കുടവയർ 

കുടവയർ എന്ന് കേൾക്കുമ്പോൾ പല ആരാധനാമൂർത്തികളും ഇഷ്ടകഥാപാത്രങ്ങളും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. അവരിൽ ഒന്നാമൻ ഭക്ഷണപ്രിയനായ ഉണ്ണി ഗണപതി തന്നെ. പ്രപഞ്ചം മുഴുവൻ തൻ്റെ കുമ്പയിൽ ഒതുക്കി മധുരവും തിക്തവുമായ ജീവിതാനുഭവങ്ങളൊക്കെ സമാധാന ബുദ്ധിയോടെ ഉൾക്കൊള്ളണമെന്ന സന്ദേശം നൽകുന്നു ലംബോദരൻ. കുമ്പ കുലുക്കി നടക്കുന്ന സാന്താ ക്ലോസ് നമ്മെ രസിപ്പിക്കുന്നു. കുടവയറനായ ഓണത്തപ്പനെ ഓണക്കാലത്തു ഓണക്കറികൾ നിരത്തി ഓർമ്മിക്കുന്നു. കുടവയർ ഒന്നുകൊണ്ടുതന്നെ കേമനാണ് ഭക്ഷണപ്രിയനായ രാവണസഹോദരൻ കുംഭകർണ്ണനും. ധനാധിപതിയായി കണക്കാക്കപ്പെടുന്ന കുബേരനും, ഫെങ് ഷുയി പ്രകാരം ഐശ്വര്യദായകമായി കണക്കാക്കുന്ന "ലാഫിങ് ബുദ്ധ"യും കുടവയർ കൊണ്ട് നമ്മെ പാട്ടിലാക്കും. 

കുഞ്ഞുകുട്ടികളിൽ തടിച്ചുരുണ്ടു തക്കിടിമുണ്ടന്മാരെ കാണാൻ കൂടുതൽ ഇഷ്ടം തോന്നും. " പോഴനായാലും പൊണ്ണനായിരിക്കണം" എന്നാണല്ലോ പ്രമാണം. അതനുസരിച്ചു പൊണ്ണനാവാൻ പല തരത്തിൽ പാടുപെടുന്നതും, ഉണ്ടായിവരുന്ന കുടവയർ തഴുകിത്തലോടി രസിക്കുന്നതും ഒരു ഹരമായി കാണുന്നവരുണ്ട്. കണ്ടുരസിക്കാനും തൊട്ടുതലോടാനും കുടവയർ തരുന്ന കൗതുകം ചില്ലറയല്ല.

കൗതുകമൊക്കെ തന്നെ, പക്ഷേ വൈദ്യശാസ്ത്രജ്ഞന്മാർ ഈ കുടവയർ എന്ന പ്രതിഭാസത്തെ കൊഴുപ്പിൻ്റെ  കുഴപ്പമായാണ് കാണുന്നത്. ചികിത്സിക്കുവാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു കാർശ്യമാണ് (വളരെ മെലിഞ്ഞ അവസ്ഥ) പൊണ്ണത്തടിയെക്കാൾ മെച്ചമെന്നും നിർദ്ദേശിച്ചിരിക്കുന്നു. 

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് കുടവയർ. അമിത കൊഴുപ്പ് ആദ്യം അടിഞ്ഞുകൂടുന്നത് വയറിലാണ്. ഏറ്റവും ഒടുവിൽ നീക്കം ചെയ്യപ്പെടുന്നതും വയറ്റിൽ നിന്ന് തന്നെ. മിക്കവാറും ഒരിടത്തു ചടഞ്ഞിരുന്നുള്ള ജീവിതശൈലി, ഉദരമാംസപേശികൾക്കുള്ള ബലക്ഷയം, വ്യായാമക്കുറവ്, സ്ഥിരമായി മനസ്സിനെ കലുഷിതമാക്കുന്ന സംഭവങ്ങൾ, അമിതാഹാരം, പോഷണക്കുറവ്, ആൽക്കഹോൾ അടങ്ങിയതും അല്ലാത്തതുമായ പാനീയങ്ങളുടെ അമിതമായ ഉപയോഗം, മലബന്ധം, തെറ്റായ രീതിയിലുള്ള നിൽപ്പ്, ഇരുത്തം , ഹോർമോൺ വ്യതിയാനങ്ങൾ,  ജനിതക കാരണങ്ങൾ ഇവയൊക്കെ ക്രമേണ കുടവയർ ഉണ്ടായിവരുന്നതിനു കാരണമാകുന്നു.

