ചൂട് കുരു ‘കൂള്‍’ ആയി പരിഹരിക്കാം

പ്രകൃതിയുടെ മാത്രം സ്വന്തമായ വസന്തകാലം കഴിഞ്ഞിരിക്കുന്നു. പകൽ ഏറെ ഉത്സാഹത്തോടെ ഓടി നടന്നു രാത്രി പുതപ്പിനുള്ളില്‍ സുഖമായി ഉറങ്ങാൻ കഴിയുന്ന വസന്തകാലം കഴിഞ്ഞു; ഗ്രീഷ്മമെത്തി. ശരീരബലം  പൊതുവെ കുറഞ്ഞിരിക്കുന്ന ഈ സമയത്ത് ചൂട് കാരണമുള്ള അസ്വസ്ഥതകളും വർദ്ധിക്കും. അതിനെ ഇരട്ടിപ്പിച്ചു കൊണ്ട് ചൂട് കുരുക്കളും എത്തി. 

 എന്താണ് ചൂട് കുരു?  ചൂട് കുരു വരാനുള്ള കാരണം?

വേനൽ കാലത്ത് വിയർപ്പ് മൂലം ചർമ്മത്തിലെ ദ്വാരങ്ങളടയുകയും, വിയർപ്പ് ഗ്രന്ഥികളിൽ നിന്ന് പുറത്തേക്കുള്ള മാർഗ്ഗം തടസ്സപ്പെടുകയും ചെയ്യുന്നതിനാൽ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാവുകയും ചൂട് കുരുക്കൾ കുമിളൾ പോലെ ചുവന്ന ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെടും. ഇവ ശരീരത്തിൽ മുഴുവൻ വ്യാപിക്കുമെങ്കിലും പ്രധാനമായി കാണുന്നത് മുഖം, കഴുത്ത്, പുറം, നെഞ്ച്, തുട എന്നിവിടങ്ങളിലാണ്. പ്രായ ഭേദമന്യേ ചൂട് കുരു വരാമെങ്കിലും കുട്ടികളിൽ ആണ് അധികമായി കാണുന്നത്.

ആയുർവേദത്തിൽ ചൂട് കുരുവിനെ 'പിത്തജ മസൂരിക' എന്ന് പറയുന്നു. വാതം, പിത്തം, കഫം എന്നീ  മൂന്ന് ദോഷങ്ങളിൽ ഗ്രീഷ്മ കാലത്തിൽ സ്വാഭാവികമായി പിത്ത ദോഷം വർദ്ധിച്ചു കാണുന്നു. 

അതിനാൽ പിത്തഹരമായ എല്ലാ വിധികളും പൊതുവായി  നിർദ്ദേശിച്ചിരിക്കുന്നു:  

 • തണുത്ത വെള്ളം (Non Refrigerated) ഉപയോഗിക്കുക.
 • കൂടുതൽ എരിവുള്ളതും ഉള്‍പ്പഴുപ്പ് ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.  
 • ശരീരത്തിന്‍റെ ചൂടിനെ കുറയ്ക്കാൻ സഹായിക്കുന്ന ലേപനങ്ങൾ പുരട്ടുക.
 • കഠിനമായ വെയിൽ കൊള്ളാതിരിക്കുക. 
 • ബലവാനായ രോഗിയിൽ വമനം ( ചർദ്ദി), വിരേചനം ( വയറിളക്കം) തുടങ്ങിയ ചികിത്സകൾ നിർദ്ദേശിച്ചിരിക്കുന്നു.
 • ബലം കുറഞ്ഞ  രോഗിയിൽ ശമന  ചികിത്സ; അതായത് കഷായങ്ങൾ, ചൂർണ്ണങ്ങൾ, ആസവങ്ങൾ മുതലായ മരുന്നുകൾ  സേവിക്കുക. ഉഷ്ണ ശമനമായ ലേപനങ്ങൾ പുരട്ടുക, ധാര ചെയ്യുക എന്നിവയാണ്.

ചൂട് കുരു വൈദ്യശാസ്ത്ര നാമ പ്രകാരം മിലിയേറിയ റൂബ്ര എന്നറിയപ്പെടുന്നു.         

