വയറ്റിലെ അള്‍സര്‍, പരിഹാരം എളുപ്പം

എറണാകുളത്ത് വീടുള്ള ഞാൻ പ്രമേഹത്തിൽ സ്‌പെഷ്യലൈസ് ചെയ്യാം എന്നൊക്കെ കരുതി പ്രാക്ടീസ് ആരംഭിച്ചത് പാലക്കാട് കൊടുവായൂരാണ്. പ്രാക്ടീസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ എനിക്കൊരു കാര്യം വ്യക്തമായി. നെഞ്ചെരിച്ചിൽ, വയറ് വേദന മുതലായ ദഹന സംബന്ധിയായ രോഗങ്ങളിൽ ശ്രദ്ധിക്കുന്നതാണ് കൂടുതൽ നല്ലതെന്ന്. കാരണം വളരെ ലളിതമാണ്, അവിടുത്തെ ഭക്ഷണ ശൈലി തന്നെ. എൻ്റെ തന്നെ ചെറിയൊരു ഉദാഹരണം പറയാം.

ചെറുപ്പം മുതൽ തന്നെ രുചിച്ചറിഞ്ഞ ഒരു കോമ്പിനേഷനാണ് അപ്പവും സ്റ്റൂവും അല്ലെങ്കിൽ അപ്പവും മുട്ടക്കറിയും. കൊടുവായൂരിൽ വച്ച് ഹോട്ടലുകാരൻ കഴിക്കാൻ അപ്പമുണ്ട് എന്ന് പറഞ്ഞപ്പോൾ ആ പഴയ രുചിക്കൂട്ടുകൾ വായ്ക്കുള്ളിൽ കപ്പലോടിച്ച് തുടങ്ങിയിരുന്നു. അപ്പത്തിന് കറി ചോദിച്ചപ്പോൾ നമ്മൾ ദോശക്ക് കൂട്ടുന്ന ചമ്മന്തി, ഇരട്ടി എരിവോട് കൂടി എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. 'ഹോ! എന്തൊരു ദാരിദ്ര്യം' എന്നാണ് എനിക്കാദ്യം തോന്നിയത്. എന്നിരുന്നാലും നല്ല വിശപ്പുള്ളതിനാൽ ഞാൻ ആസ്വദിച്ച് ഭക്ഷിച്ചു. ചുറ്റുമുള്ള ഭൂരിഭാഗം പേർ കഴിക്കുന്ന പോലെ 'side dish' ആയി പക്കവടയും അതിൻ്റെ സ്പെഷ്യൽ മാസാലപ്പൊടിയും മേടിച്ചു തട്ടി. തുടർന്നുള്ള ദിവസങ്ങളിലും ഞാൻ ഏകദേശം അതേ കോമ്പിനേഷൻ തന്നെ കഴിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് വയറ്റിൽ എരിച്ചിലായി, വേദനയായി, വിശപ്പ് കുറഞ്ഞു, ആകെ കുഴപ്പമായി. പെട്ടെന്ന് തന്നെ ആ സത്യം ഞാൻ മനസ്സിലാക്കി, എനിക്ക് peptic ulcer-ൻ്റെ തുടക്കമാണെന്ന്.

സുദീർഘമായ മുഖവുരയ്ക്ക് ശേഷം ഇനി കാര്യത്തിലേക്ക് വരാം. ഞാൻ ചെയ്ത പോലെ തുടർച്ചയായി അധികം എരിവും പുളിയുമുള്ള, ഉൾപ്പുഴുക്കുണ്ടാക്കുന്ന തരം ആഹാരം കഴിക്കുക,  H-Pylori എന്ന ബാക്ടീരിയ വയറ്റിൽ അധികമായി കാണുക, തുടർച്ചയായുള്ള വേദന സംഹാരി പോലുള്ള മരുന്നുകളുടെ ഉപയോഗം, തമ്മിൽ ചേരാത്ത വിരുദ്ധാഹാരങ്ങൾ സേവിക്കുക, പുകവലി, മദ്യപാനം, ക്രമവിരുദ്ധമായ ആഹാരശീലങ്ങൾ, ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം മുതലായ കാരണങ്ങളാൽ ഒരുവനിൽ Peptic ulcer രൂപപ്പെടാം.

