

'പൗർണ്ണമിനിലാവ് പോലെ കാന്തിയുള്ള ചർമ്മം, നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന കണ്ണുകൾ, പ്രസന്ന മുഖഭാവം, എന്തൊരു തേജസ്സാണ് അവർക്ക് !!'

നമ്മുടെ ജീവിതത്തിൽ വിരളമായിട്ടെങ്കിലും ഇങ്ങനെയുള്ളവരെ കാണുകയോ ഇത്തരത്തിലുള്ള ഒരു സംഭാഷണം കേൾക്കുകയോ ചെയ്തിട്ടുണ്ടാകും. എന്താണാവോ ഇതിന്‍റെ രഹസ്യമെന്നു കൂടി ഒരുപക്ഷേ നാം അറിയാനാഗ്രഹിച്ചിട്ടുണ്ടാകും. ഇതുപോലെ മറ്റൊരു കൂട്ടരുണ്ട്, എത്ര ശ്രമകരമായ കാര്യങ്ങൾക്കിടയിലും വളരെ ശാന്തതയോടെ, ഉണർവ്വോടെ പ്രവർത്തിക്കുന്നവർ ! ഇവരുടെ ആരോഗ്യ രഹസ്യവും ഏവർക്കും അറിയാൻ ആഗ്രഹം കാണും, തീര്‍ച്ച! 

ഇതിനെല്ലാം കാരണം അവരുടെ ചിട്ടയായ ജീവിതരീതിയിലൂടെയും ആഹാരശൈലിയിലൂടെയും അവരിലുണ്ടായ ആന്തരിക ബലം ആണ്, അതാണ് ഓജസ്.

ആന്തരിക ബലം എന്നത് കൊണ്ട് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ബലം എന്നാണുദ്ദേശ്ശിക്കുന്നത്. ശരീരത്തേയും മനസ്സിനേയും ഒരുപോലെ ആശ്രയിച്ചാണ് ഒരു വ്യക്‌തിയുടെ ആരോഗ്യം നിലനിൽക്കുന്നത്. എങ്ങനെയാണോ ചൂടുള്ള മൺകുടത്തിലേയ്‌ക് പകരുന്ന നെയ്യ് ചൂടാകുന്നത്, എങ്ങനെയാണോ ചൂട്നെയ്യ് പകരുമ്പോൾ മൺകുടം ചൂടാകുന്നത് അതുപോലെയാണ് ശരീരവും മനസ്സും എന്ന് ചരകാചാര്യൻ വ്യക്തമാക്കുന്നുണ്ട്. ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥകൾ മനസ്സിനെയും,  മനസ്സിനുണ്ടാകുന്ന അസ്വസ്ഥതകൾ ശരീരത്തെയും ബാധിക്കും എന്ന് സാരം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്ന് കേട്ടിട്ടില്ലേ? ശരീരവും മനസ്സും എപ്പോഴും ഉണർവ്വോടെയിരിക്കാൻ ഊർജ്ജസ്രോതസ്സായി നിലകൊള്ളുന്നത് ഓജസ്സാണ് അതുകൊണ്ട് തന്നെ അതിനു കല്പിക്കപ്പെട്ടിട്ടുള്ള സ്ഥാനം ഹൃദയവും. 