കുട്ടികളിലെ ചൂട് കുരു

കുഞ്ഞുങ്ങൾക്ക് ചെറിയ വിയർപ്പ് ഗ്രന്ഥികളാണുള്ളത്. ശരീര താപനില നിയന്ത്രിക്കുവാനുള്ള കഴിവ്  മുതിർന്നവരേക്കാൾ കുറവായതിനാൽ വേഗത്തിൽ ചൂട് കുരു പ്രത്യക്ഷപ്പെടുന്നു. കുട്ടികളുടെ ചർമ്മത്തിലെ ദ്വാരങ്ങൾ ചെറുതായതിനാൽ പെട്ടെന്ന് തന്നെ അടഞ്ഞ് പോകും. ഈ കാരണങ്ങൾ കൊണ്ട് കുട്ടികളിൽ ചൂട് കുരു വരാനുള്ള സാധ്യത കൂടുതലാണ്.

 പരിഹാര മാർഗങ്ങൾ: 

 • കുഞ്ഞിനെ നേരിയ വസ്ത്രങ്ങൾ ഇട്ടു കൊടുക്കുകയോ വസ്ത്രങ്ങള്‍ മാറ്റിയോ കാറ്റ് കൊള്ളാൻ അനുവദിക്കുക. 
 • കുട്ടിയെ കിടത്തുന്ന വിരുപ്പുകളും  മറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
 • നനഞ്ഞ തുണി കൊണ്ട് ഇടക്കിടക്ക് തുടയ്ക്കുക
 • മുലയുണ്ണുന്ന കുഞ്ഞുങ്ങളെ ആവശ്യാനുസരണം മുലയൂട്ടുകയും മുതിർന്ന കുട്ടികൾ ധാരാളം വെള്ളം കുടിക്കുകയും വേണം.
 • തേങ്ങാപാൽ കുട്ടിയുടെ ശരീരത്തിൽ പുരട്ടുന്നത് വളരെ ഫലപ്രദമാണ്. 
 • പകൽ സമയങ്ങളിൽ കുട്ടിയെ വെയിൽ കൊള്ളാൻ അനുവദിക്കരുത്.

ഗർഭിണികളിലെ ചൂട് കുരു

ശരീര താപനില വർദ്ധിക്കുന്ന സമയമായതിനാൽ ഗർഭിണികളിലും ചൂട് കുരു വരാനുള്ള സാധ്യതകൾ കൂടുതലാണ്. അമിതമായ വിയർപ്പിൽ നിന്നുള്ള നനവ് എന്നിവയെല്ലാം ചൂട് കുരു ഉണ്ടാകുവാനുള്ള കാരണങ്ങളാണ്. ഗർഭിണികളിലും  സ്ത്രീകളിലും സ്തനങ്ങൾക്കിടയിലും, കക്ഷത്തിലും വസ്ത്രങ്ങൾ ചേർന്ന് നിൽക്കുന്ന ഭാഗങ്ങളിലാണ് സാധാരണയായി ചൂട് കുരു കാണാറുള്ളത്.

 പരിഹാര മാർഗങ്ങൾ: 

 •  അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. 
 • സുഖോഷ്ണമായ (അധികമായ ചൂടോ തണുപ്പോ ഇല്ലാത്ത ) വെള്ളത്തിൽ കുളിക്കുക. മൃദുവായ ഓട്സ് കുളി നല്ലതാണ്.
 • സുഗന്ധദ്രവ്യങ്ങൾ, ലോഷനുകൾ, കഠിന സോപ്പ് എന്നിവ ഉപയോഗിക്കരുത്.

ചൂട് കുരുവിനെ എങ്ങനെ പ്രതിരോധിക്കാം

 • പ്രാഥമിക പ്രതിവിധി ചൂടും ഉൾപ്പുഴുക്കവുമുള്ള ആഹാര വിഹാരങ്ങൾ ഒഴിവാക്കുക.
 • ഇലക്കറികൾ ധാരാളമായി ഉപയോഗിക്കുക. 
 • കൂടുതലായി ചൂടും, ഊഷ്മാവും  വർദ്ധിച്ച സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക. 
 • ശീതീകരിച്ച മുറികളിൽ സമയം ചെലവഴിക്കുക. 
 • ധാരാളം വെള്ളം കുടിക്കുക. 
 • ശരീരത്തിനോട് ഇറുകിയതും, മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക. കോട്ടൺ വസ്ത്രങ്ങൾ ശിലമാക്കുക. 
 • അധികമായ ശാരീരിക അധ്വാനം കുറയ്ക്കുക. 