ഇക്കാരണങ്ങളാൽ നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിച്ച് ഉപയോഗയോഗ്യമാക്കാൻ നമ്മുടെ ശരീരത്തിനെ സഹായിക്കുന്ന 'ജഠരാഗ്നി' ക്രമാതീതമായി വർദ്ധിക്കുന്നു. ജഠരാഗ്നി എന്നത് ദഹന സംബന്ധിയായി വയറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്ന hydrochloric acid, മറ്റ് enzyme എന്നിവയായി കണക്കാക്കാമെങ്കിലും,ആയുര്‍വേദത്തില്‍ അത് കുറേകൂടി വ്യാപ്തിയുളള ഒരു ശാസ്ത്ര പദമാണ്. ശരീരത്തെ പ്രവർത്തനയോഗ്യമാക്കുന്ന ത്രിദോഷങ്ങളായ വാതപിത്തകഫങ്ങളിൽ പിത്തത്തിൻ്റെ 5 വ്യത്യസ്ത ഭേദങ്ങളിൽ ഒന്നാണ് ജഠരാഗ്നി. ജഠരാഗ്നി പിത്തത്തിൻ്റെ ഭാഗമായതിനാലും പിത്തം അഗ്നിയുടെ പ്രതിബിംബമായതിനാലും അത് ക്രമാതീതമായി വർദ്ധിക്കുമ്പോൾ വയറ്റിൽ തീ കത്തുന്ന തരത്തിൽ എരിച്ചിലും തീ മുകളിലേക്ക് കേറുന്ന തരത്തിൽ പുളിച്ച് തികട്ടലും, ദഹനമില്ലായ്മ, രുചിക്കുറവ് മുതലായ മറ്റ് ലക്ഷണങ്ങളും ഉണ്ടാകുന്നു. ഇത് 'അമ്ലപിത്തം' എന്ന രോഗാവസ്ഥയാണ്. ഇങ്ങനെ കുറച്ചധികം നാൾ  തുടർന്നാൽ തീ കൊണ്ടാൽ ശരീരത്തിൽ പൊളളലുണ്ടായി അത് പുണ്ണാകുന്ന പോലെ നമ്മുടെ ദഹനേന്ദ്രിയത്തിലും പുണ്ണ് അഥവാ അള്‍സര്‍ (ulcer) രൂപപ്പെടുന്നു. 

ഭേദങ്ങളും ലക്ഷണങ്ങളും 

പുണ്ണ് എവിടെ രൂപപ്പെടുന്നു എന്നതിനനുസരിച്ച് അവയുടെ പേരും മാറുന്നു. വയറ്റിലാണെങ്കിൽ gastric ulcer എന്നും ചെറുകുടലിൻ്റെ ആദ്യ ഭാഗത്താണെങ്കിൽ duodenal ulcer എന്നും വിളിക്കുന്നു. ഈ രണ്ട് രോഗാവസ്ഥകളെ ഒരുമിച്ച് വിശേഷിപ്പിക്കുന്ന പേരാണ് Peptic ulcer എന്നത്.

എരിയുന്ന തരത്തിലുള്ള വയറ് വേദന, വയറ് വീർപ്പ്, ഛർദ്ദിക്കാൻ വരുക (ഓക്കാനം), ഇരുണ്ട നിറത്തിലുള്ള മലവിസർജജനം, ശരീര ഭാരം കുറയുക/ കൂടുക മത്രലായവ Peptic ulcer ൻ്റെ സാമാന്യ ലക്ഷണങ്ങളാണെങ്കിലും വയറ്റിലും ചെറുകുടലിലെയും പുണ്ണുകൾക്ക് പ്രത്യേകം ചില ലക്ഷണങ്ങൾ പറയപ്പെടുന്നുണ്ട്.