എങ്ങനെയാണ് അത് ഉണ്ടാകുന്നത്? ഓജസ് ശരീരത്തിന്‍റെ കാതലായ സാരം ആണ്. പൂക്കളിൽ തേൻ എപ്രകാരമോ അതുപോലെയാണ് നമ്മളിൽ ഓജസ്സും. നല്ല പരിചരണവും പോഷണവും നൽകി വളർത്തുന്ന ചെടികൾ ഉറച്ച വേരുകളോടും ബലമുള്ള തണ്ടുകളോടും ജീവൻ തുളുമ്പുന്ന ഇലകളോടും കൂടി കാണുന്നവർക്ക് തന്നെ ഉന്മേഷം ഉണർത്തുന്ന പൂക്കളോട് കൂടി പരിലസിക്കുമ്പോൾ, വേണ്ട പരിചരണമോ വളമോ വേണ്ടത്ര വെള്ളം പോലും ലഭിക്കാതെ വളരുന്ന ചെടികളുടെ ശോച്യാവസ്ഥ സങ്കല്പിക്കുമ്പോൾ തന്നെ മനഃപ്രയാസം ഉണ്ടാക്കുന്നുവല്ലേ! അതെ, ഓജസ് എന്നാൽ ഓരോ വ്യക്തിയുടെയും ശരീരപാലനത്തിന്റെയും ആഹാരശൈലിയുടെയും പരിണിത ഫലമായ ഊർജ്ജം ആണ്.

നാം കഴിക്കുന്ന ആഹാരം തന്നെയാണ് ഓജസ്സെന്ന ഊർജ്ജത്തിന്‍റെ സ്രോതസ്. നാം കഴിക്കുന്ന ആഹാരം ഏവർക്കും അറിയാവുന്നതുപോലെ ദഹനേന്ദ്രിയങ്ങളിലൂടെ കടന്ന് ജഠരാഗ്നി/കായാഗ്നിയാൽ പചിക്കപ്പെട്ട് സാരവും കിട്ടവും (ശരീരത്തിന് ആവശ്യമായവ എന്നും ആവശ്യമില്ലാത്ത/ഹാനിയെ ഉണ്ടാക്കാൻ സാധ്യതയുള്ള മലമായും) ആയി മാറ്റപ്പെടും. പിന്നീടെന്ത് സംഭവിക്കുന്നു എന്നുകൂടി മനസ്സിലാക്കാൻ ശ്രമിക്കാം. ജഠരാഗ്നി, ധാത്വഗ്നി, ഭൂതാഗ്നി എന്നീ 3 പ്രധാന അഗ്നികൾ ആഹാരത്തെ ഓരോ തലങ്ങളിലായി പാകം ചെയ്ത് ആഹാരത്തെ ശരീരവുമായി ലയിപ്പിക്കുന്നു. ജഠരാഗ്നി ആദ്യം ആഹാരവുമായി പ്രവർത്തിച്ച് സാരം ഉണ്ടായല്ലോ, ആ സാരം അടുത്ത,  കുറച്ചുകൂടി സൂക്ഷ്മ തലമായ ധാതുക്കളിലേയ്ക്ക് കടക്കും. ധാതുക്കൾ എന്നാൽ ധരിക്കുന്നത്, ശരീരത്തെ ധരിച്ചു നിലനിർത്തുന്നത് എന്നര്‍ത്ഥമാക്കുന്നു. മനസ്സിലാക്കുവാനുള്ള എളുപ്പത്തിന് കോശസമൂഹമായ tissues ആയി പരിഗണിക്കാവുന്നതാണ്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്ന് 7 തരം ധാതുക്കൾ ആണ് ആയുർവേദത്തിൽ വിവരിച്ചിട്ടുള്ളത്. ഓരോ ധാതുവിലും കായാഗ്നിയുടെ അംശമുണ്ട് അതാണ് ധാത്വഗ്നി എന്നുപറയുന്നത്. ജലസേചനത്തിനായി വെള്ളം ചാലിലൂടെ ഒഴുക്കിവിടുമ്പോൾ ചെടികൾ എപ്രകാരം അവയ്ക്കുവേണ്ട പോഷണം സ്വീകരിക്കുന്നുവോ അപ്രകാരം ധാതുതലത്തിലേയ്ക്ക് കടന്നുചെല്ലുന്ന ആഹാരസാരം ഓരോ ധാത്വഗ്നികളാൽ വീണ്ടും പചിക്കപ്പെട്ട് അതാത് ധാതുക്കളുടെ പുഷ്ടി സാധ്യമാക്കുന്നു. ഇപ്രകാരം സമ്പുഷ്ടമായി നിലകൊള്ളുന്ന സപ്‌ത ധാതുക്കളുടെയും  തേജസ് ഒന്നു ചേർന്നാണ് ഓജസ് ഉണ്ടാകുന്നത്. അതായത് നാം കഴിക്കുന്ന ആഹാരത്തിന്‍റെ ഏറ്റവും ശുദ്ധമായ സാരാംശമാണ് ഓജസ്.  

