പയർ വർഗ്ഗവും വായു കോപവും

"സ വാ ഏഷ പുരുഷോ അന്നരസമയ:"

 (തൈത്തിരീയം 211)

പുരുഷൻ അന്നരസമയനെന്ന് ഉപനിഷത്തുകൾ. 

ആഹാരത്തേക്കാൾ മികച്ച ഔഷധമില്ല തന്നെ എന്ന് ആയുർവേദവും. (ആഹാരം മഹാഭൈഷജ്യം).

ആഹാരം നല്ലതല്ലെങ്കിൽ എത്ര മികച്ച ഔഷധവും വിഫലം. നല്ല ആഹാരം കഴിച്ചാൽ മരുന്നിന്‍റെ ആവശ്യവുമില്ല. ആഹാരം, നിദ്ര, അബ്രഹ്മചര്യം എന്നിവയാണ് ആയുർവേദത്തിൽ ജീവിതത്തെ നിലനിർത്തുന്ന മൂന്ന് തൂണുകൾ. 

ആഹാരത്തിൽ പയർ വർഗത്തിന്‍റെ സ്ഥാനം

ആഹാരത്തിൽ ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട് പയർ വർഗങ്ങൾക്ക്. 'Poor man's meat' എന്ന് ഇവ അറിയപ്പെടുന്നു. ഉയർന്ന പ്രോട്ടീനും, വിലക്കുറവുമാണ് പയർ വർഗങ്ങൾക്ക് ഈ പേരു നേടിക്കൊടുത്തത്. 

Legume Family ചെടികളുടെ ഭക്ഷ്യയോഗ്യമായ വിത്തുകളാണ് പയർ വർഗങ്ങൾ. പോടിനുള്ളിൽ കാണപ്പെടുന്ന ഇവ വിവിധ ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും കാണപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ (UN) ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (FAO) പതിനൊന്നു തരം പയർ വർഗങ്ങളെക്കുറിച്ച് പറയുന്നു. അമിനോ ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവയുടെ കലവറയാണ് പയർവർഗങ്ങൾ. കൊഴുപ്പിന്‍റെ അംശം കുറവായതുകൊണ്ട് പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, പൊണ്ണത്തടി ഇവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ബി വൈറ്റമിനുകൾ ഇവ പയർവർഗങ്ങളിൽ അടങ്ങിയിരിക്കുന്നു. 

പയര്‍ വര്‍ഗം ആയുര്‍വേദ ഗ്രന്ഥങ്ങളില്‍

അഷ്ടാംഗഹൃദയത്തിൽ ശിംബി ധാന്യ വർഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. ചരകസംഹിതയിൽ ശമി ധാന്യം അല്ലെങ്കിൽ ശിംബി ധാന്യം എന്ന പേരിലും, സുശ്രുതസംഹിതയിൽവൈദള വർഗം അല്ലെങ്കിൽ മുദ്ഗാദി വർഗം എന്ന പേരിലും അറിയപ്പെടുന്നു. ചെറുപയർ (Green gram), ഉഴുന്ന് (Black gram), മുതിര (Horse gram) തുവരപ്പയർ (Pigion Pea), ചണം പയർ (Lens Culinaris), രാജ്‌മ (Kidney bean), വൻപയർ (Adzhuki bean), കടല (Bengal gram), വെള്ളക്കടല (Chick Pea) ഇവയെല്ലാം പയർവർഗത്തിൽ പെടുന്നു.

എള്ള്, യവം, അതിയവം, ഗോതമ്പ് ഇവയെയും സുശ്രുതൻ പയർ വർഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

"കഷായമധുരാ ശീതാ കടുപാകാ മരുത് കരാ

ബദ്ധമൂത്ര പുരീഷാശ്ച പിത്തശ്ലേഷ്മ ഹരാ സ്തഥ"

                                                   (സു. സൂ 46/28)

പൊതുവേ പയർ വർഗങ്ങൾ ചവര്‍പ്പും (കഷായം) മധുര രസമുള്ളതും ശീതവീര്യമുള്ളതുമാണ്. ദഹനത്തിന് ശേഷം ശരിരത്തില്‍ എരിവ് രസത്തിന്‍റെ സ്വഭാവങ്ങള്‍ പ്രകടമാക്കുന്നു (കടു വിപാകം). വാതത്തെ വർധിപ്പിക്കുന്നു. കഫപിത്ത ശമനമാണ്. മൂത്രത്തേയും, മലത്തേയും പിടിപ്പിക്കുന്നതുമാകുന്നു.

