എന്‍റെ ആരോഗ്യം എന്‍റെ ഉത്തരവാദിത്വം

ഭാസുരമായ ഭാരതം ലോകത്തിന് നൽകുന്ന അസംഖ്യം ഉപദേശങ്ങൾ ഉണ്ട്. അതിൽ രണ്ടെണ്ണം ഈ പ്രകരണത്തിൽ പ്രസക്തമാകുന്നു. 

ആദ്യത്തേത്, ജീവിതലക്ഷ്യം സുഖം ആണെന്നും, സുഖത്തിന് ആധാരം നല്ല ശീലം ആണെന്നുമുള്ളതാണ്. 

രണ്ടാമത്തേത്, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ആരോഗ്യ സമ്പാദനം ആണെന്നുള്ള അറിവാണ്. 

ശാരീരികവും മാനസികവും സാമൂഹികവുമായ നല്ല ശീലങ്ങളുടെയും ആരോഗ്യ സമ്പാദനത്തിന്‍റെയും മാർഗ്ഗനിർദ്ദേശങ്ങൾ ആണ് ആയുർവേദം. ദുർലഭമായ മനുഷ്യജന്മം ലഭിച്ചാൽ തന്നെയും കുടുംബത്തെയും സമൂഹത്തെയും സഹജീവികളുടെയും സുഖ ആരോഗ്യത്തിനായി പ്രവർത്തിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ്. അതിലേറെ ഉത്തരവാദിത്വമാണ്. അതിൻ്റെ നിർവഹണത്തിന് അരോഗദൃഢഗാത്രതയും, സ്ഥിരോത്സാഹത്തോട് കൂടിയ മനസ്സും അവശ്യമാണ്. ഇത് സമ്പാദിക്കുന്നതിന് ഓരോ വ്യക്തിയും ചുമതലപ്പെട്ടിരിക്കുന്നു. എൻ്റെ ആരോഗ്യത്തിനും രോഗങ്ങൾക്കും ഞാൻ തന്നെയാണ് കാരണക്കാരൻ എന്ന് ബോധ്യമാകുന്നതോടുകൂടി നാം ഓരോരുത്തരും കൂടുതൽ കൂടുതൽ ഉത്തരവാദിത്വം ഉള്ളവരായി മാറുക തന്നെ ചെയ്യും. സുഖവും ആരോഗ്യവും ഒരുവന്‍റെ നല്ല ശീലങ്ങളുടെ ഫലവും, രോഗങ്ങൾ ദുഃശ്ശീലങ്ങൾ അഥവാ വഴിവിട്ട ജീവിതശൈലികളുടെ ഫലവും ആകുന്നു. ഇതിൽ നിന്ന് മോചനം എന്നത് ആയുർവേദശാസ്ത്രം നിർദ്ദേശിക്കുന്നതായ ദിനചര്യയുo ഋതുചര്യയും സദ്‌വൃത്തവും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാക്കുക വഴി മാത്രമാണ്.

മേൽപ്പറഞ്ഞവ ജീവിതത്തിൻ്റെ ഭാഗമാകുന്നതോടുകൂടി വ്യക്തിയുടെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും തദ്വാരാ ലോകത്തിന്റെ മുഴുവൻ സ്വാസ്ഥ്യം ഉറപ്പാക്കുവാൻ സാധിക്കുന്നു. ഈ സ്വാസ്ഥ്യശൃoഖലയുടെ അവിഭാജ്യ കണ്ണിയാണ് നാമോരോരുത്തരും. അതിനാൽ അത്രതന്നെ ഗൗരവപൂർണ്ണമായ ഉത്തരവാദിത്വമാണ് വ്യക്തിഗത ആരോഗ്യം എന്നത്. വ്യക്തിയെ സംബന്ധിച്ച് ഏതൊരു വിജയത്തിനും അടിസ്ഥാനഘടകം ശരീരം തന്നെയാണ്. ആരോഗ്യമില്ലാത്ത ശരീരമുള്ളവന് വാക്കുകൊണ്ടോ ശരീരംകൊണ്ടോ മനസ്സുകൊണ്ടോ ബുദ്ധികൊണ്ടോ ഒരു പ്രവർത്തിയും പ്രയോജനത്തിൽ എത്തിക്കുവാൻ സാധ്യമല്ല. “ശരീരമാദ്യം ഖലു ധർമ്മ സാധനം.” എന്തെന്നാൽ തന്നോടുo, തന്നെ ആശ്രയിച്ചു ജീവിക്കുന്നവരോടും, സമൂഹത്തോടും, സർവ്വോപരി നാം ജീവിക്കുന്ന പ്രകൃതിയോടും ന്യായം (ധർമ്മം) ചെയ്യണമെങ്കിൽ ശാരീരിക ആരോഗ്യം അത്യന്താപേക്ഷിതമാണ്. ഭൗതിക സമ്പത്തും അതുവഴി നേടാവുന്ന സുഖങ്ങളും (അർത്ഥവും കാമവും) ഏതൊരു വ്യക്തിയുടെയും നൈസർഗികമായ ആഗ്രഹമാണ്. ഈ ആഗ്രഹം ആണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന വലുതായ ഊർജ്ജം. ഇവയ്ക്കുള്ള ആധാരവും, ഉപാധിയും, കാരണവും, ഉപഭോക്താവും, ശരീരം ആണെന്ന് അറിയുമ്പോൾ നാം സ്വയമേവ ശരീരത്തിൻ്റെ സുസ്ഥിതിക്ക്‌ കടപ്പെട്ടിരിക്കുന്നു. സർവ്വോപരി ശരീരത്തിന്‍റെ ആരോഗ്യത്തിന് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. ഇങ്ങനെ ചതുർവിധ പുരുഷാർത്ഥങ്ങൾക്കും ശരീര സുഖം കാരണമാകുന്നു.

