Mythbusters

Why is There a "Ref" and a Strange Name Next to it in Ayurveda Medicine Labels?

ഒരു റഫറൻസ് കഥ

തിരക്കൊഴിഞ്ഞ ഒരു ഉച്ച സമയത്ത് ക്ലിനിക്കിൽ നമ്മുടെ റിട്ട. സംസ്കൃത അധ്യാപകൻ എത്തി. പതിവ് ദർശന-സ്പർശന- പ്രശ്നങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം സംശയ പരമ്പരയുടെ പുതിയ എപ്പിസോഡ് തുടങ്ങി. പത്തു മുപ്പത്തഞ്ചുകൊല്ലം പ്രൈമറി സ്കൂളിലെ സംശയക്കുരുന്നുകളുമായി ഇടപെട്ടതുകൊണ്ടാവണം അദ്ദേഹത്തിന് എപ്പോഴും സംശയങ്ങൾ ഉണ്ടാകും.

"ഡോക്ടറേ, ആയുർവേദ മരുന്നുകളുടെ ലേബലിൽ എന്താണ് ഒരു 'റഫ്' (Ref)?"

അധ്യാപകനാണ് ചോദിക്കുന്നത് ചുമ്മാ ഒഴിയാനൊന്നും പറ്റില്ല. യഥാതഥമായ ഉത്തരം വേണം.

"സർ, സംഹിതകളിൽ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് ആയുർവേദ മരുന്നുകൾ  ഉണ്ടാക്കുന്നത്. സംഹിതകള്‍ എന്ന് ആയുര്‍വേദക്കാര്‍ സാധാരണ ഉദ്ദേശ്ശിക്കുന്നത്‌ ആധികാരിക ആയുര്‍വേദ ഗ്രന്ഥങ്ങളെയാണ്. ഒരു മരുന്നിൻ്റെ ലേബലിൽ ആ മരുന്ന് ഏത് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു, അതിൽ ഏതൊക്കെ ഔഷധങ്ങൾ എത്രയൊക്കെ അളവിൽ അടങ്ങിയിട്ടുണ്ട് എന്നൊക്കെ അറിയുവാന്‍ എവിടെ 'റഫര്‍' ചെയ്യണം എന്നതിന്‍റെ സൂചികയായാണ് 'റഫറൻസ്' (Reference-Ref) എന്ന് അച്ചടിച്ചിരിക്കുന്നത്.

''ആയുർവേദത്തിൽ ഒരുപാട് പുസ്തകങ്ങൾ ഉള്ളതായി കേട്ടിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും നിങ്ങൾ പരിഗണിക്കുമോ?"

''ഭാരതീയ ചികിത്സാ വകുപ്പ് (ISM) 1978-ൽ ആയുർവേദിക് ഫോർമുലറി ഓഫ് ഇന്ത്യ (AFI) പുറത്തിറക്കി. ആയുർവേദ ഔഷധ നിർമ്മാണത്തിൽ ഏകീകരണം നടപ്പാക്കുക എന്നതായിരുന്നു ഉദ്ദേശം. ഇതിന് നിയമസാധുത ലഭിക്കാനായി 1940-ൽ പാസാക്കിയ ഡ്രഗ്ഗ് ആൻ്റ് കോസ്മറ്റിക് ആക്ടിൻ്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. 24 വർഷങ്ങൾക്കു ശേഷം ഇതിൻ്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. ആദ്യ എഡിഷനിലെ തെറ്റുകൾ പരിഹരിച്ചും പുതിയ ഔഷധ യോഗങ്ങൾ കൂട്ടിച്ചേർത്തും, ഔഷധങ്ങളുടെ ശാസ്ത്ര നാമങ്ങൾ, സുലഭമല്ലാത്ത ഔഷധ സസ്യങ്ങൾക്കു പകരം ചേർക്കേണ്ട സസ്യങ്ങൾ, രസൗഷധങ്ങൾ, മരുന്നുകളുടെ നിർമ്മാണ രീതികൾ, അളവുകൾ തുടങ്ങിയവ ശ്ലോകസഹിതം ഇതിൽ പറഞ്ഞിട്ടുണ്ട്. അതാണ് ആ നീലച്ചട്ടയിട്ട് ഇരിക്കുന്ന മൂന്നു പുസ്തകങ്ങൾ ." ഞാൻ ഷെൽഫിലേയ്ക്ക് വിരൽ ചൂണ്ടി.

"ഡോക്ടറേ AFI-ൽ ഏതൊക്കെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്?"

"ആ ഷെൽഫിലിരിക്കുന്ന ഏതാണ്ടെല്ലാ പുസ്തകങ്ങളും."

അദ്ദേഹം കണ്ണട നേരെയാക്കി വായിക്കാൻ തുടങ്ങി.