വയറ്റിലെ പുണ്ണിൽ, വേദന നെഞ്ചിൻ കൂടിൻ്റെ തൊട്ട് താഴെ (epigastric area എന്നറിയപ്പെടുന്ന ഭാഗത്ത്) കുത്തികയറുന്ന തരം വേദനയാണ് കൂടതലായി കാണുക. വേദന ആഹാരം കഴിച്ച ഉടനെയോ അല്ലെങ്കിൽ ഏകദേശം 1.5 മണിക്കൂറിനുള്ളിൽ അനുഭവപ്പെടാറുണ്ട്. വെറും വയറ്റിൽ വേദന സാധാരണ കാണാറില്ല. ആഹാരം കഴിച്ചതിന് ശേഷം ചിലരിൽ ഛർദ്ദി ഉണ്ടാകാറുണ്ട്. ഇത്തരം രോഗികളിൽ വിശപ്പ് കാണാറുണ്ടെങ്കിലും അവർക്ക് സ്ഥിരം കഴിക്കുന്ന അളവിൽ ഭക്ഷണം കഴിക്കാൻ സാധിക്കണമെന്നില്ല. അതിനാൽ തന്നെ ശരീരഭാരം കുറയാനുളള സാധ്യത അധികമാണ്.

എന്നാൽ ചെറുകുടലിലെ പുണ്ണിൽ വേദന നെഞ്ചിൻ കൂടിന് കുറച്ച് കൂടി താഴെയായി പേശികൾ വലിയുന്ന തരത്തിലാണ് കണ്ട് വരാറുള്ളത്. വയറ്റിലെ പുണ്ണിനെ അപേക്ഷിച്ച് ഈ വേദന കുറച്ച് കൂടി തീവ്രതയുള്ളതാണ്. ആഹാരം  കഴിച്ച് 2.5 - 3 മണിക്കൂറിന് ശേഷമാണ് വേദന കാണാറുള്ളത്. വെറും വയറ്റിൽ വേദന അധികമായി അനുഭവപ്പെടാം. അതിനാൽ തന്നെ ഭക്ഷണം കഴിക്കുമ്പോൾ ഈ വേദനയുടെ കാഠിന്യം കുറയുകയും ചെയ്യുന്നു. ഭക്ഷണത്തിന് വേദനയെ സംഹരിക്കാനുള്ള കഴിവ് ഈ അവസ്ഥയിലുള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കാനുള്ള സാധ്യത വർദ്ധിക്കുകയാൽ രോഗിക്ക് ശരീര ഭാരം കൂടുന്നതായും കാണാറുണ്ട്. പുണ്ണിൽ നിന്ന് രക്തം സ്രവിക്കാനുള്ള സാധ്യത അധികമായതിനാൽ തന്നെ മലത്തിൽ രക്തത്തിൽ അംശം കാണാറുണ്ട്.

ആയുർവേദത്തിൽ വിശദീകരിച്ചിട്ടുള്ള 'അന്നദ്രവ ശൂല', 'പരിണാമ ശൂല' എന്നീ രോഗാവസ്ഥകൾ ആധുനിക വൈദ്യ ശാസ്ത്രം വിശദീകരിക്കുന്ന Peptic ulcer-ൻ്റെ രൂപഭേദങ്ങളാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 'ശുല' എന്ന പദത്തിനർത്ഥം വേദന എന്നാണ്. ഇവിടെ പുണ്ണ് എന്നതിലുപരി അത് കാരണം ഉണ്ടാകുന്ന വേദനയെ അടിസ്ഥാനമാക്കിയാണ് രോഗ വിവരിച്ചിരിക്കുന്നത്. 

