നോമ്പുകാലം: സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  

രോഗങ്ങളെ നശിപ്പിക്കാനും ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്ന ഉപവാസത്തിൻ്റെ ഗുണം കിട്ടുന്ന ഒരു ആചാരമാണ് നോമ്പ് അനുഷ്ഠിക്കൽ. ശരിയായ രീതിയിൽ നോമ്പ് എടുക്കാതിരിക്കൽ പലപ്പോഴും സ്ത്രീകളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്. ഭക്ഷണം, ഉറക്കം തുടങ്ങിയവയിൽ വരുന്ന വ്യത്യാസങ്ങൾ പലപ്പോഴും ആർത്തവത്തകരാറുകൾക്ക് കാരണമാവുന്നുണ്ട്. വെള്ളം കുടിക്കുന്നത് കുറവ് വരുമ്പോൾ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും സർവ്വസാധാരണം ആകുന്നു.  

നോമ്പ് കാലത്ത് സ്ത്രീ രോഗങ്ങൾ തടയാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്ന് നോക്കാം 

പി. സി. ഒ. എസും അമിത വണ്ണവും 

സ്ത്രീകളിൽ പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണ് നോമ്പ് എടുക്കുമ്പോൾ ഭക്ഷണം താരതമ്യേന കുറയുകയും അത് മൂലം വണ്ണം കുറയുകയും ചെയ്യും എന്നത്. പി. സി. ഒ. സ് പോലുള്ള അവസ്ഥകളിൽ ഭക്ഷണക്രമം, ഉറക്കം  എന്നിവയിൽ വരുന്ന വ്യത്യാസങ്ങൾ ഗുണകരമാവാറില്ല. സാധാരണക്കാരിൽ തന്നെ നോമ്പ് എടുക്കുമ്പോൾ ആർത്തവം വൈകിയാണ് വരാറുള്ളത്. 

  • നോമ്പ് എടുത്ത് കൊണ്ട് വ്യായാമം ചെയ്യുന്നത്  ബുദ്ധിമുട്ട് ആയതു കൊണ്ട് വൈകുന്നേരം നോമ്പ് തുറന്നതിന് ശേഷം കുറച്ച് സമയം കഴിഞ്ഞ് ശരീരത്തിന് ആയാസം അധികമാകാത്ത രീതിയിൽ വ്യായാമം നിർബന്ധമായും ചെയ്യണം.
  • ഭക്ഷണ രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തണം. എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഒഴിവാക്കണം. അരിയാഹാരങ്ങൾ കുറക്കുക. സാലഡ്, നാരുകൾ അടങ്ങിയ പച്ചക്കറികൾ പഴങ്ങൾ, റാഗി തുടങ്ങിയവ നോമ്പ് തുറക്കുമ്പോഴും അത്താഴത്തിലും ഉൾപ്പെടുത്തണം. 

അമിത രക്തസ്രാവം

പൊതുവെ അമിത രക്തസ്രാവം ഉണ്ടാകുന്നവരിൽ നോമ്പ് കാലത്ത്  ആർത്തവം ഇല്ലാത്ത സമയത്തും രാവിലെയും വൈകീട്ടുമായി ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം. അമിതാർത്തവം വരാതിരിക്കുന്നതിനുള്ള  മരുന്നുകൾ ആണ് ഈ സമയത്ത് കഴിക്കേണ്ടത്.

  • ആർത്തവ സമയത്ത്, നോമ്പ് എടുക്കാൻ പാടില്ല എന്നത് കൊണ്ട് അമിതാർത്തവത്തിൽ  മരുന്നുകൾ പകൽ സമയത്തും  കൃത്യമായി കഴിക്കണം.
  • ഭക്ഷണത്തിൽ എരിവ്, പുളി കുറക്കണം.