ആയുർവേദ ശാസ്ത്രത്തിൽ മേൽപ്പറഞ്ഞ കാരണങ്ങൾ ‘അതിസ്തൗല്യം’ അഥവാ പൊണ്ണത്തടിക്ക് വഴിവെക്കുന്നതായി പറഞ്ഞിരിക്കുന്നു. യഥാവിധിയല്ലാതെ ചയാപചയ പ്രക്രിയകൾ നടക്കുന്നതുമൂലം ആഹാര പചനത്തിനു ശേഷം ലഭിക്കേണ്ടതായ ഉത്സാഹത്തിനു പകരം അതിയായ മടിയും അലസതയും ഉണ്ടാകുന്നു. 

ഉദരഭാഗത്തു അടിഞ്ഞുകൂടുന്ന കൊഴുപ്പ് വിവരിക്കപ്പെട്ടിട്ടുള്ള ഒരു അവസ്ഥാവിശേഷമാണ് അമിതവണ്ണം (അതിസ്തൗല്യം). ഇവിടെ ചികിത്സാർത്ഥം മേദസ്സിനെ ഒതുക്കുന്ന പ്രയോഗങ്ങൾ നിർദേശിക്കുന്നുണ്ട്. ഇതിൽ നമുക്ക് ഏറ്റവും പരിചിതമായ തേൻവെള്ളം, മോര് എന്നിവ ഉൾപ്പെടുന്നു.

ഒതുങ്ങിയ അരക്കെട്ടും ആലില വയറും സൗന്ദര്യത്തിൻ്റെ അളവുകോലായിത്തന്നെ തുടരുന്നു. വയറുചാടുന്നത് സ്ത്രീകൾക്ക് അലോസരമുണ്ടാക്കുന്ന ഒന്നുതന്നെ. പക്ഷെ സൗന്ദര്യസങ്കല്പത്തിനേൽക്കുന്ന മങ്ങൽ മാത്രമല്ല, അരക്കെട്ടിന്‍റെ അളവ് കൂടുന്നത് തികച്ചും അനാരോഗ്യകരമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമ്മത്തിന് താഴെ (subcutaneous), ശരീരത്തിനകത്ത് നെഞ്ച്, ശ്വാസകോശം, കരൾ, ദഹനേന്ദ്രിയം എന്നീ അവയവങ്ങൾക്ക് ചുറ്റും (visceral), എന്നിങ്ങനെ കൊഴുപ്പടിയുന്ന പ്രത്യേക ഭാഗങ്ങളുണ്ട്. അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നിരുപദ്രവകാരിയല്ല. അഡിപ്പോസൈറ്റുകൾ എന്ന കൊഴുപ്പുശേഖരണ കോശങ്ങളിൽ, പരിധിയിലധികം ഉരുണ്ടുനിറയുന്ന കൊഴുപ്പ് അന്ത:സ്രാവഗ്രന്ഥികളെന്ന പോലെ ശരീരത്തിനു ദോഷകരമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. അമിതവണ്ണം മൂലമുള്ള പല പ്രശ്നങ്ങൾക്കും കാരണം ഇത്തരം രാസഘടകങ്ങളാണ്. ചർമ്മത്തിനടിയിൽ മാത്രമായി കൊഴുപ്പ് പലപ്പോഴും ഒതുങ്ങില്ല.