അന്നദ്രവ ശൂലയിൽ വേദന എല്ലായിപ്പോഴും കാണുന്നു. ആഹാരം കഴിച്ചാലും കഴിച്ചത് ദഹിക്കുമ്പോഴും വയറ് ഒഴിഞ്ഞ് കിടക്കുമ്പോഴുമെല്ലാം വേദന അനുഭവപ്പെടുന്നു. 'പരിണാമം' എന്നാൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം എന്നാണർത്ഥം. അതിനാൽ തന്നെ പരിണാമ ശൂലയിൽ ആഹാരം ദഹിക്കുമ്പോഴാണ് വേദന കൂടുതലായി കാണുക. ഇത് duodenal ulcer എന്ന രോഗാവസ്ഥയുടെ പ്രധാന ലക്ഷണം തന്നെയാണ്.

രോഗാവസ്ഥയിൽ  മരുന്നുപയോഗം

Peptic ulcer മനുഷ്യൻ്റെ ദഹന വ്യവസ്ഥയിൽ വന്നിരിക്കുന്ന വ്യതിയാനങ്ങൾ കാരണം സംഭവിക്കുന്നവയാണ്. ചികിത്സ എപ്പോൾ തേടണം എന്നത് തീർത്തും രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ തീവ്രത അനുസരിച്ച് ഇരിക്കും. എന്നാലും ഇത്തരം രോഗാവസ്ഥകൾ കൂടുതലായി വഷളാക്കുന്നതിന് മുമ്പ് തന്നെ കുറച്ചൊന്ന് ശ്രദ്ധിച്ചാൽ ആശുപത്രികളെ ആശ്രയിക്കുന്നത് നമുക്ക് ഒരു പരിധി വരെ കുറയ്ക്കാനാകും.

1. അധികം എരിവ്, പുളി, തണുത്ത ആഹാരം, വറുത്ത ആഹാരം, ഗ്യാസ് ഉണ്ടാക്കുന്ന തരം ആഹാരം എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.

2. ഭക്ഷണം കഴിക്കുമ്പോൾ ആദ്യം മധുരമുളള ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

3. വിശക്കുമ്പോൾ തന്നെ ആഹാരം കഴിക്കുക. പ്രധാന ആഹാരം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ ലഘുവായ എന്തെങ്കിലും കഴിക്കുന്നതാണ് നല്ലത്. വിശക്കുമ്പോൾ വെള്ളം കുടിക്കുന്ന രീതി പലരിലുമുണ്ട്. ദഹന വ്യവസ്ഥ കൃത്യമല്ലാത്തവരിൽ ജഠരാഗ്നി ശരിയായ രീതിയിൽ പ്രവർത്തനക്ഷമമല്ല. അത്തരക്കാർ വിശക്കുമ്പോൾ വെള്ളം കുടിച്ചാൽ അത് ദഹനപ്രക്രിയയെ വീണ്ടും താളം തെറ്റിക്കാനെ സഹായിക്കുകയുള്ളു. ചെറിയൊരു തീ മാത്രമുള്ളപ്പോൾ അതിലേക്ക് വെള്ളം ഒഴിക്കുന്നതും ചുള്ളികമ്പുകളിടുന്നതും തമ്മിൽ വ്യത്യാസമുളളത് പോലെ തന്നെയാണ് ഇവിടെയും.

4. ദഹനപ്രക്രിയയെ നന്നാക്കുന്ന തരത്തിലുള്ള യോഗ ചെയ്യുന്നതും സഹായകരമാണ്. വജ്രാസനം, പവനമുക്താസനം എന്നീ യോഗാസനങ്ങൾ വളരെ ഗുണം തരുന്നവയാണ്.

5. കൊത്തമല്ലി ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് രോഗകാരണമായ വർദ്ധിച്ചിരിക്കുന്ന പിത്തത്തിനെ ക്രത്യമായി നിലനിർത്തി ദഹനം ശരിയാക്കാൻ സഹായിക്കുന്നു.

