ആരോഗ്യമൂറും നാടന്‍ ചൊല്ലുകള്‍

നിത്യജീവിതത്തിലെ ആയൂർവേദ ശീലുകൾ - വീടകങ്ങളിലെ വീണ്ടെടുപ്പുകൾ !

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അവധാനപൂർവ്വം ജീവിതത്തെകുറിച്ച് ചിന്തിക്കാൻ ആധുനിക മനുഷ്യരെന്ന വിളിപ്പേരുള്ള നമുക്ക് സാധിക്കുന്നതേയില്ല. എന്നാൽ പഴയകാല കേരളീയ ജനത അവരുടെ ദൈനംദിന ജീവിതത്തിലെ സംസാരങ്ങളിൽ പോലും ആരോഗ്യസംബന്ധമായ നിർദ്ദേശങ്ങളും, മര്യാദകളും, നിബന്ധനകളും, മുന്നറിയിപ്പുകളുമെല്ലാം പലതരം ശീലുകളായും, ശൈലികളായും, പഴഞ്ചൊല്ലുകളായുമൊക്കെ ഉപയോഗിച്ചിരുന്നു. ആയൂർവേദ സംഹിതകളിൽ ആചാര്യന്മാർ പരാമർശിച്ചിരിക്കുന്ന ദിനചര്യകളുടേയും ഋതു ചര്യകളുടേയും സദ്‌വൃത്തത്തിന്‍റെയും ലളിതമായ അവതരണങ്ങളാണവ. നാവിൻതുമ്പിൽ നിന്ന് സരസവും, സാരവത്തും, സാമാന്യതത്വമായി പൊഴിഞ്ഞു വീഴുന്ന ഒറ്റമൂലികളായിരുന്നു അവ. മുത്തശ്ശിവൈദ്യം പോലെ വാമൊഴിയായി പകരുന്ന ഈ ആയുർവേദ ഒറ്റമൂലി പ്രയോഗങ്ങൾ പക്ഷേ, വിദഗ്ധനായ ഒരു വൈദ്യന്‍റെ സേവനം ലഭിക്കുന്നതു വരെയുള്ള പ്രാഥമിക ശുശ്രൂഷയായി മാത്രമേ  പ്രയോഗിക്കാവൂ എന്നും അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

നിത്യോപയോഗത്തിലിരിക്കുന്ന ഔഷധമൂല്യമുള്ള പദാർത്ഥങ്ങളുടെ ഇത്തരത്തിലുള്ള പ്രാഥമികചികിത്സാ പ്രയോഗത്തിലൂടെ താത്കാലിക രോഗശാന്തിയായിരുന്നു അവരുടെ ലക്ഷ്യം, ഒപ്പം ലഘു ആരോഗ്യപ്രശ്നങ്ങളുടെ രോഗശമനവും.

"അജ്ഞാന രോഗത്തിന് വിജ്ഞാനമൗഷധം"

എന്നുള്ള ചൊല്ലുതന്നെ ഇതിനൊരുദാഹരണമാണ്. അറിവില്ലായ്മയെന്ന രോഗത്തിന് വിദ്യാഭ്യാസമാണ് മരുന്നെന്ന് വളരെ രസകരമായി പറഞ്ഞിരിക്കുന്നു.

ഒരുവൻ ജനിച്ചാൽ മരിക്കുംവരെയുള്ള, ഉണർന്നാൽ ഉറങ്ങുംവരെയുള്ള ആചരണങ്ങളെ നാടൻ പ്രയോഗങ്ങളുടെ / സരസശ്ലോകങ്ങളുടെ തേൻ പുരട്ടിയവർ വാമൊഴികളായി തലമുറകളിലൂടെ കൈമാറിക്കൊണ്ടിരുന്നു. ആരോഗ്യവിചാരത്തിലും രോഗശമനത്തിലും ആഹാരത്തിനുള്ള പങ്ക് പൂർവികർക്ക് പണ്ടേ വെളിവായിട്ടുണ്ടായിരുന്നു. ആരോഗ്യവാൻ ആഹാരപ്രധാനമായും, രോഗി ഔഷധപ്രധാനമായും പദാർത്ഥങ്ങളെ ഉപയോഗിക്കണമെന്നുള്ള സൂക്ഷമമായ അറിവുകൾ അവർക്കുണ്ടായിരുന്നു. ജലദോഷം, പനി, ദഹനക്കേട്, ചർദ്ദി, തലവേദന, വയറിളക്കം എന്നീപ്രകാരമുള്ള സാധാരണ രോഗങ്ങൾക്ക് ആഹാരത്തിലെ പഥ്യം കൊണ്ടുള്ള 'പാചകയോഗ'ങ്ങളാണ് പെട്ടന്ന് ശമനം ഉണ്ടാക്കുകയെന്നവർക്കു ബോധ്യമുണ്ടായിരുന്നു എന്ന് ഈ ശൈലികൾ നമുക്ക് കാണിച്ചുതരുന്നു.