ചെറുപയര്‍: പയര്‍ വര്‍ഗത്തിലെ വമ്പന്‍

പേരിൽ ചെറുതെങ്കിലും ഗുണത്തിൽ മുൻപൻ ചെറുപയറാണ്. കുട്ടികൾ, ഗർഭിണികൾ തുടങ്ങി എല്ലാവര്‍ക്കും ഏത് രോഗാവസ്ഥയിലും ഇത് ഉയോഗിക്കാം. ചെറിയ തോതിൽ മലബന്ധത്തെ ഉണ്ടാക്കും. ഇതിനെ മറികടക്കാനായി അമ്ലരസമുള്ള തൈർവെള്ളം, മോര്, പുളിച്ചകാടി എന്നിവ ആഹാരത്തിന്‍റെ കൂടെ കുടിക്കാന്‍ ഉപയോഗിക്കാം (അനുപാനം). ചെറുപയർ വെന്ത രസം വ്രണരോഗം, കണ്ഠരോഗം, നേത്രരോഗം ഇവയിൽ ഹിതമാണ്. ഇവയിലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവ രക്തസമ്മർദം കുറയ്ക്കുന്നു. ആന്റി ഓക്സിഡന്റുകൾ പ്രമേഹം, ഹൃദ്രോഗം, അർബുദ രോഗ സാധ്യതകൾ കുറയ്ക്കുന്നു. 

എള്ള്

എള്ളെണ്ണ മണമുള്ള മുടി സുപരിചിതമാണ് മലയാളിക്ക്. ത്വക്കിനും, മുടിക്കും ഒരുപോലെ ഗുണകരമാണ് എള്ളെണ്ണ. എള്ളിലുള്ള കാൽസ്യം എല്ലിനും പല്ലിനും ബലമേകുന്നു. ആർത്തവനാശത്തിൽ തിലക്കഷായം ഉപയോഗിക്കുന്നു. 

മുതിര

മുതിര ഉഷ്ണഗുണമുള്ളതിനാൽ കഫ-വാതഹരമാണ്.  ശുക്ലാശ്മരി (മൂത്രത്തിൽക്കല്ല്) പി.സി.ഒ.ഡി, ദുർമേദസ് എന്നീ രോഗാവസ്ഥകളിൽ ഫലപ്രദമാണ്. മുതിര അൽപം ഉപ്പിട്ട് വേവിച്ച് കുരുമുളക് ചേർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് നീക്കുന്നു. ശ്വാസ തടസ്സം, ജലദോഷം ചുമ എന്നിവ കുറയ്ക്കാന്‍ ഫലപ്രദം. 

ഉഴുന്ന്

ഉഴുന്ന് മധുര രസമുള്ളതാണ്. ശരീരത്തെ തണുപ്പിക്കുകയും തടിപ്പിക്കുകയും ചെയ്യും. ശുക്ലത്തെയും മുലപ്പാലിനെയും വർദ്ധിപ്പിക്കുന്നു. ഉഴുന്ന് കുതിർത്ത് വേവിച്ച് 1/2 സ്പൂൺ വീതം തേനും നെയ്യും ചേർത്ത് കഴിക്കുന്നത് ശുക്ല വർദ്ധനവുണ്ടാക്കും. നായ്ക്കുരുണ പരിപ്പിനും ഉഴുന്നിന്‍റെ അതേ ഗുണമാണുള്ളത്.

പയറുകള്‍ വായു കോപം ഉണ്ടാക്കുന്നത്‌ എന്തുകൊണ്ട്

''ഡോക്ടറേ രാവിലെ മുതൽ ഗ്യാസു കേറീതാ കടല കഴിച്ചിട്ടാന്നാ തോന്നുന്നത്''. ദഹന പ്രശ്നങ്ങൾ മുൻപിൽ വരാത്ത ഒരു ദിവസം പോലും ആയുർവേദ ഡോക്ടർക്കുണ്ടാകില്ല. മിക്കവാറും പ്രതിസ്ഥാനത്ത് പയർ വർഗ്ഗങ്ങളാവും. കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും പയർ വർഗങ്ങൾ പലരും ഒഴിവാക്കാൻ കാരണം 'ഗ്യാസുണ്ടാകും' എന്ന പേടിയിലാണ്‌. 