ശരീരം എന്ന വാക്കുതന്നെ നശിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. ആരോഗ്യമുള്ളവന് പ്രസ്തുത നാശത്തിന്‍റെ വേഗതയും കാഠിന്യവും കുറവായിരിക്കും. അതിനാൽ ആരോഗ്യമാണ് സംരക്ഷിക്കേണ്ടവയിൽ ഏറ്റവും പ്രധാനം. സംരക്ഷിച്ചില്ലെങ്കിൽ നിമിഷംപ്രതി ആരോഗ്യം കൈമോശം വന്നു കൊണ്ടേയിരിക്കും. ഈ നഷ്ടങ്ങളെ കൃത്രിമങ്ങൾ ആയ പരിഹാരങ്ങളിൽ കൂടെയോ (Supplements), അലോപ്പതി മരുന്നുകളിലൂടെയോ, കൃത്രിമമായ ആഹാര രീതികളിലൂടെയോ (Food supplements) ശാശ്വതമായി നികത്താം എന്നത് സാധ്യമല്ല. മറിച്ച് ഇവ മറ്റ് പലവിധത്തിലുള്ള അപായങ്ങൾ ശരീരത്തിന് ഉണ്ടാക്കുകയും ചെയ്യുന്നു. 

തന്നോട് തന്നെയുള്ള ഉത്തരവാദിത്വം ഇല്ലാത്തതിനാൽ അപഥ്യങ്ങൾ കാട്ടികൂട്ടുകയും, തദ്വാരാ ഉപാപചയപ്രവർത്തനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു. ഇതെല്ലാം കാരണം ജീവിതശൈലി രോഗങ്ങളും കാൻസർ മുതലായ മാരകരോഗങ്ങളും covid 19 പോലുള്ള പകർച്ചവ്യാധികളും വന്നു പെടുന്നു. തുടർന്ന് തൻ്റെ കഴിവുകൾ എല്ലാം നശിച്ച് തനിക്കുo തൻ്റെ ഉറ്റവർക്കും സമൂഹത്തിനും ബാദ്ധ്യതയായി അവസാനം മരണപ്പെടുകയും ചെയ്യുന്നു. 

ഇതിന് പരിഹാരം എന്നത് ആരോഗ്യ സംരക്ഷണവും സമ്പാദനവുമാണ്. 

നിത്യവും ശീലിക്കേണ്ട  7 ചര്യകള്‍:

ഓരോരുത്തർക്കും അവനവൻ്റെ ആരോഗ്യത്തിൽ ഇപ്പ്രകാരം ഉത്തരവാദിത്വത്തോടെ പെരുമാറാം

  • എല്ലായ്പ്പോഴും ഹിതമായും മിതമായും ഭക്ഷണം കഴിക്കുക 
  • മലമൂത്രവിസർജനങ്ങളായ വേഗങ്ങളെ തടുക്കാതെ വേണ്ടത്ര ശ്രദ്ധയോടെ പ്രവർത്തിപ്പിക്കുക
  • എല്ലാവിധ ശാരീരിക പ്രവർത്തികളും (കുടുംബജീവിതം അടക്കമുള്ളവ) ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയിൽ ചെയ്യാതെയിരിക്കുക  
  • വേണ്ടത്ര വ്യായാമവും വിശ്രമവും ഉറക്കവും ശീലിക്കുക 
  • തന്‍റെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന സ്നാനാദികളാക്കുന്ന മാർഗങ്ങളെ ആലോചിച്ച് ഒരു ചട്ടപ്രകാരം ചെയ്യുക 
  • കർമ്മേന്ദ്രിയങ്ങളേയും  ജ്ഞാനേന്ദ്രിയങ്ങളെയും അമിത ആവേശത്തിൽ ദുരുപയോഗം ചെയ്യാതിരിക്കുക 
  • സഹജീവികളിൽ കാരുണ്യവാനും ദയാശീലനും ദാനശീലനും സത്യവാനും ക്ഷമാശീലനും നല്ല കൂട്ടുകെട്ട് മാത്രം സമ്പാദിക്കുന്നവനുമായിരിക്കുക  

ഇങ്ങനെയെല്ലാം സ്വന്തം ജീവിതത്തെ ക്രമീകരിക്കുന്ന വ്യക്തിയാണ് ആരോഗ്യ വിഷയത്തിൽ ഉത്തരവാദിത്വം ഉള്ളവൻ എന്ന്  ആയുർവേദം അനുശാസിക്കുന്നു. 