മൂത്രാശയ സംബന്ധമായ രോഗങ്ങൾ

  • നോമ്പുകാലത്ത് കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങൾ ആണ് മൂത്രപ്പഴുപ്പ്, മൂത്രക്കടച്ചിൽ തുടങ്ങിയവ. പകൽ വെള്ളം കുടിക്കുന്നതിൻ്റെ അളവിൽ  കുറവ് വരുന്നതാണ് ഇതിന് പ്രധാന കാരണം.
  • ഇങ്ങനെ വരാതിരിക്കാൻ രാവിലെയും വൈകീട്ടും ഗളൂച്യാദി പാനകം, ബാർലി വെള്ളം, ഞെരിഞ്ഞിൽ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കണം. നല്ല പ്രയാസം ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ മരുന്നുകൾ കഴിക്കണം.

വെള്ള പോക്ക്

വേനൽക്കാലവും നോമ്പ് കാലവും ചേർന്ന് വരുമ്പോൾ വരുന്ന മറ്റൊരു പ്രശ്നമാണ് വെള്ള പോക്ക്. പ്രത്യേകിച്ച് ശരീരത്തിന് ചൂട് കൂടുതൽ ഉള്ളവരിൽ ഇത് കാണപ്പെടുന്നു. അസിഡിറ്റി അഥവാ അമ്ലപിത്തം ഉള്ളവരിലും ഇത് ശ്രദ്ധിക്കണം. 

  • ധാരാളം വെള്ളം കുടിക്കുക, എരിവ്, പുളി കുറക്കുക, പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കോഴിയിറച്ചി, കോഴിമുട്ട, അച്ചാറുകൾ കുറക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശതാവരി അടങ്ങിയ മരുന്നുകൾ ഉപയോഗപ്പെടുത്താം.

ഗർഭിണികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭിണികളിൽ ഉപവാസം വിധിക്കുന്നില്ല. കുഞ്ഞിനോ അമ്മക്കോ ഹാനികരമാകുന്ന ഗർഭോപഘാതകര ഭാവങ്ങൾക്ക് ഉപവാസം കാരണമാകുന്നു. 

  • മൂത്രാശയ സംബന്ധമായ രോഗങ്ങൾ, വെള്ള പോക്ക് എന്നിവ ഗർഭിണികളിൽ കൂടുതൽ ആയി കാണപ്പെടുന്നവയാണ്. അതു കൊണ്ട് നോമ്പു മൂലം വെള്ളം കുറവ് വരാൻ പാടില്ല.
  • കുഞ്ഞിൻ്റെ ഭാരവും അമ്മ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ ഇടക്കിടക്ക് സമയത്തിന് ഭക്ഷണം കഴിക്കണം.
  • മുലയൂട്ടുന്ന അമ്മമാരിലും ഭക്ഷണം, വെള്ളം എന്നിവ ആവശ്യത്തിന് വേണ്ടതാണ്. നോമ്പ് പലപ്പോഴും അഭികാമ്യമല്ല.

ഉപവാസം ആയുർവേദത്തിൽ ഒരു ചികിത്സാ മാർഗ്ഗം കൂടിയാണ്. ആയുർവേദ പ്രകാരമുള്ള ഉപവാസവും റംസാൻ നോമ്പും തമ്മിൽ ചില വ്യത്യാസങ്ങൾ  ഉണ്ടെങ്കിലും ദഹന വ്യവസ്ഥക്ക് വിശ്രമം എന്ന കാഴ്ചപ്പാട് രണ്ടും പങ്കു വയ്ക്കുന്നുണ്ട്.

റംസാൻ കാലം കഴിഞ്ഞെത്തുന്ന രോഗികളിൽ കൂടുതലും  അസിഡിറ്റിക്കാരാകുന്നത്, ശരിയായും മിതമായും ചിട്ടയായും ഉള്ള ഭക്ഷണം തിരഞ്ഞെടുക്കാത്തതു കൊണ്ടും ക്രമം വിട്ട ഭക്ഷണ രീതികൾ കൊണ്ടും  ആണ് എന്നതിൽ സംശയം ഇല്ല. 