ഓജസ്സിന്‍റെ ഗുണങ്ങൾ

ഓജസ് എന്നതൊരു മൂർത്ത ഭാവമല്ല. അതായത് സൂക്ഷ്മ നേത്രങ്ങളാൽപ്പോലും കാണാൻ സാധിക്കില്ല. എന്നാൽ വളരെ പ്രകടമായും സൂക്ഷ്മമായും ഉള്ള ലക്ഷണങ്ങളാൽ നമ്മുടെ ശരീരത്തേയും മനസ്സിനേയും പരിപാലിക്കുന്നു. ലക്ഷണങ്ങളിൽ നിന്നും കർമങ്ങളിൽ നിന്നും ഗുണങ്ങളെ അനുമാനിച്ചിരിക്കുന്നു. അവയാണ് ഗുരു, ശീതം, മൃദു, സ്നിഗ്ദ്ധം (മെഴുക്ക്/എണ്ണമയം), ബഹളം (ഘനത്വം), മധുരം, സ്ഥിരം, പ്രസന്നം (നിർമ്മലം), പിച്ഛിലം (വഴുവഴുപ്പ്), ശ്ലക്ഷ്ണം (മിനുസം) എന്നീ ദശഗുണങ്ങൾ. ചരകാചാര്യൻ ശരീരികൾക്ക് ശരീരത്തിൽ ആദ്യമുണ്ടാകുന്ന ഓജസ് നെയ്യിന്‍റെ വർണ്ണവും തേനിന്‍റെ രുചിയും മലരിന്‍റെ ഗന്ധവും ഉള്ളതായിരിക്കും എന്നു പറഞ്ഞിരിക്കുന്നു. 

ഓജസ് സോമാത്മകവും (ചന്ദ്രനെപ്പോലെ കുളിർമയേകുന്നതും) സ്നിഗ്ധവും വെളുത്ത വർണ്ണത്തോടു കൂടിയതും വീര്യത്തിൽ ശീതവും സ്ഥിരവും അതേ സമയം സരവും (ഒഴുകുന്നത്) നിർമ്മലവും മൃദുവും വഴുവഴുപ്പുള്ളതും പ്രാണന്‍റെ ഉത്തമമായ ആധാരവുമാകുന്നു എന്ന് സുശ്രുതാചാര്യൻ വർണ്ണിച്ചിരിക്കുന്നു. അതോടൊപ്പം ജീവികളുടെ എല്ലാ അവയവങ്ങളിലും ഓജസ് വ്യാപിച്ചിരിക്കുന്നെന്നും അതിന്‍റെ അഭാവത്താൽ ശരീരം തന്നെ നശിച്ചു പോകുമെന്നും പറഞ്ഞിരിക്കുന്നു. അഷ്ടാംഗഹൃദയകാരൻ ഹൃദയാശ്രിതമായിരിക്കുന്ന ഓജസ് ശരീരത്തിലാകെ വ്യാപിച്ചുകൊണ്ട് ദേഹത്തെ ശരിയായി നിലനിർത്തികൊണ്ടുപോകുന്നു എന്നും അത് സ്നിഗ്ധവും സോമാത്മകവും പരിശുദ്ധവും അല്പം ചുവപ്പു കലർന്ന മഞ്ഞനിറത്തോട്കൂടിയതാണെന്നും എന്നും വർണ്ണിച്ചിരിക്കുന്നു. കൂടാതെ, ശരീരസംബന്ധമായ എല്ലാ ഭാവങ്ങളും ഓജസ്സിൽ നിന്നുണ്ടാകുന്നു എന്നും ജീവൻ തന്നെ ഓജസ്സിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ഓജസ് നശിക്കുന്നതോടെ ജീവന്‍റെ നിലനിൽപ്പും ഇല്ലാതാകുമെന്നും പ്രസ്താവിച്ചിരിക്കുന്നതിലൂടെ ഓജസിന്‍റെ പ്രാധാന്യം കൂടി വിവരിച്ചിരിക്കുന്നു.

