അകാല നര

അകാല നര എങ്ങനെ ഉണ്ടാകുന്നു ? 

നേരത്തേ തന്നെ മുടി നരച്ചു തുടങ്ങിയ ആളാണ് നിങ്ങളെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപയോഗപ്രദം ആയേക്കാം. 

അധികമായ കോപം, വിഷമം, അധ്വാനം എന്നിവ കൊണ്ട് ശരീരത്തിലെ ഉഷ്ണം കൂടുമ്പോൾ ശിരസ്സിൽ പിത്ത ദോഷം കൂടുകയും മുടിയുടെ കറുപ്പ് നിറം മാറി വെള്ളയോ ചാര നിറമോ ആയി മാറുകയോ ചെയ്യുന്നു. തീയുടെ ചൂട് കൊണ്ട് വസ്തുക്കളിൽ രാസ പരിണാമം ഉണ്ടായി നിറം മാറുന്ന പോലെ ഉള്ള പ്രക്രിയ ആണിത്. 

ശരീരത്തിലെ ചൂട് കൂട്ടുന്ന അധികം എരിവ്, ഉപ്പ്, പുളി ഉള്ള ആഹാരം, വറുത്തതും പൊരിച്ചതുമായ ആഹാരം, രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥ എന്നിവയെല്ലാം ഇവിടെ രോഗ കാരണമായി മാറുന്നു. 

ഇന്നത്തെ കാലത്ത് ചായ, കാപ്പി മുതലായ കഫീൻ അടങ്ങിയ പാനീയങ്ങളും അകാല നരക്ക് കാരണമായി തീരുന്നു. 

ആധുനിക ശാസ്ത്ര പ്രകാരം, മെലാനിൻ എന്ന വർണ്ണ വസ്തു (പിഗ്മെന്റ്) ആണ് കറുപ്പ് നിറം മുടിക്ക് നൽകുന്നത്. ഇതിന്‍റെ അളവ് കുറയുമ്പോൾ മുടിയുടെ കറുപ്പ് നിറം കുറയുന്നു. പാരമ്പര്യവും, അന്തരീക്ഷ മലിനീകരണവും, വിളർച്ച, ഹോർമോൺ വ്യതിയാനങ്ങൾ, പുകവലി പോലെ ഉള്ള ദുശ്ശീലങ്ങൾ എന്നിവയും ഇതിന് ആക്കം കൂട്ടുന്നു. 

അകാല നര പല തരത്തില്‍ ഉണ്ട്

ആയുർവേദത്തിൽ 'പാലിത്യം' എന്ന പേരിൽ അറിയപ്പെടുന്ന അകാല നര ദോഷകോപം അനുസരിച്ച് വാതികം, പൈത്തികം, കഫജം, സന്നിപാതജം, ശിരോരുക്-ജന്യം, ശരീര പരിണാമജന്യം എന്നിങ്ങനെ ആറു വിധത്തിൽ തരം തിരിച്ചിരിക്കുന്നു. 

വാത ദോഷം കൂടി ഉണ്ടാകുന്ന അകാലനരയിൽ മുടി കട്ടി കുറഞ്ഞ്, രൂക്ഷമായി, പൊട്ടി പോകുന്നു. 

പിത്ത ദോഷം കൂടിയ അവസ്ഥയിൽ മുടിക്ക് മഞ്ഞ നിറവും തലയോട്ടിയിൽ നീറ്റലും അനുഭവപ്പെടുന്നു. 

കഫദോഷ പ്രാമുഖ്യത്തില്‍ മുടി കട്ടിയായി വെള്ള നിറത്തിൽ കാണപ്പെടുന്നു. തലയോട്ടി മിനുസമായി ഇരിക്കുകയും ആകുന്നു.

സന്നിപാതജം എന്ന് പറയുന്ന അവസ്ഥയിൽ മൂന്നു ദോഷങ്ങളും കോപിക്കുന്നു. ത്രിദോഷങ്ങള്‍ ഓരോന്നായി കോപിക്കുമ്പോൾ ചികിത്സ സാധ്യമാണ്. എന്നാൽ മൂന്നും ഒന്നിച്ച് കോപിക്കുമ്പോൾ ചികിത്സ അസാധ്യമാണ്. 