പയറിലെ സ്റ്റാക്കിയോസ്, റാഫിനോസ് എന്നീ ഘടകങ്ങളാണ് വായു കോപത്തിന് കാരണം. ആമാശയത്തിലെ ബാക്ടീരിയ  ഇവയെ വിഘടിപ്പിച്ച് കാർബൺഡൈ ഓക്സൈഡും ഹൈഡ്രജനും ഉണ്ടാക്കുന്നു. ഇത് ദഹന വ്യവസ്ഥയിൽ മുകളിലേയ്ക്കും താഴേക്കും വായുവായി പുറംതള്ളപ്പെടുന്നു. കടലയാണ് അധികം വായുകോപം ഉണ്ടാക്കുന്നത്. ചെറുപയർ അൽപമായി മാത്രം വായുവിനെ കൂട്ടുന്നു. യവം, ഉഴുന്ന്, മുതിര, എള്ള്, കാർകോകിൽ, ഗോതമ്പ്, നായ്ക്കുരുണപരിപ്പ് ഇവ വാതത്തെ കുറയ്ക്കുമെങ്കിലും ഇവയുടെ തെറ്റായ ഉപയോഗം ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പയര്‍ മൂലമുള്ള വായുകൊപത്തിന് പരിഹാരം

  • പയർ വർഗ്ഗങ്ങൾ 12 മണിക്കൂർ വെളളത്തിലിട്ട് കുതിർത്ത ശേഷം ഉപയോഗിക്കുക. ഒരു ഭാഗം പയറിന് മൂന്ന് ഇരട്ടി വെള്ളം എന്ന അനുപാതത്തിൽ കുതിർക്കാം. സമയക്കുറവുണ്ടെങ്കിൽ രണ്ടുമിനിറ്റ് ചൂടാക്കിയ ശേഷം ഒരുമണിക്കൂർ കുതിർക്കാൻ വെക്കുക. വായുകോപം കൂടുതലുള്ളവർ ചൂടുവെള്ളത്തിലിട്ട് കുതിർക്കുക. ഒരുമണിക്കൂറിൽ മൂന്നു പ്രാവശ്യം വെള്ളം മാറ്റിയ ശേഷം അതിലിട്ട് വെക്കാം.
  • ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നവർ ചെറിയ അളവിൽ കഴിക്കുക. സാവകാശം അളവ് കൂട്ടാം. ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം.
  • നന്നായി പാകം ചെയ്യുക. ഇതിലേക്ക് ദഹനശക്തി കൂട്ടുന്ന കറിവേപ്പില, ജീരകം, ഇഞ്ചി, കുരുമുളക്, മല്ലി, കായം എന്നിവ രുചിക്കനുസരിച്ച് ചേർക്കാം. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, നെയ്യ് ഇവയിൽ പാകം ചെയ്താൽ വായു കോപം ഉണ്ടാകില്ല.
  • പയർ വർഗ്ഗങ്ങളോടൊപ്പം ഇറച്ചി, മീൻ, മുട്ട, പാൽ, പാലുല്പന്നങ്ങൾ എന്നീ വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക.
  • പാകം ചെയ്യുമ്പോൾ ഉപ്പ് അവസാനമായി ചേർക്കുക. ആദ്യത്തെ 10 മിനിറ്റ് ഉയർന്ന തീയിൽ വേവിക്കുക തുടങ്ങിയ പൊടിക്കൈകളുമാകാം.