ഈ ആചാര്യവചനങ്ങളിൽ നിന്നും പാലിൽ നെയ്യെന്ന പോലെ നമ്മുടെ ശരീരത്തിലുള്ള ഓജസ് ഗുണത്തിലും ഏകദേശം നെയ്യിന്‍റെ സമാനഗുണങ്ങളോട് കൂടിയതാണെന്ന് മനസ്സിലാക്കാം. ത്രിദോഷങ്ങളിലെ ശരീരബലഹേതുവായ കഫത്തിനോട്‌ ഓജസ് സമാനത പുലർത്തുന്നു. ജീവന്‍ നിലനിൽക്കുന്നത് തന്നെ ഓജസ്സിനെ ആധാരമാക്കിയാണ് എന്നും വ്യക്തം.

ഓജസ്സും രോഗപ്രതിരോധശേഷിയും

രോഗത്തെ ഉൽപ്പാദിപ്പിക്കുവാൻ ശേഷിയുള്ള ഘടകങ്ങളുമായി ശരീരം സമ്പർക്കത്തിൽ വന്നാലും രോഗമുണ്ടാകാതെ സംരക്ഷിക്കുവാനും അഥവാ രോഗം ഉണ്ടായാലതിനെ ചെറുക്കുവാനുമുള്ള ശരീരത്തിന്‍റെ കഴിവ് ആണ് രോഗപ്രതിരോധശേഷി അഥവാ വ്യാധിക്ഷമത്വം- നമ്മുടെ ഇമ്മ്യൂണിറ്റിഅതായത് രോഗം വരാതെ സംരക്ഷിക്കുന്നതോടൊപ്പം ഉണ്ടായ രോഗത്തെ അതിന്‍റെ ആരംഭത്തിൽ തന്നെ ഇല്ലാതാക്കുക, തീവ്രത കുറക്കുക, രോഗോപദ്രവങ്ങളിൽ നിന്നു ദേഹരക്ഷ നൽകുകയും ചെയ്യുവാനുള്ള ശരീരത്തിന്‍റെ ശക്തി. ഈ വ്യാധിക്ഷമത്വം നമ്മുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം ആകട്ടെ പൂർണ്ണമായും ശരീരത്തിന്‍റെ ബലത്തെ ആശ്രയിച്ചിരിക്കുന്നു, ഈ ബലമോ? ഓജസ്സിൽ നിന്നും ലഭിക്കുന്നു. 