ഈ ഉത്തരവാദിത്വ നിർവഹണത്തിൽ കൂടി ജീവിതം സുഖം പ്രാപിക്കും. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും ഉപേക്ഷ വിചാരിക്കുകയോ അഥവാ അയവു വരുത്തുകയോ ചെയ്താൽ നമ്മുടെ രോഗപ്രതിരോധ ശക്തി അഥവാ സഹജബലം (immunity) കുറഞ്ഞ് കാലാന്തരത്തിൽ ശരീരം രോഗബാധിതമാകുന്നു.

ആഹാരകാര്യത്തിൽ ശ്രദ്ധിക്കേണ്ട 14 കാര്യങ്ങള്‍:

ജയിക്കുവാൻ ഏറ്റവും പ്രയാസമുള്ളതാണ്  നാവ്. അതിനാൽ സാധാരണ മനുഷ്യൻ ഭക്ഷണ കാര്യത്തിലാണ് ഏറ്റവുo നിരുത്തരവാദിത്വതോടെ പെരുമാറുന്നത്. അതിനാൽ  താഴെ പറയുന്ന 14 കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നടപ്പാക്കണം.

1. ദഹിക്കുവാൻ പ്രയാസമില്ലാത്തതും പോഷകഗുണഭൂയിഷ്ഠവും ഹിതമായും മിതമായും  സമയനിഷ്ഠയോടും ഭക്ഷണം കഴിക്കുക.

2. അത്താഴം വൈകുന്നേരം 7 മണിക്ക് മുമ്പ് മിതമായി കഴിക്കുക.

3. തലേദിവസം കഴിച്ച ഭക്ഷണം ദഹിച്ചു എന്ന്  ഉറപ്പു വരുത്തിയിട്ട് മാത്രം പ്രഭാത ഭക്ഷണം കഴിക്കുക

4.വിരുദ്ധങ്ങളായ ഭക്ഷണം കൂട്ടിച്ചേർത്ത്, അഥവാ കഴിച്ചാൽ ശരീരത്തിൽ ആരോഗ്യം നശിപ്പിക്കുന്ന Toxins ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുക.

5. ദഹിക്കാൻ ബുദ്ധിമുട്ടുള്ളവ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ബേക്കറി ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് ഇവയെല്ലാം ആഹാരശീലത്തിൽ നിന്നും മാറ്റുക.

6. എണ്ണയുടെ ഉപയോഗം കുറയ്ക്കുക. പ്രത്യേകിച്ച് വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണ ഭക്ഷണം പാകം ചെയ്യുവാൻ ഉപയോഗിക്കരുത്. ഇത് കൂടാതെ വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക.

7. പഞ്ചസാര അനവധി വിഷതുല്യമായ കെമിക്കലുകളുടെ ഉറവിടമാണ്. അതിനാൽ പഞ്ചസാര ഉപയോഗം പാടില്ല. മധുരപലഹാരങ്ങളും ചോക്ലേറ്റുകളും എല്ലാം അതീവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ പ്രായഭേദമെന്യേ ഉണ്ടാക്കുന്നു

8. ഉപ്പിന്‍റെ അമിത ഉപയോഗമാണ് മറ്റൊരു വലിയ ആരോഗ്യ പ്രശ്നം. വറുത്തവയും അച്ചാറുകളും പ്രിസർവേറ്റീവ് ചേർത്ത എല്ലാ ഭക്ഷണങ്ങളും ദുരന്തത്തിലേക്ക് നയിക്കുന്നു. 

9. വേണ്ടത്ര ഗുണവും വൃത്തിയും ഇല്ലാത്ത പാചകം ചെയ്യുന്ന സ്ഥലങ്ങളിൽനിന്ന് ഭക്ഷണം കഴിക്കരുത്. അതിനാൽ കഴിയുന്നതും വീടുകളിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കേണ്ടതാണ്.