"അജീർണിക്കശനം വിഷം"

"അതിവിടയമകത്തെങ്കിൽ അതിസാരം പുറത്ത്"

"ഉപവാസം ജ്വരത്തിങ്കലുപകാരം"

"മൂക്കുവെള്ളം ചുക്കുവെള്ളത്തിനാലേ"

ഈ പഴഞ്ചൊല്ലുകളിൽ പരമ്പരാഗത മലയാളിയുടെ കാർഷിക സംസ്കാരത്തിലൂന്നിയ ആരോഗ്യ ചിന്തകൾ പ്രതിഫലപ്പിച്ചിരിക്കുന്നു...

"രാമലക്ഷ്മണ സീതശ്ച
രാവണശ്ച വിഭീഷണ:
ഏതൈക്വാഥോ ജ്വരം ഹന്തി
ഭേദിർ ദീപനപാചന:"

രാമൻ = കടുക്ക, ലക്ഷമണൻ = ചിറ്റമൃത്, സീത = തിപ്പലി, രാവണൻ = ചുക്ക്, വിഭീഷണൻ =തൃകോല്പക്കൊന്ന , ഇവകൊണ്ടുള്ള കഷായം വെച്ചു കുടിച്ചാൽ ജ്വരം (കോവിഡിന്‍റെ ഈ കാലത്തു പോലും) ശമിക്കും, അതുപോലെ അതു ദീപനവും (വിശപ്പുണ്ടാക്കുന്നത്) പാചനവും (ദഹനമുണ്ടാക്കുന്നത്) വിരേചനവുമാണ് (വയറിളക്കുന്നത്). ഇത്തരത്തിലുള്ള ചൊല്ലുകളും പ്രയോഗത്തിലുള്ളതായി നമുക്ക് കാണാൻ കഴിയും.


ആഹാരത്തെക്കുറിച്ചുള്ള ചില ശൈലികൾ രസകരവുമാണ്.

"ഉണ്ട് കുളിച്ചവനെ കണ്ടാൽ കുളിക്കണം"
( കഴിച്ചാൽ ഉടനെ കുളിക്കരുത്)

"അത്താഴമുണ്ടാൽ അരക്കാതം നടക്കണം,
മുത്താഴമുണ്ടാൽ മുള്ളേലും കിടക്കണം"
അത്താഴമുണ്ടാൽ പിന്നെ വിശ്രമമാണല്ലോ, അതു കൊണ്ട് അല്പം നടന്നിട്ട് കിടക്കുക. ഉച്ചയൂണ് കഴിഞ്ഞാൽ പിന്നെയും അധ്വാനമായതു കൊണ്ട് അല്പം വിശ്രമിക്കുക).

"പയ്യെ തിന്നാൽ പനയും തിന്നാം"

"അത്താഴം അത്തി പഴത്തോളം"

"അധികമായാൽ അമൃതും വിഷം"

"അന്നബലം പ്രാണബലം"

"വിശപ്പില്ലെങ്കിൽ അശിക്കരുത്"
(വിശപ്പുണ്ടെങ്കിലേ ആഹാരം കഴിക്കാവൂ )

ഇതൊക്കെ അത്തരത്തിലുള്ള ദൃഷ്ടാന്തങ്ങളാണ്.


ബ്രാഹ്മമുഹൂർത്തത്തിൽ  എഴുന്നേൽക്കണമെന്നും, എഴുന്നേറ്റാൽ ഉടനെ തന്നെ ഭൂമിയെ സ്പർശിക്കണമെന്നും (വണങ്ങണം) ഉള്ളതൊക്കെ ശാസ്ത്രീയമായ അറിവുകളാണ്. 

" ഉദിക്കും മുമ്പുണരേണം 
പോറ്റമ്മയെ തൊടേണം"

മസ്തിഷ്കത്തിന്‍റെ (Brain/CNS) പ്രവർത്തനങ്ങൾ (critical thinking, problem solving skills, memory, concentration) ഏറ്റവും ഉന്നതമായ രീതിയിൽ നടക്കുന്നതു പുലർച്ചയാണെന്നും, ഉറങ്ങിയെണീക്കുമ്പോൾ നമ്മുടെ ശരീരത്തിൽ അധികമായി സംഭരിച്ചുവെച്ചിട്ടുള്ള Static electricity യെ ഭൂമിയിലേക്ക് ഒഴുക്കി (earth) കളയാനാണ് നിലത്ത് തൊടുന്നതെന്നുമൊക്കെയുള്ളത്  ഗവേഷണങ്ങളിലൂടെ (research) തെളിയിക്കപെട്ടിട്ടുള്ളതാണ്.