"ചരകസംഹിത, സുശ്രുത സംഹിത, അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം, ഭൈഷജ്യ രത്നാവലി, യോഗരത്നാകരം, ശാർങ്ഗധര സംഹിത, ഭാവപ്രകാശ നിഘണ്ടു, സഹസ്രയോഗം, ചക്രദത്തം, രസേന്ദ്രസാരസംഗ്രഹം, രസരത്ന സമുച്ചയം, രസതരംഗിണി, ....കൊള്ളാമല്ലോ!" 

"ഡോക്ടറേ ഈ പുസതകങ്ങളെക്കുറിച്ച് കുറച്ചൊന്നു പറഞ്ഞുതരുമോ?" 

അല്പം താലീസാദിചൂർണ്ണം വായിലിട്ട്, അദ്ദേഹത്തിനും കൊടുത്ത് ഞാൻ തുടങ്ങി.

''ആയുർവേദത്തിലെ ക്ലാസ്സിക്കുകൾ എന്നു പറയാവുന്ന പുസ്തകങ്ങൾ ആദ്യത്തെ നാലെണ്ണമാണ്. അവയെല്ലാം 1500 BCE - യ്ക്കും 4 CE-യ്ക്കും ഇടയ്ക്ക് എഴുതപ്പെട്ടവയാണ്. ഇവകളെല്ലാം പല സ്ഥാനങ്ങളായി തിരിച്ചിട്ടുണ്ട്. ചരകസംഹിത എഴുതിയത് അഗ്നിവേശാചാര്യനാണ്. ചരകാചാര്യൻ അതിൻ്റെ എഡിറ്റർ ആണെന്നു പറയാം. ഇതിൽ എട്ടു സ്ഥാനങ്ങളിലായി നൂറ്റിയിരുപത് അധ്യായങ്ങളുണ്ട്. കായചികിത്സയ്ക്ക്, അതായത് ഇപ്പോഴത്തെക്കണക്കിന് ജനറൽ മെഡിസിന് പ്രാധാന്യം കൊടുത്തിരിക്കുന്നു. സുശ്രുതാചാര്യൻ എഴുതിയതാണ് സുശ്രുത സംഹിത. ആറു സ്ഥാനങ്ങളിലായി നൂറ്റി എൺപത്തിയാറ് അധ്യായങ്ങൾ ഇതിലുണ്ട്. ശല്യതന്ത്രത്തിന്, സർജറിക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു."

''ഹാ! സുശ്രുത സംഹിത എന്ന് പറഞ്ഞപ്പോഴാ ഓര്‍ത്തത്..ഡോക്ടറേ ഇതിൽ പ്ലാസ്റ്റിക് സർജറിയെപ്പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ എവിടെയോ വായിച്ചു..സത്യമാണോ?"

"ആധുനിക പ്ലാസ്റ്റിക് സർജറിയോട് താരതമ്യപ്പെടുത്താവുന്നതരം ക്രിയകൾ ഇതിൽ പറഞ്ഞിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച 'ജെന്റില്‍മാന്‍സ് മാഗസീനില്‍' ഇതിനെക്കുറിച്ച്‌ ഒരു വാര്‍ത്തവരുന്നതോടെയാണ് സംഗതി ലോകശ്രദ്ധ നേടുന്നത്. സാറിന് വാട്സാപ്പ് ഇല്ലേ? ഞാന്‍ ഒരു ലിങ്ക് അതിലേക്ക് അയച്ചുതരാം..

[https://print.ispub.com/api/0/ispub-article/7839]

ഇത് വേറെതന്നെ ഒരു വിഷയമാണ്..നമുക്ക് 'റെഫ്'ലേക്ക് തിരിച്ചുവരാം..

അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം..ഇവ രണ്ടും എഴുതിയത് വാഗ്ഭടാചാര്യനാണ്. സംഗ്രഹത്തിൽ ആറ് സ്ഥാനങ്ങളിലായി നൂറ്റിയൻപത് അധ്യായങ്ങളും ഹൃദയത്തിൽ ആറ് സ്ഥാനങ്ങളിലായി നൂറ്റിയിരുപത് അധ്യായങ്ങളുമുണ്ട്. രണ്ടു പുസ്തകങ്ങളിലും ആയുർവേദത്തിലെ എട്ട് അംഗങ്ങൾക്കും തുല്യ പ്രാധാന്യം നല്കിയിരിക്കുന്നു.

''അഷ്ടാംഗഹൃദയത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ലക്ഷണമൊത്ത ഒരു കാവ്യം കൂടിയാണത്. 

ഈ പുസ്തകങ്ങളിൽ ഔഷധ യോഗങ്ങൾ എവിടെയാണ് പറഞ്ഞിരിക്കുന്നത്?"