ഇപ്പോൾ കോവിഡ് ബോധവത്ക്കരണം നടത്തുമ്പോഴും lock down ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും 10 വയസ്സിന് താഴെയുള്ളവർ, 65 ന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, അമിതവണ്ണം എന്നീ ജീവിതശൈലീ രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. എന്താണ് കാരണം? അവർക്ക് പകർച്ച വ്യാധികൾ പോലുള്ളവ വന്നുപെടാൻ സാധ്യത കൂടുതലാണെന്നും വന്നുപെടുന്ന രോഗങ്ങൾ ചികിത്സിച്ചു മാറ്റുവാൻ പ്രയാസമാണ്ണെന്നതും ഒരുപക്ഷേ ജീവഹാനി വരെ സംഭവിക്കാമെന്നതും തന്നെ കാരണം. അവരിൽ പ്രതിരോധ ശേഷി കുറവായിരിക്കും എന്നതാണ് മൂല കാരണം. നമ്മുടെ പ്രതിരോധ വ്യവസ്ഥ എന്നത് വളരെ സങ്കീർണ്ണമായ ഒന്നാണ്. നാഡീ വ്യവസ്ഥ, രക്ത-ചംക്രമണ വ്യവസ്ഥ, അന്തസ്സ്രാവീ ഗ്രന്ഥികൾ, ലിംഫാറ്റിക്സ് ഇങ്ങനെ വിവിധ അവയവ വ്യവസ്ഥകളുടെ സംയോജിത പ്രയത്നത്തിലൂടെയാണ് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ/ ഇമ്മ്യൂൺ സിസ്റ്റം പ്രവർത്തിക്കുന്നത്. ഇവയുടെ അക്ഷീണമായ പ്രയത്നത്തിന് ആധാരമായ ഊർജ്ജം ഓജസ്സാണ്. മേൽപ്പറഞ്ഞ ഗണത്തിലുള്ളവർക്ക് പ്രത്യേകിച്ചും ജീവിതശൈലീ രോഗങ്ങളുള്ളവർക്ക്, ഓജസ് നന്നേ കുറവായിരിക്കും. ഇന്ധനം കുറയുമ്പോൾ പ്രവത്തനക്ഷമത കുറയുമെന്നത് സ്വാഭാവികം. ഗർഭിണീ പരിചര്യ വിശദമാക്കുന്ന സന്ദർഭത്തിൽ എട്ടാം മാസം പ്രസവം നടന്നാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയിൽ വളരെ ശ്രദ്ധ അനിവാര്യമാണെന്നും ഈ സമയം ജീവഹാനി വരെ സംഭവിക്കാമെന്നും പറയുന്നുണ്ട്. ഓജസ്സിന്‍റെ അസ്ഥിരതയാണ് ഈയൊരു അവസ്ഥയ്ക്കുള്ള കാരണം. Premature delivery യിൽ ആധുനിക വൈദ്യശാസ്ത്രവും ഇമ്മ്യൂണിറ്റി വളരെ കുറവായതിനാൽ അമ്മയെയും കുഞ്ഞിനേയും വളരെ ശ്രദ്ധിക്കണം എന്ന് നിലപാട് തന്നെ പാലിച്ചു പോരുന്നു. നമ്മുടെ പ്രതിരോധ ശേഷി/ഇമ്മ്യൂണിറ്റി ഓജസ്സിനെ ആശ്രയിച്ച് പ്രവർത്തിയ്ക്കുന്നു എന്ന് ഇതിൽനിന്ന് വ്യക്തമാകുന്നു. നല്ല ഓജസുള്ളവർക്ക് നല്ല രീതിയിൽ രോഗത്തെ ചെറുത്തു നിർത്തുവാനാകും. അതായത് നമ്മുടെ പ്രതിരോധ ശേഷിയുടെ കവചം ആണ് ഓജസ് എന്ന് സാരം.

