ബേക്കറിയില്‍ നിന്നും അടുക്കളയിലേക്ക് : PCOD Diet

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആർത്തവ പ്രശ്നങ്ങളോടും സ്ത്രീവന്ധ്യതയോടുമനുബന്ധിച്ച് നാം ഏറ്റവും കൂടുതൽ കേൾക്കുന്ന രോഗമായി P.C.O.D അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് മാറിക്കഴിഞ്ഞിരിക്കുന്നു.

ക്രമം തെറ്റിയ ആർത്തവം, ശരീരഭാരം അധികരിക്കൽ,അമിത രോമവളർച്ച,കഴുത്ത് -കക്ഷം  തുടങ്ങിയ ശരീര ഭാഗങ്ങളിൽ കറുപ്പുനിറം എന്നിങ്ങനെ തുടങ്ങി വന്ധ്യത,വിഷാദരോഗം,അടിക്കടി മനോനിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ (moodswings), ഗർഭാശയ ക്യാൻസർ വരെ എത്തിനിൽക്കുന്ന ഒരു ലക്ഷണ സമൂഹം തന്നെ പി സി ഒ ഡി യിൽ കാണപ്പെടുന്നുണ്ട്.

കേരളത്തിന്റെ ആരോഗ്യരംഗം അഭിമുഖീകരിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ പ്രധാനമാണിത്.മാറിയ ഭക്ഷണക്രമം,വ്യായാമ രാഹിത്യം,ക്രമം തെറ്റിയ ഉറക്കം എന്നിങ്ങനെ ജീവിതശൈലിയിലെ ആഗോള മാറ്റങ്ങളെല്ലാം തന്നെ  കാരണമാകാമെന്നിരിക്കിലും നിലവിട്ടുള്ള ഭക്ഷണക്രമം തന്നെയാണ് പ്രധാന വില്ലൻ.വ്യക്തി  അധിഷ്ഠിതമായ ശാസ്ത്രീയ ആയുർവേദ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന ഈ  രോഗാവസ്ഥയിൽ കൃത്യമായ പഥ്യത്തിനുള്ള പ്രാധാന്യം എന്തുകൊണ്ടെന്നത് സുവ്യക്തം.

പിസിഒഡി ക്ക് സമ്പൂർണ്ണ ഡയറ്റിംഗ് ആവശ്യമോ?

പിസിഒഡി എന്ന് കേട്ടാൽ "ഭക്ഷണം കഴിക്കാതിരിക്കൽ" തന്നെയാണ് പ്രതിവിധി എന്ന സങ്കൽപത്തിലേക്ക് നാം എത്തിയിട്ടുണ്ട്.ഇത് പൂർണ്ണമായി ശരിയാണെന്ന് പറയാൻ കഴിയില്ല. ആരോഗ്യത്തെ നിലനിർത്താനുതകും വണ്ണമുള്ള പോഷണം ഉറപ്പുവരുത്തിക്കൊണ്ട് മിതമായ- ഹിതമായ ഭക്ഷണ ശൈലിയിലേക്ക് മാറുകയാണ് വേണ്ടത്.അധികവും കൗമാരക്കാരായ പെൺകുട്ടികളും യുവതികളും ആണ് ഈ രോഗാവസ്ഥയിലുള്ളത് എന്നതിനാൽ തന്നെ ഭക്ഷണനിയന്ത്രണം വളർച്ചയേയും ആരോഗ്യത്തെയും ബാധിക്കാത്ത വിധത്തിൽ ആകേണ്ടതുണ്ട്. ഇത്തരക്കാരിൽ സമ്പൂർണ്ണ നിയന്ത്രണം പ്രാവർത്തികമല്ല എന്നതും വാസ്തവം. അതിനാൽ ഏതെങ്കിലും ഒരു ഭക്ഷണസാധനത്തോട്  complete NO പറയുന്നതിനേക്കാൾ,അവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും,  പാകം ചെയ്യുന്ന രീതി വ്യത്യാസപ്പെടുത്തുന്നതുമാകും അഭികാമ്യം.

ബേക്കറിയിൽ നിന്നും അടുക്കളയിലേക്ക്

വീട്ടിലെ അടുക്കളകളിൽ ഉണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണപദാർത്ഥങ്ങൾ താരതമ്യേന ആരോഗ്യകരങ്ങളാണ്.അമിതമായ മധുരം- എരിവ്- പുളി- ഉപ്പ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.വറുത്തത്/ പൊരിച്ചത് എന്നിവ പരമാവധി കുറയ്ക്കുക.

നോൺ വെജിറ്റേറിയൻ ഭക്ഷണം നിഷിദ്ധമോ?