അടുത്തത് ഉണർന്നാലുടനെ പല്ലു തേയ്ക്കണമെന്നുള്ളതാണ്, അതിനുമുണ്ട് ചൊല്ലുകൾ.

"ക്ലിം കാമദേവായ
സർവ്വജനപ്രിയാ:" 

എന്നു ചൊല്ലിക്കൊണ്ട്..

"ഉദയത്തിനു മുമ്പെങ്കിൽ കിഴക്കോട്ട്, 
ഉദിച്ചാൽ പിന്നെ വടക്ക്, വടക്കുകിഴക്കോട്ട്".. 

..നിന്നു വേണം പല്ലു തേയ്ക്കാൻ. തുപ്പേണ്ടത് ഇടതുവശത്തേയ്ക്കും.

"പഴുത്ത മാവിലകൊണ്ട് പല്ലുതേച്ചാൽ 
പുഴുത്ത വായും നാറുകില്ല"


അടുത്ത കർമ്മം കുളിയാണ്.

"പുരട്ടിക്കുളിക്കിരട്ടി ഫലം" 
എന്ന പഴഞ്ചൊല്ല് അഭ്യംഗം അഥവാ എണ്ണതേച്ചു കളിയുടെ ഔഷധഗുണത്തെ കുറിച്ചു പറഞ്ഞു തരുന്നതാണ്.

"മൂന്നു നേരം കുളിക്കേണം, ഒരു നേരം ഉണ്ണണം"

ഏതൊക്കെ കാലത്ത് ഏതൊക്കെ നേരത്ത് കുളിക്കണമെന്നുള്ളത് ഒരു പ്രത്യേക രീതിയിൽ പറഞ്ഞിരിക്കുന്നതാണിത്.

"വർഷ (മഴ) കാലത്ത് രാവിലെ, 
മഞ്ഞുകാലത്ത് ഉച്ചയ്ക്ക്, 
വേനൽക്കാലത്ത് വൈകിട്ട്"

എല്ലാ ദിവസവും ഒരേ നേരത്ത് (സമയത്ത്) തന്നെ ഭക്ഷണം കഴിക്കണം.


കുളിച്ചു കഴിഞ്ഞാൽ, തല തുവർത്തേണ്ട രീതി പരാമർശിച്ചിരിക്കുന്നതിങ്ങനെയാണ്.

"തോർത്തുമ്പോഴോർക്കേണം 
പുറം മുന്നേ തല പിന്നേ"


തുളസി, ഇഞ്ചി, ദശപുഷ്പങ്ങൾ, ഉപ്പ്, പത്തിലകൾ തുടങ്ങിയവയുടെ ഔഷധ ഗുണങ്ങളും ധാരാളമായി വാമൊഴികളിൽ പ്രകീർത്തിച്ചിട്ടുണ്ട്.

"ആധിവ്യാധി ഹരാം നിത്യം
തുളസി നൗമി പുണ്യദാം"
(തുലാം അസ്യതി ഇതി തുളസി = ഉപമിക്കാനാവാത്തവൾ)

"ഇഞ്ചി നൂറു സമം"

"ചുക്ക് കണ്ട ഇടത്തിൽ മുക്കി പ്രസവിക്കണം"

"കായും ചേനേം മുമ്മാസം
ചക്കേം മാങ്ങേം മുമ്മാസം
താളും തകരേം മുമ്മാസം
അങ്ങനേം ഇങ്ങനേം മുമ്മാസം"

"ഉപ്പു തിന്നവൻ വെള്ളം കുടിക്കും"

"സദ്യയ്ക്കൊടുവിൽ ഇഞ്ചിക്കറി കൂട്ടണം"

"കർക്കിടകത്തിൽ പത്തില കഴിക്കേണം"

"നെയ്യുർണി താള് തകര തഴുതാമ
കുമ്പളം മത്ത വെള്ളരി ആനകൊടിത്തൂവ
ചീരചേന ചേർന്നാൽ പത്തില"

ഈ ചൊല്ലുകളൊക്കെ നമ്മുടെ ഭക്ഷ്യ സംസ്കൃതിയുടെ..ആരോഗ്യ സംസ്കൃതിയുടെ ഉദാത്തമായ നിദർശനങ്ങളാണ്. ഈ വരികളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് സ്വാസ്ഥ്യത്തിന്‍റെ (wellness) മഹാമന്ത്രങ്ങളാണ്.