ഓജസ്സിനുണ്ടാകുന്ന വ്യതിയാനങ്ങളും ആരോഗ്യവും

നാം കഴിക്കുന്ന ആഹാരത്തിന്‍റെ ഗുണനിലവാരമനുസരിച്ച് ശരീരധാതുക്കൾക്ക് പുഷ്ടി ഉണ്ടാകുകയോ ക്ഷയമുണ്ടാകുകയോ(കുറഞ്ഞില്ലാതാവുക) ചെയ്യുമ്പോൾ നമ്മുടെ ഓജസ്സിനും അതേ രീതിയിലുള്ള വ്യതിയാനങ്ങൾ ഉണ്ടാകും. പല്ലുതേപ്പ്, കബള-ഗണ്ഡൂഷങ്ങൾ(oil pulling), നസ്യം, ധൂമപാനം, അഭ്യംഗം(എണ്ണ പുരട്ടൽ), വ്യായാമം, കുളി, അഞ്ജനം(കണ്ണെഴുതൽ), എന്നീ നിത്യേന ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ശീലിക്കുകയും കാലാനുസൃതം സ്വന്തം വിശപ്പിനനുസരിച്ചുള്ള ആഹാരം കഴിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് അവനിൽ സഹജമായി (ഗർഭം മുതലേ കൂടെയുള്ള) നിലകൊള്ളുന്ന ഓജസ് തൃപ്തികരമാം വിധം വർദ്ധിക്കുകയും ശരീരത്തിന്പുഷ്ടിയും ബലവും നൽകി  സ്വരശുദ്ധി, വർണ്ണപ്രസാദം ഇവയും മനസ്സിന് സന്തുഷ്ടിയുമേകി ആ വ്യക്തിയെ കർമസാമർത്ഥ്യം ഉള്ളവനാക്കി നിലനിർത്തുകയും ചെയ്യും. യാദൃശ്ചികമായി സംഭവിക്കാവുന്ന അഭിഘാതങ്ങളാലും(അടി, ഇടി, വീഴ്ച ഇവയാലുണ്ടാകാവുന്ന ക്ഷതങ്ങൾ), അത്യദ്ധ്വാനം മൂലവും,ദുഃഖം, ദേഷ്യം, അതിയായ ചിന്ത, എന്നീ മനസ്സിന്‍റെ അസ്വസ്ഥതകളാലും മാനസിക സമ്മർദ്ദം(stress) മൂലവും ഓജസ്സിന് വ്യതിയാനം സംഭവിക്കും. ഓജസ്സിന് പ്രധാനമായും 3 തരത്തിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ഇവയെ ഓജസ്സിനുണ്ടാകുന്ന വൈകല്യങ്ങളായി കണ്ട് ലക്ഷണസഹിതം സുശ്രുതാചാര്യൻ വിവരിച്ചിരിക്കുന്നു.

  • ഓജോവിസ്രംസം (ഓജസ്സിനുണ്ടാകുന്ന സ്ഥാനഭ്രംശം)-  സന്ധികൾക്ക് ക്ഷീണം, ശരീരത്തിന് തളർച്ച, ദോഷങ്ങൾക്ക് സ്ഥാനചലനം, ശരീര-മാനസിക പ്രവർത്തനങ്ങൾക്ക് തടസ്സം എന്നീ ലക്ഷണങ്ങൾ. 
  • ഓജോ വ്യാപത്ത്(ഓജസ്സിന് ദുഷ്ടി)- അവയവങ്ങൾക്ക് മരവിപ്പ്, ശരീരത്തിന് ഗുരുത്വം, വാതികമായ വീക്കം, ശരീരത്തിന് നിറഭേദം, ആകെയൊരു അസ്വസ്ഥത എന്ന തോന്നൽ, മയങ്ങി പോവുക, ഉറക്കം കൂടുക എന്നീ ലക്ഷണങ്ങൾ. 
  • ഓജക്ഷയം-  മോഹാലസ്യം, മാംസ ക്ഷയം/ശരീരശോഷം, മോഹം( മനസ്സിനുണ്ടാകുന്ന സംഭ്രമം), പിച്ചും പേയും പറയുക, മരണം എന്നിവ ലക്ഷണങ്ങൾ ആകുന്നു. ചരകാചാര്യൻ ഭീരുത്വം, ദുർബലത, എപ്പോഴും ചിന്താകുലനാവുക, ഇന്ദ്രിയങ്ങൾക്ക് അസ്വാസ്ഥ്യം, ശരീരത്തിന്‍റെ ഛായയ്ക്ക് വൈകല്യം, രൂക്ഷത എന്നീ ലക്ഷണങ്ങൾ കൂടി പറഞ്ഞിരിക്കുന്നു. 