6. അധികം പുളിക്കാത്ത മോരോ തൈരോ കൂട്ടി ചോറുണ്ണുന്നതും നല്ല ഫലം തരാറുണ്ട്. എന്നാൽ തൈര് രാത്രി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

7. പുകവലി, മദ്യപാനം മുതലായ ദുശ്ശീലങ്ങള്‍ പൂർണ്ണമായും ഒഴിവാക്കുക.

പുണ്ണും ക്യാൻസറും 

വേഗം തന്നെ ചികിത്സിച്ചില്ലെങ്കിൽ വയറ്റിലെ പുണ്ണ് ക്യാൻസറായി മാറും എന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ മിക്ക പുണ്ണും ക്യാൻസർ ആകാറില്ല. സ്വീഡനിൽ നടന്ന ഒരു പഠനം പ്രകാരം 1.8 - 2% ആളുകൾക്ക് മാത്രമാണ് പുണ്ണ് ക്യാൻസറായി മാറുന്നത്. ഇതിൽ തന്നെ ചെറ്കുടലിൽ ഉള്ള പുണ്ണ് അർബുദമായി മാറാനുള്ള സാധ്യത വെറും 0.6% മാത്രമാണ്.

പുണ്ണ്, ക്യാൻസർ എന്നിവയിൽ ലക്ഷണങ്ങൾ ഒരേ പോലെ കാണുറുണ്ട് എന്നത് മിക്കപ്പോഴും വിദഗ്ധ പരിശോധന നിർബന്ധമാക്കുന്നു. രക്തം ഛർദ്ദിക്കുക, കറുത്ത നിറത്തിലുള്ള മലം വിസർജജനം, വല്ലാണ്ട് ക്ഷീണിക്കുക, സാധാരണ അളവിൽ കഴിക്കാൻ പറ്റാതെ വരിക, ഹൃദയമിടിപ്പ് കൂടുക എന്നിവ പലപ്പോഴും ക്യാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുമാകാം.

പുണ്ണുള്ളവർ വൈദ്യ നിർദ്ദേശത്തിനെതിരായി തുടർന്നും മദ്യം, പുകവലി മുതലായ ശീലങ്ങളൾ തുടർന്നാൽ അത് അർബുദമായി മാറുവാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. പുണ്ണ്, ക്യാൻസർ എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ അടിസ്ഥാന പരിശോധനയായി endoscopy ചെയ്യേണ്ടതാണ്. പുണ്ണുളവർ കൃത്യമായ ചികിത്സയും ആഹാര - ജീവിത ശൈലികളിൽ വേണ്ട മാറ്റം വരുത്തുകയും ചെയ്യുകയാണെങ്കിൽ വയറ്റിലെ പുണ്ണ് അർബുദമാകാനുള്ള സാധ്യത വളരെ കുറയും.

വയറ്റിൽ ബുദ്ധിമുട്ടുകൾ തോന്നുമ്പോൾ, നാം അതിന് മുമ്പ് എന്താണ് കഴിച്ചതെന്ന് വിശകലനം ചെയ്ത്, ചേരാത്തവയാണെങ്കിൽ തുടർന്ന് അവയെ മാറ്റി നിറുത്താൻ ശ്രദ്ധിക്കുക. അത്യാവശ്യമെങ്കിൽ മടിക്കാതെ വൈദ്യസഹായം തേടുക. ദഹനവ്യവസ്ഥ നന്നായി നിലനിർത്താനുള്ള മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുക. നല്ല ഉറക്കത്തോടും, വ്യായാമത്തോടും, സന്തോഷത്തോടും കൂടി ജീവിക്കുക. ഇത്രയൊക്കെ ആയാൽ Peptic ulcer എന്ന എരിയുന്ന നോവിനെ നമുക്ക് വിജയകരമായി നമ്മുടെ പടിക്ക് പുറത്ത് നിറുത്താനാകും.


About author

Dr. Tony Thomas MD (Ay)

Chief Physician, Kallanpally Ayurveda, Koduvayur, Palakkad. 9207862978 kallanpallyayurveda@gmail.com


Scroll to Top