ഇത്തവണത്തെ നോമ്പുകാലം, ആയുർവേദത്തിൽ പറയുന്ന ഋതുസന്ധിയിലാണ്  (ഒരു ഋതുവിൽ നിന്ന് മറ്റൊരു ഋതുവിലേക്കുള്ള പരിണമിക്കുന്ന കാലത്താണ്). പൊതുവിൽ ഈ കാലം രോഗസാധ്യത ഏറിയ കാലവുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണ രീതികൾക്ക് വ്യത്യാസം വരുത്തേണ്ടതുണ്ട്. നോമ്പിൻ്റെ ആദ്യ പകുതി നല്ല ചൂടുകാലത്താണെങ്കിൽ, അടുത്ത പകുതി നല്ല മഴക്കാലമാണ്. ആദ്യ പകുതിയിൽ പഴച്ചാറുകൾ നല്ലതാകുമെങ്കിലും അടുത്ത പകുതി വേവിച്ച ധാന്യ സൂപ്പുകളെപ്പോലുള്ളവയാണ് ഗുണം ചെയ്യുക. ബാർലി, കൂവപ്പൊടി, കരിക്കിൻ വെള്ളം എന്നിവയും ഉപയോഗപ്പെടുത്താം. ഇടയ്ക്ക് സൂപ്പുകളും ഉൾപ്പെടുത്താം. വെജിറ്റബിൾ സൂപ്പും നോൺ വെജിറ്റബിൾ സൂപ്പും ഒരുപോലെ നല്ലതാണ്. (പൊടിയരിയും ഇറച്ചി ചെറുതായി മുറിച്ചതും,മല്ലിയും മഞ്ഞളും പച്ചക്കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ധാരാളം ചേര്‍ത്ത് നോണ്‍ വെജ് സൂപ്പുണ്ടാക്കാം).

റവ, ഗോതമ്പ്, പാല്, അവല്‍, ചെറുപയര്‍, തുടങ്ങിയവ ഒരുമിച്ചോ ഒറ്റയ്ക്കോ കഞ്ഞി വച്ച് കഴിക്കാം. ജീരകം, ഏലത്തരി, കൊത്തമല്ലി, ആശാളി, ചുക്ക് എന്നിവയിട്ട് നന്നായി വേവിച്ച പൊടിയരി, തരി എന്നിവ തേങ്ങാപ്പാൽ, പാൽ എന്നിവയും മധുരമോ ഉപ്പോ ചേർത്തു ദ്രവ രൂപത്തിൽ കഴിക്കാം. ഉന്മേഷവും ഊർജ്ജവും നല്കുന്നതാണിത്. 

പ്രകൃതിയുടെ  രുചി ഭേദങ്ങള്‍ 

നമ്മുടെ പഴയ കാലത്തെ പലഹാരങ്ങളായ ഇലയട, എള്ളുണ്ട, കലത്തപ്പം, കുമ്പിളപ്പം, ചക്കയട, ചക്ക റോള്‍, ഈന്തപ്പം, കൊഴുക്കട്ട ഇവയൊക്കെ ആരോഗ്യകരമായ ഇഫ്താർ വിഭവങ്ങളാക്കി മാറ്റണം. ഇടിയപ്പം, അരി ദോശ, ഗോതമ്പ് ദോശ, ചപ്പാത്തി, പുട്ട്, ഊത്തപ്പം, ഇവയെല്ലാം പരീക്ഷിക്കാം. ഒപ്പം വേവിച്ച പച്ചക്കറി, പ്രോട്ടീൻ ലഭിക്കാനായി മസാല കുറച്ച മാംസം, മത്സ്യം ഇവയും, കടല, ചെറുപയർ, വൻപയർ എന്നിവയും കറിയായി ഉപയോഗിക്കാം.

കിടക്കും മുമ്പ് ആഹാരം വേണം എന്ന് തോന്നുകയാണെങ്കില്‍ മാത്രം കഴിക്കുക. കഞ്ഞിയോ കഞ്ഞി വെള്ളം മാത്രമോ ആണ് ഉചിതം.  അൽപം ഇഞ്ചിയും കൂടി ചേർത്താൽ ദഹനം വേഗം നടക്കും. ആവശ്യത്തിനു വെള്ളം  കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ആഹാരത്തിനും ഉറക്കത്തിനും ഇടയില്‍ മൂന്നു മണിക്കൂറെങ്കിലും സമയം ഉണ്ടായിരിക്കണം.

സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ നിർത്തരുത്. പ്രമേഹ രോഗികൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നോമ്പുകാലത്തിൽ മരുന്ന് കഴിക്കുന്ന സമയങ്ങളിൽ വരുത്തേണ്ടുന്ന മാറ്റം നിങ്ങളുടെ ഡോക്ടറിൽ നിന്ന് തന്നെ ചോദിച്ചു മനസ്സിലാക്കുക (മരുന്ന് വാങ്ങിക്കുന്ന കടകളിൽ ചോദിച്ചാൽ പോരാ എന്ന് സാരം) 

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക – ആഹാരം ക്രമീരിക്കാനും അത് വഴി അമിത വണ്ണം, ദഹന പ്രശ്നങ്ങള്‍, ഗ്യാസ് ട്രബിള്‍ എന്നിവയെല്ലാം പരിഹരിക്കാനും പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ നിയന്ത്രണ വിധേയമാക്കാനുമെല്ലാം പറ്റുന്ന നല്ല സമയമാണിത്. ബേക്കറി ഉത്പന്നങ്ങൾ, മൈദ, സോഫ്റ്റ്‌ ഡ്രിങ്ക്സ്, ഫാസ്റ്റ് ഫുഡ്‌, എണ്ണയിൽ മുക്കി പൊരിച്ചവ, മസാല അധികം ഉള്ളവ എന്നിവ ആരോഗ്യരക്ഷയെ കരുതി  ഒഴിവാക്കുക.

ഇത്തവണത്തെ  വ്രതാനുഷ്ഠാന കാലത്ത് പരിസര ശുചിത്വത്തിൻ്റെ കാര്യത്തിലും ഒരല്പം ശ്രദ്ധ വരുത്താം. കാലവർഷം തുടങ്ങുകയായല്ലോ.  കടകളിൽ നിന്ന് കൂടുതൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന കാലമായതിനാൽ, വീട്ടിലേക്ക് കൂടുതൽ പ്ലാസ്റ്റിക്  എത്തുവാനും ഇടയാകുന്നുണ്ട്. അവ അലക്ഷ്യമായി മണ്ണിലേക്ക് വലിച്ചെറിയാതിരിക്കുക. പുറത്തിറങ്ങുമ്പോൾ രണ്ട് മൂന്ന് തരം സഞ്ചികൾ കൈവശം വയ്ക്കുക.പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം ആയി കണക്കാക്കുക. അവരവരുടെ മാലിന്യം സംസ്കരിക്കേണ്ടത് അവനവൻ്റെ കടമയാണ്. നമ്മുടെ പ്രകൃതിയുടെ പച്ചപ്പും ഹരിതാഭയും വരും തലമുറക്കായി സംരക്ഷിക്കാം. നമ്മുടെ ഏതു പ്രവർത്തിയും ഭൂമിയിലെ മറ്റു ജീവജാലങ്ങളോട് കരുണ ഉള്ളതായിരിക്കണമെന്ന് ആയുർവേദവും അനുശാസിക്കുന്നു. 

ഈ ലോക്ക് ഡൌൺ കാലം മിതത്വമുള്ള ഇഫ്താറുകൾക്ക് തുടക്കം കുറിക്കട്ടെ.  ചിട്ടയായ വ്രതനിഷ്ഠ ശരീര മനോബലം നല്കാനും, പ്രലോഭനങ്ങളിൽ നിന്ന് മനസ്സിനെ പിൻതിരിപ്പിക്കാനും നമ്മെ സഹായിക്കും. ഓർക്കുക വലിയ ഒരു പകർച്ചവ്യാധിയുടെ പിടിയിലാണ് നാം. സാമൂഹിക അകലം പാലിക്കുക. Break the Chain എപ്പോഴും മനസ്സിലുണ്ടാകുക. സമൂഹ വ്യാപനം തടയുക. ആഘോഷങ്ങൾ മിതമാക്കുക.



About author

Dr. Jayasree Danesh

B. A. M. S. AMAI State Vanitha Convenor. Consultant Physician- Gouryganesh, Kuthiravattom Pappu Road, Kozhikode. 9497769742


Scroll to Top