ലളിതമായ പരിഹാര മാർഗ്ഗങ്ങൾ: 

 • ഐസ് പാക്കുകൾ അല്ലെങ്കിൽ തണുത്ത തുണി കുരു ഉള്ള സ്ഥലത്ത് വെക്കുക. 
 • 1 tsp വെളിച്ചെണ്ണയിൽ ½ tsp മഞ്ഞൾപ്പൊടി  ചേർത്ത് പുരട്ടുന്നത് ചൊറിച്ചിൽ ശമിക്കും
 • ചന്ദനം ചൂട് കുറയ്ക്കുന്നതിനോടൊപ്പം ഒരു വേദന സംഹാരികൂടിയാണ്. ചന്ദനപ്പൊടി  അല്പം  വെള്ളത്തിൽ ചേർത്ത് പുരട്ടുന്നത് പുകച്ചിലിന് ശമനമുണ്ടാകും.
 • കറ്റാർവാഴ ഒരു ആന്റീസെപ്റ്റിക് ആണ്. ഇത് അണുബാധ തടഞ്ഞ് ചർമ്മത്തെ തണുപ്പിക്കും.
 • ചർമ്മത്തിന്‍റെ സുഹൃത്തായ വേപ്പില വെള്ളം ചേർത്തരച്ച് പുരട്ടുന്നതും, വേപ്പില ഇട്ട വെള്ളത്തിൽ കുളിക്കുന്നതും ചൂട് കുരുവിനെ ശമിപ്പിക്കും. 
 • ഇന്തുപ്പ് ഇളം ചൂട് വെള്ളത്തിൽ ചേർത്ത് കുളിക്കുന്നത് ചൊറിച്ചിൽ ശമിക്കും.
 • ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ചന്ദനതൈലം, ഹിമസാഗരതൈലം എന്നിവ ഫലപ്രദമാണ്.
 • ത്രിഫല ചൂർണം വെള്ളത്തിൽ ചേർത്ത് പേസ്റ്റ് രൂപത്തിൽ ശരീരത്തിൽ പുരട്ടുന്നത് ചൂട് കുരുവിന് ആശ്വാസം തരും.

 ചൂട് കുരുവിന് വൈദ്യോപദേശം തേടേണ്ടതെപ്പോൾ? 

സങ്കീർണ്ണതകളൊന്നും ഇല്ലാത്ത ചൂട് കുരു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലളിതമായ പരിഹാര മാർഗങ്ങളിലൂടെ ശമിക്കും. 

എങ്കിലും…

 • പനി
 • തൊണ്ടവേദന 
 • പേശി വേദന 

 എന്നീ ലക്ഷണങ്ങളോട് കൂടി ചൂട് കുരു കണ്ടാൽ വിദഗ്ധ വൈദ്യോപദേശം തേടണം. 

ചൂട് കാലം അല്പം കഠിനം തന്നെ..ചൂട് കാല  ജന്യമായ രോഗങ്ങളും!

എങ്കിലും ചൂടും തണുപ്പും എല്ലാം ആവശ്യമാണ്. ഋതുക്കളുടെ ഈ വ്യതിയാനങ്ങളാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി നമ്മളെ ആരോഗ്യവാൻമാരാക്കി  നിലനിർത്തുന്നതും. അങ്ങനെ  ചൂട് കാലവും ചൂട് കാല ജന്യമായ രോഗങ്ങളെയും  യുക്തമായ ആഹാര വിഹാരങ്ങളിലൂടെ  ആയുര്‍വേദത്തിലൂടെ നമുക്ക് അതിജീവിക്കാം. ബലവും ഉത്സാഹവും കുറയുന്ന ഈ ഗ്രീഷ്മ കാലത്തും  നമുക്ക് ബലവാൻമാരായിരിക്കാം… ഉത്സാഹത്തോടെ!


About author

Dr. Soumia Ajith

BAMS, Consultant- Ayusha Ayurvedics, Calicut soumiak511@gmail.com


Scroll to Top