ഉപ്പോ ഇന്ദുപ്പോ?

'പഞ്ച ലവണങ്ങൾ' എന്ന് കേട്ടിട്ടുണ്ടോ? 

ഇല്ലെങ്കിൽ പോട്ടെ, ഉപ്പും ഇന്തുപ്പും കേട്ടിട്ടുണ്ടോ? 

നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം അറിയുന്ന ഉപ്പ്‌ 'സാമുദ്ര ലവണം' ആണ്.  സമുദ്രത്തിൽ നിന്ന് സംസ്കരിച്ച് എടുക്കുന്ന വെള്ള ഉപ്പ്. കൃത്രിമമായി അയഡിൻ ചേർക്കപ്പെട്ട, ചിലപ്പോള്‍ ദോഷകരമായ രാസ പദാർത്ഥങ്ങൾ പോലും ചേര്‍ത്തു കാണുന്ന 'മേശ-ഉപ്പ്'- ദി ടേബിള്‍ സാള്‍ട്ട്. 

ലവണങ്ങൾ സൂക്ഷ്മ ഗുണമുള്ളവയാണ്. സ്രോതസ്സുകളിൽ (body channels) ആഴ്ന്നിറങ്ങി മലങ്ങളെ (metabolic wastes) പുറന്തള്ളാനും സ്രാവങ്ങളെ കൂട്ടുവാനും അഗ്നി (ദഹന ശേഷി) , ഊഷ്മാവ് എന്നിവ കൂട്ടുവാനും അവയ്ക്ക് കഴിവുണ്ട്. 

സാധാരണ ഉപ്പ് ഇങ്ങനെ ഉള്ള ഗുണങ്ങള്‍  അധികമായി ഉള്ളതിനാല്‍ ശരീരത്തിൽ മുടികൊഴിച്ചിൽ, അത്യുഷ്ണം എന്നിവ ഉണ്ടാക്കുവാനും കൂടി കാരണമാകുന്നു. ദഹനപ്രക്രിയയെ പലപ്പോഴും പ്രതികൂലമായി ബാധിച്ചും കാണുന്നു. 

'സൈന്ധവം', 'സിന്ധുജം', 'നദീയം' എന്നൊക്കെ അറിയപ്പെടുന്ന, ഹിമാലയൻ റോക് സാൾട്ട് , പിങ്ക് സാൾട്ട് എന്ന് ആംഗലേയത്തിൽ അറിയപ്പെടുന്ന ഈ ഉപ്പ് മധുര രസമുള്ളതും മൂന്ന് ദോഷങ്ങളെയും നിയന്ത്രിക്കുന്നതും കണ്ണുകൾക്കും ദഹനശക്തിക്കും ഹിതമായതും ചൂടിൻ്റെ തീക്ഷ്ണ ഗുണം ഇല്ലാത്തതുമാണ്. എളുപ്പത്തിൽ ദഹിക്കുന്ന ഈ ഉപ്പാണ് ആയുർവേദത്തിൽ നിത്യോപയോഗത്തിൽ  അനുയോജ്യമായി ആചാര്യന്മാർ തിരഞ്ഞെടുത്തത്. 

ഇന്ദുപ്പിന്‍റെ രാസഘടന

ഇന്ദുപ്പിൽ സോഡിയം ക്ലോറൈഡ്, കടൽ ഉപ്പിനേക്കാൾ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്നു. സൾഫർ അടങ്ങിയ സംയുക്തങ്ങൾ ആയ സോഡിയം സൾഫേറ്റ്, സോഡിയം ബൈ സൾഫേറ്റ്, സോഡിയം സൾഫൈഡ്, അയൺ സൾഫൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ പ്രത്യേക ഗന്ധം നൽകുന്നു. അയഡിൻ, മഗ്നീഷ്യം പോലുള്ള ധാതു ലവണങ്ങൾ ഇന്ദുപ്പിൽ സ്വാഭാവികമായി അടങ്ങി ഇരിക്കുന്നു. 

ശ്വേത , രക്ത എന്നിങ്ങനെ നിറം അനുസരിച്ച് രണ്ടു തരം ഇന്തുപ്പ് ഉണ്ട്. (ബ്രൗൺ നിറം, പിങ്ക് നിറം എന്നിവയുടെ മിശ്ര വർണ്ണമാണ്  ഇന്ദുപ്പിനു കണ്ട് വരുന്നത്. ) 

ഇന്ദുപ്പ് പ്രയോജനകരമായ ചില രോഗാവസ്ഥകള്‍

 • ദഹനക്കുറവ്
 • മലബന്ധം
 • നെഞ്ചെരിച്ചിൽ
 • വയറു വീർപ്പ്
 • കാഴ്ച കുറവ്

ഇവ പരിഹരിക്കുവാൻ ഇന്തുപ്പ് വളരെ ഗുണകരമാണ്. 

ചില ഇന്ദുപ്പ് പൊടിക്കൈകള്‍

 • ഇന്ദുപ്പ്‌ ഇട്ട ചെറു ചൂട് വെള്ളം വായിൽ കവിൾ കൊള്ളുന്നത് വരണ്ട ചുമ, തൊണ്ട വേദന, ടോൺസിലൈറ്റിസ് എന്നിവയിൽ ഫലപ്രദമാണ്. 
 • കുളിക്കുന്ന വെള്ളത്തിൽ ഇന്തുപ്പ് ഇടുന്നത് ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കുന്നു. 
 • ഇന്ദുപ്പും തേനും അല്ലെങ്കിൽ ഇന്തുപ്പും നാരങ്ങ നീരും ചേർത്ത് ദേഹത്ത് സ്ക്രബ് ആയി ഉപയോഗിക്കുവാൻ സാധിക്കും. 
 • മോണവീക്കം ഉള്ളവർക്ക് ഇന്തുപ്പും വേപ്പില അരച്ചതും ചേർത്ത് വേദനയും വീക്കവും ഉള്ളിടത്ത് പുരട്ടാം. 
 • ഇന്ദുപ്പ്  ആയുർവേദ മരുന്നുകളിലും , കിഴി പോലെയുഉള്ള പ്രയോഗങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകം ആണ്. ഇന്ദുപ്പിന് നീര് വലിക്കുവാനും വേദന കുറയ്ക്കുവാനും ഉള്ള കഴിവുണ്ട്. 
 • 'മാഷ സൈന്ധവ തൈലം' പോലുള്ള നിരവധി മരുന്നുകൾ ഇന്തുപ്പിൻ്റെ   ഗുണങ്ങൾ അടങ്ങിയവയാണ്. 

മറ്റ് എല്ലാ ഉപ്പുകളേക്കാലും ഇന്ദുപ്പാണ് ഏറ്റവും ശ്രേഷ്ഠമായി ആയുർവേദം കണക്കാക്കുന്നത്. ഗുണം കുറഞ്ഞ കടലുപ്പ് മാറ്റി ഇന്ദുപ്പ് ഉപയോഗിച്ചുനോക്കൂ..ഉപ്പിന് ഉപ്പുമായി ആരോഗ്യത്തിന് ആരോഗ്യവും.


About author

Dr. Sreedevi N. V.

BAMS,DYHE, Consultant Ayurveda Physician: Omniwill Ayurved Clinic- Kalathipady, Kottayam


Scroll to Top