ആമവാതം ഒരു “ആന”വാതം 

ചെറുപ്പം മുതലേ നമ്മള്‍ കേട്ടിട്ടുള്ള ഒരു പദമാണ് “ആമവാതം”. ശരീരത്തിലെ സന്ധികളില്‍ ഉണ്ടാവുന്ന വേദന പ്രധാനലക്ഷണമായ ഈ രോഗം പലരിലും നമ്മള്‍ കണ്ടിട്ടുമുണ്ട്. ആമവാതം എന്ന പേരിന്‍റെ അര്‍ഥം എന്താണ്? എലിപ്പനി, പക്ഷിപ്പനി എന്നിങ്ങനെയുള്ള പേരുകള്‍ പോലെയാണോ ഇത്? ആമയുമായി എന്താണ് ഈ രോഗത്തിന് ബന്ധം? ആയുര്‍വേദ രംഗത്ത് അല്ലാത്ത ഒരാള്‍ക്ക്  ഇങ്ങനെയുള്ള സംശയങ്ങള്‍ ഉണ്ടാവാനും മതി. മറ്റൊരു പ്രധാന പ്രശ്നം ആധുനിക ശാസ്ത്രപ്രകാരമുള്ള ഏത് രോഗവുമായി ആമാവതത്തെ താരതമ്യം ചെയ്യാമെന്നതാണ്.

ആമവാതം ഒരു “ചെറിയ മീനല്ല” എന്നാണ് ഈ സംശയങ്ങളെല്ലാം ദുരീകരിക്കും മുന്‍പ്  പറഞ്ഞുവെക്കാനുള്ളത്. കാരണം ആയുര്‍വേദപ്രകാരം ആമവാതത്തിന്‍റെ ഉത്ഭവം മുതല്‍ പൂര്‍വരൂപം, ലക്ഷണം, വിശേഷ ലക്ഷണം, പ്രവൃദ്ധലക്ഷണം മുതലായ പല അവസ്ഥകളിലും വിവിധങ്ങളായ ദോഷങ്ങള്‍, ധാതുക്കള്‍, സ്രോതസുകള്‍, അവയവങ്ങള്‍ എന്നിവയുടെ സാന്നിദ്ധ്യം വ്യക്തമാണ്. അതിനാല്‍ തന്നെ ഒന്നിലധികം ശരീരഭാഗങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങളുമായി ആമവാതത്തെ താരതമ്യം ചെയ്യാന്‍ സാധിക്കും. 

ആമവാതം എന്ന പേര്

ആമം, വാതം എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് ആമവാതം എന്ന പേരുണ്ടായത്. ദഹനശക്തി കുറയുന്നതിന്റെ ഫലമായി കഴിക്കുന്ന ആഹാരം പൂര്‍ണമായി ദഹിക്കാതെ വരികയും അജീര്‍ണം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. കാലക്രമേണ ഇത് ആമമായി പരിണമിക്കുന്നു. “ബഹു വികാരകാരി” എന്നൊരു വിശേഷണമാണ് ആമത്തിനുള്ളത്. അനേകവിധങ്ങളായ രോഗങ്ങള്‍ക്ക് കാരണമാവുന്നു എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. 

പ്രാകൃതമായ അവസ്ഥയില്‍ ആരോഗ്യത്തിനും വൈകൃതമായാല്‍ രോഗത്തിനും കാരണമാവുന്നവയാണ് ത്രിദോഷങ്ങള്‍ (വാതം, പിത്തം, കഫം). ഇവയില്‍ ഏറ്റവും ശക്തമാണ് വാതം. മറ്റു ദോഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയും വാതം തന്നെ. 

ഇങ്ങനെ ശക്തമായ ആമം, വാതം എന്നിവ ചേര്‍ന്ന് ഉണ്ടാവുന്ന ആമവാതം എത്ര ഘോരമായ അവസ്ഥയാണെന്ന് ഇതില്‍ നിന്നും ഊഹിക്കാം.