"ഒരുനേരം കഴിക്കുന്നവൻ യോഗി
രണ്ടുനേരം കഴിക്കുന്നവൻ ഭോഗി
മൂന്നുനേരം കഴിക്കുന്നവൻ രോഗി
നേരംനോക്കാതെ കഴിക്കുന്നവൻ ദ്രോഹി"

എത്ര മഹത്തായ ഒരു ആരോഗ്യചിന്തയാണിതെന്നു നാം ഓർക്കണം. മനുഷ്യനുള്ള കാലത്തോളം പ്രസക്തിയുള്ള വചസ്സാണിത്..


വാർദ്ധക്യകാലത്ത് നമ്മളെങ്ങനെയായിരിക്കും എന്നു പറഞ്ഞിരിക്കുന്നത് സാമൂഹിക പ്രസക്തിയുള്ളതാണ്,

"അറുപതു കഴിഞ്ഞാൽ അത്തുംപിത്തും
എഴുപതു കഴിഞ്ഞാൽ എന്തോ ഏതോ"

ഈ ഒരു സാമാന്യമായ അറിവു കിട്ടിയാൽ പ്രായമുള്ളവരോടുള്ള നമ്മുടെ സമീപനങ്ങളിൽ പോലും മാറ്റമുണ്ടാവും.


ഉറങ്ങുമ്പോൾ പോലും നാം ശ്രദ്ധിക്കേണ്ട വിഷയങ്ങളിൽ അവർ ജാഗരൂകരായിരുന്നു,

"ആവാം തെക്കോട്ടരുതേ പടിഞ്ഞാട്ട്
വർജ്യം വടക്കോട്ടുത്തമം കിഴക്കോട്ട്"

തല ഏതു ദിക്കിലേക്കു വെച്ചു കിടക്കണമെന്ന ഈ വരികളിൽ പഴയ തലമുറയുടെ ശാസ്ത്രജ്ഞാനം എത്രത്തോളം അഗാധമാണെന്നുള്ളത് അന്തർലീനമായി കിടക്കുന്നു..


കാലത്തിന്‍റെ കോലംകെട്ട കുത്തൊഴുക്കിൽ നമുക്ക് കൈമോശം വന്നിരിക്കുന്ന ഈ നാട്ടറിവുകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ട സമയം ആയിരിക്കുന്നു. ഏതു മഹാമാരിയേയും തച്ചുടയ്ക്കാൻ ആരോഗ്യപരമായ ജീവിതരീതിയും ആഹാരവിഹാരങ്ങളും ഉതകുമെന്ന് നാം തിരിച്ചറിയേണ്ട സവിശേഷമായ സഹചര്യത്തിലൂടെയാണ് നാം കടന്നു പൊയ്കൊണ്ടിരിക്കുന്നത്.. ഭാരതത്തിന്‍റെ തനതു ചികിത്സാസമ്പ്രദായമായ / പദ്ധതിയായ ആയൂർവേദത്തിലൂടെ സമഗ്രമായ ആരോഗ്യ അവസ്ഥയിലേക്ക് മാനവരാശിയെ നയിക്കാൻ സാധിക്കുമെന്ന നല്ലറിവാണ് ഈ ഭാഷാശൈലീ പ്രയോഗങ്ങളിലൂടെ നമുക്ക് വെളിവാക്കുന്നത്. നഷ്ടപ്പെട്ട നാട്ടറിവുകളും / വീട്ടറിവുകളും വീണ്ടെടുത്ത്, നമുക്ക് നല്ലൊരു തലമുറയെ / തലമുറകളെ വാർത്തെടുക്കാം.

"ഹിതഭാഷണം മിതമുണ്ണണം
കണ്ണഞ്ചും ശുദ്ധിയാക്കി
നരവാക്കു ശ്രവിച്ചീട്ടിൽ
പരലോകം പരംദൂരം"


ആരോഗ്യം ആയൂർവേദത്തിലൂടെ..തലമുറകളിലൂടെ..

അവലംബം/Reference:

> അഷ്ടാംഗഹൃദയം. (ആയൂഷ്കാമീയമദ്ധ്യായം)
>ചരകസംഹിത (ദീർഘഞ്ജീവിതീയമധ്യായം)
> സുശ്രുത സംഹിത (വേദോൽപ്പത്തി)
> പഴഞ്ചൊൽ പ്രപഞ്ചം: പ്രൊഫ: പി.സി കർത്ത.
>മുത്തശി മൊഴികൾ..


About author

Dr. Anup Muraleeedharan

BAMS. MD & CMO- Sreebharath Ayurveda Hospital, Koodal dranupsai@ymail.com


Scroll to Top