10. ധാരാളം പച്ചക്കറികൾ, പ്രത്യേകിച്ച് താൻ ജീവിക്കുന്ന കാലാവസ്ഥയിൽ വളരുന്ന നാടൻ പച്ചക്കറികൾ, വേവിച്ചും വേവിക്കാതെയും കഴിക്കാം. ഇലക്കറികൾ കിഴങ്ങുവർഗ്ഗങ്ങൾ, പച്ചയായ ഫലങ്ങൾ ഇവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

11. അരി ഭക്ഷണം മാത്രം ധാരാളം കഴിക്കാതെ അത് മിതമായി ഉപയോഗിച്ചുകൊണ്ട്, പയറുവർഗങ്ങളും, കടല, പരിപ്പ് തുടങ്ങിയവയും ആഹാരത്തിൽ ചേർക്കുക. ഇവയിൽ പലതും മുളപ്പിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

12. ഇഞ്ചി, കുരുമുളക്, മഞ്ഞൾ, ജീരകം, മല്ലി, വെളുത്തുള്ളി, ഉള്ളി, കറിവേപ്പില, എന്നിവ ആഹാരം പാചകം ചെയ്യുമ്പോൾ ഉൾപ്പെടുത്തുക. കൂടാതെ ഇഞ്ചി, ജീരകം, മല്ലി എന്നിവ വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുകയും രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കുകയും ചെയ്യുക.

13. റിഫൈൻഡ് ഗോതമ്പ്, മൈദ, മറ്റ് പൊടികൾ, റിഫൈൻഡ് എണ്ണകൾ എല്ലാം ആഹാരത്തിൽ വർജ്‌ജിക്കണം. മൈദ, ഡാൽഡ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൃത്രിമ രുചി വർദ്ധകങ്ങൾ ചേർത്ത് ഉണ്ടാക്കിയ ഭക്ഷണം അനവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

14. മദ്യപാനം (ഹോട്ട് ഡ്രിങ്ക്സ് ,ബിയർ, വൈൻ) പൂർണമായി ഒഴിവാക്കണം. പുകവലി തുടങ്ങി വിവിധ ലഹരിപദാർഥങ്ങളുടെ ഉപയോഗം വ്യക്തിയെ മാത്രമല്ല സമൂഹത്തെയും നശിപ്പിക്കുന്നു.

ആരോഗ്യത്തിന് വ്യായാമത്തിന്‍റെ സ്ഥാനം വലുതാണ്. അതിന് തടസ്സമായി നിൽക്കുന്നത് അലസതയാണ്. വ്യായാമം, യോഗാസന മുറകൾ, പ്രാണായാമം, കൂടാതെ ഒരു ദിവസം 30 മിനിറ്റ് എങ്കിലും നടക്കൽ എന്നിവ ജീവിതചര്യയുടെ ഭാഗമാക്കുക. പ്രഭാതത്തിൽ പ്രാതലിനു മുമ്പ് നടക്കുന്നതാണ് ഉത്തമം. നിഷ്ഠയോടെയും, കൃത്യതയോടെയും വേണ്ട രീതിയിൽ വ്യായാമം ചെയ്യുക ഓരോ വ്യക്തിയുടെയും കടമയാണ്. അറിവില്ലായ്മയുടെയും അലസതയുടെയും മറ്റൊരുദാഹരണമാണ് രാത്രി ഉറക്കമുളയ്ക്കുക എന്നത്. ഇത് വളരെയേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അത്താഴം ഏഴുമണിക്ക് കഴിച്ച് രാത്രി 10 മണിക്ക് മുമ്പ് ഉറങ്ങേണ്ടതും കാലത്ത് 5 മണിക്ക് ഉണർന്ന് എഴുന്നേൽക്കേണ്ടതുമാണ്.

തന്‍റെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ആരോഗ്യത്തിന് ശാരീരിക-മാനസിക ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ഉറപ്പാക്കേണ്ടത് തന്‍റെ ഉത്തരവാദിത്വമായെടുത്തു ചെയ്യേണ്ടതാണ്. ഓരോ നിമിഷവും ചെയ്യുന്ന പ്രവൃത്തിയും ആരോഗ്യത്തിന് ഹാനികരം ആകാത്തതും വിരുദ്ധമാകാത്തതും എന്നാൽ അവയെല്ലാം ആരോഗ്യത്തെ പോഷിപ്പിക്കുന്നതാണ് എന്ന് ഉറപ്പോട് കൂടി ജീവിതത്തിൽ പകർത്തലാണ് ശരിയായ ആരോഗ്യ ഉത്തരവാദിത്വ നിർവഹണം . ഇതിന് ശരിയായ അറിവും ദൃഢനിശ്ചയവും ആവശ്യമാണ്. ഈ അറിവിന്‍റെ അക്ഷയഖനിയാണ് ആയുർവേദം.

ലോകാ: സമസ്താ: സുഖിനോ ഭവന്തു 


About author

Dr. K. Krishnan Nambootiri

Director & Senior Chief Physician- Nagarjuna Ayurvedic Center, Kalady


Scroll to Top