ആധുനിക ശാസ്ത്രപ്രകാരം എന്ത് ?

ആമാവാതത്തിന്റെ അവസ്ഥാ ഭേദങ്ങള്‍ക്കനുസരിച്ച് റുമാറ്റിക് ഫീവര്‍, റുമാറ്റിക് ഹാര്‍ട്ട് ഡിസീസ്, പലതരം ആര്‍ത്രൈറ്റിസുകള്‍ എന്നിവയുമായി താരതമ്യം ചെയ്യാന്‍ സാധിക്കും. എങ്കിലും സന്ധികള്‍ക്ക് നീര്‍ക്കെട്ടും വേദനയുമുണ്ടാക്കുന്ന ആര്‍ത്രൈറ്റിസുകളുമായാണ് പൊതുവെ ബന്ധപ്പെടുത്താറുള്ളത്. 

വാര്‍ധക്യത്തില്‍ അധികമായി കാണപ്പെടുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനെ “സന്ധിവാതം” എന്ന ഗണത്തിലാണ്‌ ആയുര്‍വേദം പരിഗണിക്കുന്നത്. തീവ്രവേദന, നീര്‍ക്കെട്ട്, പനി തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ റുമാറ്റോയ്ഡ്, റിയാക്റ്റിവ്, പോസ്റ്റ്‌ വൈറല്‍, സിറോ നെഗറ്റീവ് തുടങ്ങിയ ആര്‍ത്രൈറ്റിസുകളെ ആമവാതമായി കരുതുന്നു. “ഗൌട്ട്” എന്ന രോഗവും സമാനമാണെങ്കിലും ലക്ഷണങ്ങളിലെ വാതം, പിത്തം, രക്തം എന്നിവയുടെ പ്രാധാന്യം മൂലം അതിനെ “വാതരക്തം” എന്ന രോഗഗണത്തില്‍ പരിഗണിക്കുന്നു.

കാരണങ്ങള്‍

ആയുര്‍വേദ പ്രകാരം അഗ്നിമാന്ദ്യം (ദഹനശക്തിക്കുറവ്‌) ആണ് എല്ലാ രോഗങ്ങളുടെയും മൂലകാരണം. 

  • അമിതാഹാരം
  • മുന്‍പ് കഴിച്ചത് ദഹിക്കും മുന്‍പ് വീണ്ടും കഴിക്കുന്നത്
  • വിരുദ്ധാഹാരം
  • തണുത്ത ആഹാരം
  • എണ്ണമയം കൂടുതല്‍ അടങ്ങിയ ആഹാരം
  • കൊഴുപ്പ് 
  • മൈദ, തൈര്, ഡാല്‍ഡ
  • അലസത, വ്യായാമക്കുറവ്, പകലുറക്കം തുടങ്ങിയ നിദാനങ്ങള്‍ അഗ്നിമാന്ദ്യം, ആമം എന്നിവയിലേക്ക് നയിക്കും.

ഇതിനോടൊപ്പം വാതദോഷത്തെ പ്രകോപിപ്പിക്കുന്ന ക്ഷതങ്ങള്‍, വീഴ്ച, തണുത്ത കാലാവസ്ഥ, തണുത്ത കാറ്റ്, രാത്രിയിലെ ഉറക്കമൊഴിയല്‍ തുടങ്ങിയ നിദാനങ്ങളുടെ സഹായത്തോടെ ആമവാതത്തിലേക്ക് എത്തിക്കൂന്നു. ചലിക്കാന്‍ കഴിവുള്ള വാതം ഹൃദയത്തിന്റെ സഹായത്തോടെ, ആമത്തെ ആമാശയത്തില്‍ നിന്നും എടുത്ത് സന്ധികളിലും മറ്റ് കഫസ്ഥാനങ്ങളിലും എത്തിച്ചാണ് ഈ രോഗമുണ്ടാക്കുന്നത്.

