ലോക്ക് ഡൗൺ കാലത്തെ  ആരോഗ്യ ചിന്തകൾ- 18

പനിക്കൂർക്ക

 • പ്രത്യേക പരിചരണം ഒന്നും കൂടാതെ വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്താൻ കഴിയുന്ന ഔഷധച്ചെടിയാണ് പനിക്കൂർക്ക അഥവാ കഞ്ഞിക്കൂർക്ക അഥവാ ഞവരയില. പണ്ട് മിക്കവാറും എല്ലാ വീടുകളുടെയും തൊടിയിൽ ഇത് കാണപ്പെട്ടിരുന്നു.
 • കുട്ടികൾക്ക് പനിക്കും ചുമക്കും കൊടുക്കാവുന്ന വളരെ നല്ല മരുന്നാണ് പനിക്കൂർക്ക.
 • ആവിപിടിക്കാൻ ഉപയോഗിക്കുന്ന ഔഷധക്കൂട്ടിലെ പ്രധാന മരുന്നുകളിൽ ഒന്നാണ്.  
 • വൈറ്റമിൻ A, C എന്നിവയും അയേണും ധാരാളമായി അടങ്ങിയിരിക്കുന്നു. 
 • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്. 
 • ഇതിന്‍റെ ഇല ഉണക്കി പൊടിച്ച് വച്ചാൽ കുട്ടികൾക്ക് രാസ്നാദി പൊടിക്കു പകരം നെറുകയിൽ തിരുകാം. 
 • മൂത്രവിസർജനം ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
 • Uric Acid-ന്‍റെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. 
 • ഇതിൽ അടങ്ങിയിരിക്കുന്ന Carvacrol, camphor എന്നീ ഘടകങ്ങൾ സന്ധികളിലെ നീരും വേദനയും കുറക്കാൻ സഹായിക്കുന്നു. 

പനിക്കൂർക്കയില കൊണ്ട് ഉണ്ടാക്കാനാവുന്ന ഒരു വ്യത്യസ്തമായ കറിയെ പറ്റി പറയാം: 

പനികൂർക്ക ചട്‌നി/കിച്ചടി

ചേരുവകള്‍

 1. പനിക്കൂർക്കയില- 20 എണ്ണം 
 2. തേങ്ങ തിരുകിയത്- 3/4 കപ്പ്  
 3. പച്ചമുളക്- 2 എണ്ണം 
 4. കട്ട തൈര്- 1/2 കപ്പ് 
 5. കറിവേപ്പില- 2 തണ്ട്
 6. ജീരകപ്പൊടി- ½ tsp
 7. ഉഴുന്ന്- 2 tsp
 8. കുരുമുളക്- 2 tsp
 9. കടുക്- 1 tsp
 10. വറ്റൽ മുളക്- 2 എണ്ണം 
 11. വെളിച്ചെണ്ണ- 1 tbsp
 12. ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

 • ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ചു കുരുമുളക്, പച്ചമുളക് അരിഞ്ഞത്, ഉഴുന്ന് എന്നിവ മൂപ്പിച്ചെടുക്കുക. അതിലേക്കു ജീരകപ്പൊടി ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം കഴുകി അരിഞ്ഞു വച്ചിരിക്കുന്ന പനിക്കൂർക്കയിലയും കൂടി ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റിയെടുക്കുക.  
 • നന്നായി വാടി പച്ച മണം മാറിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിലേക്കു തേങ്ങ തിരുകിയതും തൈരും ചേർത്ത് നന്നായി അരച്ചെടുക്കുക. 
 • ചീനിച്ചട്ടി അടുപ്പിൽ വച്ച് കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് അതിലേക്കു അരച്ച് വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി ഇളക്കി കൊടുത്തു തിള വരുന്നതിന് മുമ്പ് തീയണക്കുക.
 • ചോറിന് റെയും ദോശയുടെയും ഇഡലിയുടെയും കൂടെ കൂട്ടി ഈ ചട്നി കഴിക്കാവുന്നതാണ്.  


About author

Dr. Shamna Mole C. E.

BAMS, MD (Swasthavritha/community medicine), Medical officer, Ayushgramam, Nilambur block, Govt. Ayurveda Hospital, Edakkara, Malappuram (dist) drshamnabams@gmail.com


Scroll to Top