റെഡ്മീറ്റ് (ആട്,പോത്ത് ), ബ്രോയിലർ ചിക്കൻ എന്നിവ ആവുന്നതും ഒഴിവാക്കുക.നാടൻ കോഴി,കാട ഇറച്ചി എന്നിവ വല്ലപ്പോഴും ആകാം.മുട്ടയുടെ ഉപഭോഗവും കുറയ്ക്കുന്നതാണ് നല്ലത്.മത്സ്യം ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ല. ചെറുമത്സ്യങ്ങൾ എരിവും പുളിയും പാകത്തിനു മാത്രം ചേർത്തുള്ള കറികളാക്കി ഉപയോഗിക്കാം. നോൺവെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കൾ കറികൾ ആയോ ഗ്രിൽഡ് ആയോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.വറുത്തവ കഴിവതും ഒഴിവാക്കുക.വെജിറ്റേറിയൻ അഥവാ സസ്യാഹാരമാണ് പിസിഒഡി കാർക്ക് ഏറ്റവും ഉചിതം ആയിട്ടുള്ളത്.

Snacking/ ഇടത്തീറ്റി വേണ്ടേ വേണ്ട!!!

ഏറിയകൂറും ചെറുപ്പക്കാർ വ്യവസ്ഥിതമായ ഭക്ഷണ സമയങ്ങളിൽ അല്ലാതെ സ്നാക്കിംഗ് ശീലമാക്കുന്നുണ്ട്. നമ്മൾ അറിയാതെ തന്നെ ധാരാളം അനാരോഗ്യകരമായ ആഹാരപദാർത്ഥങ്ങൾ ആഹരിക്കുന്നതിന് ഇത്  ഇടയാക്കുന്നുണ്ട്.ഈ ശീലം പാടെ ഒഴിവാക്കുക.വിശപ്പ് കൂടുതലായി അനുഭവപ്പെടുന്നുവെങ്കിൽ അധികം പഴുക്കാത്ത പഴങ്ങളോ കാലാനുസൃതമായി ലഭ്യമാകുന്ന ഫലങ്ങളോ(Seasonal fruits) പച്ചക്കറി സലാഡുകളോ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കാം.

എങ്ങനെ കഴിക്കണം

യാതൊരു നിഷ്കർഷയുമില്ലാതെ തോന്നിയ സമയത്തുള്ള ആഹാരം കഴിക്കൽ,പ്രാതൽ ഒഴിവാക്കൽ, ബ്രഞ്ച് (Brunch)ശീലം,രാത്രി വളരെ വൈകിയുള്ള ആഹാരം എന്നിവ ഒഴിവാക്കാം.

വിശപ്പിനനുസരിച്ചുള്ള അളവിൽ മാത്രം ആഹാരം കഴിക്കുക.കൃത്യസമയത്ത് ആഹാരം കഴിക്കുക.പ്രാതൽ ഒഴിവാക്കരുത്.രാത്രിഭക്ഷണം കഴിവതും നേരത്തെ ആക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

കഴിവതും ഒഴിവാക്കാം

പകരം ഇവ ശീലിക്കാം

വറുത്തവ /പൊരിച്ചവ

മെഴുക്കുപുരട്ടി

ഉഴുന്ന് ചേർത്ത പലഹാരങ്ങൾ /
പുളിപ്പിച്ച മാവ് കൊണ്ടുള്ളവ

പച്ചരി പലഹാരങ്ങൾ


തൈര്, പനീർ 


പഞ്ചസാര ,ശർക്കര 


പാൽ


ഉഴുന്നുവട ,പരിപ്പുവട 

സവാള

 

ഉരുളക്കിഴങ്ങ്

മധുരമേറിയപഴങ്ങൾ


കറികൾ ആക്കാം

തോരൻ ,സലാഡുകൾ 

ആവിയിൽ വേവിച്ചവ


ഗോതമ്പ് ,ചാമ, തിന, റാഗി 


പലഹാരങ്ങൾ


 മോര്, പുളിശ്ശേരി, മോര് കാച്ചിയത്, സംഭാരം


കരിപ്പെട്ടി /ചക്കര , തേൻ


പാലും വെള്ളം /മഞ്ഞൾ ഇട്ട് കാച്ചിയ പാൽ 


എള്ളുണ്ട 

ചെറിയുള്ളി വെളുത്തുള്ളി 

ചേന

അധികംപഴുക്കാത്തവ/ അല്പം

പുളിഉള്ളവ(ഉദാ:മാതളം,നെല്ലിക്ക)തീർത്തും ഒഴിവാക്കേണ്ടവ

  1. ബേക്കറി പലഹാരങ്ങൾ(പഫ്സ്, ബർഗ്ഗർ, സാൻവിച്ച് തുടങ്ങിയവ)
  2. മധുരപലഹാരങ്ങൾ(ലഡു,ജിലേബി, പേട,ബിസ്ക്കറ്റ്,ഹൽവ എന്നിവ)
  3. മൈദ ചേർന്ന പലഹാരങ്ങൾ
  4. ഡീപ് ഫ്രൈഡ് സ്നാക്ക്സ് (മിക്സ്ചർ,  ചിപ്സ്സ്, ലേയ്സ്  തുടങ്ങിയവ)
  5. കളർ ചേർത്ത ഭക്ഷണവസ്തുക്കൾ
  6. ഫാസ്റ്റ് ഫുഡ്
  7. സോഫ്റ്റ് ഡ്രിങ്ക്സ് ,കോള മുതലായവ