ആധുനിക വൈദ്യശാസ്ത്ര പ്രകാരം ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഉണ്ടാവുന്ന വൈകല്യങ്ങളും, വൈറസ്-ബാക്ടീരിയ തുടങ്ങിയവയുടെ ആക്രമണവും, പല അറിയപ്പെടാത്ത കാരണങ്ങളും  സന്ധികള്‍ക്ക് നീര്‍ക്കെട്ടും വേദനയും ഉണ്ടാക്കുന്നു.  

ലക്ഷണങ്ങള്‍

  • ശരീരമാസകലം വേദന
  • സന്ധികളില്‍ വേദന (പ്രധാനമായും കൈകാല്‍ വിരലുകള്‍, ഉപ്പൂറ്റി, കണങ്കൈ മുതലായ ചെറിയ സന്ധികളില്‍)
  • സന്ധികളില്‍ നീര്‍ക്കെട്ടും ചൂടും
  • വിശപ്പില്ലായ്മ
  • അരുചി
  • ശരീരഭാഗങ്ങളില്‍ ഭാരം അനുഭവപ്പെടല്‍
  • ചെറിയ പനി
  • കൈകാലുകള്‍ ചലിപ്പിക്കാന്‍ വയ്യാത്ത വിധം കോച്ചിപിടുത്തം (അതിരാവിലെ ഉണരുമ്പോള്‍)

ദീര്‍ഘകാലമായി രോഗമുള്ള ആളുകളില്‍ സന്ധികള്‍ക്ക് വക്രതയും മറ്റ് ആകാരവൈകല്യങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

തണുപ്പടിക്കുമ്പോള്‍, തണുത്ത ആഹാരം-വെള്ളം എന്നിവ ഉപയോഗിച്ച ശേഷം, തണുത്ത വെള്ളത്തില്‍ കുളിച്ച ശേഷം വേദന കൂടുന്നുവെന്നത് ഒരു സുപ്രധാന ലക്ഷണമാണ്. ചൂടുപിടിക്കുമ്പോഴും, ചൂടു വെള്ളം കുടിക്കുമ്പോഴും, ചൂടു വെള്ളത്തില്‍ കുളിക്കുമ്പോഴുമോക്കെ ഈ വേദനയ്ക്ക് ശമനമുണ്ടാവുകയും ചെയ്യും.

ആമാവാതത്തിന്‍റെ അതിഭയങ്കരമായ അവസ്ഥകളില്‍ ഉണ്ടാവുന്ന വേദനയെ “വൃശ്ചിക ദംശവത് വേദന” (തേള്‍ കുത്തിയാലുണ്ടാവുന്ന വേദനയ്ക്ക് സമാനം) എന്നാണ് വിവരിക്കുന്നത്.

ചികിത്സ

ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ തന്നെ ഗുണം കണ്ടു തുടങ്ങുമെങ്കിലും സങ്കീര്‍ണതകള്‍ ഏറിയതാണ് ആമവാതചികിത്സ. ആമം, വാതം എന്നിവയുടെ വിപരീത ഗുണങ്ങള്‍ മൂലം ഒന്ന് ചികിത്സിച്ചാല്‍ മറ്റൊന്ന് വഷളാവുന്ന അവസ്ഥ ഉണ്ടാവാമെന്നതാണ് ഇതിനു കാരണം. എന്നിരുന്നാലും പാചന ചികിത്സയിലൂടെ ആമത്തെ ദഹിപ്പിക്കുക എന്നതാണ് മുഖ്യം. ആമത്തെ നിലനിര്‍ത്തി വാതത്തെ ചികിത്സിക്കാന്‍ പോയാല്‍ അത് അപകടമാവും.

ചികുന്‍ഗുനിയ, ഡെങ്കു തുടങ്ങിയ രോഗങ്ങളില്‍ കണ്ടുവരുന്ന സന്ധി വേദനകളുടെ ചികിത്സ രണ്ട് ഘട്ടങ്ങളായാണ്. ആദ്യം നവജ്വര ചികിത്സ (പനിയോടുകൂടിയ ആദ്യ ദിവസങ്ങളില്‍) പിന്നെ ആമവാത ചികിത്സ (പനി മാറിയ ശേഷമുള്ള സന്ധിവേദന മുതലായ ലക്ഷണങ്ങള്‍ക്ക്).  