"ഈ ഗ്രന്ഥങ്ങളിൽ മിക്ക യോഗങ്ങളും പറഞ്ഞിരിക്കുന്നത് ചികിത്സാ സ്ഥാനത്തിലാണ്. അതാത് രോഗ ചികിത്സയോടൊപ്പം സന്ദർഭാനുസരണം ഉപയോഗിക്കേണ്ടുന്ന യോഗങ്ങളും അവ തയ്യാറാക്കേണ്ട പ്രത്യേക വിധികൾ ഉണ്ടെങ്കിൽ അതും പറഞ്ഞിട്ടുണ്ട്."

"ഈ യോഗങ്ങളാണ് AFI-ൽ ചേർത്തിരിക്കുന്നത് അല്ലേ?"

"അതേ."

"ഇത്രയും പുസ്തകങ്ങൾ മാത്രമേയുള്ളോ?"

"ഇനിയുമുണ്ട്. CE 13 -ൽ ശാർങ്ഗധരൻ എന്ന ആചാര്യൻ എഴുതിയ പുസ്തകമാണ് ശാർങ്ഗധര സംഹിത."

''അപ്പോൾ ഇതായിരിക്കും ചില ലേബലുകളിൽ 'ശാസം.' എന്ന് ചുരുക്കി അച്ചടിച്ചിരിക്കുന്നതല്ലേ! ഞാന്‍ ഇത് 'ശ്വാസം' എന്ന വാക്ക് തെറ്റി അടിച്ചിരിക്കുന്നതാണെന്ന് വരെ തെറ്റിദ്ധരിച്ചിട്ടുണ്ട്."

''പുസ്തകങ്ങളുടെ പേരുകള്‍ പലപ്പോഴും ചുരുക്കെഴുത്തായാണ് ലേബലുകളില്‍ കാണാറുള്ളത്‌. ശാർങ്ഗധര സംഹിത മൂന്നു ഖണ്ഡങ്ങളിലായി മുപ്പത്തിരണ്ട് അധ്യായങ്ങൾ വിവരിക്കുന്നു. ഔഷധ നിർമ്മാണത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇതിൽ നാഡി പരിശോധനയെക്കുറിച്ചും വിശദമായി പഞ്ഞിട്ടുണ്ട്."

"16ാം CE - ൽ വന്ന പുസ്തകമാണ് ഭാവപ്രകാശനിഘണ്ടു. എഴുതിയത് ഭാവമിശ്രൻ. നിഘണ്ടുവെന്ന് പേരിലുണ്ടെങ്കിലും ഡിക്ഷണറിയല്ല കേട്ടോ. ഇതിൽ  മൂന്നു ഖണ്ഡങ്ങളിലായി എൺപത് അധ്യായങ്ങളുണ്ട്. മധ്യമഖണ്ഡത്തിൽ ഔഷധയോഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ഔഷധസസ്യങ്ങൾക്കൊപ്പം ധാതുക്കളും (Minerals) പറഞ്ഞിട്ടുണ്ട്. ഫിരംഗം (Syphilis) എന്ന രോഗത്തെക്കുറിച്ചും രസകർപ്പൂരം ആ രോഗത്തിൽ ഉപയോഗിക്കാമെന്നും പറഞ്ഞിരിക്കുന്നു. മധുസ്നുഹി (ചീനപ്പാവ്) ഔഷധമായി ഉൾപ്പെടുത്തിയിരിക്കുന്നു."

"ഇതേ നൂറ്റാണ്ടിൽത്തന്നെ വന്ന മറ്റൊരു പുസ്തകമാണ് യോഗ രത്നാകാരം .''

"ഇതെഴുതിയത് യോഗാചാര്യൻ ആയിരിക്കും". അദ്ദേഹം ചിരിച്ചു, ഞാനും.

'' അല്ല. ഇതിൻ്റെ രചയിതാവിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഗ്രാമത്തിനു വെളിയിലേയ്ക്ക് അറിയപ്പെടാൻ ആഗ്രഹമില്ലാത്ത നി:സ്വാർത്ഥനായ ഒരു പ്രൈമറി സ്ക്കൂൾ അധ്യാപകനെപ്പോലെ." ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെയോർത്തു കൊണ്ടു തുടർന്നു.

"അതുവരെയുളള സംഹിതകളിലെ മികച്ച ഔഷധയോഗങ്ങളൊക്കെ ഇതിൽ ശേഖരിച്ചിട്ടുണ്ട്. നമ്മൾ കഴിക്കുന്ന ഇഡ്ഡലി തുടങ്ങിയ പലതരം പലഹാരങ്ങളെക്കുറിച്ചും രസത്തെ (Mercury) കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്.