വ്യായാമം മറക്കല്ലേ!

നമ്മുടെ ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങൾ (metabolic functioning)നിയന്ത്രിക്കാൻ വ്യായാമത്തിന് സാധിക്കും.ആഹാരം കഴിക്കുന്നതിന് അനുസൃതമായി തന്നെ വ്യായാമം കൂടി ചെയ്യേണ്ടതുണ്ട്. ശരീരത്തിൽ സഞ്ചിതമായിരിക്കുന്ന മാലിന്യങ്ങളെ (metabolic waste)നിർഹരണം ചെയ്യാനും ശാരീരികപ്രവർത്തനങ്ങളെ ക്രമപ്പെടുത്തി രോഗാവസ്ഥയിൽ നിന്നും തിരിച്ചുകൊണ്ടുവരാനും ഇത് സഹായകമാകും.എത്രസമയം എന്നതിലുപരി ശാരീരികക്ഷമതയ്ക്ക് അനുസൃതമായി,ശരിയായ സ്വേദപ്രവർത്തനം ഉണ്ടാകും വരെ വേണം വ്യായാമം ചെയ്യുവാൻ.

മധ്യവയസ്കരിലെ  പി സി ഒ ഡി.

‘കുട്ടികളൊക്കെ ആയി,പ്രസവം നിർത്തി ഇനി ആർത്തവ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതില്ല’ എന്ന മനോഭാവം മാറണം.കേവലം അണ്ഡാശയ ജന്യ രോഗമല്ല ഇത്. ഇത്തരക്കാരിൽ അനുബന്ധമായി രക്തത്തിലെ കൊഴുപ്പ് കൂടുന്ന അവസ്ഥ,പ്രമേഹം,  ഹൃദയസംബന്ധിയായ അസുഖങ്ങൾ, എൻഡോമെട്രിയൽ കാൻസർ തുടങ്ങിയവ കണ്ടുവരാറുണ്ട്. അതിനാൽ കൃത്യമായ പരിശോധനയും പത്ഥ്യക്രമം പിന്തുടരലും  അനിവാര്യമാണ്.ചെറുപ്പക്കാരിൽ വേണ്ടി വരുന്നതിലും അധികം നിഷ്കർഷ മധുരം- എരിവ്- പുളി -ഉപ്പ്, എണ്ണ, കൊഴുപ്പ് കലർന്ന ആഹാരങ്ങൾ,അരിയാഹാരം,പാലും പാലുൽപ്പന്നങ്ങളും എന്നിവ ഉപയോഗിക്കുന്നതിൽ ഇക്കൂട്ടർ  പുലർത്തേണ്ടതുണ്ട്.

തീവ്രമായ ആർത്തവപ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, വന്ധ്യത,അമിതവണ്ണം എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് അതിനനുസൃതമായ  കർശന ആഹാരനിയന്ത്രണം ആവശ്യമായി വന്നേക്കാം.

രോഗാവസ്ഥയ്ക്ക് കാരണമായ ആഹാര- ജീവിതശൈലി വ്യതിയാനം  ഏതാണോ അത് കണ്ടെത്തി ക്രമീകരിക്കുന്നത് ഏറെ  പ്രാധാന്യമർഹിക്കുന്നു.സാമാന്യമായി മേൽപ്പറഞ്ഞവ പ്രയോഗിക്കാമെങ്കിലും വ്യക്ത്യധിഷ്ഠിതമായി ചിന്തിച്ച് രോഗിയുടെ ദേശ -കാല - ശീല- ഇഷ്ടങ്ങൾക്കും,ജീവിത സാഹചര്യത്തിനും അനുസൃതമായി ചിട്ടപ്പെടുത്തുന്ന പഥ്യക്രമം(individualised diet) തന്നെയാണ് ഏറ്റവും ഫലപ്രദം.


About author

Dr. Surya Lekshmi P. B.

MS (Ay)- Prasuti and Streerog Assistant Professor, Dept of Prasooti Striroga, Ashtamgam Ayurveda Chikitsalayam and Vidyapeedom, Palakkad slekshmipb@gmail.com


Scroll to Top