ചികിത്സാ വിധികള്‍ 

  • ലംഘനം : ഉപവാസം അല്ലെങ്കില്‍ ദഹിക്കാന്‍ എളുപ്പമുള്ള ലഘുവായ ആഹാരങ്ങള്‍ സേവിക്കുക.
  • ദീപനപാചനം : പഞ്ചകോലം, ത്രികടു, ചുക്കുവെള്ളം മുതലായവായിലൂടെ ആമത്തെ ദഹിപ്പിക്കുകയും ദഹനശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
  • സ്വേദനം : വിവിധ തരത്തിലുള്ള ചൂട് പിടിക്കല്‍. രൂക്ഷ ഗുണയുക്തമായ മണല്‍ കിഴി, പൊടിക്കിഴി, ഇന്തുപ്പ് കിഴി എന്നിവയാണ് ഉത്തമം. ഇതിന് പുറമെ ചൂടുവെള്ളത്തില്‍ തുണി മുക്കിയും, ചൂടുവെള്ളത്തില്‍ കുളിക്കുന്നതിലൂടെയും സ്വേദനം ചെയ്യാം. രൂക്ഷ ഉപനാഹ സ്വേദം(മരുന്ന് ശരീരത്തിൽ തേച്ചു പിടിപ്പിച്ചു തുണികൊണ്ട് കെട്ടിവെച്ചു  ചൂട് കൊടുക്കുന്ന രീതി) മറ്റൊരു ഉപാധിയാണ്.
  • വിരേചനം : ആമപാചനം ചെയ്ത ശേഷം ശരീര ശുദ്ധിക്കും, വാതാനുലോമനത്തിനും. ഇതിനായി ഏരണ്ഡതൈലം ഉപയോഗിക്കുന്നു.
  • വസ്തി പ്രയോഗം : പഞ്ചകര്‍മങ്ങളില്‍ ഒന്നായ വസ്തി വാതദോഷത്തിനു ശ്രേഷ്ഠചികിത്സയാണ്. രൂക്ഷ – തീക്ഷ്ണ സ്വഭാവമുള്ള വൈതരണ വസ്തി, ക്ഷാരവസ്തി എന്നിവയാണ് പ്രധാനം. തൈല വസ്തിക്ക് ഉപയോഗിക്കേണ്ടത് ലവണതൈലമാണ്.
  • ഭക്ഷണം : കയ്പ്പ്, എരിവ് എന്നീ രസങ്ങള്‍ അടങ്ങിയവയാണ് പഥ്യം. അഗ്നിദീപനത്തിനും ആമാപാചനത്തിനും ഇത് സഹായിക്കുന്നു.

ആവണക്കെണ്ണയുടെ മഹത്വം

ആമവാത ചികിത്സയിലെ ഏറ്റവും ശ്രേഷ്ഠ ഔഷധമായി കരുതുന്നത് ഏരണ്ഡ സ്നേഹത്തെയാണ്‌ (ആവണക്കെണ്ണ). ശരീരമാവുന്ന വനത്തില്‍ മദമിളകി നടക്കുന്ന ആമവാതം എന്ന ആനയെ തളയ്ക്കാന്‍ ഏരണ്ഡ സ്നേഹമാവുന്ന സിംഹത്തിനു മാത്രമേ കഴിയൂ എന്നാണ് ആയുര്‍വേദ സംഹിതകളില്‍ വിവരിക്കുന്നത്. ആമത്തെയും വാതത്തെയും ചികിത്സിക്കാനുള്ള ആവണക്കെണ്ണയുടെ കഴിവിനെയാണ് ഇവിടെ വര്‍ണിക്കുന്നത്.