ജനിതകമായ കാരണങ്ങൾ കൊണ്ട് അമിതവണ്ണവും വയർചാട്ടവും ഉണ്ടാകാം. എന്നാൽ അത്തരം പ്രകൃതക്കാർ തെറ്റായ ഭക്ഷണശീലങ്ങളും ജീവിതരീതികളും തുടർന്നാൽ ഈ പ്രദേശങ്ങളിൽ കൊഴുപ്പടിയുന്നത് വേഗത്തിലാകും. കലോറി അമിതമായി എത്തുന്നത് നിയന്ത്രിക്കുവാൻ ശരിയായ മനോനിയന്ത്രണം തന്നെ ശീലിക്കണം.

പട്ടിണി കിടന്നുകൊണ്ട് വയറുകുറയ്ക്കാം എന്നു കരുതുന്നത് ഫലിക്കില്ല. പ്രത്യേകിച്ചും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.  തുടർന്ന് അമിത ഭക്ഷണം കഴിക്കാനുള്ള ത്വര ഉണ്ടാകുവാനും കാരണമാകും. അരവയർ അന്നം കൊണ്ടും, കാൽ വയർ പാനം കൊണ്ടും നിറയ്ക്കുകയും, വാതാദിദോഷങ്ങളുടെ സ്വൈരവിഹാരത്തിനായി കാൽവയർ ഒഴിച്ചിടുകയും വേണമെന്നാണ് ആയുർവേദ പ്രമാണം. 

      "അന്നേന കുക്ഷേർ ദ്വാവംശൗ പാനേനൈകം പ്രപൂരയേത് 

       ആശ്രയം പവനാദീനാം ചതുർത്ഥമവശേഷയേത്"

വീട്ടമ്മമാരുടെ സ്ഥിരം ശീലമാണ് ബാക്കിയാവുന്ന ഭക്ഷ്യവസ്തുക്കൾ കളയാതെ, തിന്നുതീർക്കുന്നത്. അവനവൻ്റെ  വയററിഞ്ഞു ഭക്ഷണം കഴിക്കുന്ന ശീലം പലപ്പോഴും പാലിക്കപ്പെടാറില്ല. മനം മയക്കുന്ന ഗന്ധത്തിൻ്റെയും രുചിയുടെയും സ്വാധീനത്താൽ, ശരീരത്തിന്  ഹാനികരമായതും  അകത്താക്കുന്ന പതിവ് അനാരോഗ്യത്തിലേക്ക് നയിക്കും. 

അരക്കെട്ടിൻ്റെ  അളവ് അതിരുവിടാതെ സൂക്ഷിക്കുക. സ്ത്രീകൾക്ക് അടിവസ്ത്രത്തിന്‍റെ സൈസ് കൂടുന്നത് സുരക്ഷിതമല്ലാത്ത രീതിയിൽ കൊഴുപ്പ് അടിയുന്നു എന്ന് സൂചന നൽകുന്നു. കൃത്രിമ മധുരപാനീയങ്ങളും ചായയും കാപ്പിയും ഒഴികെയുള്ള പാനീയങ്ങൾ നിത്യവും 8 - 9 ഗ്ലാസ് കുടിക്കുന്നത് ശീലമാക്കണം. സ്‌ക്രീനിൽ ആസ്വദിക്കുന്ന പരിപാടികൾക്കിടയിൽ വെറുതെ കൊറിക്കുമ്പോൾ അകത്തെത്തിക്കുന്നത് അളവിൽ കവിഞ്ഞ കലോറിയാണ്. ഒരു ചിപ്സ് തീയിൽ കാണിച്ചു  ഉരുക്കിയാൽ പത്തു തുള്ളിയോളം എണ്ണ പുറത്തുവരും. ടെൻഷൻ അകറ്റാൻ വറുത്ത പലഹാരങ്ങൾ കഴിക്കുന്ന ശീലവും കുറവല്ല. ഉള്ളിലെത്തുന്ന ഊർജത്തിന് ആനുപാതികമായ ശാരീരിക അദ്ധ്വാനമില്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പടിയുവാൻ സാധ്യതയേറുന്നു. 