ഓജസ് കുറയുന്നതനുസരിച്ച് ശാരീരികമായും മാനസികമായും ബലക്കുറവ്, ക്ഷീണം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ ആവുക എന്നീ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. അതായത് നമ്മൾ ആകെ dull ആയി പോകും. ഓജസ് കുറയുന്നതിന്‍റെ തോതനുസരിച്ച്‌ നമ്മുടെ സ്വാഭാവിക നിറത്തിലും മാറ്റം/മങ്ങൽ /ഇരുൾച്ച ഇവ പ്രകടമാകും. വെള്ളം പോലും കിട്ടാത്ത ചെടിയുടെ അവസ്ഥയ്ക്ക് സമാനമാകും. ഇതിന്‍റെ ഫലമായി ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കുവാൻ സാധ്യമാകാതെ മാനസിക സമ്മർദ്ദം കൂടുകയും അത് വീണ്ടും ഓജസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യും. അതിനാൽ ഓജസ്സിനെ സംരക്ഷിച്ചു നിർത്തേണ്ടത് സുഗമമായ ജീവിതത്തിന് അനിവാര്യം തന്നെയാണ്.

ഓജസ്സിനുണ്ടാകുന്ന വ്യതിയാനങ്ങളാൽ നമുക്ക് ശാരീരികവും മാനസികവുമായ എന്തെല്ലാം  ലക്ഷണങ്ങൾ ഉണ്ടാക്കുന്നു എന്ന് നാം കണ്ടു. എന്നാൽ iശരിയായ ജീവിതരീതികളാൽ നല്ല ആഹാരശീലത്താൽ വർദ്ധിക്കുന്ന ഓജസ് ശരീരത്തിനും മനസ്സിനും എത്രമാത്രം ഗുണകരമാണെന്നും കണ്ടു. ഓജസ്സുള്ളവർക്ക് എന്തെങ്കിലും രോഗങ്ങൾ വന്നുപെട്ടാൽ, അവയെ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കും. 

ഓജസ് നിലനിർത്തുവാൻ നാം എന്ത് ചെയ്യണം? തിരക്കേറിയ ജീവിതത്തിൽ കുറച്ചൊന്നു പണിപ്പെട്ട് ആയുർവേദം അനുശാസിക്കുന്ന ദിനചര്യകൾ ഉൾപ്പെടുത്തി ഒരു ക്രമം ഉണ്ടാക്കിയെടുത്ത് അത് വിജയകരമായി പാലിക്കുക. അതോടൊപ്പം നല്ല ആഹാരം-കഴിവതും തദ്ദേശീയം/local- സ്വന്തം വിശപ്പിനനുസരിച്ച് കഴിക്കുകയും രാത്രിയിലെ മൊബൈൽ ഉപയോഗം പരിമിതപ്പെടുത്തി മഴയുടെയും ചീവീടിന്‍റെയും താരാട്ട് ആസ്വദിച്ച് സുഖമായി ഉറങ്ങുകയും ചെയ്‌താൽ നാം ഉറപ്പായും ഫുൾ റീചാർജ് ആയി ഏത് സാഹചര്യവും കാര്യക്ഷമമായി കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരായിത്തീരും തീർച്ച. 

അങ്ങനെ നമുക്കോരോരുത്തർക്കും നമ്മിലെ കെടാവിളക്കായി നിലകൊള്ളുന്ന ഓജസ്സെന്ന ഊർജ്ജത്തെ പ്രശോഭിപ്പിച്ച് ഒരു പ്രഭാവലയം തീർക്കാം. നമ്മുടെ ചുറ്റുമുള്ളവരിലേക്കും ആ ഉന്മേഷം പകർന്നു നൽകാം. നിറഞ്ഞ ഓജസ്സിനാൽ കാണുമ്പോൾ തന്നെ ഉന്മേഷവും സന്തോഷവും ഉണർത്തുന്ന വസന്ത പുഷ്പങ്ങൾ ആയി മാറാൻ നാമേവർക്കും ശ്രമിക്കാം. ആരോഗ്യപൂർണ്ണവും സന്തോഷപൂരിതവും അർത്ഥവത്തും ആയൊരു ജീവിതം ഏവർക്കും സാധ്യമായി തീരട്ടെ...


About author

Dr. Sarika Menon

BAMS, Ayurveda Consultant- Vanamali Ayurveda Clinic, Thripunithura. drsarikamenon@gmail.com


Scroll to Top