"CE 18-ൽ ഗോവിന്ദദാസ് എഴുതിയ പുസ്തകമാണ് ഭൈഷജ്യരത്നാവലി. ഔഷധ യോഗങ്ങൾക്കും നിർമ്മാണത്തിനും പ്രാധാന്യം കല്പിച്ചിരിക്കുന്നു. ഇന്നും ആയുർവേദ ഔഷധ നിർമ്മാതാക്കളും ഡോക്ടർമാരും വിദ്യാർത്ഥികളുമൊക്കെ ധാരാളം ആശ്രയിക്കുന്ന ഗ്രന്ഥമാണിത്."

"ഇനിയുള്ളത് സാറിൻ്റെ തലമുറയിലെ ശരാശരി മലയാളികൾക്കെല്ലാം പരിചയമുള്ള സഹസ്രയോഗമാണ്."

"നേരാ. അന്ന് മിക്ക വീടുകളിലും ഒരു സഹസ്രയോഗം ഉണ്ടായിരുന്നു." അദ്ദേഹത്തിൻ്റെ നെറ്റിയിലെ രേഖകൾ ഓർമ്മകൾക്ക് അടിവരയിട്ടു.

"മലയാളികൾ സ്വകാര്യ സ്വത്തായി അഹങ്കരിക്കുന്നുണ്ടെങ്കിലും ഒറിജിനൽ പുസ്തകം സംസ്കൃതത്തിലാണ്. സഹസ്രയോഗം പലതുണ്ട്. എഴുന്നൂറു മുതൽ ആയിരത്തിയിരുന്നൂറു യോഗങ്ങൾ വരെ ഓരോന്നിലും പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പുസ്തകങ്ങളൊക്കെ രസ ഔഷധങ്ങളെക്കുറിച്ച് (നീറ്റ് മരുന്നുകള്‍) പറയുന്നവയാണ്."

"അപ്പോള്‍ 'റെഫ്' എന്ന് കണ്ടാല്‍ ഒറിജിനല്‍ ആയുര്‍വേദ മരുന്നാണെന്ന് ഉറപ്പിക്കാം, അല്ലെ..?"

"ആധികാരിക ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ നിന്നും കടം കൊണ്ടിട്ടുള്ള യോഗങ്ങള്‍ (formulations) 'ക്ലാസിക്കല്‍ മെഡിസിന്‍' എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പല യോഗങ്ങള്‍ക്കും ഒരേ പേര് ഉണ്ടാകും. ഈ റെഫറന്‍സ് എഴുതുമ്പോള്‍ വൈദ്യന്മാര്‍ക്ക് അവ വേര്‍തിരിച്ച് അറിയുവാന്‍ സാധിക്കും. മാത്രവുമല്ല ഒരു ക്ലാസ്സികള്‍ മെഡിസിന്‍ ഏത് ഫാര്‍മസിക്ക് വേണമെങ്കിലും ഉണ്ടാക്കാം, ച്യവനപ്രാശം പോലെ. ഇത്തരം മരുന്നുകളുടെ ലേബലില്‍ റെഫറന്‍സ് വെക്കണം എന്നത് നിര്‍ബന്ധമാണ്‌.

പിന്നെ സാറേ, 'റെഫറന്‍സ്' ഇല്ലാത്ത ആയുര്‍വേദ മരുന്നുകളും ഉണ്ട് കേട്ടോ..'പാറ്റന്റ് മെഡിസിന്‍' എന്നോ 'പ്രൊപ്രയറ്ററീ മെഡിസിന്‍' എന്നോ പറയാം. ഇവ ആയുര്‍വേദ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുകയും പ്രത്യേകം ഗവേഷണത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ള പുതിയ തലമുറ മരുന്നുകളാണ്. ഒരു പാറ്റന്റ് മെഡിസിന്‍ നിര്‍മ്മിക്കാന്‍ അതിന്‍റെ 'പാറ്റന്റ്' അവകാശം ആര്‍ക്കാണോ അവര്‍ക്കേ സാധിക്കൂ. ഇത്തരം മരുന്നുകളുടെ ലേബലില്‍ 'റഫ്' കാണില്ല..പകരം 'Ayurveda Proprietary Product' എന്നോ മറ്റോ ആയിരിക്കും ഉണ്ടാവുക"

ഞാൻ ഷെൽഫു തുറന്ന് ചില സംഹിതകൾ എടുത്തു കൊടുത്തു. ഒരുപാട് കുഞ്ഞുമനസ്സുകളിൽ സ്നേഹച്ചൂരൽ പതിപ്പിച്ച ആ വിരലുകൾ എൻ്റെ പുസ്തകങ്ങളിലൂടെ ഓടിയപ്പോൾ അദ്ദേഹത്തിനും എനിക്കും ചാരിതാർത്ഥ്യം!


About author

Dr. Arun Mohan

MD (Ay)- Ayurveda Sidhantha & Darsana Asso. Prof. HOD Sidhantha, Sree Narayana Ayurveda College, Puthoor, Kollam. drarunedayathu@gmail.com


Scroll to Top