തലവേദനയോ മറ്റ് ശിരോരോഗങ്ങളോ പ്രധാന കാരണമായുള്ള അകാലനരയാണ് ശിരോരുക്-ജന്യ പാലിത്യം

പ്രായം കൂടും തോറും ശരീരത്തിൽ ഉദ്ഭവിക്കുന്ന മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന അകാലനരയാണ് ശരീര പരിണാമജന്യം

അകാല നരയ്ക്കുള്ള പരിഹാരം

ശരീരത്തിന്‍റെയും മനസ്സിന്‍റെയും സന്തുലനാവസ്ഥ നിലനിർത്തുന്നതിന്, ഭക്ഷണവും ജീവിത ശൈലിയും ക്രമീകരിച്ചാൽ ഒരു പരിധി വരെ ഈ അവസ്ഥക്ക് പരിഹാരം കാണാൻ ആകും. 

ആഹാര രസം ആണ് രസ ധാതുവായി ശരീരത്തിൽ പരിണമിച്ചു പോഷണം നൽകുന്നത്. 

സത്വ ഗുണമുള്ള ആഹാരം, പ്രത്യേകിച്ചും ഇരുമ്പ്, കോപ്പർ എന്നിവ അടങ്ങിയ ഇലക്കറികൾ, ബീൻസ്, മാതള നാരങ്ങ, ബദാം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

ധാരാളം വെള്ളം കുടിക്കുക; രാമച്ചം, കൊത്തമ്പാലയരി എന്നിവയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. 

മണ്ടുകാസനം, കപാലഭാതി പ്രാണായാമം എന്നിവ ഗുണം ചെയ്യും.

തലയിൽ തേപ്പാൻ നീലിഭൃംഗാദി, ഭൃംഗാമലകാദി പോലെയുള്ള തൈലങ്ങൾ പ്രകൃതിയനുസരിച്ച് ഉപയോഗിക്കണം. 

സൈനസൈറ്റിസ്, വിട്ടുമാറാത്ത ചുമ എന്നിവയുളളവർ പ്രത്യേകിച്ചും കഫം വർധിക്കാൻ അനുവദിക്കരുത്. അതിനായി നസ്യം പോലെയുള്ള ചികിത്സകൾ വൈദ്യ നിർദേശപ്രകാരം നടത്തുക. 

മുടിക്ക് പോഷണം കിട്ടുവാനായി മോരും, കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ പുരട്ടാം, ഉള്ളിനീരും നല്ലത് തന്നെ.

തലവേദന കൊണ്ട് തലയിൽ തൊടാൻ പറ്റാത്ത ശിരോരുജജന്യ പാലിത്യം മാറണമെങ്കിൽ, കാരണമായ തലവേദനയെ ആദ്യം ചികിത്സിച്ചു ഭേദമാക്കണം. മറ്റ് രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നരയ്ക്ക് ആ പ്രധാനരോഗം പരിഹരിക്കുന്നത് തന്നെയാണ് പരിഹാരം.

പ്രായം കൂടുന്നതിനനുസരിച്ച് വരുന്ന നര സമയോചിതമായി ചെയ്യുന്ന രസായന ചികിത്സയിലൂടെ വൈകിക്കുവാന്‍ സാധിക്കും. 

ശാസ്ത്രീയമായ ആയുർവേദ ചികിത്സ വിരേചനം, അഭ്യംഗം, തല പൊതിച്ചില്‍, ലേപനം, നസ്യം, വസ്തി എന്നിവയാണ്. 

പക്ഷേ, തന്‍റെ പ്രകൃതിയോ രോഗാവസ്തയോ നിര്‍ണ്ണയിക്കാതെയുള്ള സ്വയം ചികിത്സ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം  ചെയ്യുന്നതായാണ് കാണാന്‍ കഴിയുന്നത്‌.  മോര് നെല്ലിക്ക പോലെയുള്ള മരുന്നുകളുടെ ശീതഗുണം ശരീരത്തിൽ നീരിറക്കമുള്ളവരില്‍ രോഗാവസ്ഥ അധികരിക്കുന്നു. അതിനാല്‍ രോഗം എത്ര ചെറുതാണെന്ന് തോന്നിയാലും വൈദ്യനിര്‍ദ്ദേശം തേടിയതിനു ശേഷം മാത്രം മരുന്നുകളോ പൊടിക്കൈകളോ ഉപയോഗിക്കുക. യോജിച്ച ഔഷധങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം സേവനം ചെയ്താൽ അകാല നര ഫലപ്രദമായി തടയാനാകും. 


About author

Dr. Sreedevi N. V.

BAMS,DYHE, Consultant Ayurveda Physician: Omniwill Ayurved Clinic- Kalathipady, Kottayam


Scroll to Top