  • മുളപ്പിച്ച് കഴിച്ചാൽ വായു കോപം ഉണ്ടാകില്ല. വായുകോപത്തിന് കാരണമാകുന്ന അന്നജം തളിരിലകളും വേരുകളുമൊക്കെ രൂപപ്പെടാൻ ഉപയോഗിക്കപ്പെടുന്നതിനാലാണിത്. കൂടാതെ പോഷകങ്ങൾ ഇരട്ടിയാകുകയും ചെയ്യും. മുളയിലെ ഫൈബർ മലബന്ധം ഇല്ലാതാക്കും. പച്ചയ്ക്ക് കഴിക്കുന്നതിനേക്കാൾ ആവി കേറ്റിയെടുത്താൽ ദഹനം സുഗമമാകും.
  • പ്രധാനം ആഹാര രീതിയാണ്. മുൻപ് കഴിച്ച ഭക്ഷണം ദഹിച്ചതിനു ശേഷം മാത്രം കഴിക്കുക. തിരക്കിട്ട് കഴിക്കരുത്. ഭക്ഷണത്തിന് മുൻപും ഇടവേളകളിലുമായി വെള്ളം കുടിക്കുക. 
  • 'തന്മനാ ഭുഞ്ജീത': ആഹാരത്തിൽ മനസ്സ് വെച്ച് ആസ്വദിച്ചു കഴിയ്ക്കുക. എങ്കിലേ ദഹനരസങ്ങൾ കൃത്യമായി ഉല്പാദിപ്പിക്കപ്പെടൂ.
  • കൂടുതൽ ദഹന പ്രശ്നങ്ങളുണ്ടെങ്കിൽ ജീരകാരിഷ്ടം, ഭൃംഗരാജാസവം, ദശമൂലാരിഷ്ടം, വൈശ്വാനര ചൂർണ്ണം തുടങ്ങിയ ഔഷധങ്ങൾ ആയുര്‍വേദത്തില്‍ സാധാരണ ഉപയോഗിക്കാറുണ്ട്. ഇവ വീര്യമുള്ള ഔഷധങ്ങള്‍ ആയതുകൊണ്ടും രോഗിയുടെ അവസ്ഥാനുസരണം പ്രത്യേക രീതിയില്‍ കഴിക്കേണ്ടതിനാലും വൈദ്യ നിർദേശം കൂടാതെ കഴിക്കുന്നത്‌ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായേക്കാം.
  • "ഭോജനാഗ്രെ സദാ പത്ഥ്യം ലവണാർദ്രക ഭക്ഷണം"  എന്ന്  യോഗരത്നാകരത്തില്‍ പറയുന്നു. അതായത്,  ഭക്ഷണത്തിനു മുമ്പ് ഇഞ്ചി അൽപം ഇന്തുപ്പ് ചേർത്ത് കഴിക്കുന്നത് ദഹനശക്തിയെ വർധിപ്പിക്കും. രുചിയെ കൂട്ടുന്നതുമാണ്.
  • പവന മുക്താസനം, പശ്ചി മോത്തനാസനം, ബാലാസനം  ഇവയെല്ലാം വായുകോപത്തിന്  ഗുണകരമാണ്.
  • ഇപ്പോഴത്തെ ട്രെൻഡിംഗ് ആണല്ലോ 'മൈക്രോ ഗ്രീൻ'. ചെറുപയർ, കടല, വൻപയർ ഇവയെല്ലാം ഇത്തരത്തിൽ വളർത്തി ഇലക്കറിയായി ഉപയോഗിക്കാം.

പയർവർഗ്ഗങ്ങൾ ആരോഗ്യത്തിന്നു മാത്രമല്ല ഭൂമിക്കും ഗുണകരമാണ്. നൈട്രജൻ ഫിക്സിംഗ് പ്രക്രിയ വഴി കൃഷി ഭൂമിയുടെ ഫലഭൂയിഷ്ഠത കൂട്ടുന്നു. മണ്ണിനും മനുഷ്യനും ഒരു പോലെ ഗുണപ്രദമായ പയർവർഗ്ഗങ്ങളുടെ ശരിയായ ഉപയോഗം നമ്മള്‍ ഏവരുടെയും ജീവിതത്തിന്‍റെ ഭാഗമാകട്ടെ.


About author

Dr. Manju P. S.

Consultant physician- Viswabrahma Ayurveda Vaidyasala, Kottakal Arya Vaidya Sala, Adivadu branch, Kothamangalam manjups17@gmail.com


Scroll to Top