ഉദരപേശികൾക്ക് ദൃഢത വർധിപ്പിക്കുന്ന ഭുജംഗാസനം, മാർജാരാസനം, പശ്ചിമോത്താനാസനം, ഇവ ശീലിക്കുന്നത് ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനുകൂടി ഉപകരിക്കുന്നു. ശ്വസനവ്യായാമങ്ങളും കുടവയർ വരാതിരിക്കാൻ ഏറെ ഗുണം ചെയ്യും. അത്താഴം അത്തിപ്പഴത്തോളം കഴിക്കുകയും അല്പം നേരത്തെ കഴിക്കുകയും അത് കഴിഞ്ഞു അരക്കാതം നടക്കുകയും ചെയ്യാം. ശയനപ്രദക്ഷിണം പോലെ കാലുകൾ കോർത്തുപിണച്ചു കൈകൾ നീട്ടിക്കൂപ്പിക്കൊണ്ട് നിലത്തുരുളുന്നത് ഉദരപേശികൾക്ക് ദൃഢത നൽകുന്ന വ്യായാമമാണ്. കുടവയർ കുറയ്ക്കാൻ എടുത്തുപറയേണ്ട വ്യായാമമാണ് നീന്തൽ. സൈക്ലിംഗ്, ജോഗിങ് ഇവയും ഗുണം ചെയ്യും. 

ഉദാരഭാഗം മാത്രം ഉന്തിവരുന്നുവെങ്കിൽ പല രോഗാവസ്ഥകളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കരൾ രോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ, വയറിനുള്ളിൽ വലിയ മുഴകൾ, പാൻക്രിയാസ് തുടങ്ങിയ ഗ്രന്ഥികളിൽ ഉണ്ടാകുന്ന അർബുദം, ഇവയുടെ ലക്ഷണമാകാം കുടവയർ. ആമാശയ അറകളിൽ അമിതമായി വെള്ളം കെട്ടിക്കിടക്കുന്നതും പ്രായമായവരിൽ ഉദരപേശികളുടെ ബലക്കുറവും ചുരുക്കം ചിലരിൽ ഹോർമോൺ വ്യതിയാനങ്ങളും കുടവയറിനു കാരണമാകുന്നതായി കാണുന്നു. 

ആയുർവേദ ശാസ്ത്രപ്രകാരം, വയറുവീർപ്പ് ഉണ്ടാക്കുന്ന അവസ്ഥകളായി 'ഉദരം', 'ഉദാവർത്തം', 'രക്തഗുൽമം', തുടങ്ങിയവയെ വിവരിച്ചിട്ടുണ്ട്. മാസമുറയ്ക്ക് കൃത്യതയില്ലാതെയുള്ള ലക്ഷണങ്ങൾ കാണിക്കുന്ന പി. സി. ഒ. ഡി എന്ന സർവസാധാരണമായ അവസ്ഥയിൽ ഉദരത്തിനു കനവും ക്രമേണ വയറുവീർപ്പും ഉണ്ടാകാം. അർബുദരോഗത്തിലും കുട്ടികളിൽ പ്രോട്ടീൻ കുറവുമൂലം ഉണ്ടാകുന്ന ക്വാഷിയോർക്കർ രോഗത്തിലും പൊതുവായി പോഷകങ്ങളുടെ ആഗിരണം ശരിയായ തോതിൽ നടക്കുന്നില്ലെന്ന കാരണത്താൽ ഉദരഭാഗം മാത്രം ഉന്തിവരാറുണ്ട്. കൃമി ശല്യമുള്ള കുട്ടികളിലും അമിത മദ്യപാനശീലമുള്ളവരിലും വയറുചാട്ടം കണ്ടുവരുന്നു. 

"വാതോദരം" എന്ന് ചരകസംഹിതയിൽ വിവരിക്കുന്ന രോഗാവസ്ഥയിൽ, വാതദോഷശമനത്തിനായി തുണികൊണ്ട് ഉദരഭാഗം ചുറ്റികെട്ടുന്നതിനു നിർദ്ദേശിക്കുന്നു ("വേഷ്ടയേത് വാസസോദരം".)

നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് കുടവയർ. അടിവയറ്റിലെ പേശികൾ നടുനിവർത്തിനിൽക്കാൻ നമ്മെ സഹായിക്കുന്നു. പേശികൾക്ക് അയവുണ്ടാകുമ്പോൾ കുടവയറുണ്ടാകാം. ഉന്തിനിൽക്കുന്ന വയറ് നാടുവിന്‍റെ പേശികൾക്ക് കാര്യമായ വലിച്ചിലുണ്ടാക്കുന്നു. നടുവിൻ്റെ  സ്വാഭാവിക വളവ് കൂടുതലാകുകയും തോൾ ഭാഗം പുറത്തേക്ക് ഉന്തിവരികയും ചെയ്യുന്നത് ആകാരവടിവുതന്നെ വികൃതമാക്കുന്നു. പ്രസവശേഷം വയറുചാടുന്നത് സ്ത്രീകൾക്ക് പേടിസ്വപ്നം തന്നെയാണ്. ഗർഭാവസ്ഥയിൽ വലിഞ്ഞുമുറുകിയ പേശികൾ പെട്ടെന്നു അയഞ്ഞുപോകുകയും തുടർന്ന് ഒട്ടും വ്യായാമമില്ലാതെയിരിക്കുകയും ചെയ്യുമ്പോൾ ചാടിയ വയർ പൂർവ്വസ്ഥിതിയിലെത്താൻ മടിക്കും. പ്രസവത്തിന്‍റെ ശാരീരിക വൈഷമ്യങ്ങൾ മാറിവരുന്ന മുറയ്ക്കുതന്നെ ചെറിയ തോതിൽ വ്യായാമങ്ങൾ ശീലിക്കുന്നത് ഉചിതമാണ്. ഗർഭപാത്രം ചുരുങ്ങുന്ന വേളയിൽ ‘ഉദരവേഷ്ടനം’ അഥവാ വയർ തുണികൊണ്ട് കെട്ടി ബലപ്പെടുത്തുന്ന നാട്ടുസമ്പ്രദായം പ്രസവാനന്തരം ഉദരപേശികൾ അയഞ്ഞുതൂങ്ങാതിരിക്കാൻ ലക്ഷ്യമിടുന്നു.  കാലഹരണപ്പെട്ടുപോയ ഒരു വേഷവിധാനമായ "ഒന്നര" യുടെ പ്രസക്തി ഇത്തരുണത്തിൽ ഓർക്കാം. സ്ത്രീകളും പുരുഷന്മാരും അടിവസ്ത്രമായി ഉപയോഗിച്ചുവന്നിരുന്ന ഒന്നരമുണ്ട് , വയറൊതുങ്ങി അരകുടുങ്ങിയിരിക്കുവാൻ പോന്നതാണ്. വയറ്റിലെ മാംസപേശികൾക്ക് സ്ഥൈര്യം ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.  

ആത്മവിശ്വാസം ഒരളവുവരെ കെടുത്തുന്ന ഒന്നാണ് കുടവയർ എന്ന് സമ്മതിക്കാതെ വയ്യ. നാലാൾ കൂടുന്നിടത്ത്‌ ശ്വാസമടക്കിപ്പിടിച്ചു വയറൊതുക്കി നടന്നാലും ശ്വാസം വിടുന്നതോടെ കുടപോലെ നിവരുകയായി കുടവയർ. സെൽഫിയെടുക്കുമ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും വയറൊതുക്കൽ ശ്രമകരം തന്നെ.