പഥ്യാപഥ്യങ്ങള്‍

ശീലിക്കേണ്ടവ 

  • ചൂടുവെള്ളം – കുടിക്കാനും കുളിക്കാനും
  • ചൂടുള്ള ആഹാരം
  • ലഘുവും ദഹിക്കാന്‍ എളുപ്പമുള്ളതുമായ ആഹാരങ്ങള്‍ 
  • വ്യായാമം
  • തണുത്ത കാലാവസ്ഥയില്‍ പുതപ്പ്, കമ്പിളി എന്നിവയുടെ ഉപയോഗം
  • ചുക്കുവെള്ളം, ജീരകവെള്ളം 

ഒഴിവാക്കേണ്ടവ

  • തണുത്ത വെള്ളം 
  • തണുത്ത കാലാവസ്ഥയില്‍ ഉള്ള സഞ്ചാരം
  • അമിത ആഹാരം
  • കൊഴുപ്പിന്‍റെ അംശം അധികമുള്ള ആഹാരം
  • വിശക്കും മുന്‍പ് ആഹാരം കഴിക്കുന്നത് 
  • പകലുറക്കം
  • തൈര്, ഐസ്ക്രീം, മൈദ, ഡാല്‍ഡ

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കൃത്യമായ ഇടവേളകളില്‍ അനുയോജ്യമായ പഞ്ചകര്‍മ ചികിത്സകളും മരുന്നുകളും പിന്തുടരുന്നതിലൂടെ ആമാവാതത്തെ വരുതിയിലാക്കാനാവും. അല്ലാത്തപക്ഷം അലോപതി മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥയും അതിന്‍റെ പാര്‍ശ്വഫലങ്ങളും ഉണ്ടാവാ നിടയുണ്ട്.

എന്തുകൊണ്ട് ആയുർവേദം?

 ആധുനിക വൈദ്യ ശാസ്ത്രത്തിൽ റ്യുമാറ്റോയ്ഡ് ആർത്രൈറ്റിസിന് സിംപ്റ്റമാറ്റിക് ട്രീറ്റ്മെൻട് (രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ) ആണ് പൊതുവെ നല്കുക. എന്നാൽ ആയുർവേദത്തിൽ ലക്ഷണാനുസരണ ചികിത്സയോടൊപ്പം രോഗത്തിൻ്റെ  മൂലകാരണത്തിനെ ഇല്ലാതാക്കാനും കഴിയും. അതിനാൽ തന്നെ ആയുർവേദത്തിനു ആമവാതത്തിന്മേൽ ഒരു മേൽകൈയുണ്ട്  എന്ന് നിസ്സംശയം പറയാനാകും. മാത്രവുമല്ല റ്യുമാറ്റോയ്ഡ്  ആർത്രൈറ്റിസ്  എന്ന രോഗത്തിന് (ആമവാതത്തെ ഏറ്റവും നന്നായി സാമ്യപ്പെടുത്താൻ പറ്റുന്ന രോഗം) അതിൻ്റെ  മൂർച്ചാവസ്ഥയിൽ ആധുനിക വൈദ്യശാസ്ത്രം നിരന്തരമായ സ്റ്റിറോയ്ഡ് പ്രയോഗമാണ് നിർദേശിക്കുന്നത്. ഇതിനുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ എടുത്തു പറയേണ്ടതില്ലലോ. ആയതിനാൽ ആയുർവേദ ചികിത്സാരീതി ആമവാതത്തിൽ വളരെ അധികം ഫലപ്രദമാണ്. അതിനാൽ തന്നെയാകും കൊച്ചുനാൾ മുതൽക്ക് നമ്മൾ റ്യുമാറ്റോയ്ഡ് ആർത്രൈറ്റിസിനെക്കാൾ  ആമവാതം  എന്ന വാക്ക് കൂടുതൽ കേട്ട് വന്നതും.




About author

Dr. Yadu Gopan

BAMS, MD (Ay) Assistant professor, Department of Kayachikitsa, SGES’s Dr. N. A. Magadum Ayurvedic Medical College, Hospital and Research Centre, Ankali, Belagavi, Karnataka vp.yadugopan@gmail.com


Scroll to Top