യൂറോപ്യൻ കാർഡിയോളജി കോണ്ഫറൻസിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം ഹൃദ്രോഗ സാധ്യതയ്ക്ക് പറയുന്ന ഒൻപതു കാരണങ്ങളിൽ അഞ്ചാമത്തേത് കുടവയറാണ്. കുടവയറുള്ളവർക്ക് ഉറക്കത്തിൽ കൂർക്കംവലിയും ശ്വാസതടസം വരാനുള്ള സാധ്യതയും ഏറെയാണ്. ഫാസ്റ്റുഫുഡും മദ്യപാനവും മനഃസംഘർഷവും മെയ്യനങ്ങാതെയുള്ള ജീവിതരീതികളുമാണ് കുടവയറിലേക്ക് നയിക്കുന്നത്. കൊഴുപ്പ് നിയന്ത്രിച്ചു നിർത്തുന്ന ആഹാരൗഷധങ്ങളും ( ഉദാ:- കുമ്പളങ്ങാ, കുടമ്പുളി, ത്രിഫല) ബാഹ്യ ഔഷധപ്രയോഗങ്ങളായ ഉദ്വർത്തനം (ഔഷധ ഗുണമുള്ള പൊടികൾ ഉപയോഗിച്ച് തിരുമ്മുന്ന ചികിത്സാരീതി) മുതലായവയും കുടവയർ കുറയ്ക്കാൻ ഉപകരിക്കും. കുനിഞ്ഞു കുപ്പയെടുക്കാനും കുറ്റിച്ചൂലുകൊണ്ട് മുറ്റമടിക്കാനും പറമ്പിൽ കിളക്കാനും പുറത്തിറങ്ങി കളിക്കാനും കുഞ്ഞുനാളിലേ ശീലിച്ചാൽ കുടവയറിനെ അകറ്റിനിർത്താവുന്നതേയുള്ളു.  

വ്യായാമം കൊണ്ടോ ഭക്ഷണക്രമീകരണം കൊണ്ടോ കുടവയറിനു കടിഞ്ഞാണിടാൻ കഴിയുന്നില്ലെങ്കിൽ, അമിത കൊഴുപ്പ് പ്രത്യേക ഉപകരണമായ പമ്പ് വഴി വലിച്ചെടുക്കുന്ന ചികിത്സാരീതിയായ "ലിപ്പോസക്ഷൻ" പ്രചാരത്തിലുണ്ട്. ഔഷധലായനി കുത്തിവെച്ചു കൊഴുപ്പ് ദ്രവരൂപത്തിലാക്കിയ ശേഷം ശക്‌തിയേറിയ വാക്വം പമ്പ് ഉപയോഗിച്ചു കൊഴുപ്പ് വലിച്ചെടുക്കുകയാണ് ചെയ്യുക. അൾട്രാസോണിക്, ലേസർ ലിപ്പോസക്ഷനുകളും സമാനഫലങ്ങൾ  നൽകുന്നു. അറ്റകൈയ്യായി പ്രയോഗിക്കുന്ന മാർഗ്ഗമാണ് ആമാശയത്തിന്‍റെ വലിപ്പം കുറയ്ക്കുന്നതായ "ബാറിയാട്രിക് ശസ്ത്രക്രിയ". ഈ ശസ്ത്രക്രിയക്ക് ശേഷം വളരെ കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞ പ്രതീതിയുണ്ടാകുന്നു. കൊഴുപ്പ് നീക്കം ചെയ്യുമ്പോഴും ആമാശയത്തിന്‍റെ വലിപ്പം കുറച്ചു , ഭാരം പെട്ടെന്ന് കുറയുമ്പോഴും സങ്കീർണതകളും പാർശ്വഫലങ്ങളും ഏറെയുണ്ട്. ചെലവേറിയ ഇത്തരം ചികിത്സകളെത്തുടർന്നു കൃത്യമായ തുടർ പരിശോധനകളും ആവശ്യമായി വരുന്നു.

കുമ്പകുലുക്കി നടക്കുന്നത് ചിലർക്ക് കാഴ്ചയിൽ കൗതുകകരമെങ്കിലും ശരീരത്തിന് അതൊരു അധിക ബാധ്യതയായ "ലഗ്ഗേജ്" തന്നെയാണ്.


[Digital Illustration Courtesy: Ms. Devaranjini M. S. 1st Year B Des- National Institute of Fashion Technology, Kannur]


About author

Dr. Susha O. V.

M.S. (Ay). Chief Medical Officer: District Ayurveda Hospital- Kalpetta, Wayanad. drsovtvm@gmail.com


Scroll to Top